കാര്ഷിക സര്വ്വകലാശാലയുടെ വിവിധ ജൈവ രോഗ കീട നിയന്ത്രണോപാദികള്, ജീവാണു വളങ്ങള്, ജൈവ വളങ്ങള് എന്നിവ ഇപ്പോള് വേങ്ങേരിയിലുള്ള സര്വ്വകലാശാല സ്ഥാപനമായ കാര്ഷിക വിജ്ഞാന വിപണന കേന്ദ്രത്തില് ലഭ്യമാകുന്നു. സ്യൂഡോമോണാസ്, ട്രൈക്കോഡെര്മ, പത്തു ഗ്രോ ബാഗിന് ആവശ്യമായ എല്ലാ വളക്കൂട്ടുകളും അടങ്ങിയ ഏക കിറ്റ്, മീലിമൂട്ട, നിമാവിരകള് എന്നിവയ്ക്ക് എതിരെയുള്ള പോച്ചോണിയ, പെസീലിയോമൈസസ്, ജൈവ പൊട്ടാഷ് വളമായ ബയോപൊട്ടാഷ്, ചെടികളുടെ വേരുകളെ ശക്തിപ്പെടുത്തുന്ന വാം അഥവാ മൈക്കൊറൈസ പുഴുക്കള്, വാഴയുടെ പിണ്ടിപ്പുഴു എന്നിവക്ക് എതിരെയുള്ള ബ്യൂവേറിയ, പച്ചക്കറിക്കുള്ള മൈക്രോ ന്യൂട്രിയന്റ് മിക്സ് സമ്പൂര്ണ, പച്ചക്കറി വിത്തുകളായ ചീര, വെണ്ട, പാവല്, പടവലം, മത്തന്, വള്ളിപ്പയര്, വഴുതന, പീച്ചില്, കമ്പോസ്റ്റ് വളങ്ങള്, മാവിനും പച്ചക്കറികള്ക്കും ഉള്ള കായീച്ചകെണി, നീരൂറ്റിക്കുടിക്കുന്ന പ്രാണികള്ക്ക് എതിരെയുള്ള ജൈവകീടനാശിനി രക്ഷ, ചിപ്പി കൂണ് വിത്ത്, വിവിധ വിളകളെ സംബന്ധിച്ചുള്ള സര്വകലാശാല പുസ്തകങ്ങള് എന്നിവ ഇവിടെ നിന്നും ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 0495 2935850 എന്ന നമ്പരില് ബന്ധപ്പെടുക.
വളരെയധികം പോഷക ഘടകങ്ങൾ അടങ്ങിയ ഫലമാണ് ബദാം . ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ ചെടി നന്നായി വളർന്ന് ഫലം നൽകുന്നത്. ഇതിന്റെ ജന്മദേശത്തെ കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. മലേഷ്യൻ തീരങ്ങൾക്കടുത്തുള്ള ദ്വീപുകളിലാണ് ബദാം ആദ്യമായി കാണപ്പെട്ടതെന്ന ഒരു വാദമുണ്ട്. ഇന്ത്യയാണ് ബദാമിന്റെ ജന്മദേശമെന്നാണ് മറ്റൊരു വാദം.
ഇന്തോ- പസഫിക്ക് സമുദങ്ങളുടെ പാറ നിറഞ്ഞ തീരപ്രദേശങ്ങളിലാണ് ബദാം മരം കൂടുതലായി കാണപ്പെടുന്നത്. ബദാം രണ്ടു തരമുണ്ട്. കയ്പ്പുള്ളതും ഇളം മധുരമുള്ളതും. മധുരിക്കുന്ന ഇനം മാത്രമേ ആഹാരാവശ്യത്തിനുപയോഗിക്കുന്നുള്ളൂ. ഇന്ത്യയിൽ ബദാം വ്യാപകമായി കൃഷി ചെയ്യുന്നത് കാശ്മീരിലും ഹിമാചൽ പ്രദേശിലുമാണ്.
കോംബ്രട്ടേസി (Combretaceae) കുലത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം ടെർമിനാലിയ കടാപ്പ (Terminalia catappa) എന്നാണ്.
സസ്യ വിവരണം
മുപ്പത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇല കൊഴിയും വൃക്ഷമാണിത്. ജനുവരി – ഫിബ്രവരി, ജൂലൈ – ആഗസ്ത് എന്നിവയാണ് ബദാമിന്റെ ഇല പൊഴിയും കാലങ്ങൾ . ഏഴര മുതൽ പതിനഞ്ച് സെ.മീറ്റർ അകലത്തിൽ തിരശ്ചീനമായ ശാഖകൾ വൃത്തത്തിൽ ഉണ്ടാകുന്നു. ഇക്കാരണത്താൽ ബദാമിന് ഒരു പ്രത്യക രൂപം തന്നെ ലഭിക്കുന്നു. വളരെ വിസ്തൃതമായ സ്ഥലത്ത് ഇതിന്റെ ശാഖകൾ പടർന്ന് പന്തലിച്ച് തണൽ വിരിക്കുന്നു. തവിട്ട് നിറത്തിൽ മിനുസമുള്ള പുറന്തൊലിയാണ് ബദാം മരത്തിനുള്ളത്. ഇലകൾക്ക് 30 സെ.മീറ്റർ വരെ നീളവും 15 സെ.മീറ്റർ വരെ വീതിയുമുണ്ട്. ഇലകൾക്ക് കടും പച്ചനിറമാണ്. ഇലകൾ പഴുക്കുമ്പോൾ മഞ്ഞനിറവും കൊഴിയാറാകുമ്പോൾ ചുവപ്പ് നിറവുമാകും. മരത്തിൽ വ്യത്യസ്ഥ മൂന്ന് നിറങ്ങളിൽ ഇലകൾ കാണുന്നതിനാൽ കാഴ്ചയിൽ ചെടിക്ക് നല്ല ഭംഗിയാണ്. ഇലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളായ വയലസാന്തിൻ ,സീയാസാന്തിൻ , ലൂട്ടിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രവർത്തന ഫലമായാണ് ഇലകൾക്ക് ഇത്തരത്തിൽ നിറഭേദങ്ങൾ സംഭവിക്കുന്നത്.ആൺ പൂക്കളും പെൺപൂക്കളും വെവ്വേറെ കാണപ്പെടുന്നു. പച്ചകലർന്ന വെളുത്ത നിറത്തിലുളവയാണ് ബദാമിന്റെ പൂക്കൾ. ദീർഘവൃത്താകൃതിയിലുള്ളതും രണ്ടറ്റവും കൂർത്തതുമാണ് ബദാം ഫലങ്ങൾ.ഇവയുടെ പുറംതോടിന് ആദ്യം പച്ചനിറവും പിന്നീട് ചുവപ്പ് നിറവും മൂപ്പെത്തുന്നതോടെ ഇരുണ്ട തവിട്ടു നിറവുമായിരിക്കും.ജലത്തിലൂടെയാണ് ബദാമിന്റെ സ്വാഭാവികമായ വിത്തുവിതരണം.
കൃഷിരീതി
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ബദാമിന്റെ വളർച്ചക്ക് അനുയോജ്യം.മണ്ണിലെ അധികമായ അമ്ലത ചെടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. വെളളക്കെട്ടില്ലാത്തനീർവാർച്ചയുളള മണ്ണാണ് ഇതിന് അനുയോജ്യം. മണ്ണിന് നല്ല ഇളക്കവും വേണം.വിത്ത് തൈകളാണ് സാധാരണ രീതിയിൽ നടാൻ ഉപയോഗിക്കുന്നത്.
ഉയർന്ന ഗുണനിലവാരമുള്ള വിത്ത് ശേഖരിച്ച ശേഷം അവ വെള്ളത്തിൽ കുതിർത്ത് വെക്കണം.12 മണിക്കൂർ കഴിയുമ്പോൾ വെളളം മാറ്റി പുതിയ വെളളം ഒഴിച്ചു കൊടുക്കണം.36 മണിക്കൂർ കഴിയുമ്പോൾ ബദാം വിത്ത് വെളളത്തിൽ നിന്നെടുത്ത് അതിന്റെ കൂർത്ത ഭാഗം അൽപ്പം മുറിച്ചു കളയുക. ഇത് നിർബ്ബന്ധമില്ല. വേര് വരാനുള്ള എളുപ്പത്തിന്നാണ് ഇത് ചെയ്യുന്നത്. അതിനു ശേഷം ഈ വിത്തുകൾ ടിഷ്യൂ പേപ്പറിൽ നിരത്തി വെച്ച് മടക്കിയിട്ട് ഈർപ്പം നിലനില്ക്കത്തക്ക വിധത്തിൽ വെള്ളം തളിച്ചു കൊടുക്കണം.ഇത് ഒരു പാത്രത്തിൽ കാറ്റ് കടക്കാത്ത വിധം അടച്ച് ഫ്രിഡ്ജിൽ വെക്കണം. മൂന്നാഴ്ചക്ക് ശേഷം നോക്കിയാൽ ഇവയിൽ മിക്ക വിത്തുകളും കിളിർത്തതായി കാണാം. ഇത് ചകിരിച്ചോർ നിറച്ച പോളിത്തീൻ ബാഗിലേക്ക് മാറ്റി നടണം. ഇവ തണലിൽ ആറ് മാസത്തോളം സൂക്ഷിക്കണം. ഈർപ്പം അധികമാകാത്ത വിധത്തിൽ ദിവസവും നനക്കണം. അപ്പോഴത്തേക്കും ചെടി കരുത്താർജ്ജിച്ചിരിക്കും. തുടർന്ന് ഇത് സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം.വിത്ത് തൈകൾ കായ്ക്കാൻ കാലതാമസമെടുക്കുമെന്നതിന് പുറമെ മാതൃവൃക്ഷത്തിന്റെ നല്ല ഗുണങ്ങൾ അതേ പോലെ പ്രകടിപ്പിച്ചെന്നും വരില്ല. അതിനാൽ ഒറ്റപ്പെട്ട കൃഷിയിൽഇപ്പോൾ ബദാമിന്റെ ഗ്രാഫ്റ്റ് തൈകൾ നഴ്സറികളിൽ നിന്നും വാങ്ങി വെക്കാനാണ് പലർക്കും താൽപ്പര്യം. ഇവ നട്ട് നല്ല പരിചരണം നൽകിയാൽ മൂന്നാം വർഷം മുതൽ തന്നെ കായ്ച്ച് തുടങ്ങും.
75 സെ.മീ വീതം നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും യോജിപ്പിച്ച് കുഴി പൂർണ്ണമായും നിറച്ച ശേഷം നിലനിരപ്പിൽ തന്നെ തൈകൾ വെക്കാം. മഴക്കാലത്ത് ചെടിക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത്. നട്ട തൈകൾക്ക് ശക്തിയായ സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ ഭാഗികമായി തണൽ നൽകണം.ആദ്യ ഒന്ന് – രണ്ട് വർഷങ്ങളിൽ വേനൽക്കാലങ്ങളിൽ നന നൽകാനും ശ്രദ്ധിക്കണം.പിങ്ക് ബോഗ് , അന്യൂട്ട എന്നിവ ബദാമിലെ ഉൽപ്പാദന ക്ഷമത കൂടിയ ഇനങ്ങളാണ്.നമ്മുടെ നാട്ടിൽ ജനുവരി മാസത്തോടെ ബദാം പുഷ്പിക്കുകയും മാർച്ച് മാസത്തോടെ ഫലങ്ങൾ ഉണ്ടായി തുടങ്ങുകയും ജൂലൈ മാസത്തോടെ വിളവെടുപ്പിന്നാവുകയ ചെയ്യും.ചെടികളുടെ ആരോഗ്യകരമായ വളർച്ചക്കും മികച്ച വിളവുൽപ്പാദനത്തിനും നല്ല രീതിയിൽ സസ്യപോഷകങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുമ്പോൾ കാലിവളം, കോഴിവളം, കംബോസ്റ്റ് എന്നിവ ആദ്യവർഷം 10 കി.ഗ്രാമിൽ ആരംഭിച്ച് ക്രമേണ അത് വർധിപ്പിച്ച് 50 കി.ഗ്രാം എന്ന തോതിൽ നൽകണം. ഇതോടൊപ്പം പിണ്ണാക്ക് വളങ്ങൾ, എല്ലുപൊടി, മത്സ്യവളം എന്നിവ കൂടി ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും.
പോഷക ഔഷധ ഗുണങ്ങൾ
ബദാം രുചികരവും നിരവധി പോഷകങ്ങളാൽ സമ്പന്നവുമാണ്. ഫലത്തിൽ എഴുപതു ശതമാനം വരെ എണ്ണയുണ്ട്.ഉണങ്ങിയ ബദാംപരിപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്നു. ബദാം ഓയിൽ പിത്താശയത്തേയും കിഡ്നിയേയും ഒരു പരിധി വരെ ശുദ്ധീകരിക്കുന്നു. ചീത്തകൊളസ്ട്രോളിന്റെ അളവ് കുറക്കുന്നു.ശ്വാസകോശ വീക്കം, വിവിധ ഉളുക്കൾ എന്നിവയുടെ ചികിത്സയിലും ഉപയോഗിച്ചു വരുന്നു.ബദാമിൽ ധാരാളം വിറ്റാമിനുകളും മൈക്രോ ലെമന്റുകളുമുണ്ട്. ചോക്ലേറ്റുകളുടേയും മറ്റു മധുര പലഹാരങ്ങളുടേയും രുചി വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്നു. ജാം, പേസ്റ്റുകൾ, ചീസ് തൈര്, ഐസ്ക്രീം എന്നിവയിലും ബദാം ചേരുവയാണ് .ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്ക് ഇത് ഏറെ ഉത്തമമാണ്.
എം കെ പി മാവിലായി
കേരളീയർക്ക് അത്ര സുപരിചിതമല്ലാത്ത പഴമാണ് ലൊക്കൊട്ട് അഥവാ ജപ്പാൻ പ്ലം. വയനാട്ടിലെ ഒട്ടനവധി തോട്ടങ്ങളിൽ അടുത്ത കാലത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലൊക്കൊട്ട് കൃഷിക്ക് തുടക്കം കുറിച്ചത് ഉത്തർപ്രദേശിലെ സഹറൻപൂർ ഹോർട്ടികൾച്ചറൽ ഗവേഷണ കേന്ദ്രമാണ്.ജപ്പാൻ, ചൈന, ആസ് ത്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ലൊക്കൊട്ട് ഉൽപ്പാദനത്തിൽ മുന്നിട്ട് നിൽക്കുന്നത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ആസ്സാം , മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സാമാന്യം വ്യാപകമായ തോതിൽ ഇതിന്റെ കൃഷിയുണ്ട്.
സസ്യ വിവരണം
റോസേസി (Rosaceae)എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം എറിയോബോട്രയാ ജപ്പോണിക്ക (Eriobotrya Japonica )എന്നാണ്. ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങളുടെ ബന്ധുവാണിത്.കുലകളായുണ്ടാകുന്ന വെളുത്ത പൂക്കൾ സുഗന്ധികളാണ്. ഇതിന്റെ പഴങ്ങളും കുലകളായാണ് ഉണ്ടാവുക. ഗോൾഡൻ യെല്ലോ, ലാർജ് റൌണ്ട്, സഫേദ് , ഫയർ ബാൾ, കാലിഫോർണിയ അഡ്വാൻസ്, തനാക്ക എന്നിവ ഇതിലെ പ്രധാന ഇനങ്ങളാണ്.പഴത്തിന് പൊതുവെ മഞ്ഞനിറമാണ്. എന്നാൽ അപൂർവ്വം ചിലയിനങ്ങൾ ഓറഞ്ച് നിറത്തിലും ഇളം ചുവപ്പ് നിറത്തിലും കാണാംമണ്ണും കാലാവസ്ഥയും മിതോഷ്ണ മേഖലയാണ് ഇതിന്റെ കൃഷിക്ക് ഏറ്റവും അനുയോജ്യം. അതിശൈത്യമുളള സ്ഥലങ്ങളിൽ ഇവ നന്നായി വളരുമെങ്കിലും കായ്ക്കാറില്ല. മിക്കവാറും എല്ലാതരം മണ്ണിലും ഇത് നന്നായി വളരും. എന്നാൽ വെളളം കെട്ടി നിൽക്കുന്ന പ്രദേശം ഒഴിവാക്കണം. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നേരിയ മഴയാണ് അനുയോജ്യം. കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലെ കാലാവസ്ഥ പൊതുവെ ഇതിന്റെ വളർച്ചക്ക് അനുകൂലമാണ്.
കൃഷി രീതി
കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്ത് നട്ടാണ് സാധാരണ രീതിയിൽ തൈകൾ തയ്യാറാക്കുന്നത്. കായ്കളിൽ നിന്നും വേർപെടുത്തിയാൽ ഉടൻ നടാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അവക്ക് കിളിർപ്പാനുള്ള ശേഷി നഷ്ടപ്പെടും. വിത്ത് തൈകൾക്ക് മാതൃ തൈകളുടെ സ്വാഭാവവിശേഷം പലപ്പോഴും കുറഞ്ഞു പോകുന്നതിൽ ഇപ്പോൾ ലെയറിങ്ങ് വഴി തയ്യാറാക്കുന്ന തൈകളാണ് കൂടുതലായും നടാൻ ഉപയോഗിക്കുന്നത്.തനി വിളയായി ഇത് കൃഷി ചെയ്യുമ്പോൾ തൈകൾ തമ്മിൽ 8 മീറ്റർ അകലം നൽകണം. 75 സെ.മീറ്റർ നീളവും വീതിയും താഴ്ചയുമുളള കുഴികളെടുത്ത് ചാണകപ്പൊടിയും മേൽ മണ്ണുമായി ചേർത്ത് കുഴി പൂർണ്ണമായും നിറച്ച ശേഷം നില നിരപ്പിന് സമാന്തരമായി തൈകൾ നടാം.
വേനൽക്കാലം ആരംഭിക്കുന്നതു മുതൽ നന നൽകുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ഉപകരിക്കും.
വർഷംതോറും വളർച്ചക്കനുസരിച്ച് 20 മുതൽ 50 കി.ഗാം വരെ ജൈവ വളം നൽകണം. എല്ലുപൊടി, പിണ്ണാക്ക് വളങ്ങൾ എന്നിവ കൂടി ജൈവ വളങ്ങളിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ലെയർ തൈകൾ നട്ടാൽ മൂന്ന്-നാല് വർഷങ്ങൾ കൊണ്ട് തന്നെ ചെടികൾ പുഷ്പിച്ച് തുടങ്ങും. എന്നാൽ മികച്ച വിളവ് ലഭിക്കാൻ പത്ത് വർഷത്തോളം വേണ്ടി വരും. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ചെടി പുഷ്പിച്ച് തുടങ്ങുന്നത്. മരത്തിൽ വെച്ചു തന്നെ കായ്കൾ പഴുക്കുവാൻ അനുവദിക്കണം.ഒരു ചെടിയിൽ നിന്നും 30 കി.ഗ്രാം വരെ വിളവ് ലഭിക്കുന്നതാണ്. വിളവെടുത്ത് രണ്ടാഴ്ച വരെ കേട് വരാതെ ശീതസംഭരണിയിൽ സൂക്ഷിക്കാം.
പോഷക , ഔഷധ ഗുണം
100 ഗ്രാം പ്ലം പഴത്തിൽ 10 ഗ്രാം സുക്രോസ്, ഒന്നു മുതൽ നാല് ഗ്രാം വരെ ഡയറ്റി നാരുകൾ, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, ബി, സി, ധാതുലവണങ്ങളായ കാത്സ്യം , മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുമുണ്ട്. ല്യൂട്ടിൻ (Lutein),ക്രിപ്റ്റോ സാൻന്തിൻ ( Cryptotax anthin), സിയാസാന്തിൻ ( Ziaxanthin) എന്നീ ആന്റി ഓക്സിഡന്റ് പദാർത്ഥങ്ങളും ഈ പഴത്തിൽ വേണ്ടുവോളമുണ്ട്. ഓക്സാലിക്ക് അമ്ലം (oxalic acid) ആണ് പ്ലമിന് പുളിരസം നൽകുന്നത്. പഴത്തിലുള്ള ഫെറ്റുലിക് അമ്ലം (Ferulic acid) എല്ലുകൾക്ക് ബലം നൽകി ഓസ്റ്റിയോപോറോസിസ് രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു. പൂരിത കൊഴുപ്പ് ഒട്ടും ഇല്ലാത്ത ഈ പഴം എല്ലാ പ്രായക്കാർക്കും ഒരുപോലെ പോഷക പ്രദവും ഭക്ഷ്യയോഗ്യവുമാണ്.
എംകെപി മാവിലായി
വെൽവെറ്റ് ആപ്പിൾ
എംകെപി മാവിലായി
കണ്ടാൽ ആപ്പിളിനോട് സാമ്യമുള്ള ഒരു പഴവർഗ്ഗച്ചെടിയാണ് വെൽ വെറ്റ് ആപ്പിൾ. വെൽ വെറ്റ് പോലുള്ള നേർത്ത രോമങ്ങളാൽ ആവരണം ചെയ്ത ഫലമാണിത്.
ഫിലിപ്പൈൻസ് സ്വദേശിയായ വെൽ വെറ്റ് ആപ്പിൾ ഇന്ത്യയുൾപ്പെടെ മലേഷ്യ, സുമാത്ര, ജാവ തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും കൃഷി ചെയ്തു വരുന്നു. നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം വെൽ വെറ്റ് ആപ്പിൾ ചെടിയുടെ വളർച്ചക്ക് അനുകൂലമാണ്. മലയോരങ്ങളിലും മറ്റും ഇത് വ്യാപകമായി വെച്ചുപിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയുന്നതിനും ഉപകരിക്കും. സമുദ നിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുളള പ്രദേശങ്ങളിൽ ഇത് നന്നായി വളരും.എബണേസിയേ ( Ebenaceae) എന്ന സസ്യ കുടുംബത്തിൽപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം ഡയോസ്പൈറോസ് ബ്ലാൻകോയ് (Diospyros blancoi) എന്നാണ്.
സസ്യ വിവരണം
ചെടി പൂർണ്ണവളർച്ചയെത്തുമ്പോൾ 15 മീറ്റർ വരെ ഉയരം വെക്കുന്ന ഒരു നിത്യ ഹരിത വൃക്ഷമാണിത്. ഇതിൽ ആൺ ചെടികളും പെൺ ചെടികളുമുണ്ട്. ഇലകൾ പൊതുവെ നല്ല വലുപ്പമുളളവയാണ്. ഇലകൾക്ക് 15 സെ.മീറ്റർ മുതൽ 25 സെ.മീറ്റർ വരെ നീളവും 5 മുതൽ 9 സെ.മീറ്റർ വരെ വീതിയുമുണ്ട്. തളിർ ഇലകൾക്ക് ഇളം പച്ചനിറവും സിൽക്ക് മാതിരി നേരിയ ആവരണവുമുണ്ട്. വളർച്ച എത്തിയ ഇലകൾക്ക് കടും പച്ചനിറമാണ്. മരത്തിൽ ധാരാളം ശാഖകൾ ഉണ്ടാകും. നേരിയ സുഗന്ധത്തോടു കൂടിയ പൂക്കൾ കുലകളായിട്ടാണ് കാണുക. പൂക്കൾക്ക് ഇളം മഞ്ഞനിറമാണ്.നമ്മുടെ കാലാവസ്ഥയിൽ വേനൽ മാസങ്ങളിൽ അതായത് ഫിബ്രവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിലാണ് ചെടികൾ പൂവിടുക. ജൂൺ മുതൽ സപ്തംബർ വരെയുളള മഴക്കാലങ്ങളിലാണ് വിളവെടുപ്പിന്നാവുക. പഴത്തിൽ തവിട്ട് നിറത്തിൽ നാല് മുതൽ എട്ടുവരെ വിത്തുകൾ കാണാറുണ്ട്.
കൃഷി രീതി
തുറസ്സായ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഇതിന്റെ വളർച്ചക്ക് യോജിച്ചത്. എല്ലാ തരം മണ്ണിലും ഇത് കൃഷി ചെയ്യാമെങ്കിലും വെളളക്കെട്ടില്ലാത്തതും നീർവാർച്ചാ സൗകര്യവുമുളള സ്ഥലങ്ങളാണ് നല്ലത്. വിത്ത് വഴി സ്വാഭാവിക വംശവർധന നടത്തുന്ന ഈ മരത്തിന്റെ വിത്തുകൾ കൂടാതെ ഗ്രാഫ്റ്റ്, ലെയറിങ്ങ് വഴി തയ്യാറാക്കിയ തൈകളും നടീൽ വസ്തുവായി ഉപയോഗിക്കാം. നന്നായി മൂപ്പെത്തിയ കായ്കളിൽ നിന്നും വേണം വിത്ത് ശേഖരിക്കാൻ. ഇവ ശേഖരിച്ച് അധിക നാൾ കഴിയും മുമ്പേ നടണം. പഴകുമ്പോൾ മുള ശേഷി നഷ്ടപ്പെടും. വളക്കൂറുളള മണ്ണ് നിറച്ച നഴ്സറി ബാഗിൽ വിത്ത് നട്ട് തൈകളാക്കാം. തൈകൾക്ക് ആറ് മാസത്തെ വളർച്ചയെത്തിയാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. ഗ്രാഫ്റ്റ് തൈകൾ തയ്യാറാക്കുന്നതിന് ഇപ്രകാരം തയ്യാറാക്കിയ വിത്ത് തൈകളെ റൂട്ട് സ്റ്റോക്കായി ഉപയോഗിച്ച് മികച്ച ഇനങ്ങളുടെ കമ്പുകൾ ഒട്ടിച്ചെടുക്കാം. നല്ലയിനം മരത്തിലെ ശാഖകളിൽ വേരുപിടിപ്പിച്ചെടുത്താണ് ലെയറിങ്ങ് വഴി തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.
വിത്ത് തൈകൾ നട്ടാൽ അവയിൽ പലതും ആൺ മരങ്ങളായേക്കാം. പുഷ്പ്പിക്കും മുമ്പും ആൺ-പെൺ ചെടികളെ തിരിച്ചറിയുക പ്രയാസമാണ്. എന്നാൽ പെൺ മരങ്ങളുടെ ശാഖകളാണ് ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങിൽ ഉപയോഗിക്കുക എന്നതിനാൽ അവ പെൺ മരങ്ങളാണെന്ന് നേരത്തെ ഉറപ്പു വരുത്താനാകും. വിത്തുതൈകൾ നട്ട് കായ്ക്കാൻ ആറ് – ഏഴ് വർഷങ്ങളെടുക്കുമ്പോൾ ലെയർ , ഗ്രാഫ്റ്റ് തൈകൾ നട്ടാൽ നാലാം വർഷം മുതൽ തന്നെ കായ്ച്ച് തുടങ്ങുന്നതായി കണ്ടിട്ടുണ്ട്. മാത്രമല്ല ഇവ അധികം ഉയരത്തിലല്ലാതെ വളരുന്നതുകൊണ്ട് വിളവെടുപ്പ് നടത്താനും എളുപ്പമാകും.
60 സെ.മീറ്റർ വീതം നീളവും വീതിയും താഴ്ചയുമുളള കുഴിയെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും അൽപ്പം വേപ്പിൻപിണ്ണാക്കും ചേർത്ത് കുഴിനിറച്ച ശേഷം തൈകൾ വെക്കാം. തോട്ടമടിസ്ഥാനത്തിൽ നടുമ്പോൾ തൈകൾ തമ്മിൽ അഞ്ച് മുതൽ ഏഴ് മീറ്റർ വരെ ഇടയകലം നൽകണം.
വിളവും പോഷകവും
നേരിയ ക്രീം കലർന്ന പിങ്ക് നിറമുളള കാമ്പിന് പാൽക്കട്ടിയുടെ ഗന്ധമാണ്. വിപണിയിൽ ഈ പഴത്തിന് നല്ല പ്രിയമാണ്. നല്ല കയറ്റുമതി സാദ്ധ്യതയുമുണ്ട്. പഴത്ത് പാകമെത്തിയ വെൽവെറ്റ് ആപ്പിളിന്റെ പുറന്തൊലി നീക്കിയാൽ ഭക്ഷ്യയോഗ്യമായി.
100 ഗ്രാം പഴത്തിൽ 77.8 ഗ്രാം ജലാംശവും , 0.75 ഗ്രാം മാംസ്യവും, 11.47 ഗ്രാം അന്നജവും, 0.16 ഗ്രാം മാലിക് ആസിഡും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈറ്റിൻ (Phytin) എന്ന രാസപദാർത്ഥവും ഈ ഫലത്തിലുണ്ട്.
ഇതിന്റെ തടി സാന്ദ്രവും ഉറപ്പുള്ളതും ഫർണിച്ചർ, അലങ്കാര വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.. മരം തറ നിരപ്പിൽ നിന്ന് നാലടി മുകളിലായി വെട്ടിയെടുത്താൽ വീണ്ടുമിത് കിളിർത്ത് ആരോഗ്യകരമായി വളർന്ന് വിളവ് തരുന്നതായി കണ്ടിട്ടുണ്ട്.
കാർഷിക ഓൺലൈൻ പത്രമായ കൃഷിപ്പുര.കോം കുട്ടികളിൽ കൃഷിവളർത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള അമ്പലവയൽ കൃഷിവിജ്ഞാന കേന്ദ്രവുമായി സഹകരിച്ചു പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കായി സംസ്ഥാനതലത്തിൽ കുട്ടികളും കൃഷിയും എന്ന വിഷയത്തിൽ അഗ്രി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറിൽപരം ചിതങ്ങളാണ് മത്സരത്തിനെത്തിയത് . ഒന്നാം സമ്മാനമായി 3001 രൂപയും ഫലകവും രണ്ടാം സമ്മാനം 2001 രൂപയും ഫലകവും മൂന്നാം സമ്മാനമായി 1001 രൂപയും ഫലകവും മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളുമാണ് നൽകുന്നത്. അഗ്രി ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനത്ത് നമ്പർ 7 ൽ മത്സരിച്ച മാളവിക അർഹയായി, രണ്ടാം സ്ഥാനത്ത് 92 ൽ മത്സരിച്ച ഇതൾ ഗാന്ധിയും, 39 നമ്പറിൽ മത്സരിച്ച അഥിതി മൂന്നാം സ്ഥാനത്തിനും അർഹയായി.മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും . അമ്പലവയൽ കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ :അലൻ തോമസ്. കൃഷിപ്പുര .കോം എഡിറ്റർ രജിത്ത് വെള്ളമുണ്ട, അമൽ, പ്രതുൽ രാഘവ് , ഇന്ത്യൻ എക്സപ്രസ്സ് പ്രിൻസിപ്പൽ ഫോട്ടോഗ്രാഫർ ടി. സൂരജ് തുടങ്ങിയവർ ചേർന്നാണ് വിജയികളെ കണ്ടെത്തിയത് .
മരച്ചീനി കർഷകർക്ക് സംസ്കരണ സൗകര്യമൊരുക്കി കാർഷിക സർവ്വകലാശാല വയനാട് കെ.വി.കെ
അമ്പലവയൽ:പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സഹായിക്കാൻ കൃഷി വിജ്ഞാന കേന്ദ്രം വയനാടും ഹോർട്ടി കോർപ്പും ഒന്നിക്കുന്നു. കാർഷിക സർവ്വകലാശാലയുടെ സ്ഥാപനമായ കൃഷി വിജ്ഞാന കേന്ദ്രം,വയനാട് മരച്ചീനി കർഷകർക്ക് സാധ്യതകൾ ഒരുക്കി അവസരം സൃഷ്ടിച്ചിരിക്കുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്കരണ രീതിക്ക് പുതിയമാനം സൃഷ്ടിച്ചിരിക്കുകയാണ് കെ.വി.കെ വയനാട്. കർഷകർക്ക് താങ്ങായി അവർ ഉത്പാദിപ്പിക്കുന്ന മരച്ചീനി കെ.വി.കെ ഭക്ഷ്യസംസ്കരണ യൂണിറ്റിന്റെ സഹായത്തോടെ സംസ്കരിച്ച് വിപണിയിലേക്ക് എത്തിക്കുന്ന പുതിയ രീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കർഷകർ ഉത്പാദിപ്പിക്കുന്ന മരച്ചീനി വയനാട് ഹോർട്ടികോർപ്പ് മുഖേന ശേഖരിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സംസ്കരണ യൂണിറ്റിലെത്തിച്ച് വൃത്തിയാക്കി അരിഞ്ഞുണക്കി കർഷകരിലേക്കും വിപണിയിലേക്കും എത്തിക്കുന്ന പുതിയ സംസ്കരണ രീതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മരച്ചീനി വില കുറഞ്ഞു നിൽക്കുന്ന ഈ കോവിഡ് കാലത്ത് കർഷകർക്ക് ഏറ്റവും വലിയ ആശ്വാസമാണ് കൃഷി വിജ്ഞാന കേന്ദ്രത്തിലൂടെ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഉണക്കി സംസ്കരിച്ച മരച്ചീനിക്ക് വിപണിയിൽ ഏറെ ആവശ്യക്കാരാണ് ഇപ്പോൾ ഉള്ളത്. ഇതിനോടകം മൂന്നു ടൺ മരച്ചീനി സംസ്കരിച്ച് കർഷകരിലൂടെ വയനാടൻ വിപണിയിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇത് കൂടാതെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമേഷൻ കൗൺസിൽ കേരള, കൃഷി വിജ്ഞാന കേന്ദ്രം വയനാടിനോടൊപ്പം സഹക രിച്ച് ചക്കയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളും കർഷകരിലൂടെ വിപണിയിലേക്ക് എത്തിച്ചു കഴിഞ്ഞു.
കോവിഡ് കാലത്ത് കർഷകരെ സഹായിക്കുന്ന യൂണിറ്റുകളായി കൃഷി വിജ്ഞാന കേന്ദ്രങ്ങൾ മാറണം,അതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഓരോ കൃഷി വിജ്ഞാന കേന്ദ്രവും ഒരുക്കണമെന്ന് കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ആർ ചന്ദ്രബാബു നിർദ്ദേശിച്ചിരുന്നു. അമ്പലവയലിലെ കൃഷി വിജ്ഞാന കേന്ദ്രം ഭക്ഷ്യ സംസ്കരണ യൂണിറ്റിൽ പഴങ്ങൾ,പച്ചക്കറികൾ,കിഴങ്ങുകൾ,സുഗന്ധവ്യജ്ഞനങ്ങൾ,ഇഞ്ചി,മഞ്ഞൾ,കുരുമുളക് എന്നിവയുടെ ഉണക്കി സംസ്കരിക്കൽ,
പഴങ്ങളിൽ നിന്നും ജാം,സ്ക്വാഷ്, മറ്റു പാനീയങ്ങൾ എന്നിവയുടെ നിർമ്മാണം,ഉത്പന്നങ്ങൾക്കനുസരിച്ച് പൾപ്പ് വേർതിരിക്കൽ, പാസ്ത നിർമ്മിക്കാനുള്ള സൗകര്യങ്ങൾ,
ഹൽവ നിർമ്മാണ യൂണിറ്റ്,എല്ലാത്തരം അച്ചാറുകളുടെയും നിർമ്മാണം,ചെറിയ അളവിൽ ധാന്യങ്ങൾ പെടിക്കൽ,റിട്ടോർട്ട് പാക്കിംഗ് സൗകര്യം എന്നിവയുണ്ട്.
ഫോൺ : 04936 260411,9496930411,
എംകെപി മാവിലായി
അറേബ്യൻ മരുപ്രദേശങ്ങളിൽ നന്നായി വളരുന്ന ഫലവൃക്ഷമാണ് ഈത്തപ്പഴം അഥവാ ഈന്തപ്പഴം.
അറബിക്കഥകളിലെ നിത്യസാന്നിദ്ധ്യമായ ഈ ഫലം റംസാൻ നോമ്പു തുറയിലെ പ്രധാന വിഭവമാണ്.
സാന്ദ്രികൃതമായ ഊർജ്ജം അടങ്ങിയതും സൂക്ഷിച്ച് വെക്കാവുന്നതും മരുഭൂമിയിലെ നീണ്ട യാത്രയിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു ഭക്ഷ്യവിഭവമെന്നതിനുപരി മരത്തിന്റെ വേര് മുതൽ തല വരെ എല്ലാ ഭാഗങ്ങളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗപ്രദമായ വിളയെന്ന നിലയിൽ ഈന്തപ്പനയെ അറബി നാട്ടിലെ കൽപ്പവൃക്ഷമെന്ന് വിശേഷിപ്പിക്കാം.
പേർഷ്യൻ ഗൾഫാണ് ഈന്തപ്പഴത്തിന്റെ ജന്മദേശം.
സൗദി അറേബ്യ, ഈജിപ്റ്റ് , സിസിലി, ഗ്രീസ്, സ്പെയിൻ, വടക്കെ ആഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളിൽ ഈന്തപ്പന വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. സൗദി അറേബ്യൻ ഈന്തപ്പഴങ്ങൾ ലോക പ്രസിദ്ധമാണ്.
ആദ്യ കാലത്ത് ഗൾഫ് രാജ്യങ്ങളിൽ മാത്രം വളർന്ന ഈന്തപ്പനയെ സ്പെയിൻ പോലുള്ള രാജ്യങ്ങളിൽ എത്തിച്ചത് അറബ് സഞ്ചാരികളാണ്. ഇന്ന് ലോകത്തിലെ വിവിധ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഈന്തപ്പന കൃഷിയുണ്ട്.
നമ്മുടെ രാജ്യത്ത് ഗുജറാത്തിലെ കച്ച് പ്രദേശം, രാജസ്ഥാൻ, പഞ്ചാബ്, തമിഴ് നാട്ടിലെ ഡിണ്ടിഗൽ പ്ര ദേശങ്ങളിൽ ഈന്തപ്പന കൃഷിയുണ്ട്.
അരക്കേസിയേ (Arecaceae) സസ്യ കുടുംബത്തിൽ പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഫീനിക്സ് ഡാക്റ്റൈലി ഫെറ (Phoenix dactylifera) എന്നാണ്.
സസ്യ വിവരണം
മുപ്പത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒറ്റത്തടി പനയിനമാണ് ഈ ഫലവൃക്ഷം. ഇതിന്റെ തായ്ത്തടിക്ക് ചാരനിറമാണ്. ഈ തായ്ത്തടിക്ക് നാൽപ്പത് സെ.മീറ്ററോളം വ്യാസമുണ്ടായിരിക്കും.ചുവട്ടിൽ നിന്നും അരമീറ്ററോളം ഉയരം വരെ വേരുകൾ കൊണ്ട് തായ്ത്തടി പൊതിഞ്ഞിരിക്കും. ഇലകൾ ബഹുപത്രങ്ങളാണ്. പന ജാതിയിൽപ്പെട്ട മറ്റു വൃക്ഷങ്ങളെപ്പോലെ മുകളറ്റത്താണ് ഓലകൾ കാണപ്പെടുന്നത്. ഓലകൾക്ക് അഞ്ച് മുതൽ എട്ട് മീറ്റർ വരെ നീളമുണ്ടാവും. തായ്ത്തടിയിലെ നാലു ഭാഗങ്ങളിലുമായി വിന്യസിക്കപ്പെട്ട ഇലകൾ ചേർന്ന് ഒരു ഹരിത മേലാപ്പ് ഉണ്ടാവുന്നു. ഇല സംയുക്തത്തിലെ ആദ്യ ഇലകൾ മുള്ളുകളായി രൂപാന്തരപ്പെടും. പിന്നീടുൽപ്പാദിപ്പിക്കുന്നവ ഓലകളായി മാറുന്നു.
ഈന്തപ്പനയിൽ ആൺ പൂക്കളും പെൺപൂക്കളും വെവ്വേറെ വൃക്ഷങ്ങളിലാണുണ്ടാവുന്നത്. ആൺ വൃക്ഷങ്ങൾ കായ്ക്കാറില്ല. പെൺപൂക്കളേക്കാൾ ചെറുതാണ് ആൺപൂക്കൾ. ഫെബ്രവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇതിന്റെ പൂക്കാലം. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ ഫലങ്ങൾ ഉണ്ടാവുന്നു. കുലകളായാണ് ഈന്തപ്പഴങ്ങൾ ഉണ്ടാവുന്നത്. ഒരു കുലക്ക് കായ്കൾ മൂക്കുന്നതോടെ 5 കിഗ്രാം മുതൽ 10 കി. ഗ്രാം വരെ ഭാരമുണ്ടാകും. സിലിണ്ടറാകൃതിയിലുള്ള ഇതിന്റെ പഴങ്ങൾക്ക് മൂപ്പെത്തിയാൽ ഇനമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് എന്നീ നിറങ്ങൾ ഉണ്ടാവും.നമ്മുടെ രാജ്യത്ത് ഗുജറാത്തിലെ കച്ച് പ്രദേശം, രാജസ്ഥാൻ, പഞ്ചാബ്, തമിഴ് നാട്ടിലെ ഡിണ്ടിഗൽ എന്നീ പ്രദേശങ്ങളിൽ ഈന്തപ്പഴ കൃഷിയുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ ഈന്തപ്പന നന്നായി വളരുമെങ്കിലും എല്ലായിടങ്ങളിലും കായ്കൾ ഉൽപ്പാദിപ്പിക്കാറില്ല.
കൃഷി രീതി
പഴത്തിനകത്ത് കാണുന്ന വിത്തുകൾ മുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. വിത്തുകൾ നഴ്സറിയിൽ പാകി തൈകളാക്കിയ ശേഷം സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. കൂടാതെ പ്രായമെത്തിയ ഈന്തപ്പനക്ക് ചുറ്റും വളരുന്ന സക്കറുകളും നടാനായി ഉപയോഗിക്കാറുണ്ട്. വിത്ത് വഴി തയ്യാറാക്കുന്ന തൈകളിൽ പകുതിയും ആൺ വൃക്ഷങ്ങളാക്കാൻ സാദ്ധ്യതയുണ്ട്. ഇതിനെ ചെറുപ്രായത്തിൽ തിരിച്ചറിയാനാവില്ല.പെൺ മരത്തിന്റെ ചുവട്ടിൽ ഉണ്ടാകുന്ന സക്കറുകൾ പെൺ മരങ്ങൾ തന്നെയായിരിക്കും. 50 പെൺ വൃക്ഷങ്ങൾക്ക് ഒരു ആൺ വൃക്ഷം എന്ന അനുപാതത്തിലാണ് ചെടികൾ നടുന്നത്.അടുത്ത കാലത്തായി ടിഷ്യൂ കൾച്ചർ വഴി ഉൽപ്പാദിപ്പിച്ച അധികോൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് അധികവും കൃഷിക്കായി ഉപയോഗിക്കുന്നത്.
ബർഹി, ഡയറി, ഡഗ്ലറ്റ് നൂർ, സായ്ദി, സായർ, ഹായ്യാനി എന്നിവ ഈന്തപ്പഴത്തിലെ മികച്ച സങ്കര ഇനങ്ങളാണ്. വിത്ത് തൈകൾ നട്ട് എട്ട് വർഷത്തിനു ശേഷവും , സക്കറു കൾ നട്ടാൽ ആറാം വർഷം മുതലും ടിഷ്യൂ കൾച്ചർ തൈകൾ നട്ട് നാലാം വർഷം മുതലും വിളവ് ലഭിച്ചു തുടങ്ങും. തൈ നട്ട് പ്രാരംഭ ദശയിലുള വളർച്ചക്കായി നനയും, വളപ്രയോഗവും ആവശ്യമാണ്. ജൈവ വളങ്ങൾ മാത്രം നൽകിയാൽ മതി. തൈകൾ കായ്ക്കാറാവുന്നതു വരെ കൂടിയ ഈർപ്പത്തിൽ നിന്നും ചെടിയെ സംരക്ഷിച്ച് നിർത്തണം. ഈർപ്പം കൂടിയ സാഹചര്യങ്ങളിൽ പൂവിടൽ വൈകുകയും വിളവ് കുറയുകയും ചെയ്യും. മരുഭൂമിയിലെ പകലുള്ള കടുത്ത ചൂടിലും രാത്രിയിലെ ശൈത്യത്തിലുമാണ് ഈന്തച്ചെടി സമൃദ്ധിയായി വിളവ് നൽകുക.
ചെടി ഏതാണ്ട് 40-50 വർഷം വരെ നല്ല നിലയിൽ വിളവ് നൽകും. ഒരു മരത്തിൽ നിന്നും ഒരു സീസണിൽ 100 കി.ഗ്രാം വരെ പഴം ലഭിക്കും.
ഔഷധ – പോഷക ഗുണങ്ങൾ
ഗുണത്തിലും ഊർജ്ജ സ്രോതസ്സ് എന്ന നിലയിലും ഈത്തപ്പഴം മുൻ നിരയിലാണ്. ഈത്തപ്പഴം ഉണക്കിയതിനെ കാരക്ക എന്നു പറയുന്നു. മുസ്ലീംങ്ങൾ മതാധിഷ്ഠിതമായ നോമ്പ് തുറക്കുന്നത് കാരക്ക ഭക്ഷിച്ചിട്ടാണ്. പകലന്തിയോളം അന്നപാനാദികൾ വർജ്ജിച്ച ശേഷം സന്ധ്യയിൽ വ്രതം മുറിയുമ്പോൾ കാരക്ക തിന്നുന്നത് ഉദര സംബന്ധമായ അസുഖങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ഉപകരിക്കും.
എഴുപത് ശതമാനം വരെ മധുരമടങ്ങിയിട്ടുള്ള ഈ പഴം പൊട്ടാസ്യം ലവണത്താൽ സമ്പന്നമാണ്. ഗർഭിണികൾക്ക് ഏറ്റവും യോജിച്ച പഴമാണിത്. വിറ്റാമിൻ ബി യും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ടാനിനും ഡയറ്റി നാരുകളും ധാരാളമായി ഉളതിനാൽ ഉദരസംബന്ധിയായ രോഗത്തിന് പ്രതിരോധമാണ്. കൊഴുപ്പ് ഒട്ടുമില്ലാത്ത ഈ പഴത്തിൽ 100 ഗ്രാമിൽ 1.7ഗ്രാം മാത്രമാണ് മാംസ്യം അടങ്ങിയിട്ടുള്ളത്. 100 ഗ്രാം ഈന്തപ്പഴത്തിൽ 72.9 മി.ഗ്രാം കാർബോ ഹൈഡ്രേറ്റ്, 8.5 ഗ്രാം ഡയറ്റി നാരുകൾ, 103 മി.ഗ്രാം കാത്സ്യം, പ്രോട്ടീൻ, 3.9 ഗ്രാം ഡയറ്റി നാരുകൾ, 105 മി.ഗ്രാം ഫോസ്ഫറസ്, 13.7 മി.ഗ്രാം ഇരുമ്പ്,. 648 മി.ഗ്രാം പൊട്ടാസ്യം കൂടാതെ 15.6 മി.ഗ്രാം വിറ്റാമിൻ എ യുമുണ്ട്.
സംസ്കാരിക്കാത്ത പഴുത്ത ഫലത്തിന് ചവർപ്പ് രുചി നൽകുന്നത് ഇതിൽ അടങ്ങിയിട്ടുള്ള ടാനിൻ (Tanin) ആണ്.
ഈന്തപ്പഴം പനയിൽ നിന്നും നന്നായി പഴുത്ത അവസ്ഥയിൽ ശേഖരിച്ച് ഉണക്കിയെടുക്കുന്നതാണ് കാരയ്ക്ക .
സീസണിൽ നാല് വ്യത്യസ്ഥ പാകത്തിലുള്ള പഴങ്ങൾ വിപണിയിൽ ലഭ്യമാകാറുണ്ട്. നല്ല പഴുക്കാത്തവയാണ് ഒരിനം. ഇത് ക്രിമി എന്ന പേരിലാണ് ലഭിക്കുക. മറ്റൊന്ന് ഖലാൽ എന്ന പേരിലാണ്. ഇത് പകുതി പഴുപ്പെത്തിയ പഴമാണ്. കടിച്ചു മുറിച്ചു തിന്നാൻ അനുയോജ്യമാണിത്. മൂന്നാമതൊരിനം റുത്താബ് എന്ന പേരിൽ ലഭിക്കുന്നതാണ്. ഇത് നന്നായി പഴുത്ത് വെണ്ണ പോലെ മൃദുവായതാണ്. നാലാമത്തെ ഇനം തമർ എന്ന പേരിൽ ലഭിക്കുന്നതാണ്. നല്ല രീതിയിൽ ഉണക്കിയെടുത്ത ഇനമാണിത്.
ഈന്തപ്പഴം അച്ചാർ, ജാം എന്നിവ ഈ ഫലത്തിൽ നിന്നും തയ്യാറാക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളാണ്.
യുവത്വവും നാഡീശക്തിയും പ്രധാനം ചെയ്യാൻ ഈ പഴത്തിനുളള കഴിവ് ആയുർവേദ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
കഫക്കെട്ട് ഒഴിവാക്കാൻ ഈത്തപ്പഴം കഴിക്കുന്നത് നെഞ്ചിലെ കഫക്കെട്ട് ഒഴിവാക്കാൻ ഉപകരിക്കുമത്രേ. ക്ഷയം ഗ്രഹണി, വാതം എന്നിവക്ക് പ്രതിരോധമായും ഈത്തപ്പഴം ഗുണം ചെയ്യുമത്രെ.
ഈന്തപ്പനയുടെ ഓലമെടഞ്ഞ് പായ്കളും കൂട്ടകളും ഉണ്ടാക്കാറുണ്ട്. തൊപ്പികളും ബാഗുകളും മറ്റു കരകൗശല വസ്തുക്കളും ഇതിന്റെ നാരുപയോഗിച്ചു തയ്യാറാക്കുന്നുണ്ട്. ഈന്തപ്പന കരുവിൽ നിന്നും എടുക്കുന്ന എണ്ണ സോപ്പ്, കോസ്മെറ്റിക്സ് നിർമ്മാണ മേഖലയിൽ ഉപയോഗിക്കുണ്ട്.
എംകെപി മാവിലായി
ലോകം മുഴുവൻ ലഭ്യമായതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ മധുര ഫലമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ . തെക്കൻ ചൈനയും തെക്ക് കിഴക്കൻ ഏഷ്യയുമാണ് ഓറഞ്ചിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ ഓറഞ്ച് ഉൽപ്പാദിപ്പിക്കുന്നത് ചൈനയാണ്.ഇത് വ്യാപകമായി കൃഷി ചെയ്യുന്ന മറ്റു രാജ്യങ്ങളാണ് സ്പെയിൻ, ബ്രസീൽ, ജപ്പാൻ എന്നിവ. മഹാരാഷ്ട്ര സംസ്ഥാനത്തിനാണ് ഇന്ത്യയിൽ ഓറഞ്ച് കൃഷിയിൽ ഒന്നാം സ്ഥാനം. ഇതിന് പുറമെ ആസാം, ഒറിസ്സ, ബംഗാൾ, രാജസ്ഥാൻ, നാഗാലാന്റ് എന്നിവിടങ്ങളിലും ഓറഞ്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിൽ മാത്രമാണ് ചെറിയ തോതിൽ ഓറഞ്ച് കൃഷി ചെയ്തു വരുന്നത്.
തെക്കെ ഇന്ത്യയിൽ കൂർഗ് മേഖലകളിലാണ് ഓറഞ്ച് കൃഷിയുള്ളത്. 1800 കാലഘട്ടങ്ങളിൽ ചൈനയിൽ നിന്നാണ് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഓറഞ്ച് കൃഷി വ്യാപിച്ചത്.
റൂട്ടേസിയേ (Rutaceae) സസ്യകുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസനാമം സിട്രസ് റെറ്റിക്കുലേറ്റ ( Citrus reticulata) എന്നാണ്.
സസ്യ വിവരണം
അധികം ഉയരത്തിൽ വളരാത്ത ഇടത്തരം വൃക്ഷമാണ് ഓറഞ്ച്, രണ്ടോ മൂന്നോ മീറ്റർ ഉയരം മാത്രമാണ് ഇതിനുണ്ടാവുക. ധാരാളം ശാഖകളും ഉപശാഖകളുമായിട്ടുള്ള ഈ ഫലവൃക്ഷത്തിന്റെ ഇലകൾക്ക് നേരിയ എണ്ണമയത്തോടു കൂടിയ ആവരണം ഉണ്ട്. വെള്ളനിറത്തിൽ കുലകളായുണ്ടാകുന്ന പൂക്കൾ സുഗന്ധികളാണ്. ഇത് തേനീച്ചകളെയും മറ്റും പെട്ടെന്ന് ആകർഷി ക്കുന്നു. മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് ഇവ സാധാരണയായി പുഷ്പിക്കുന്നത്. നവംബർ ഡിസംബർ മാസത്തോടെ ഫലം പാകമായി തുടങ്ങും.
മൃദുവായ കടും മഞ്ഞ നിറത്തിലുള്ളതോ സമാനമായ നിറത്തിലുളളതോ ആയ പുറന്തോടിനകത്താണ് ഫലത്തിന്റെ മാംസളമായ ഭാഗം ഉണ്ടാവുക. ചെറിയ അല്ലികളായി ഇത് അടുക്കി വെച്ചിരിക്കും. ഭക്ഷ്യയോഗ്യമായ ഈ അല്ലികളിലോരോന്നിലും രണ്ടോ മൂന്നോ വിത്തുകൾ കാണും.

കൃഷി രീതി
വിത്ത് മുളപ്പിച്ച തൈകളും ബഡ്ഡ് ചെയ്ത തൈകളും നടാനുപയോഗിക്കാം. വിളഞ്ഞു പാകമായ പഴങ്ങളിൽ നിന്നും കുരുവെടുത്ത് കഴുകി ഉണക്കിയ ശേഷം നടാം. നിലനിരപ്പിൽ നിന്നും 15 സെ.മീറ്റർ ഉയരത്തിലെടുത്ത തവാരണകളിൽ വിത്ത് പാകാം. വരികൾ തമ്മിൽ 15 സെ.മീറ്ററും ചെടികൾ തമ്മിൽ 5 സെ.മീറ്ററും അകലം വരത്തക്കവിധത്തിൽ വേണം വിത്ത് പാകാൻ. മുളച്ച് കഴിഞ്ഞാൽ അധികമുളള തൈകൾ പറിച്ചു മാറ്റണം. പിന്നീട് ഇവയിലെ നല്ല തൈകൾ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ സമം ചേർത്ത് നിറച്ച പോളിത്തീൻ ബാഗിലേക്ക് മാറ്റിനടണം. ഈ തൈകൾക്ക് രണ്ട് വർഷം പ്രായമെത്തിയാൽ മികച്ച ഇനത്തിന്റെ ബഡ് ശേഖരിച്ച് ബഡ്ഡിങ്ങ് നടത്തി ഇവയെ ഉൽപ്പാദന ക്ഷമത കൂടുതൽ ഉള്ള യിനങ്ങളാക്കി മാറ്റാം. ജൂലൈ മുതൽ സെപ്തംബർ വരെയാണ് ബഡ്ഡ് ചെയ്യാൻ പറ്റിയ സമയം. ബഡ്ഡ് ചെയ്ത് ഒരു മാസത്തിന് ശേഷം ബഡ്ഡിംഗിന് മുകളിലുള്ള ഭാഗം മുറിച്ചു മാറ്റണം. തുടർന്ന് തൈകൾ ഒരു വർഷത്തിന്നകം നടാൻ പാകമാകും.
മഴക്കാലമാണ് തൈകൾ നടാൻ പറ്റിയ സമയം. 75 സെ.മീറ്റർ നീളം, വീതി, താഴ്ചയുളള കുഴികൾ കാലേക്കൂട്ടിയെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും ചേർത്ത് കുഴി പൂർണ്ണമായും മൂടണം
നടുമ്പോൾ ബഡ്ഡിങ്ങിന് ചുറ്റുമുളള പ്ളാസ്റ്റിക്ക് നാട മാറ്റണം. ഈ ഭാഗം മണ്ണിന്റെ നിരപ്പിൽ നിന്നും 10-15 സെ.മീറ്റർ ഉയർന്ന് നിൽക്കുകയും വേണം. ബഡ്ഡ് ചെയ്തതിന് താഴെ നിന്ന് വരുന്ന തളിർപ്പുകൾ വളരാൻ അനുവദിക്കരുത്.
വളക്കൂറ് കുറഞ്ഞ മണ്ണിൽ പ്രത്യേകിച്ചും എല്ലാവർഷവും സമീകൃത രീതിയിൽ വളം നൽകുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്കും മികച്ച വിളവിനും സഹായമാകും. ചെടി നട്ട് ഒന്നാം വർഷം കാലിവളം അല്ലെങ്കിൽ കം ബോസ്റ്റ് 2 കി. ഗ്രാം നൽകണം. ഇത് ഓരോ വർഷവും 2 കി.ഗ്രാം വീതംവർദ്ധിപ്പിച്ച് ഏഴാം വർഷം മുതൽ 10കി.ഗ്രാം ആയി തുടരണം. രാസവളം ആയി കേരള കാർഷിക സർവ്വകലാശാല നിർദ്ദേശമനുസരിച്ച് ഒന്നാം വർഷം എൻ.പി.കെ. യഥാക്രമം 40: 20:25 ഗ്രാം എന്ന തോതിലും അത് ക്രമേണ വർദ്ധിപ്പിച്ച് ഏഴാം വർഷം മുതൽ 800:250 : 1000 ഗ്രാം എന്ന തോതിൽ തുടരണം.
ജൈവ വളം മെയ് മാസത്തിലും രാസവളം രണ്ട് തുല്യ ഗഡുക്കളായി ജൂൺ – ജൂലൈയിലും, സപ്തംബർ – ഒക്ടോബറിലും നൽകാം.
രാസവളങ്ങൾക്ക് പകരം പിണ്ണാക്ക് വളങ്ങൾ, മത്സ്യവളം, എല്ലു പൊടി എന്നിവ ഉപയോഗിച്ചാലും മതി.
മരത്തിന് നല്ല കരുത്തും ഭാഗിയുളള ആകൃതിയും വരുത്തുന്നതിന് ആദ്യകാലങ്ങളിൽ കൊമ്പുകോതൽ അഥവാ പ്രൂണിംഗ് നടത്താം.

പോഷക , ഔഷധ ഗുണം
ആരെയും കൊതിപ്പിക്കുന്ന ആസ്വാദ്യകരമായ ഗന്ധവും രുചിയുമാണ് ഓറഞ്ചിന്. കൊച്ചു കുട്ടികൾ ഉൾപ്പടെഏത് പ്രായമുളവർക്കും രോഗികൾക്കും എല്ലാം ഇത് ഹിതാഹാരമാണ്.
100 ഗ്രാം പഴത്തിൽ 13.4 മുതൽ 54.4 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 100 ഗാം പൾപ്പിൽ 45 കലോറി ഊർജ്ജമാണ്. കൂടാതെ 82മുതൽ90 ഗ്രാം ഈർപ്പവും 0.05 മുതൽ 0.062 ഗ്രാം കൊഴുപ്പും, O.3 മതൽ മുതൽ 0.7 ഗ്രാം ഡയറ്റി നാരുകളും 100 ഗ്രാം പൾപ്പിലുണ്ട്. കാത്സ്യം 46.8 മില്ലിഗ്രാം, ഫോസ്ഫറസ് 23.4 മില്ലിഗ്രാം , ഇരുമ്പ് 0.62 മില്ലിഗ്രാം എന്നീ ധാതുലവണങ്ങളും കാണപ്പെടുന്നു. ഓറഞ്ച് നിറം നൽകുന്ന ബീറ്റാ കരോട്ടിൻ ഈ പഴത്തിൽ 0.175 മില്ലിഗ്രാം ഉണ്ട്. കൂടാതെ വിറ്റാമിൻ എ, ബി വർഗത്തിലെ തയാമിൻ, റൈബോഫ്ളേവിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
കുട്ടികൾക്ക് ഓറഞ്ച് ജ്യൂസ് സ്ഥിരമായി നൽകുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും സ്കർവി, റിക്കറ്റ്സ് തുടങ്ങിയ പല പോഷകന്യൂനതാ രോഗങ്ങളെ അകറ്റുകയും ചെയ്യും. ഓറഞ്ചിന്റെ അല്ലികൾക്കും തോടിനുമിടക്കുള്ള വെളുത്ത നാരുകൾ ഫോസ്ഫറസിന്റെ മികച്ച ഉറവിടമാണ്. തേൻ ചേർത്ത ഓറഞ്ച് ജ്യൂസ് ഹൃദ്രോഗികൾക്ക് ഉത്തമ പാനീയമാണ്.
ഭക്ഷണപദാർത്ഥമെന്നതിൽ കവിഞ്ഞ് സോപ്പ്, ക്രീം, പെർഫ്യൂം തുടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിന് ഇന്ന് ഓറഞ്ച് ലോകമെങ്ങും ഉപയോഗിക്കുന്നുണ്ട്.
മോണപഴുപ്പ്, മോണയിൽ നിന്നുള്ള രക്തസ്രാവം എന്നിവക്കെതിരെ നല്ല ഔഷധമാണ് ഓറഞ്ച്.
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് തേനിൽ കൊടുത്താൽ വിരശല്യം കുറയും. ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. മധുര നാരങ്ങയുടെ പുഷ്പത്തിൽ നിന്നും തോടിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം രക്തവാതത്തിന് ആശ്വാസം നൽകുമത്രെ.
രക്ത പുഷ്ടിക്കായി പ്രകൃതി നൽകിയിട്ടുള്ള സിദ്ധൗഷധമാണ് ഓറഞ്ച് എന്നാണ് ആയുർവേദ മതം.
എംകെപി മാവിലായി
പ്രകൃതിയുടെ സർവ്വ രോഗ സംഹാരിയായിട്ടാണ് ചെറുനാരങ്ങയെ വിശേഷിപ്പിക്കാറ്. തെക്ക് കിഴക്കൻ ഏഷ്യയാണ് ചെറുനാരകത്തിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. ലോകത്തിലെ മുഴുവൻ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഇന്ന് ചെറുനാരകം കൃഷി ചെയ്തു വരുന്നു. ഭാരതത്തിൽ കേരളം, തമിഴ്നാട്, കർണാടകം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ ചെറുനാരകംകൃഷി ചെയ്തു വരുന്നുണ്ട്.ഏറ്റവും കൂടുതൽ ചെറുനാരങ്ങ ഉൽപ്പാദിപ്പിക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യക്കാണ്.സിട്രസ് ലിമോൺ ( Citrus limon ) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചെറുനാരകം റുട്ടേസിയേ ( Rutacea ) എന്ന സസ്യകുടുംബാംഗമാണ്.
സസ്യ വിവരണം
ശാഖകളും ഉപശാഖകളുമായി രണ്ടര മീറ്ററോളം ഉയരത്തിൽ വളരുന്ന ചെറുവൃക്ഷമാണ് നാരകം. കട്ടിയുള്ള മുള്ളുകൾ ചെടി നിറയെ കാണാം. ഇലകൾ മിനുസമുള്ളതും തിളങ്ങുന്ന പച്ചനിറം ഉള്ളവയുമാണ്. ഇലകൾ സുഗന്ധികളാണ്. വെളുത്ത പൂക്കളുടെ ഉൾഭാഗത്തിന് വയലറ്റ് നിറമാണ്. ആൺ പെൺപൂക്കൾ ഒരുമിച്ചാണ് കണ്ടുവരുന്നത്. ഇവ വിരിയുന്നതിനൊപ്പം തന്നെ നാരകത്തിൽ ഫലങ്ങളും കാണുന്നു. ഗോളാകൃതിയിലുള്ള പഴങ്ങൾ ഇളംപ്രായത്തിൽ പച്ചനിറവും പാകമാകുമ്പോൾ മഞ്ഞ നിറത്തിലുമായിരിക്കും. പഴത്തിനുളളിൽ നിരവധി വിത്തുകളും ഉണ്ടാകും . മൂത്ത് പഴുത്ത് നിൽക്കുന്ന ഫലങ്ങൾകുറച്ച് നാൾ കഴിയുമ്പോൾ പൊഴിഞ്ഞു വീഴും.

മണ്ണും കാലാവസ്ഥയും
മിതോഷ്ണമേഖലാപ്രദേശങ്ങളിലെ കാലാവസ്ഥയാണ് ഇതിന് ഏറ്റവും അനുയോജ്യം. അന്തരീക്ഷതാപനിലയും ആർദ്രതയുമാണ് നാരകങ്ങളുടെ വളർച്ചയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ ഘടകങ്ങൾ. ശീതകാലങ്ങളിൽ ഇവയുടെ കായിക വളർച്ച മന്ദഗതിയിലാവുകയും പുഷ്പ മുകുളങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യുന്നു. എന്നാൽ ഈ കാലയളവിൽ അനുഭവപ്പെട്ടേക്കാവുന്ന അതി ശൈത്യം വിളവുൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഉയർന്ന അന്തരീക്ഷതാപനില ധാരാളം കായ്കൾ മൂപ്പെത്തുന്നതിന് മുമ്പ് തന്നെ പൊഴിഞ്ഞു പോകാൻ ഇടയാക്കുകയും ചെയ്യും. വെള്ളം കെട്ടി നിൽക്കാത്തതും നേരിയ അമ്ലഗുണമുള്ളതുമായ (പി.എച്ഛ്. 5.5 മുതൽ 6.5 വരെ) മണ്ണാണ് നാരക കൃഷിക്ക് ഏറ്റവും യോജിച്ചത്.
ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന വിളയാണിത്. അതിനാൽ മറ്റു മരങ്ങളോടൊപ്പം ഇടവിളയായും കൃഷി ചെയ്യാനാവും.
കൃഷിരീതി
വിത്തിട്ട് മുളപ്പിച്ച തൈകൾ നട്ടാണ് ചെറുനാരകം സാധാരണ വളർത്താറ്. നല്ല വലിപ്പവും വിളവുമെത്തിയ പഴുത്ത കായ്കളുടെ വിത്ത് വേർതിരിക്കണം. ഇവയെ ചാരം പുരട്ടി തണലിൽ ഒരു ദിവസം സൂക്ഷിച്ച ശേഷം വിത്തു തടങ്ങളിൽ പാകി മുളപ്പിക്കണം. തൈകൾക്ക് പത്ത് സെ.മീറ്ററോളം ഉയരം വയ്ക്കുമ്പോൾ പോളിത്തീൻ ബാഗിലേക്ക് മാറ്റി നടാം.
തൈകൾക്ക് ഒരു വർഷം പ്രായമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാനാകും. തൈകൾ തമ്മിൽ 3 മീറ്റർ അകലം നൽകണം. അര മീറ്റർ സമചതുരവും ആഴവുമുളള കുഴികളിൽ മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും കൂട്ടി ചേർത്ത് നിറച്ച് തൈകൾ നടാവുന്നതാണ്.ചെടികളുടെ വളർച്ചക്കനുസരിച്ച് 10 കി.ഗ്രാം മുതൽ 50 കി.ഗ്രാം വരെ ജൈവ വളങ്ങൾ വർഷം പ്രതി ചേർത്തു കൊടുക്കുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്കും മികച്ച വിളവിനും സഹായകമാകും.
വേനൽക്കാലത്ത് നനക്കുന്നത് നല്ലതാണ്. കായ്ഫലം മെച്ചപ്പെടുത്താൻ മഴക്കാലത്തിന് മുന്നോടിയായി പ്രൂണിംഗ് അഥവാ കൊമ്പുകോതൽ നടത്തണം. നട്ട് ഒരു വർഷം കഴിഞ്ഞ തൈകളിലെ ശാഖകൾ തറനിരപ്പിൽ നിന്ന് 60 സെ.മീറ്റർ ഉയരത്തിലുള്ള മൂന്നോ നാലോ എണ്ണം നിർത്തി ബാക്കി മുറിച്ചു മാറ്റണം.
നാരകം നട്ട് നാലാം വർഷം മുതൽ കായ്ച്ച് തുടങ്ങും. ക്രമേണ വിളവ് വർദ്ധിച്ച് എട്ടാം വർഷം മുതൽ ഒരു മരത്തിൽ നിന്നും 600 കായ്കൾ വരെ ലഭിക്കും.

Bunch of fresh ripe lemons on a lemon tree branch in sunny garden.
പോഷക , ഔഷധ ഗുണങ്ങൾ
മലയാളികൾക്ക് ചെറുനാരങ്ങ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യ വസ്തുവായി തീർന്നിട്ടുണ്ട്. ഭക്ഷണ പാനീയങ്ങളിലും ഔഷധങ്ങൾക്ക് വേണ്ടിയും സുഗന്ധദ്രവ്യങ്ങളുടെ തയ്യാറിപ്പുകളിലും ചെറുനാരങ്ങ ഉപയോഗിച്ചു വരുന്നു.ചെറുനാരങ്ങയെപ്പറ്റി ‘Nature’s cure all’ എന്ന് ഒരു ചൊല്ലുണ്ട്. ചെറുനാരങ്ങ ചേർത്തുണ്ടാക്കിയ പാനീയം നിഷേധിച്ചിട്ടുളള രോഗമോ, രോഗാവസ്ഥയോ ഇല്ലെന്നു തന്നെ വേണം പറയാൻ.ചെറുനാരങ്ങയിൽ മുഖ്യമായും അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ആണ് ഈ ഫലത്തിന് ഔഷധ പ്രാധാന്യം നൽകുന്നത്. ഇതോടൊപ്പം സിടിക്ക് ആസിഡ് പുളിരസം നൽകുന്നു. ഫലത്തിന്റെ തൊലിയിൽ കാണപ്പെടുന്ന ബാഷ്പ ശില തൈലത്തിൽ ഗാമ – ലിമോണിൻ, ആൽഫാ – പിനീൻ, ക്യാം ഫീൻ, ലിണലൂൾ തുടങ്ങിയ രാസ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്.
നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക്ക് ആസിഡിന് അണു നാശക ശക്തിയുണ്ട്. ഇത് രക്തധമനികളിൽ കൊളസ്ട്രോൾ അടിയുന്നത് തടയും. ക്ഷാര ലവണങ്ങൾ അധികമുളളത് കൊണ്ട് ദഹനശക്തി വർദ്ധിപ്പിക്കും. നീര് വീഴ്ചയേയും തടഞ്ഞ് നിർത്തും. തൊണ്ടവേദന, ജലദോഷപ്പനി എന്നിവക്കും ആശ്വാസമേകും. വിറ്റാമിൻ സിയുടെ വർദ്ധിച്ച സാന്നിദ്ധ്യം
സ്കർവിക്കെതിരെ മാത്രമല്ല മറ്റു ഒട്ടനവധി രോഗങ്ങൾക്കെതിരെ ശരീരത്തിന് പ്രതിരോധം നൽകുന്നു. നാരങ്ങ നീര് ശരീരത്തിൽ രൂപം കൊള്ളുന്ന യൂറിക്ക് ആസിഡിനെ നിർവീര്യമാക്കുക വഴി വാത രോഗങ്ങളെ ഒരു പരിധി വരെ അകറ്റുന്നതിനുപകരിക്കും. പൈൽസ് മൂലമുളള രക്തസ്രാവം നിർത്താൻ നാരങ്ങ മുറിച്ച് ഇന്തുപ്പ് വിതറി നുണയുന്നത് നാട്ട് വൈദ്യത്തിലുള്ള ചികിത്സയാണ്. നാരങ്ങ നീര് വെള്ളം ചേർത്ത് തിളപ്പിച്ച് തണുത്ത ശേഷം കുടിക്കുന്നത് മൂത്രാശയ വീക്കം കുറക്കാൻ ഉപകരിക്കുമത്രെ.
ചെറുനാരങ്ങത്തൊലിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്നതിനും , ദീപനൗഷധമായും ഉപയോഗിക്കുന്നു. സ്ക്വാഷ്, അച്ചാർ, ആരോഗ്യപാനീയങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ചെറുനാരങ്ങ ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്.സോപ്പ്, ഷാംപൂ തുടങ്ങിയ ഒട്ടേറെ സൗന്ദര്യ വർദ്ധക വസ്തുക്കളിലും ചെറുനാരങ്ങ പ്രധാന ഘടകമാണ്.
വളരെ പുരാതന കാലം മുതൽക്കേ നെല്ലിക്കയുടെ അമൂല്യ സിദ്ധികൾ ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ചരകസംഹിതയിലും ശുശ്രുതസംഹിതയിലും ഐശ്വര്യ ഫലം എന്ന നിലയിൽ നെല്ലിക്കയുടെ ഔഷധ പ്രാധാന്യം വിവരിക്കുന്നുണ്ട്. ആയുർവേദത്തിൽ പഞ്ച രസം ,അമൃത, ശരീഫലം, ആമലീക ഫലം , ദ്വാദശിക്കായ എന്നിങ്ങനെ പല പേരുകളിൽ വിശേഷിപ്പിക്കപ്പെടുന്ന നെല്ലിക്കക്ക് ധാത്രിയെന്നൊരു അർത്ഥവത്തായ പേരുകൂടിയുണ്ട്. ധാത്രിക്ക് വളർത്തമ്മ, ഭൂമി എന്നൊക്കെയാണർത്ഥം. ഈ പേരുകളെല്ലാം നെല്ലിക്കയുടെ മാഹാത്മ്യത്തെ കുറിച്ച് സൂചിപ്പിക്കുന്നു. ജരാനരകൾ ബാധിക്കാതെ ദേവന്മാർക്ക് അമരത്വം നൽകുന്ന അമൃതിന് തുല്യമായും , ഉന്മേഷത്തിന്റേയും ഐശ്വര്യത്തിന്റേയും ഫലമായും നെല്ലിക്കയെ വിശേഷിപ്പിക്കുന്നു.
പിലാന്തസ് ഇമ്പ്ലിക
(Phyllanthus emblica ) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നെല്ലി യൂഫോർബിയേസി (Euphorbiaceae) കുടുംബാംഗമാണ്.
സസ്യ വിവരണം
ഏഷ്യയിൽ പ്രധാനമായും ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ് നെല്ലിമരം ധാരാളമായുള്ളത്. ഇന്ത്യയിൽ മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, സിക്കിം, ഭൂട്ടാൻ, ആസ്സാം എന്നീ പ്രദേശങ്ങളിലാണ് നെല്ലി കൂടുതലായി കാണപ്പെടുന്നത്.
ഭാരതത്തിലുടനീളം ഇല കൊഴിയും വനങ്ങളിൽ നെല്ലിമരങ്ങൾ കാണുന്നുണ്ട്.
ആറ് മീറ്ററിൽ അധികം ഉയരത്തിൽ വളരാനുളള കഴിവ് നെല്ലിമരത്തിനുണ്ട്. വർഷത്തിലൊരിക്കൽ ഇലകൾ പൊഴിക്കും. ഇലകൾ വളരെ ചെറുതായിരിക്കും. നേർത്ത ചില്ലകളിൽ നിന്നുമാണ് ഇലകൾ ഉണ്ടാകുന്നത്. വേനൽക്കാലത്ത് ഇലകളോടൊപ്പം ചെറു ചില്ലകളും പൊഴിയാറുണ്ട്.ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുക. മഞ്ഞ കലർന്ന പച്ച നിറമാണ് പൂക്കൾക്ക്. ഇല തണ്ടിനോട് ചേരുന്ന ഭാഗങ്ങളിലായാണ് പുക്കളുണ്ടാവുക. ഒക്ടോബർ മുതൽ മുതൽ ജനുവരി വരെയുളള മാസങളിൽ കായ്കൾ ലഭിക്കും. ഇളം പച്ച നിറത്തിൽ ഉരുണ്ട ആകൃതിയിലാണ് നെല്ലിക്ക. ഉറച്ച മാംസളമായ ഭാഗത്തിനുളളിലായി നാലോ ആറോ അറകളിലായാണ് വിത്തുകളുണ്ടാവുന്നത്. രണ്ട് വിത്തുകളാണ് ഒരു ഫലത്തിൽ സാധാരണ ഉണ്ടാവുക.
നെല്ലിയിൽ പലയിനങ്ങൾ കണ്ടുവരുന്നുണ്ട്. വലിപ്പമുളള കായ്കൾ ഉണ്ടാകുന്ന ഉൽപ്പാദന ശേഷി കൂടിയ ഒരിനം നെല്ലി പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ചമ്പക്കാട് ലാർജ്ജ് എന്ന പേരിൽ അറിയപ്പെടുന്നത്. കൂടാതെ ബനാറസി, കൃഷ്ണ, കാഞ്ചൻ എന്നീ ഇനങ്ങളും മികച്ചവയാണ്.

കൃഷി രീതി
വിത്ത് തൈകൾ നട്ടാണ് മുൻകാലങ്ങളിൽ നെല്ലിമരം വളർത്തിയിരുന്നത്. മൂത്ത നെല്ലിക്ക രണ്ടു മൂന്ന് ദിവസം നന്നായി വെയിൽ കൊളളിച്ചാൽ ഉള്ളിലെ കുരു പിളർന്ന് വിത്ത് പുറത്ത് വരും. ഇത് കവറിൽ നട്ട് മുളപ്പിച്ച് തൈകളാക്കി ഒരു വർഷം പ്രായമാകുമ്പോൾ മാറ്റി നടാം.
ഇപ്പോൾ മികച്ച ഇനങ്ങളിൽ നിന്നും പതിവെച്ചും , ബഡ്ഡിങ്ങ് , ഗ്രാഫ്റ്റിങ്ങ് വഴിയും തൈകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
തൈകൾ തമ്മിൽ എട്ട് മീറ്റർ അകലം കിട്ടത്തക്കവിധം നടാം. മഴക്കാലമാണ് തൈകൾ നടാൻ പറ്റിയ സമയം. നാടൻ ഇനങ്ങൾ കായ്ക്കാൻ പത്ത് വർഷം വേണ്ടി വരുമ്പോൾ ഒട്ടിനങ്ങൾ മൂന്ന് നാല് വർഷത്തിനുളിൽ കായ്ക്കും. കാര്യമായ പരിചരണങ്ങളൊന്നും ആവശ്യമില്ല. എന്നാൽ ഗ്രാഫ്റ്റ് / ലെയർ തൈകൾക്ക് എല്ലാവർഷവും വളർച്ചക്കനുസരിച്ച് പത്ത് മുതൽ അൻപത് കി.ഗ്രാം വരെ വർഷന്തോറും ജൈവ വളം നൽകുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്കും മികച്ച വിളവിനും സഹായകമാകും.ഒരു മരത്തിൽ നിന്നും ഒരു വർഷം 30 മുതൽ 50 കി.ഗ്രാം വരെ നെല്ലിക്ക ലഭിക്കാറുണ്ട്.
പോഷക ഔഷധ ഗുണങ്ങൾ
വിറ്റാമിൻ സിയുടെ സമൃദ്ധമായ സ്രോതസ്സാണ് നെല്ലിക്ക. നെല്ലിക്കയിൽ 28 ശതമാനം ടാനിൻ (Tannin അടങ്ങിയിട്ടുണ്ട്. ഗാലോ ടാനിൻ (Gallo tannin) ആണ് ഇവയിൽ പ്രധാനപ്പെട്ടത്. പോളിഫീനോളുകൾ (Polyphenol) ആണ് മററു പ്രധാന രാസപദാർത്ഥം. ഗാലിക് അമ്ലം (Gallic acid), ഈതൈൽ ഗാലേറ്റ് (Ethyl gallete), ഡൈഗാലിക് അമ്ലം (Digallic acid), എല്ലാജിക് അമ്ലം ( Ellagic acid), എംബ്ലി ക്കോൾ (Embli col) തുടങ്ങിയവയാണ് പ്രധാനപ്പെട്ട പോളീ ഫീനോളുകൾ. എംബ്ലീക്കാനീൻ (Emblicanin), പ്യൂണി ഗ്ലൂക്കോണിൻ (Puni gluconin) എന്നിവയാണ് നെല്ലിക്കയിൽ കാണപ്പെടുന്ന മറ്റു രാസഘടകങ്ങൾ
മേൽ കാണിച്ചത് പ്രകാരം
ഈ ചെറു ഫലത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ചറിയുമ്പോൾ പലരും അത്ഭുതപ്പെട്ടു പോകും.
കണ്ണിന് തിളക്കവും ത്വക്കിന് ഭംഗിയും നൽകുന്ന വിറ്റാമിൻ എ, ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നൽകുന്ന വിറ്റാമിൻ സി, ശാരീരിക മാനസിക വളർച്ചക്കുതകുന്ന ഫോളിക്കാസിഡ്, ഓക്സാലിക് ആസിഡ് , ധാതുലവണങ്ങളായ കാൽസ്യം, പൊട്ടാസ്യം , സോഡിയം, രക്തത്തിലെ ശ്വേതാണുക്കളെ വർദ്ധിപ്പിക്കാനുതകുന്ന ഇരുമ്പ് തുടങ്ങിയവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.

പോഷക മൂല്യത്തിൽ നെല്ലിക്കയോട് കിടപിടിക്കാവുന്ന പച്ചക്കറികളോ ഫലങ്ങളോ വിരളമാണ്.
രോഗഹീനരായിരിക്കുവാൻ ആയുർവേദത്തിലും സിദ്ധത്തിലും നെല്ലിക്ക കൊണ്ടുളള പല വിധികളുമുണ്ട്. അവയിൽ
എളുപ്പം ചെയ്യാവുന്ന ചില ഔഷധപ്രയോഗങ്ങൾ ഇവിടെ കുറിക്കാം
പച്ച നെല്ലിക്കാ നീരും തേനും ചേർത്ത് ദിവസവും കഴിച്ചു കൊണ്ടിരുന്നാൽ ശരീരം പുഷ്ടിപ്പെടും.
ഒരു ചെറിയ സ്പൂൺ നെല്ലിക്കാ പൊടിയിൽ തേൻ ചേർത്ത് അതിരാവിലെ കഴിച്ചാൽ മലബന്ധം മാറി കിട്ടും.
നെല്ലിത്തോൽ തൈരിൽ അരച്ചു കഴിച്ചാൽ വായ്പുണ്ണ് മാറും.
നെല്ലിക്കനീര്, പച്ചമഞ്ഞൾ നീര് ഇവ സമമെടുത്ത് ദിവസവും ഒരു നേരം കഴിക്കുന്നത് പ്രമേഹത്തിന് പ്രതി വിധിയാണ്. ഒരു ഔൺസ് വീതം രണ്ട് നേരം കഴിക്കണം.
നെല്ലിക്ക കുരു കളഞ്ഞ് 15 ഗാം എടുത്ത് 100 മില്ലി പാലിൽ ചേർത്ത് കുറച്ച് ദിവസം ഒരു നേരം വീതം കഴിച്ചു കൊണ്ടിരുന്നാൽ അമ്ല പിത്തം, പുളിച്ച് തികട്ടൽ പൂർണ്ണമായും മാറി കിട്ടും.
രുചിയില്ലായ്മ മാറാൻ നെല്ലിക്ക പഞ്ചസാരയും മുന്തിരിപ്പഴവും ചേർത്തരച്ച് കഴിക്കണം
മൂത്രതടസ്സം മാറാൻ നെല്ലിക്ക അരച്ച് അടിവയറ്റിൽ പുരട്ടണം.
പല ഹെയർ ടോണിക്കുകളിലേയും മുഖ്യ ചേരുവയാണ് നെല്ലിക്ക.നെല്ലിക്കയിട്ട് വെന്ത വെളളം തണുത്ത ശേഷം അതിൽ കുളിച്ചാൽ തൊലിക്ക് കൂടുതൽ മിനുസവും ആരോഗ്യവും ഉണ്ടാകും. ഉണക്ക നെല്ലിക്ക വയറുകടി, വയറിളക്കം , കൃമിശല്യം, ശീതപിത്തം എന്നിവക്ക് പതിവിധിയായി ഉപയോഗിക്കുന്നുണ്ട്.
നെല്ലിക്ക ചേരുന്ന ലേഹ്യങ്ങളും രസായനങ്ങളും അരിഷ്ടങ്ങളും ഉണ്ട്.ച്യവനപ്രാശം, ത്രിഫലചൂർണം എന്നിങ്ങനെ നെല്ലിക്ക ഉണക്കിപ്പൊടിച്ചും മറ്റു പല വിധത്തിൽ സംസ്ക്കരിച്ചും നീരെടുത്തും നെല്ലിക്കയുടെ കുരു ഉപയോഗിച്ചും പല സിദ്ധൗഷധങ്ങളും ഉണ്ടാക്കുന്നു.
മാനസിക വൈകല്യം ബാധിച്ചവർക്ക് തലയിൽ നെല്ലിക്ക തളം വെക്കുന്ന പതിവ് നമ്മുടെ ആയുർവേദ – നാടൻ ചികിത്സാ രീതികളിൽ സുപരിചിതമാണല്ലോ.
എംകെപി മാവിലായി
