എംകെപി മാവിലായി
അറേബ്യൻ മരുപ്രദേശങ്ങളിൽ നന്നായി വളരുന്ന ഫലവൃക്ഷമാണ് ഈത്തപ്പഴം അഥവാ ഈന്തപ്പഴം.
അറബിക്കഥകളിലെ നിത്യസാന്നിദ്ധ്യമായ ഈ ഫലം റംസാൻ നോമ്പു തുറയിലെ പ്രധാന വിഭവമാണ്.
സാന്ദ്രികൃതമായ ഊർജ്ജം അടങ്ങിയതും സൂക്ഷിച്ച് വെക്കാവുന്നതും മരുഭൂമിയിലെ നീണ്ട യാത്രയിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു ഭക്ഷ്യവിഭവമെന്നതിനുപരി മരത്തിന്റെ വേര് മുതൽ തല വരെ എല്ലാ ഭാഗങ്ങളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗപ്രദമായ വിളയെന്ന നിലയിൽ ഈന്തപ്പനയെ അറബി നാട്ടിലെ കൽപ്പവൃക്ഷമെന്ന് വിശേഷിപ്പിക്കാം.
പേർഷ്യൻ ഗൾഫാണ് ഈന്തപ്പഴത്തിന്റെ ജന്മദേശം.
സൗദി അറേബ്യ, ഈജിപ്റ്റ് , സിസിലി, ഗ്രീസ്, സ്പെയിൻ, വടക്കെ ആഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളിൽ ഈന്തപ്പന വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. സൗദി അറേബ്യൻ ഈന്തപ്പഴങ്ങൾ ലോക പ്രസിദ്ധമാണ്.
ആദ്യ കാലത്ത് ഗൾഫ് രാജ്യങ്ങളിൽ മാത്രം വളർന്ന ഈന്തപ്പനയെ സ്പെയിൻ പോലുള്ള രാജ്യങ്ങളിൽ എത്തിച്ചത് അറബ് സഞ്ചാരികളാണ്. ഇന്ന് ലോകത്തിലെ വിവിധ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഈന്തപ്പന കൃഷിയുണ്ട്.
നമ്മുടെ രാജ്യത്ത് ഗുജറാത്തിലെ കച്ച് പ്രദേശം, രാജസ്ഥാൻ, പഞ്ചാബ്, തമിഴ് നാട്ടിലെ ഡിണ്ടിഗൽ പ്ര ദേശങ്ങളിൽ ഈന്തപ്പന കൃഷിയുണ്ട്.
അരക്കേസിയേ (Arecaceae) സസ്യ കുടുംബത്തിൽ പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഫീനിക്സ് ഡാക്റ്റൈലി ഫെറ (Phoenix dactylifera) എന്നാണ്.
സസ്യ വിവരണം
മുപ്പത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒറ്റത്തടി പനയിനമാണ് ഈ ഫലവൃക്ഷം. ഇതിന്റെ തായ്ത്തടിക്ക് ചാരനിറമാണ്. ഈ തായ്ത്തടിക്ക് നാൽപ്പത് സെ.മീറ്ററോളം വ്യാസമുണ്ടായിരിക്കും.ചുവട്ടിൽ നിന്നും അരമീറ്ററോളം ഉയരം വരെ വേരുകൾ കൊണ്ട് തായ്ത്തടി പൊതിഞ്ഞിരിക്കും. ഇലകൾ ബഹുപത്രങ്ങളാണ്. പന ജാതിയിൽപ്പെട്ട മറ്റു വൃക്ഷങ്ങളെപ്പോലെ മുകളറ്റത്താണ് ഓലകൾ കാണപ്പെടുന്നത്. ഓലകൾക്ക് അഞ്ച് മുതൽ എട്ട് മീറ്റർ വരെ നീളമുണ്ടാവും. തായ്ത്തടിയിലെ നാലു ഭാഗങ്ങളിലുമായി വിന്യസിക്കപ്പെട്ട ഇലകൾ ചേർന്ന് ഒരു ഹരിത മേലാപ്പ് ഉണ്ടാവുന്നു. ഇല സംയുക്തത്തിലെ ആദ്യ ഇലകൾ മുള്ളുകളായി രൂപാന്തരപ്പെടും. പിന്നീടുൽപ്പാദിപ്പിക്കുന്നവ ഓലകളായി മാറുന്നു.
ഈന്തപ്പനയിൽ ആൺ പൂക്കളും പെൺപൂക്കളും വെവ്വേറെ വൃക്ഷങ്ങളിലാണുണ്ടാവുന്നത്. ആൺ വൃക്ഷങ്ങൾ കായ്ക്കാറില്ല. പെൺപൂക്കളേക്കാൾ ചെറുതാണ് ആൺപൂക്കൾ. ഫെബ്രവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇതിന്റെ പൂക്കാലം. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ ഫലങ്ങൾ ഉണ്ടാവുന്നു. കുലകളായാണ് ഈന്തപ്പഴങ്ങൾ ഉണ്ടാവുന്നത്. ഒരു കുലക്ക് കായ്കൾ മൂക്കുന്നതോടെ 5 കിഗ്രാം മുതൽ 10 കി. ഗ്രാം വരെ ഭാരമുണ്ടാകും. സിലിണ്ടറാകൃതിയിലുള്ള ഇതിന്റെ പഴങ്ങൾക്ക് മൂപ്പെത്തിയാൽ ഇനമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് എന്നീ നിറങ്ങൾ ഉണ്ടാവും.നമ്മുടെ രാജ്യത്ത് ഗുജറാത്തിലെ കച്ച് പ്രദേശം, രാജസ്ഥാൻ, പഞ്ചാബ്, തമിഴ് നാട്ടിലെ ഡിണ്ടിഗൽ എന്നീ പ്രദേശങ്ങളിൽ ഈന്തപ്പഴ കൃഷിയുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ ഈന്തപ്പന നന്നായി വളരുമെങ്കിലും എല്ലായിടങ്ങളിലും കായ്കൾ ഉൽപ്പാദിപ്പിക്കാറില്ല.
കൃഷി രീതി
പഴത്തിനകത്ത് കാണുന്ന വിത്തുകൾ മുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. വിത്തുകൾ നഴ്സറിയിൽ പാകി തൈകളാക്കിയ ശേഷം സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. കൂടാതെ പ്രായമെത്തിയ ഈന്തപ്പനക്ക് ചുറ്റും വളരുന്ന സക്കറുകളും നടാനായി ഉപയോഗിക്കാറുണ്ട്. വിത്ത് വഴി തയ്യാറാക്കുന്ന തൈകളിൽ പകുതിയും ആൺ വൃക്ഷങ്ങളാക്കാൻ സാദ്ധ്യതയുണ്ട്. ഇതിനെ ചെറുപ്രായത്തിൽ തിരിച്ചറിയാനാവില്ല.പെൺ മരത്തിന്റെ ചുവട്ടിൽ ഉണ്ടാകുന്ന സക്കറുകൾ പെൺ മരങ്ങൾ തന്നെയായിരിക്കും. 50 പെൺ വൃക്ഷങ്ങൾക്ക് ഒരു ആൺ വൃക്ഷം എന്ന അനുപാതത്തിലാണ് ചെടികൾ നടുന്നത്.അടുത്ത കാലത്തായി ടിഷ്യൂ കൾച്ചർ വഴി ഉൽപ്പാദിപ്പിച്ച അധികോൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് അധികവും കൃഷിക്കായി ഉപയോഗിക്കുന്നത്.
ബർഹി, ഡയറി, ഡഗ്ലറ്റ് നൂർ, സായ്ദി, സായർ, ഹായ്യാനി എന്നിവ ഈന്തപ്പഴത്തിലെ മികച്ച സങ്കര ഇനങ്ങളാണ്. വിത്ത് തൈകൾ നട്ട് എട്ട് വർഷത്തിനു ശേഷവും , സക്കറു കൾ നട്ടാൽ ആറാം വർഷം മുതലും ടിഷ്യൂ കൾച്ചർ തൈകൾ നട്ട് നാലാം വർഷം മുതലും വിളവ് ലഭിച്ചു തുടങ്ങും. തൈ നട്ട് പ്രാരംഭ ദശയിലുള വളർച്ചക്കായി നനയും, വളപ്രയോഗവും ആവശ്യമാണ്. ജൈവ വളങ്ങൾ മാത്രം നൽകിയാൽ മതി. തൈകൾ കായ്ക്കാറാവുന്നതു വരെ കൂടിയ ഈർപ്പത്തിൽ നിന്നും ചെടിയെ സംരക്ഷിച്ച് നിർത്തണം. ഈർപ്പം കൂടിയ സാഹചര്യങ്ങളിൽ പൂവിടൽ വൈകുകയും വിളവ് കുറയുകയും ചെയ്യും. മരുഭൂമിയിലെ പകലുള്ള കടുത്ത ചൂടിലും രാത്രിയിലെ ശൈത്യത്തിലുമാണ് ഈന്തച്ചെടി സമൃദ്ധിയായി വിളവ് നൽകുക.
ചെടി ഏതാണ്ട് 40-50 വർഷം വരെ നല്ല നിലയിൽ വിളവ് നൽകും. ഒരു മരത്തിൽ നിന്നും ഒരു സീസണിൽ 100 കി.ഗ്രാം വരെ പഴം ലഭിക്കും.
ഔഷധ – പോഷക ഗുണങ്ങൾ
ഗുണത്തിലും ഊർജ്ജ സ്രോതസ്സ് എന്ന നിലയിലും ഈത്തപ്പഴം മുൻ നിരയിലാണ്. ഈത്തപ്പഴം ഉണക്കിയതിനെ കാരക്ക എന്നു പറയുന്നു. മുസ്ലീംങ്ങൾ മതാധിഷ്ഠിതമായ നോമ്പ് തുറക്കുന്നത് കാരക്ക ഭക്ഷിച്ചിട്ടാണ്. പകലന്തിയോളം അന്നപാനാദികൾ വർജ്ജിച്ച ശേഷം സന്ധ്യയിൽ വ്രതം മുറിയുമ്പോൾ കാരക്ക തിന്നുന്നത് ഉദര സംബന്ധമായ അസുഖങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ഉപകരിക്കും.
എഴുപത് ശതമാനം വരെ മധുരമടങ്ങിയിട്ടുള്ള ഈ പഴം പൊട്ടാസ്യം ലവണത്താൽ സമ്പന്നമാണ്. ഗർഭിണികൾക്ക് ഏറ്റവും യോജിച്ച പഴമാണിത്. വിറ്റാമിൻ ബി യും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ടാനിനും ഡയറ്റി നാരുകളും ധാരാളമായി ഉളതിനാൽ ഉദരസംബന്ധിയായ രോഗത്തിന് പ്രതിരോധമാണ്. കൊഴുപ്പ് ഒട്ടുമില്ലാത്ത ഈ പഴത്തിൽ 100 ഗ്രാമിൽ 1.7ഗ്രാം മാത്രമാണ് മാംസ്യം അടങ്ങിയിട്ടുള്ളത്. 100 ഗ്രാം ഈന്തപ്പഴത്തിൽ 72.9 മി.ഗ്രാം കാർബോ ഹൈഡ്രേറ്റ്, 8.5 ഗ്രാം ഡയറ്റി നാരുകൾ, 103 മി.ഗ്രാം കാത്സ്യം, പ്രോട്ടീൻ, 3.9 ഗ്രാം ഡയറ്റി നാരുകൾ, 105 മി.ഗ്രാം ഫോസ്ഫറസ്, 13.7 മി.ഗ്രാം ഇരുമ്പ്,. 648 മി.ഗ്രാം പൊട്ടാസ്യം കൂടാതെ 15.6 മി.ഗ്രാം വിറ്റാമിൻ എ യുമുണ്ട്.
സംസ്കാരിക്കാത്ത പഴുത്ത ഫലത്തിന് ചവർപ്പ് രുചി നൽകുന്നത് ഇതിൽ അടങ്ങിയിട്ടുള്ള ടാനിൻ (Tanin) ആണ്.
ഈന്തപ്പഴം പനയിൽ നിന്നും നന്നായി പഴുത്ത അവസ്ഥയിൽ ശേഖരിച്ച് ഉണക്കിയെടുക്കുന്നതാണ് കാരയ്ക്ക .
സീസണിൽ നാല് വ്യത്യസ്ഥ പാകത്തിലുള്ള പഴങ്ങൾ വിപണിയിൽ ലഭ്യമാകാറുണ്ട്. നല്ല പഴുക്കാത്തവയാണ് ഒരിനം. ഇത് ക്രിമി എന്ന പേരിലാണ് ലഭിക്കുക. മറ്റൊന്ന് ഖലാൽ എന്ന പേരിലാണ്. ഇത് പകുതി പഴുപ്പെത്തിയ പഴമാണ്. കടിച്ചു മുറിച്ചു തിന്നാൻ അനുയോജ്യമാണിത്. മൂന്നാമതൊരിനം റുത്താബ് എന്ന പേരിൽ ലഭിക്കുന്നതാണ്. ഇത് നന്നായി പഴുത്ത് വെണ്ണ പോലെ മൃദുവായതാണ്. നാലാമത്തെ ഇനം തമർ എന്ന പേരിൽ ലഭിക്കുന്നതാണ്. നല്ല രീതിയിൽ ഉണക്കിയെടുത്ത ഇനമാണിത്.
ഈന്തപ്പഴം അച്ചാർ, ജാം എന്നിവ ഈ ഫലത്തിൽ നിന്നും തയ്യാറാക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളാണ്.
യുവത്വവും നാഡീശക്തിയും പ്രധാനം ചെയ്യാൻ ഈ പഴത്തിനുളള കഴിവ് ആയുർവേദ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
കഫക്കെട്ട് ഒഴിവാക്കാൻ ഈത്തപ്പഴം കഴിക്കുന്നത് നെഞ്ചിലെ കഫക്കെട്ട് ഒഴിവാക്കാൻ ഉപകരിക്കുമത്രേ. ക്ഷയം ഗ്രഹണി, വാതം എന്നിവക്ക് പ്രതിരോധമായും ഈത്തപ്പഴം ഗുണം ചെയ്യുമത്രെ.
ഈന്തപ്പനയുടെ ഓലമെടഞ്ഞ് പായ്കളും കൂട്ടകളും ഉണ്ടാക്കാറുണ്ട്. തൊപ്പികളും ബാഗുകളും മറ്റു കരകൗശല വസ്തുക്കളും ഇതിന്റെ നാരുപയോഗിച്ചു തയ്യാറാക്കുന്നുണ്ട്. ഈന്തപ്പന കരുവിൽ നിന്നും എടുക്കുന്ന എണ്ണ സോപ്പ്, കോസ്മെറ്റിക്സ് നിർമ്മാണ മേഖലയിൽ ഉപയോഗിക്കുണ്ട്.