വളരെ പുരാതന കാലം മുതൽക്കേ നെല്ലിക്കയുടെ അമൂല്യ സിദ്ധികൾ ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ചരകസംഹിതയിലും ശുശ്രുതസംഹിതയിലും ഐശ്വര്യ ഫലം എന്ന നിലയിൽ നെല്ലിക്കയുടെ ഔഷധ പ്രാധാന്യം വിവരിക്കുന്നുണ്ട്. ആയുർവേദത്തിൽ പഞ്ച രസം ,അമൃത, ശരീഫലം, ആമലീക ഫലം , ദ്വാദശിക്കായ എന്നിങ്ങനെ പല പേരുകളിൽ വിശേഷിപ്പിക്കപ്പെടുന്ന നെല്ലിക്കക്ക് ധാത്രിയെന്നൊരു അർത്ഥവത്തായ പേരുകൂടിയുണ്ട്. ധാത്രിക്ക് വളർത്തമ്മ, ഭൂമി എന്നൊക്കെയാണർത്ഥം. ഈ പേരുകളെല്ലാം നെല്ലിക്കയുടെ മാഹാത്മ്യത്തെ കുറിച്ച് സൂചിപ്പിക്കുന്നു. ജരാനരകൾ ബാധിക്കാതെ ദേവന്മാർക്ക് അമരത്വം നൽകുന്ന അമൃതിന് തുല്യമായും , ഉന്മേഷത്തിന്റേയും ഐശ്വര്യത്തിന്റേയും ഫലമായും നെല്ലിക്കയെ വിശേഷിപ്പിക്കുന്നു.
പിലാന്തസ് ഇമ്പ്ലിക
(Phyllanthus emblica ) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നെല്ലി യൂഫോർബിയേസി (Euphorbiaceae) കുടുംബാംഗമാണ്.
സസ്യ വിവരണം
ഏഷ്യയിൽ പ്രധാനമായും ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ് നെല്ലിമരം ധാരാളമായുള്ളത്. ഇന്ത്യയിൽ മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, സിക്കിം, ഭൂട്ടാൻ, ആസ്സാം എന്നീ പ്രദേശങ്ങളിലാണ് നെല്ലി കൂടുതലായി കാണപ്പെടുന്നത്.
ഭാരതത്തിലുടനീളം ഇല കൊഴിയും വനങ്ങളിൽ നെല്ലിമരങ്ങൾ കാണുന്നുണ്ട്.
ആറ് മീറ്ററിൽ അധികം ഉയരത്തിൽ വളരാനുളള കഴിവ് നെല്ലിമരത്തിനുണ്ട്. വർഷത്തിലൊരിക്കൽ ഇലകൾ പൊഴിക്കും. ഇലകൾ വളരെ ചെറുതായിരിക്കും. നേർത്ത ചില്ലകളിൽ നിന്നുമാണ് ഇലകൾ ഉണ്ടാകുന്നത്. വേനൽക്കാലത്ത് ഇലകളോടൊപ്പം ചെറു ചില്ലകളും പൊഴിയാറുണ്ട്.ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുക. മഞ്ഞ കലർന്ന പച്ച നിറമാണ് പൂക്കൾക്ക്. ഇല തണ്ടിനോട് ചേരുന്ന ഭാഗങ്ങളിലായാണ് പുക്കളുണ്ടാവുക. ഒക്ടോബർ മുതൽ മുതൽ ജനുവരി വരെയുളള മാസങളിൽ കായ്കൾ ലഭിക്കും. ഇളം പച്ച നിറത്തിൽ ഉരുണ്ട ആകൃതിയിലാണ് നെല്ലിക്ക. ഉറച്ച മാംസളമായ ഭാഗത്തിനുളളിലായി നാലോ ആറോ അറകളിലായാണ് വിത്തുകളുണ്ടാവുന്നത്. രണ്ട് വിത്തുകളാണ് ഒരു ഫലത്തിൽ സാധാരണ ഉണ്ടാവുക.
നെല്ലിയിൽ പലയിനങ്ങൾ കണ്ടുവരുന്നുണ്ട്. വലിപ്പമുളള കായ്കൾ ഉണ്ടാകുന്ന ഉൽപ്പാദന ശേഷി കൂടിയ ഒരിനം നെല്ലി പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ചമ്പക്കാട് ലാർജ്ജ് എന്ന പേരിൽ അറിയപ്പെടുന്നത്. കൂടാതെ ബനാറസി, കൃഷ്ണ, കാഞ്ചൻ എന്നീ ഇനങ്ങളും മികച്ചവയാണ്.
കൃഷി രീതി
വിത്ത് തൈകൾ നട്ടാണ് മുൻകാലങ്ങളിൽ നെല്ലിമരം വളർത്തിയിരുന്നത്. മൂത്ത നെല്ലിക്ക രണ്ടു മൂന്ന് ദിവസം നന്നായി വെയിൽ കൊളളിച്ചാൽ ഉള്ളിലെ കുരു പിളർന്ന് വിത്ത് പുറത്ത് വരും. ഇത് കവറിൽ നട്ട് മുളപ്പിച്ച് തൈകളാക്കി ഒരു വർഷം പ്രായമാകുമ്പോൾ മാറ്റി നടാം.
ഇപ്പോൾ മികച്ച ഇനങ്ങളിൽ നിന്നും പതിവെച്ചും , ബഡ്ഡിങ്ങ് , ഗ്രാഫ്റ്റിങ്ങ് വഴിയും തൈകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
തൈകൾ തമ്മിൽ എട്ട് മീറ്റർ അകലം കിട്ടത്തക്കവിധം നടാം. മഴക്കാലമാണ് തൈകൾ നടാൻ പറ്റിയ സമയം. നാടൻ ഇനങ്ങൾ കായ്ക്കാൻ പത്ത് വർഷം വേണ്ടി വരുമ്പോൾ ഒട്ടിനങ്ങൾ മൂന്ന് നാല് വർഷത്തിനുളിൽ കായ്ക്കും. കാര്യമായ പരിചരണങ്ങളൊന്നും ആവശ്യമില്ല. എന്നാൽ ഗ്രാഫ്റ്റ് / ലെയർ തൈകൾക്ക് എല്ലാവർഷവും വളർച്ചക്കനുസരിച്ച് പത്ത് മുതൽ അൻപത് കി.ഗ്രാം വരെ വർഷന്തോറും ജൈവ വളം നൽകുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്കും മികച്ച വിളവിനും സഹായകമാകും.ഒരു മരത്തിൽ നിന്നും ഒരു വർഷം 30 മുതൽ 50 കി.ഗ്രാം വരെ നെല്ലിക്ക ലഭിക്കാറുണ്ട്.
പോഷക ഔഷധ ഗുണങ്ങൾ
വിറ്റാമിൻ സിയുടെ സമൃദ്ധമായ സ്രോതസ്സാണ് നെല്ലിക്ക. നെല്ലിക്കയിൽ 28 ശതമാനം ടാനിൻ (Tannin അടങ്ങിയിട്ടുണ്ട്. ഗാലോ ടാനിൻ (Gallo tannin) ആണ് ഇവയിൽ പ്രധാനപ്പെട്ടത്. പോളിഫീനോളുകൾ (Polyphenol) ആണ് മററു പ്രധാന രാസപദാർത്ഥം. ഗാലിക് അമ്ലം (Gallic acid), ഈതൈൽ ഗാലേറ്റ് (Ethyl gallete), ഡൈഗാലിക് അമ്ലം (Digallic acid), എല്ലാജിക് അമ്ലം ( Ellagic acid), എംബ്ലി ക്കോൾ (Embli col) തുടങ്ങിയവയാണ് പ്രധാനപ്പെട്ട പോളീ ഫീനോളുകൾ. എംബ്ലീക്കാനീൻ (Emblicanin), പ്യൂണി ഗ്ലൂക്കോണിൻ (Puni gluconin) എന്നിവയാണ് നെല്ലിക്കയിൽ കാണപ്പെടുന്ന മറ്റു രാസഘടകങ്ങൾ
മേൽ കാണിച്ചത് പ്രകാരം
ഈ ചെറു ഫലത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ചറിയുമ്പോൾ പലരും അത്ഭുതപ്പെട്ടു പോകും.
കണ്ണിന് തിളക്കവും ത്വക്കിന് ഭംഗിയും നൽകുന്ന വിറ്റാമിൻ എ, ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നൽകുന്ന വിറ്റാമിൻ സി, ശാരീരിക മാനസിക വളർച്ചക്കുതകുന്ന ഫോളിക്കാസിഡ്, ഓക്സാലിക് ആസിഡ് , ധാതുലവണങ്ങളായ കാൽസ്യം, പൊട്ടാസ്യം , സോഡിയം, രക്തത്തിലെ ശ്വേതാണുക്കളെ വർദ്ധിപ്പിക്കാനുതകുന്ന ഇരുമ്പ് തുടങ്ങിയവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
പോഷക മൂല്യത്തിൽ നെല്ലിക്കയോട് കിടപിടിക്കാവുന്ന പച്ചക്കറികളോ ഫലങ്ങളോ വിരളമാണ്.
രോഗഹീനരായിരിക്കുവാൻ ആയുർവേദത്തിലും സിദ്ധത്തിലും നെല്ലിക്ക കൊണ്ടുളള പല വിധികളുമുണ്ട്. അവയിൽ
എളുപ്പം ചെയ്യാവുന്ന ചില ഔഷധപ്രയോഗങ്ങൾ ഇവിടെ കുറിക്കാം
പച്ച നെല്ലിക്കാ നീരും തേനും ചേർത്ത് ദിവസവും കഴിച്ചു കൊണ്ടിരുന്നാൽ ശരീരം പുഷ്ടിപ്പെടും.
ഒരു ചെറിയ സ്പൂൺ നെല്ലിക്കാ പൊടിയിൽ തേൻ ചേർത്ത് അതിരാവിലെ കഴിച്ചാൽ മലബന്ധം മാറി കിട്ടും.
നെല്ലിത്തോൽ തൈരിൽ അരച്ചു കഴിച്ചാൽ വായ്പുണ്ണ് മാറും.
നെല്ലിക്കനീര്, പച്ചമഞ്ഞൾ നീര് ഇവ സമമെടുത്ത് ദിവസവും ഒരു നേരം കഴിക്കുന്നത് പ്രമേഹത്തിന് പ്രതി വിധിയാണ്. ഒരു ഔൺസ് വീതം രണ്ട് നേരം കഴിക്കണം.
നെല്ലിക്ക കുരു കളഞ്ഞ് 15 ഗാം എടുത്ത് 100 മില്ലി പാലിൽ ചേർത്ത് കുറച്ച് ദിവസം ഒരു നേരം വീതം കഴിച്ചു കൊണ്ടിരുന്നാൽ അമ്ല പിത്തം, പുളിച്ച് തികട്ടൽ പൂർണ്ണമായും മാറി കിട്ടും.
രുചിയില്ലായ്മ മാറാൻ നെല്ലിക്ക പഞ്ചസാരയും മുന്തിരിപ്പഴവും ചേർത്തരച്ച് കഴിക്കണം
മൂത്രതടസ്സം മാറാൻ നെല്ലിക്ക അരച്ച് അടിവയറ്റിൽ പുരട്ടണം.
പല ഹെയർ ടോണിക്കുകളിലേയും മുഖ്യ ചേരുവയാണ് നെല്ലിക്ക.നെല്ലിക്കയിട്ട് വെന്ത വെളളം തണുത്ത ശേഷം അതിൽ കുളിച്ചാൽ തൊലിക്ക് കൂടുതൽ മിനുസവും ആരോഗ്യവും ഉണ്ടാകും. ഉണക്ക നെല്ലിക്ക വയറുകടി, വയറിളക്കം , കൃമിശല്യം, ശീതപിത്തം എന്നിവക്ക് പതിവിധിയായി ഉപയോഗിക്കുന്നുണ്ട്.
നെല്ലിക്ക ചേരുന്ന ലേഹ്യങ്ങളും രസായനങ്ങളും അരിഷ്ടങ്ങളും ഉണ്ട്.ച്യവനപ്രാശം, ത്രിഫലചൂർണം എന്നിങ്ങനെ നെല്ലിക്ക ഉണക്കിപ്പൊടിച്ചും മറ്റു പല വിധത്തിൽ സംസ്ക്കരിച്ചും നീരെടുത്തും നെല്ലിക്കയുടെ കുരു ഉപയോഗിച്ചും പല സിദ്ധൗഷധങ്ങളും ഉണ്ടാക്കുന്നു.
മാനസിക വൈകല്യം ബാധിച്ചവർക്ക് തലയിൽ നെല്ലിക്ക തളം വെക്കുന്ന പതിവ് നമ്മുടെ ആയുർവേദ – നാടൻ ചികിത്സാ രീതികളിൽ സുപരിചിതമാണല്ലോ.
എംകെപി മാവിലായി