കേരള കാർഷിക സർവ്വകലാശാല പുതിയതായി വികസിപ്പിച്ചെടുത്ത 12 പുതിയ കാർഷിക വിളയിനങ്ങൾ കർഷകർക്ക് സമർപ്പിച്ചു.
ഇതോടൊപ്പം സർവ്വകലാശാലയിൽ സജ്ജീകരിച്ച ഗവേഷണ – അക്കാദമിക് സൗകര്യങ്ങളുടെയും വിജ്ഞാന വ്യാപനത്തിനായി വികസിപ്പിച്ച ഡിജിറ്റൽ അപ്ലിക്കേഷനുകളുടെയും ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. സംസ്ഥാന വെറൈറ്റി റിലീസ് കമ്മിറ്റി അംഗീകരിച്ച നെല്ലിനങ്ങളായ കെ എ യു മിഥില, മനുവർണ്ണ, പച്ചക്കറി ഇനങ്ങളായ കെ ആർ എച്ച് -1, കെ എ യു നിത്യ, ദീപിക, വൈക, സുരുചി, കശുമാവ് ഇനമായ കെ എ യു നിഹാര, തെങ്ങിനമായ കേരസുലഭ, കുരുമുളക് ഇനമായ പന്നിയൂർ -10, രാമച്ച ഇനമായ ഭൂമിക, ബജറ നാപ്പിയർ ഹൈബ്രിഡ് സുസ്ഥിര എന്നിവയാണ് പുറത്തിറക്കിയ ഇനങ്ങൾ. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം, പീലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, വെള്ളായണി കാർഷിക കോളേജ്, വെള്ളാനിക്കര കാർഷിക കോളേജ്, ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പുതിയ വിത്തിനങ്ങൾ വികസിപ്പിച്ചത്.
ഇതോടൊപ്പം വെള്ളാനിക്കര കാർഷിക കോളേജിലെ സീഡ് ബാങ്ക്, ബയോ കൺട്രോൾ ലാബ്, കൂൺ വിത്തുൽപ്പാദന ലാബ് എന്നിവയും വെള്ളാനിക്കര കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെൻ്റ് സയൻസിലെ അക്കാദമിക്ക് ബ്ലോക്കുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുകയുണ്ടായി.
നൂതനമായ ഔട്ട് റീച് പ്രോഗ്രാമിൽ മണ്ണുത്തി എ ഐ ടി സി യിലെ ഹോർട്ടികൾചർ ആൻഡ് ഡെമോൺസ്ട്രേഷൻ യൂണിറ്റ്, കാർബൻ ന്യൂട്രൽ കുന്നംകുളം പ്രോഗ്രാം, കേരള ബേർഡ് അറ്റ്‌ലസ് എന്നിവ ഉൾപ്പെടുന്നു. സെന്റർ ഫോർ ഇ ലേർനിംഗിന്റെ ജൈവ ജീവാണു വളങ്ങൾ എന്ന കോഴ്സും ചടങ്ങിൽ വെച്ച് ഉദ്ഘാടനം ചെയ്തു.എ ടി ഐ സി മണ്ണുത്തി തയ്യാറാക്കിയ 101- മത് മൈക്രോ വീഡിയോ, കെ എ യു സർവീസ് പോർട്ടൽസ്, ഫാം എക്സ്ടെൻഷൻ മാനേജ്മെന്റ് മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പ്, കെ എ യു എംപ്ലോയീസ്, പെൻഷനേഴ്‌സ് മൊബൈൽ ആപ്പുകൾ, ലൈവ് ആപ്പ് എന്നിവയും ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്യുകയുണ്ടായി. വെള്ളാനിക്കര ആർ കെ വി വൈ – റഫ്താർ അഗ്രി ഇൻക്യൂബേഷൻ സെന്ററിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കി മികച്ച സംരംഭങ്ങൾ കാഴ്ച്ച വെച്ച 20 ഇൻക്യൂബെറ്റേഴ്സിനുള്ള ധനസഹായവും വിതരണം ചെയ്തു.
വെള്ളായണി കാർഷിക കോളേജിലെ പരിശീലന ഹോസ്റ്റലും, അതിഥി മന്ദിരവും, ദേശീയതല തേൻ ഗുണനിലവാര പരിശോധന ശാല, മൂല്യ വർധിത ഉൽപ്പന്ന വികസന ഇൻക്യൂബഷൻ കേന്ദ്രം, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അക്കാദമിക്ക് കെട്ടിടം, പടന്നക്കാട് കാർഷിക കോളേജിലെ വനിതാ ഹോസ്റ്റൽ, വേങ്ങേരി കാർഷിക വിജ്ഞാന – വിപണന കേന്ദ്രം, കൊല്ലം സദാനന്ദപുരം പ്രോടീൻ പാർക്ക്, പൊതു പയർ വർഗ്ഗ സംസ്കരണ കേന്ദ്രം, കോട്ടയം കെ വി കെ പൊതു പച്ചക്കറി – ഫല വർഗ്ഗ സംസ്ക്കരണ കേന്ദ്രം, വയനാട് കെ വി കെ പൊതു പച്ചക്കറി – ഫലവർഗ്ഗ സംസ്ക്കരണ കേന്ദ്രം തുടങ്ങി 28 പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെട്ടത്.