Home കാർഷികവാർത്തകൾ നല്ല രീതിയിൽ പരിചരിച്ചാൽ ഗ്രാമ്പൂ നട്ട് നാലാം വർഷം പൂവണിയും

നല്ല രീതിയിൽ പരിചരിച്ചാൽ ഗ്രാമ്പൂ നട്ട് നാലാം വർഷം പൂവണിയും

by krishippura
0 comment

എം കെ പി മാവിലായി
_________
നട്ട് കഴിഞ്ഞ് മൂന്നോ നാലോ വർഷത്തേക്ക് ഗ്രാമ്പൂവിന് പ്രത്യേക പരിചരണം ആവശ്യമാണ്.
മണ്ണിൽ എന്നും ഈർപ്പം നിലനിൽക്കത്തക്കവിധത്തിൽ ജലസേചനം നൽകണം. ആദ്യ കാലങ്ങളിൽ ചെടിയുടെ വളർച്ചക്ക് 25 ശതമാനം സൂര്യരശ്മി മതിയാകും. മൂന്നോ നാലോ വർഷത്തിനുളിൽ അത് 50 ശതമാനമാക്കി വർദ്ധിപ്പിക്കാം. കള നിയന്ത്രണം ആവശ്യാനുസരണം നടത്തണം.
ഗ്രാമ്പൂ ചെടികളുടെ കരുത്തേറിയ വളർച്ചക്ക്
ജൈവ വളങ്ങളും രാസവളങ്ങളും ചേർന്ന വളപ്രയോഗ രീതിയാണ് കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്നത്.

ചെടി ഒന്നിന് 15 കി.ഗ്രാം വീതം കാലിവളമോ, കംബോസ്റ്റോ കാലവർഷക്കാലത്ത് ചേർത്തു കൊടുക്കണം. ഇതിന് പുറമെ ഒരു വർഷം പ്രായമായ ചെടി ഒന്നിന് 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ്ഫറസ്, 50 ഗ്രാം പൊട്ടാഷ് എന്നിവ ലഭിക്കത്തക്കവണ്ണം രാസവളങ്ങളും നൽകേണ്ടതാണ്. രണ്ടാം കൊല്ലം രാസവളത്തിന്റെ ഈ തോത് ഇരട്ടിയാക്കാം. ഇത് ക്രമേണ വർദ്ധിപ്പിച്ച് 15 കൊല്ലം പ്രായമാകുമ്പോ ഴേക്കും ചെടി ഒന്നിന് വർഷത്തിൽ 300 ഗ്രാം നൈട്രജൻ, 250 ഗ്രാം ഫോസ്ഫറസ്, 750 ഗ്രാം പൊട്ടാഷ് എന്നിവ ലഭിക്കത്തക്കവിധമുള്ള രാസവളങ്ങൾ ചേർത്തു കൊടുക്കണം.
രാസവളങ്ങൾ രണ്ടു തുല്യ തവണകളായി കാലവർഷാരംഭത്തിലും കാലവർഷത്തിന് ശേഷവും നൽകാം.
അതിശക്തമായ മഴക്കാലത്തും, വരണ്ട സാഹചര്യങ്ങളിലും രാസവളപ്രയോഗം ഒഴിവാക്കണം.
ചെടിയുടെ ചുവട്ടിൽ നിന്നും ഒന്നു മുതൽ ഒന്നേ കാൽ മീറ്റർ വരെ അകലത്തിൽ ആഴം കുറഞ്ഞ തടം എടുത്ത് വേണം രാസവളം ചേർക്കാൻ .


ആവശ്യമുള്ള നൈട്രജനെ 2.17 കൊണ്ടു ഗുണിച്ചാൽ ചേർക്കേണ്ട യൂറിയയുടെ അളവ് കിട്ടും.
ഫോസ്ഫറസിന്റെ അളവിനെ 5 കൊണ്ട് ഗുണിച്ചാൽ ആവശ്യമായ രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസിന്റെ അളവ് കിട്ടും.
പൊട്ടാഷിന്റെ അളവിനെ 2 കൊണ്ട് ഗുണിച്ചാൽ ആവശ്യമായ പൊട്ടാഷ് വളത്തിന്റെ (മ്യൂറേറ്റ് ഓഫ് പൊട്ടാഷ് ) അളവ് കിട്ടും.
ഉദാഹരണത്തിന്
300 ഗ്രാം നൈട്രജൻ കിട്ടാൻ ആവശ്യമായ യൂറിയ
300 ഗ്രാം x 2.17 = 651 ഗ്രാം.

250 ഗ്രാം ഫോസ്ഫറസ് കിട്ടാൻ ആവശ്യമായ രാജ് ഫോസ് അല്ലെങ്കിൽ മസൂറിഫോസ്
250 ഗ്രാം x 5 = 1250 ഗ്രാം

750 ഗ്രാം പൊട്ടാഷ് കിട്ടാൻ ആവശ്യമായ പൊട്ടാഷ് വളം
750 ഗ്രാം x 5 = 1500 ഗ്രാം

രാസവളങ്ങൾ ചേർക്കാത്ത പക്ഷം പകരം പിണ്ണാക്ക് വളങ്ങൾ, എല്ലു പൊടി , ചാരം, ജീവാണുവളങ്ങൾ എന്നിവ ചേർക്കണം.
നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ ഗ്രാമ്പൂ നട്ട് നാലാം വർഷം തന്നെ പൂവണിയും. എന്നാൽ മികച്ച രീതിയിൽ വിളവ് ലഭിക്കാൻ പത്തു വർഷമെങ്കിലും പിടിക്കും. നല്ല പരിതസ്ഥിതിയിലും പരിചരണത്തിലും വളരുന്ന ചെടികൾ പിന്നീട് 80 വർഷം വരെ നല്ല വിളവ് നൽകി കൊണ്ടിരിക്കും.

You may also like

Leave a Comment