Home കാർഷികവാർത്തകൾ കടപ്ലാവ് തൈകൾ വേരുകൾ വഴി

കടപ്ലാവ് തൈകൾ വേരുകൾ വഴി

by krishippura
0 comment

എം കെ പി മാവിലായി

നമ്മുടെ സംസ്ഥാനത്ത് എല്ലായിടത്തും വളർന്നു കായ്ഫലം നൽകുന്ന ചെടിയാണ് കടപ്ലാവ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്ന പേരിലും അറിയപ്പെടുന്ന ഈ ബ്രെഡ് ഫ്രൂട്ട് ട്രീ , മൊറേഡി കുലത്തിൽപ്പെട്ട ചിരസ്ഥായിയായ ഫലവൃക്ഷമാണ്. ശാന്തസമുദ്ര ദ്വീപുകളിൽ ഉത്‌ഭവിച്ച ഈ വൃക്ഷം തെക്കെ ഇന്ത്യൻ സമതലങ്ങളിൽ സുലഭമായി കാണുന്നു. Artocarpus atilis എന്നാണ് ചെടിയുടെ ശാസ്ത്രനാമം.
ഇതൊരു ഫലവൃക്ഷമാണെങ്കിലും പച്ചക്കറിയായാണ് കണക്കാക്കപ്പെടുന്നത്. കടപ്ലാവിന്റെ ചില വന്യ ഇനങ്ങളിൽ വിത്ത് കാണാറുണ്ടെങ്കിലും നാം കൃഷി ചെയ്യുന്ന ഇനത്തിൽ വിത്തുണ്ടാകാറില്ല. അതിനാൽ വിത്തുപയോഗിച്ചുള്ള വംശവർധന കടപ്ലാവിൽ സാദ്ധ്യമല്ല. ശാഖകൾ മുറിച്ചു നട്ടാലും വേരിറങ്ങി വളരാറില്ല. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് രീതികളും വേണ്ടത്ര വിജയിക്കാറില്ല.
മണ്ണിൽ അധികം ആഴത്തിലൂടെയല്ലാത്ത ഭാഗത്തിലൂടെ പോകുന്ന വേരുകളിൽ ഏതെങ്കിലും വിധത്തിൽ മുറിവോ ക്ഷതമോ ഉണ്ടായാൽ അവിടെ നിന്നും തൈകൾ കിളിർത്തുവരും. അവ തൊട്ടു ചേർന്നുള്ള ഒരു കഷണം വേരോടു കൂടി മുറിച്ചെടുത്ത് നടാൻ ഉപയോഗിക്കാം. എന്നാൽ പലപ്പോഴും ആവശ്യത്തിനനുസരിച്ചു ലഭിക്കണമെന്നില്ല. എന്നാൽ
നന്നായി വിളവ് നൽകുന്ന കടപ്ലാവിന്റെ വേര് മുറിച്ചെടുത്ത് മുളപ്പിച്ച് നമുക്ക് ആവശ്യമുള്ളത്ര തൈകൾ ഉൽപ്പാദിപ്പിക്കാം.
ഏതാണ്ട് വിരൽ വണ്ണം മുഴുപ്പുള്ള വേര് ശ്രദ്ധയോടെ മണ്ണ് നീക്കി മുറിച്ചെടുക്കണം. ഏതാണ്ട് അരയടി (15 സെ.മീ) നീളത്തിൽ ഇവ കഷണങ്ങളാക്കി മണ്ണ്, മണൽ, ചാണകപ്പൊടി ഇവ സമം കലർത്തിയ മിശ്രിതത്തിൽ കിടത്തി വെച്ച് പാകിയ ശേഷം അൽപ്പം മണലിട്ട് മൂടുക. ദിവസവും നനച്ചു കൊടുക്കണം. നട്ട് നാല് മാസമാകുമ്പോൾ ഇവ കിളിർത്തുവരും. പോളിത്തീൻ ബാഗിൽ മേൽ കാണിച്ച വിധം പോട്ടിങ് മിക്ച്ചർ തയ്യാറാക്കി അതിലും വേരുകൾ കിളിർപ്പിക്കാനാവും. ഏതാണ്ട് ഒരു വർഷത്തെ വളർച്ച എത്തിയാൽ സ്ഥിരമായ സ്ഥലത്തേക്ക് ഇവ മാറ്റി നടാം.
ചെടികൾ മണ്ണിൽ നന്നായി വേരു പിടിച്ചു വളരുന്നതു വരെ കൊടുംവേനലിൽ നിന്നു രക്ഷനൽകാനും , നട്ട തൈകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം. ശൈശവ ദശ പിന്നിട്ടാൽ പിന്നെ ഇവക്ക് പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. ഒട്ടേറെക്കാലം ഇവ സമൃദ്ധിയായി വിളവ് നൽകി കൊണ്ടേയിരിക്കും.
പോഷകസമ്പന്നമായ ഫലമാണിത്. 28 ശതമാനം അന്നജത്തിനു പുറമെ 1.5 ശതമാനം പ്രോട്ടീൻ, 0.9 ധാതുലവണങ്ങൾ, 0.5 ശതമാനം അയൺ , 0.04 ശതമാനം കാൽസ്യം, 0.03 ശതമാനം ഫോസ്ഫറസ് എന്നിവയും വിറ്റാമിൻ എയും , സി യും അടങ്ങിയിരിക്കുന്നു.

You may also like

Leave a Comment