Home അടുക്കളത്തോട്ടംകൂർക്ക കൃഷി വ്യാപനത്തിന് സാധ്യത

കൂർക്ക കൃഷി വ്യാപനത്തിന് സാധ്യത

by krishippura
3,505 comments

 

എം കെ പി മാവിലായി

കൂർക്കയുടെ ജന്മദേശം ആഫ്രിക്കയാണ്. കച്ചവടത്തിനായി വന്ന അറബികളാണ് ഈ വിള ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. മലബാർ പ്രദേശത്ത് ആരംഭിച്ച ഇതിന്റെ കൃഷി തുടർന്നു മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയിൽ നമ്മുടെ സംസ്ഥാനത്തിന് പുറമേ കർണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലും കൂർക്ക കൃഷി ചെയ്തു വരുന്നുണ്ട്.
കോളിയസ് പാർവി ഫ്ളോറസ് എന്ന ശാസ്ത്ര നാമമുളള കൂർക്ക ലാബിയേറ്റേ കുടും
ബത്തിലെ അംഗമാണ്.

കൂർക്ക കൃഷി വ്യാപനത്തിന് സാധ്യത

കൂർക്കക്ക് ചൈനാക്കാരന്റെ ഉരുളക്കിഴങ്ങ് അഥവാ ചൈനീസ് പൊട്ടേറ്റോ എന്നാണ് ഇംഗ്ലീഷിൽ പറയുക. നമ്മുടെ നാട്ടിലെ ചില ഭാഗങ്ങളിൽ ഇതിനെ ചീവക്കിഴങ്ങ് എന്നും പറയാറുണ്ട്.
30 മുതൽ 50 സെ.മീറ്റർ വരെ ഉയരത്തിൽ വളരുന്ന ജലഭര സസ്യമാണ് കൂർക്ക . ഇലകൾക്ക് എരിവ് ഗന്ധമുണ്ട്. പൂക്കൾ ചെറുതും ഇളം വയലറ്റ് നിറത്തിലുള്ളതുമാണ്.
താഴ്ന്ന പ്രദേശങ്ങളിൽ
കൂർക്ക കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്. തനി വിളയായോ നല്ല സൂര്യ പ്രകാശം കിട്ടുന്നയിടങ്ങളിൽ മറ്റു വിളകൾക്കൊപ്പമോ കൂർക്ക നട്ടുവളർത്താം.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണ പ്രദേശങ്ങളിലും കൂർക്ക വളരും.
ഏതാണ്ട് 25-30 ഡിഗ്രി C താപനിലയുള്ള കാലാവസ്ഥയാണ് കൂർക്ക കൃഷിക്ക് അനുയോജ്യമായത്. താപനില 15 ഡിഗ്രി C യിൽ കുറഞ്ഞാൽ അത് ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
ഏത് തരം മണ്ണിലും കൂർക്ക കൃഷി ചെയ്യാമെങ്കിലും നല്ല വളക്കൂറും നീർവാർച്ചയുമുള്ള, അൽപ്പം മണൽ കലർന്ന പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യമായത്.
മണ്ണിന്റെ പി.എച്ഛ് 5.5 നും 7.0 നും ഇടയിലായാൽ നന്ന്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മുണ്ടൂർ , കടമ്പഴിപ്പുറം, മരുതൂർ, വിളയൂർ, കുലുക്കല്ലൂർ, കൊടുമുണ്ട എന്നീ പ്രദേശങ്ങളിലാണ് കൂർക്ക വ്യാപകമായി കൃഷി ചെയ്തു വരുന്നത്. പ്രധാനമായും ഒന്നാം വിള നെൽകൃഷി വിളവെടുപ്പിനെ തുടർന്ന് അതേ സ്ഥലത്താണ് ഇത് കൃഷി ചെയ്യുന്നത്.
നല്ല ചൂടും ഈർപ്പവുമുള്ള പ്രദേശങ്ങളിലെല്ലാം കൂർക്ക മികച്ച വിളവ് നൽകുന്നതായി കണ്ടിട്ടുണ്ട്.

ഇനങ്ങൾ

നാടൻ ഇനമായ ചേറ്റു കൂർക്കയാണ് പരമ്പരാഗതമായി മിക്ക കർഷകരും കൃഷി ചെയ്യുന്നത്. ഇത് രണ്ടു തരമുണ്ട്. വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതും. വെളളത്തല എന്ന ഇനത്തിന് പൊതുവെ മറ്റു നാടൻ ഇനങ്ങളേക്കാൾ ഉല്പാദന ക്ഷമത കൂടുതലായി കണ്ടുവരുന്നു.

പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ഇനങ്ങളേക്കാൾ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ‘ശീധര’
കേരള കർഷിക സർവ്വ കലാശാല പുറത്തിറക്കിയ നിധി സുഫല എന്നിവ മികച്ച വിളവ് നൽകുന്നവയാണ്.

കൂർക്ക കൃഷി വ്യാപനത്തിന് സാധ്യത

നടാനുള്ള തലപ്പുകൾ

കൂർക്കയുടെ കിഴങ്ങിൽ നിന്നും മുളച്ച് വരുന്ന തലപ്പുകളാണ് നടുന്നതിന് ഉപയോഗിക്കുന്നത്. ആവശ്യത്തിനുള്ള തലപ്പുകൾ ഉണ്ടാക്കുന്നതിനായി വിത്ത് കിഴങ്ങ് കാലേ കൂട്ടി തവാരണയിൽ പാകി വളർത്തിയെടുക്കുന്നു. തലപ്പുകൾ നടുന്നതിന് ഒരു മാസം മുമ്പ് വിത്തുകിഴങ്ങുകൾ പാകണം.
ഇതിനായി സൗകര്യമുളള നീളത്തിലും ഒന്നര മീറ്റർ വീതിയിലും 15-20 സെ.മീറ്റർ ഉയരത്തിലുമുള്ള ബെഡുകൾ ഉണ്ടാക്കണം. മുൻ വർഷത്തെ വിളവിൽ നിന്നെടുത്തു സൂക്ഷിച്ചിട്ടുള്ള വിത്തു കിഴങ്ങുകൾ ഈ തവാരണകളിൽ രണ്ടര – മൂന്നര സെ.മീറ്റർ ആഴത്തിലും 15-20 സെ.മീറ്റർ അകലത്തിലുമായി നടണം. ഇവ പത്ത് പതിനഞ്ച് ദിവസത്തിന്നകം മുളച്ച് വരും. ഓരോന്നിലും നിരവധി കന്നുകൾ കൂട്ടം കൂട്ടമായി ഉണ്ടാകും. ഏതാണ്ട് ഒരു മാസം പ്രായമാകുമ്പോഴേക്കും അവ നടുന്നതിന് പാകമാകുന്നു. നാല് അഞ്ച് ഇലകളോടു കൂടി തലപ്പുകൾ മുറിച്ചെടുത്ത് ഒരുക്കി വെച്ച കൃഷിയിടത്തിൽ 15 സെ.മീറ്റർ അകലത്തിൽ നടാം. ഇവയിൽ നിന്നും നടുന്നതിന് പരുവമായ മറ്റൊരു സെറ്റ് കന്നുകൾ രണ്ടാഴ്ചക്കകം ലഭിക്കും. ഇപ്രകാരം നാല് കി.ഗ്രാം വിത്ത് കിഴങ്ങ് ഉപയോഗിച്ച് അര ഏക്കർ സ്ഥലത്തിനാവശ്യമായ തലപ്പുകൾ രണ്ടു മാസത്തിനകം ലഭ്യമാക്കാം. ഒരൊറ്റ കിഴങ്ങിൽ നിന്നും തന്നെ നൂറോളം നടാനുള്ള തലപ്പുകൾ ലഭിക്കും. തവാരണയിൽ നിന്നും ഏതാണ്ട് നാലഞ്ചു പ്രാവശ്യം പത്ത് പതിനഞ്ച് ദിവസം ഇടവിട്ട് തലപ്പുകൾ നുള്ളിയെടുക്കാവുന്നതാണ്.
വിത്ത് കിഴങ്ങ് നട്ട തവാരണയിൽ ഇടയിളക്കുന്നത് നല്ലതാണ്. ഈ സമയത്ത് ഗോമൂത്രം എട്ടിരട്ടി വെള്ളം ചേർത്തു തളിക്കുന്നതും ചാരം വിതറി കൊടുക്കുന്നതും നല്ലതാണ്.

നടീൽ രീതി

കൃഷിസ്ഥലം നന്നായി ഉഴുതു മറിച്ചോ കിളച്ചോ പാകപ്പെടുത്തി കട്ടകൾ ഉടച്ച് നിരപ്പാക്കണം. ഒരു സെന്റ് സ്ഥലത്തേക്ക് 40 കി.ഗ്രാം എന്ന തോതിൽ കാലിവളമോ, കംബോസ്റ്റോ ചേർക്കണം.
തടർന്നു ഉയർന്ന വാരങ്ങളോ ചെറു വരമ്പുകളാ ഉണ്ടാക്കി അതിൽ തലപ്പുകൾ നടാം. നിരമ്പാക്കിയ സ്ഥലത്ത് വാരമോ വരമ്പോ ഉണ്ടാക്കാതെയും ഇത് നടാം. ആദ്യം പറഞ്ഞ രീതിയിൽ നടുമ്പോൾ ജലവാർച്ചക്കുള്ള സൗകര്യമുണ്ടാകും. തലപ്പുകൾ തമ്മിൽ 20 സെ.മീറ്റർ അകലം കിട്ടത്തക്കവിധം 5 മുതൽ 8 സെ.മീറ്റർ വരെ ആഴത്തിൽ നടാം.
തലപ്പുകൾ നട്ടശേഷം രണ്ടു മൂന്നാഴ്ചയാകുമ്പോൾ വളപ്രയോഗം നടത്താം. ഈ സമയത്ത് കളനീക്കം ചെയ്യുകയും മണ്ണ് കൂട്ടി കൊടുക്കുകയും ചെയ്യണം.
പിണ്ണാക്ക് വളങ്ങൾ, ചാണകപ്പൊടി,മണ്ണിര കംബോസ്റ്റ്, ജീവാമൃതം എന്നിവയെല്ലാം ഇതിന് അനുയോജ്യമായ വളങ്ങളാണ്. പിണ്ണാക്ക് വളങ്ങൾ ഒരു സെന്റ് സ്ഥലത്തിന് നാല് കി.ഗ്രാം എന്ന തോതിൽ ഉപയോഗിക്കാം. വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് രോഗകീട പ്രതിരോധ ശേഷിക്കും ഉപകരിക്കും.
കേരള കാർഷിക സർവ്വകലാശാലയുടെ വളം ശുപാർശയനുസരിച്ച് ജൈവ വളങ്ങൾക്ക് പുറമെ ഒരു ഏക്കർ സ്ഥലത്തേക്ക് 12:24:20 കി.ഗ്രാം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ കിട്ടത്തക്കവിധം രാസവളങ്ങൾ അടി വളമായി നൽകണം. ഇതിന് പുറമെ 45 ദിവസത്തിനു ശേഷം മേൽ വളമായി 12 കി.ഗ്രാം നൈട്രജനും, 20 കി.ഗ്രാം പൊട്ടാഷും നൽകണം. മേൽ വളം ചേർക്കുന്നതിന് മുമ്പ് കളകൾ നീക്കം ചെയ്യണം. വളമിട്ട ശേഷം മണ്ണ് കൂട്ടി കൊടുക്കുകയും ചെയ്യണം.

സസ്യസംരക്ഷണം

തണ്ട് തുരപ്പൻ പുഴുവിന്റേയും ഇലതീനിപ്പുഴുക്കളുടേയും ശല്യം ചില കാലങ്ങളിൽ രൂക്ഷമാകാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികൾ തളിച്ചു ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം.

വിളവെടുപ്പ്

കൃഷി ചെയ്ത ഇന മനുസരിച്ച് തലപ്പുകൾ നട്ട് നാല് മുതൽ അഞ്ച് മാസങ്ങൾ കഴിയുമ്പോൾ വിളവെടുക്കാൻ സമയമാകും. ഇലകൾ മഞ്ഞനിറത്തിലായി തീരുകയും വള്ളികൾ വാടിത്തുടങ്ങുകയും ചെയ്യുന്നത് വിളവെടുപ്പിനുള്ള സൂചനയാണ്. മണ്ണ് കിളച്ചിളക്കി കിഴങ്ങുകൾ ശേഖരിക്കാം. മഴയുള്ളപ്പോൾ വിളവെടുപ്പ് ഒഴിവാക്കുകയാണ് നല്ലത്. കൂർക്കയിൽ ഈർപ്പത്തിന്റെ അളവ് കൂടിയാൽ ചീഞ്ഞു പോകാനുളള സാധ്യതയുണ്ട്. വിളവെടുപ്പിന് ശേഷം കൂർക്ക വെയിലിട്ട് ഉണക്കി എടുക്കണം. അതിന് ശേഷം ചാക്കിൽ നിറച്ച് വിപണനത്തിന് തയ്യാറാക്കാം.
അടുത്ത സീസണിലെ കൃഷിക്കായി നല്ല വിത്തു കിഴങ്ങുകൾ തെരഞ്ഞെടുത്ത് ഈർപ്പവും ചൂടും തട്ടാതെ തണലുളള സ്ഥലത്ത് മണലിലോ ഉമിയിലോ കലർത്തി സൂക്ഷിക്കാവുന്നതാണ്.
വിളവ്

ഒരു ഏക്കർ സ്ഥലത്തെ നാടൻ ഇനങ്ങൾ ഉപയോഗിച്ചുളള കൃഷിയിൽ നിന്നും 4000 മുതൽ 4800 കി.ഗ്രാം വരെ വിളവ് ലഭിക്കും.അത്യുല്പാദന ശേഷിയുളള ജനങ്ങളിൽ ഇത് ഇരട്ടിയിലധികമായിരിക്കും.ഉപയോഗവും സാമ്പത്തിക പ്രാധാന്യവും ഒരു ഭക്ഷ്യവിളയായിട്ടാണ് കൂർക്ക അധികവും ഉപയോഗിച്ചു വരുന്നത്. കിഴങ്ങുകൾ അന്നജ പ്രധാനമാണ്. മറ്റു കിഴങ്ങ് വർഗ്ഗങ്ങളിൽ ഉള്ളതിനേക്കാൾ പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ തരത്തിൽ പാചകം ചെയ്തുപയോഗിക്കുന്നു.

You may also like

Comments are closed.