രജിത്ത് വെള്ളമുണ്ട
കൽപ്പറ്റ : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഒരു പശുവിൽനിന്ന് തുടങ്ങിയ സംരംഭം. ഇന്ന് പത്ത് പശുക്കളും വിവിധയിനം പക്ഷികളും മൃഗങ്ങളുമുള്ള സമ്മിശ്ര കൃഷിയിടം. ക്ഷീരമേഖലയിൽനിന്ന് യുവാക്കൾ പിന്തിരിയുന്ന കാലത്ത് കാക്കവയൽ വാര്യാടിലെ റാഫി തീർക്കുന്നത് വേറിട്ടൊരു വിജയകഥയാണ്. ഈ വിജയത്തിന് കരുത്തായി തേനേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പിന്തുണയും.

വയനാട്ടിലെ ക്ഷീരമേഖല പ്രതിസന്ധികൾ നേരിടുമ്പോൾ പ്രതീക്ഷയുടെ പുതിയ മാതൃക തീർക്കുകയാണ് കാക്കവയൽ വാര്യാട് സ്വദേശി റാഫി. സൗദിയിൽ വർഷങ്ങളോളം പ്രവാസജീവിതം നയിച്ച റാഫി അവിടെ സ്വദേശി വൽക്കരണം വന്നതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഉപജീവനത്തിനായി തിരഞ്ഞെടുത്തത് പശുവളർത്തൽ. ഒരു പശുവിൽനിന്ന് ആരംഭിച്ച സംരംഭം ഇന്ന് പത്ത് പശുക്കളുള്ള ഫാമായി വളർന്നു. അതോടൊപ്പം സമ്മിശ്ര കൃഷിയിലൂടെയും വരുമാനമാർഗങ്ങൾ കണ്ടെത്തുകയാണ് ഈ യുവകർഷകൻ.
പശുക്കൾക്കൊപ്പം കാട, കോഴി, മുയൽ, പ്രാവ്, താറാവ്, വാത്ത, ഗിനിക്കോഴി തുടങ്ങി വിവിധയിനം പക്ഷികളെയും മൃഗങ്ങളെയും ഒരേ ഫാമിൽ പരിപാലിക്കുന്നുണ്ട്. ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മിക്കവാറും ഒറ്റയ്ക്കാണ് റാഫി കൈകാര്യം ചെയ്യുന്നത്. കുടുംബത്തിന്റെ പിന്തുണയും കൂടെയുണ്ട്.

റാഫിയുടെ ഫാമിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അവിടേക്കുള്ള യാത്രയാണ്. റോഡിൽനിന്ന് ഏകദേശം 500 മീറ്ററോളം അകലെയാണ് ഫാം സ്ഥിതി ചെയ്യുന്നത്. ഫാമിലേക്ക് വാഹനമെത്താൻ പോലും വഴിയില്ല. ഇടുങ്ങിയ വരമ്പിലൂടെ സ്കൂട്ടറിലാണ് കാലിത്തീറ്റയും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നത്. ഫാമിൽനിന്നുള്ള പാൽ പുറത്തേക്ക് കൊണ്ടുപോകുന്നതും ഇതേ വഴിയിലൂടെ തന്നെ. പരിമിതികൾ ഏറെയുണ്ടെങ്കിലും അതൊന്നും റാഫിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമായിട്ടില്ല.
ഈ വിജയയാത്രയിൽ റാഫിക്ക് വലിയ പിന്തുണയുമായി കൂടെയുള്ളത് തേനേരി ക്ഷീരോൽപാദക സഹകരണ സംഘമാണ്. മൃഗചികിത്സ മുതൽ കാലിത്തീറ്റ, തീറ്റപ്പുല്ല്, മുട്ടക്കോഴി സംരംണ തുടങ്ങി വിവിധ മേഖലകളിൽ ആവശ്യമായ സഹായങ്ങളും ആനുകൂല്യങ്ങളും സംഘം റാഫിക്ക് ലഭ്യമാക്കുന്നുണ്ട്. കർഷകരെ ചേർത്തുപിടിച്ചുകൊണ്ട് അവരുടെ സംരംഭങ്ങൾ വളർത്തുന്നതിൽ സഹകരണ സംഘങ്ങൾക്കുള്ള പങ്കിന്റെ ഉദാഹരണം കൂടിയാണ് ഈ പിന്തുണ.

അമ്പതാം വാർഷികം ആഘോഷിക്കുന്ന തേനേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ കർഷകർക്കുള്ള ഇത്തരം പിന്തുണ ഏറെ ശ്രദ്ധേയമാണ്. ക്ഷീരകർഷകരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിലൂടെ കൂടുതൽ യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും സാധിക്കും.
പശുവളർത്തൽ നഷ്ടമുള്ള മേഖലയാണെന്ന പൊതുധാരണയ്ക്ക് വിപരീതമായാണ് റാഫിയുടെ അനുഭവം. ക്ഷീരമേഖലയിൽ ലാഭസാധ്യതയുണ്ടെന്നും കൃത്യമായ പരിപാലനവും അധ്വാനവും ഉണ്ടെങ്കിൽ മികച്ച രീതിയിൽ മുന്നോട്ടുപോകാനാകുമെന്നും റാഫി പറയുന്നു. തന്റെ സംരംഭത്തിൽ അദ്ദേഹം ഏറെ സംതൃപ്തനാണ്.

പുതുതലമുറ പശുവളർത്തലിൽനിന്ന് അകന്നുനിൽക്കുന്ന കാലത്ത് റാഫിയെപ്പോലുള്ള യുവകർഷകരുടെ മാതൃകകൾ ഏറെ പ്രസക്തമാണ്. വയനാടിന്റെ കാർഷിക സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിച്ച ക്ഷീരമേഖലയെ ശക്തിപ്പെടുത്താൻ ഇത്തരം സംരംഭങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
വലിയ സൗകര്യങ്ങളോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലെങ്കിലും കഠിനാധ്വാനവും ആത്മവിശ്വാസവും ശരിയായ പിന്തുണയും ഉണ്ടെങ്കിൽ വിജയത്തിലെത്താമെന്ന് തെളിയിക്കുകയാണ് കാക്കവയൽ വാര്യാടിലെ റാഫി. തേനേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പിന്തുണയോടെ മുന്നേറുന്ന ഈ യുവകർഷകന്റെ ഫാം വയനാടിന്റെ ക്ഷീരമേഖലയ്ക്കും പുതുതലമുറ കർഷകർക്കും ഒരുപോലെ പ്രചോദനമാണ്.