രജിത്ത് വെള്ളമുണ്ട
കൽപ്പറ്റ : വയനാടിന്റെ കാർഷിക മേഖലയ്ക്ക് എന്നും കരുത്തായിരുന്ന ക്ഷീരമേഖല ഇന്ന് വലിയ പ്രതിസന്ധിയിലേക്ക്. പശുവളർത്തലിൽനിന്ന് കർഷകർ പിന്മാറുകയും പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരാൻ മടിക്കുകയും ചെയ്യുന്നത് ആശങ്കയാകുന്നു. ജില്ലയിൽ പാലിന്റെ ആവശ്യകത നിറവേറ്റാൻ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പാലിനെ ആശ്രയിക്കേണ്ട സാഹചര്യം വർധിച്ചുവരികയാണ്.
ഒരു കാലത്ത് വയനാടിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായിരുന്നു ക്ഷീരമേഖല. കുരുമുളക്, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ വിലത്തകർച്ചയും കാർഷിക പ്രതിസന്ധികളും കർഷകരെ ബാധിച്ചപ്പോൾ കുടുംബങ്ങളുടെ ഉപജീവനത്തിന് വലിയ താങ്ങായത് പശുവളർത്തലും പാലുൽപ്പാദനവുമായിരുന്നു. കാർഷിക മേഖലയിലെ തിരിച്ചടികൾക്കിടയിലും കർഷകരെ സാമ്പത്തികമായി പിടിച്ചുനിർത്തുന്നതിൽ ക്ഷീരമേഖല നിർണായക പങ്കുവഹിച്ചു.
എന്നാൽ ഇന്ന് സ്ഥിതി മാറുകയാണ്. പശുവളർത്തൽ വലിയ അധ്വാനവും ചെലവും ആവശ്യമായ മേഖലയാണെന്ന ധാരണയും കാലിത്തീറ്റയുടെയും മറ്റ് പരിപാലനച്ചെലവുകളുടെയും വർധനവും കർഷകരെ ഈ രംഗത്തുനിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതോടെ പരമ്പരാഗതമായി പശുവളർത്തലിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾ പോലും മേഖല വിടുന്ന സാഹചര്യമാണുള്ളത്.
പാലുൽപ്പാദനത്തിലും ഭക്ഷ്യസുരക്ഷയിലും ക്ഷീരമേഖലയ്ക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഈ പ്രവണത ഗൗരവത്തോടെ കാണേണ്ടതുണ്ട്. പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരേണ്ടത് പഴയ തലമുറയുടെ ഉത്തരവാദിത്തം മാത്രമല്ല, സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇടപെടൽ കൂടി ആവശ്യമാണ്.
ആധുനിക പശുപരിപാലന രീതികൾ, ശാസ്ത്രീയ പരിശീലനം, സാമ്പത്തിക സഹായം, സബ്സിഡികൾ, കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ എന്നിവയിലൂടെ യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കണം.
വയനാടിന്റെ കാർഷിക സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയ ക്ഷീരമേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ജില്ലയുടെ പാലുൽപ്പാദന സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനൊപ്പം കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കാനും ക്ഷീരമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.