തേൻ ഉൽപ്പാദനത്തിലൂടെ കർഷകർക്ക് മികച്ച വരുമാനവും കാർഷികവിളകളുടെ പരാഗണം വർദ്ധിക്കുന്ന തിലൂടെ മികച്ച വിളവും നൽകാൻ ഉതകുന്ന ഒരു തൊഴിൽ സംരംഭം എന്ന നിലയിൽ,തേനീച്ച വളർത്തലിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം വയനാട് ഏഴു ദിവസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
തേനീച്ച വളർത്തലിന്റെ പ്രായോഗിക പരിശീലനവും വിവിധ രോഗകീടനിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും തേനീച്ച കോളനികളുടെ പരിപാലനമുറകളെകുറിച്ചുമുള്ള പ്രായോഗിക അറിവ് നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലകർക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ തേനീച്ച കോളനിയും കൂടും കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും വിതരണം ചെയ്തു. ഡോക്ടർ ജയശ്രീ കൃഷ്ണൻകുട്ടി കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിശീലകർക്കുള്ള സർട്ടിഫിക്കറ്റും തേനീച്ച കോളനിയും കൂടും കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോക്ടർ അലൻ തോമസ് വിതരണംചെയ്തു.