എം കെ പി മാവിലായി
ചെടികളുടെ വളർച്ച മണ്ണില്ലാതെ സാധ്യമല്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ മണ്ണ് ഒരു തരിയില്ലാതെയും ചെടികൾക്ക് ആവശ്യമായ എല്ലാ പോഷകമൂലകങ്ങളും ശരിയായി ലഭിച്ചാൽ ചെടിയെ ആരോഗ്യകരമായി വളർത്താനാവുമെന്നാണ് ശാസ്ത്ര ലോകം നൽകുന്ന അറിവ്. സസ്യങ്ങൾക്ക് പോഷകങ്ങളെ വെള്ളത്തിൽ നിന്നും അയോണുകളുടെ രൂപത്തിൽ ആഗിരണം ചെയ്യാൻ കഴിയുമെന്നതാണ് കാരണം. ഇത്തരം ചെടി വളർത്തൽ രീതിക്ക് ഹൈഡ്രോപോണിക്സ് എന്നാണ് പറയുന്നത്.
കൃഷിയിൽ മണ്ണിനുളള ധർമ്മം പ്രധാനമായും രണ്ടു തരത്തിലാണെന്ന് കാണാം.ഒന്ന് ചെടികൾക്കാവശ്യമായ വെള്ളവും വളവും സംഭരിച്ച് ചെടികളുടെ വേരുകൾക്ക് അവ വലിച്ചെടുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കലാണ്. രണ്ടാമത് ചെടിയെ നിലത്ത് ഉറപ്പിച്ച് നിറുത്തുന്ന വേരുപടലത്തെ പിടിച്ചു നിർത്തലാണ്. ഇവ രണ്ടും നമുക്ക് മറ്റു മാർഗ്ഗത്തിലൂടെ സൃഷ്ടിക്കാനായാൽ പിന്നെ മണ്ണിന്റെ ആവശ്യം ഇല്ലതന്നെ. പോഷക ലായനിയിലാണ് ചെടികൾ വളരുന്നതെങ്കിലും സസ്യങ്ങളെ ഈ ലായനിയിൽ ഉറപ്പിക്കുന്നതിനായി കയർ പിത്ത്, വെള്ളാരം കല്ലുകൾ, തെർമോ കോൾ എന്നിവ ഉപയോഗിക്കേണ്ടിവരും.
നമ്മെ സംബന്ധിച്ചിടത്തോളം മണ്ണില്ലാ കൃഷി രീതി പുതുമയുള്ളതാണെങ്കിലും പ്രാചീന കാലത്ത് ബാബിലോണിൽ ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെടികൾ വളർത്തിയതായി ചരിത്രത്തിൽ കാണുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയിലും യൂറോപ്യൻ മധ്യപൂർവേഷ്യൻ രാജ്യങ്ങളും മണ്ണില്ലാ കൃഷി വ്യാപകമായി ചെയ്തു കൊണ്ടിരിക്കുന്നു.
മണ്ണിൽ കൃഷി ചെയ്യുമ്പോൾ നമുക്ക് പോഷക നിലവാരത്തെ കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല. ജന്തുസസ്യാദികളുടെ അവശിഷ്ടങ്ങൾ അഴുകി ചേർന്ന് പ്രകൃത്യാ തന്നെ ചെടികൾക്കാവശ്യമായ പോഷകങ്ങളിൽ പലതും മണ്ണിലുണ്ടായിരിക്കും. എന്നാൽ വെള്ളത്തിലെ കൃഷി രീതിയിൽ സസ്യപോഷകങ്ങളെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്. അല്ലെങ്കിൽ കൃഷി വെള്ളത്തിലായത് തന്നെ. ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് പതിനേഴ് മൂലകങ്ങൾ ആവശ്യമാണ്. ഇതിൽ ഓക്സിജൻ, ഹൈഡ്രജൻ, കാർബൺ എന്നിവ ശ്വസിക്കുന്ന വായുവിൽ നിന്നും കുടിക്കുന്ന ജലത്തിൽ നിന്നും ചെടികൾക്ക് യഥേഷ്ടം ലഭിക്കും.ശേഷിക്കുന്ന പതിന്നാല് മൂലകങ്ങൾ നാം വെള്ളത്തിൽ കലർത്തി ലഭ്യമാക്കേണ്ടതുണ്ട്. ഇവയിൽ ഏറ്റവും കൂടുതലായി ആവശ്യമുള്ളത് നൈട്രജൻ , ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ്.
ഹൈഡ്രോ പോണിക് കൃഷി രീതിയിൽ മികച്ച വിളവ് ലഭിക്കുന്നതിന് കാരണം ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും കൃത്യമായി എന്നും ലഭ്യമാക്കാൻ കഴിയും എന്നതുകൊണ്ടാണ്. വേരുകൾക്ക് വളം അന്വേഷിച്ച് അകലങ്ങളിലും ആഴങ്ങളിലും പോകേണ്ട എന്നതിനാൽ വേരുകൾ അധികം വളരാറില്ല. ഈ വളർച്ച കൂടി തണ്ടുകൾക്കും ഇലകൾക്കും ഉണ്ടാകുന്നു.
പോഷകങ്ങളെല്ലാം സമീകൃതമായി ലഭിക്കുന്നതിനാൽ ഫലങ്ങൾക്ക് പൂർണ്ണവളർച്ചയും സ്വാദും ഉണ്ടാകുന്നു. മണ്ണിലൂടെയാണ് മിക്ക രോഗങ്ങളും വരുന്നത് എന്നതിനാൽ മണ്ണില്ലാ കൃഷിയിൽ രോഗകീട ബാധകൾ തീരെ കാണാറില്ല. അതിനാൽ രോഗനാശിനിയുടേയോ കീടനാശിനിയുടേയോ ആവശ്യം സാധാരണ രീതിയിൽ ഉണ്ടാവാറില്ല. വെള്ളവും വളവും ഒട്ടും പാഴാകുന്നില്ലെന്നതും കളശല്യം ഉണ്ടാവാറില്ലെന്നതും വിള വർധനവിന് സഹായകരമാകുന്നു.
വ്യത്യസ്ഥമായ ഹൈഡ്രോപോണിക്ക് കൃഷി രീതികളുണ്ട്. ഇവയിൽ ലളിതമായി ചെയ്യാവുന്ന രീതിയാണ് തിരി നന അഥവാ വിക് സിസ്റ്റം. ഈ സമ്പ്രദായത്തിൽ മണ്ണിന് പകരം ചെടികളെ നേരെ നിർത്താൻ കഴിയുംവിധം ഏതെങ്കിലും ധാതുപദാർത്ഥങ്ങളോ കൃത്രിമ വസ്തുക്കളോ നിറച്ച ട്രേകളാണ് ഉപയോഗപ്പെടുത്തുന്നത്.
താഴെയുളള ജലസംഭരണിയിൽ നിന്നും ജലവും വളവും (വെള്ളത്തിൽ ലയിച്ചത്) മുകളിലത്തെ ട്രേയിൽ എത്തിക്കുന്നു. പരിമിതമായ തോതിൽ ആവശ്യത്തിനനുസരിച്ച് വെള്ളവും വളവും ചെടിയുടെ വേരുപടലത്തിലെത്തിക്കാൻ പല മാർഗ്ഗങ്ങളുമുണ്ട്. മണ്ണെണ്ണ വിളക്കിലെ തിരി പോലെ തിരികളിലൂടെ വെള്ളം കയറി മുകൾപ്പരപ്പിലെ ചെടികളുടെ വേരുപടലത്തിലെത്തിക്കുന്ന രീതിയാണ് താരതമ്യേന എളുപ്പം.താഴെയുള്ള സംഭരണിയിൽ നിന്നും ചെറു പമ്പു വഴി വെളളം അടിക്കാവുന്ന വാട്ടർ കൾച്ചർ സമ്പ്രദായവും ആവാം. കൂടാതെ ട്രേകളിൽ വെള്ളം നിറച്ച് അത് തന്നത്താൻ സാവധാനം താഴെയുള സംഭരണികളിലേക്ക് ഊർന്നിറങ്ങുന്ന സബ് ഫ്ളോ സമ്പ്രദായം, ഡ്രിപ് രീതി, ചെടികൾ അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്ന എയ്റോപോണിക്ക് രീതി, ജലവും ലവണങ്ങളും കലർന്ന ജലപാളി ചെടിയുടെ വേരുപടലത്തിലൂടെ സാവധാനം ഒഴുകി നീങ്ങുന്ന ന്യൂടിയന്റ് ഫിലിം രീതി തുടങ്ങിയവയും വിവിധ തരത്തിലുളള മണ്ണില്ലാ കൃഷിരീതികളാണ്.
തിരിനന രീതി
മേൽ കാണിച്ചവയിൽ ആർക്കും എളുപ്പം ചെയ്യാവുന്ന തിരിനന രീതി എങ്ങനെയാണെന്ന് നോക്കാം.
ഈ രീതിക്ക് പ്രധാനമായും നാല് ഭാഗങ്ങളാണുള്ളത്. ചെടികൾ വളരാനുള്ള ‘ഗ്രോട്രേ ‘ അഥവാ വളർത്തു തട്ടം. റിസർ വോയർ അഥവാ സംഭരണി. തിരികൾ അഥവാ വിക്സ്. വായു സഞ്ചാര സംവിധാനം എന്നിവയാണവ.
ട്രേയിൽ ഉചിതമായ മാധ്യമം ഉപയോഗിക്കാം. വെർമിക്കുലേറ്റ്, പെർ ലൈറ്റ് തുടങ്ങിയ മൺചേരുവയില്ലാത്ത വസ്തുക്കളാണ് നല്ലത്. ഇവയാണെങ്കിൽ ഈർപ്പമയമായി കട്ട പിടിക്കുകയോ കുഴഞ്ഞ് ചെളി രൂപത്തിലാവുകയോ ഇല്ല. റിസർവോയർ അഥവാ സംഭരണി ഗ്രോട്രേയുടെ താഴെ ഭാഗത്തായി സജ്ജീകരിച്ചിരിക്കണം.
എല്ലാ ആഴ്ചയും ലായനിയിലെ പോഷകാഹാരങ്ങളുടെ അളവ് ക്രമീകരിക്കണം. സംഭരണി ഗ്രോട്രേയുമായി ബന്ധിപ്പിച്ചിരിക്കുന്നത് രണ്ടോ മൂന്നോ തിരികൾ വഴിയായിരിക്കണം. മണ്ണെണ്ണ വിളക്കിൽ തിരിവഴി എണ്ണ മേലോട്ട് കയറുന്നതു പോലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ സംഭരിക്കുന്ന ക്യാപ്പില്ലറി പ്രവർത്തനം വഴിയാണ് സംഭരണിയിലെ പോഷക ലായനി തിരികളിലൂടെ വളർച്ചാ മാധ്യമത്തിലേക്കും അങ്ങിനെ ചെടികളുടെ വേര് പടലത്തിലേക്കും എത്തിച്ചേരുന്നത്. പരുത്തി തുണി കൊണ്ടുള്ള തിരിയാണ് ഇതിന് ഏറ്റവും ഉചിതം.
ചെറിയ സുഷിരങ്ങൾ വഴിയാണ് ഗ്രോ ട്രേയിലേക്ക് തിരികൾ കടത്തിവെക്കുന്നത്. റബ്ബർ ബുഷോ മറ്റോ വെച്ച് തിരികൾ സുഷിരങ്ങളിൽ ഉറപ്പിക്കുകയും ചെയ്യാം. ഗ്രോട്രേയുടെ വലുപ്പം, വളർത്തുന്ന ചെടികളുടെ എണ്ണം, വളർച്ചാ മാധ്യമം, തിരിയുടെ സ്വഭാവം എന്നീ ഘടകങ്ങൾ ആസ്പദമാക്കി തിരികളുടെ എണ്ണത്തിൽ വ്യത്യാസം വരുത്താമെങ്കിലും ഒരു ചെടിക്ക് ഒരു തിരി എന്നതാണ് പൊതുവെ നല്ലത്. കൂടുതൽ ജലാംശം ആവശ്യമുള്ള ചെടികൾ വളർത്തുമ്പോൾ ഒരു ചെടിക്ക് രണ്ട് തിരി വീതം വെക്കാം. ഈ വിവരിച്ച രീതിക്ക് പാസീവ് സിസ്റ്റം എന്നു പറയും. ഇതിനു പുറമെ യന്ത്ര സാമഗ്രികളുടെ സഹായത്താൽ നടത്തുന്ന രീതിയുണ്ട്. ഇത്തരം രീതിക്ക് ആക്ടീവ് സിസ്റ്റം എന്നു പറയും.
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഗ്രോ ബാഗ് കൃഷിയിലും ചട്ടികളിലും തിരി നന രീതി അനായസേന പ്രാവർത്തികമാക്കാനുള്ള രീതി വികസിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഗ്ലാസ് വൂൾ തിരികളും ഈ സ്ഥാപനം വഴി ലഭ്യമാകും. എയർ കണ്ടീഷനിങ്ങ് ശീതീകരണത്തിൽ ഇൻസുലേഷൻ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്ലാസ് നാരുപോലുള്ള വസ്തു കൊണ്ടുണ്ടാക്കിയ ഏതാണ്ട് ഒരടി നീളവും രണ്ടു സെ.മീറ്ററോളം തടിയും വരുന്ന ഒരു നാടയാണിത്. ചെടി നടുന്നതിന് മുമ്പായി ഗ്രോ ബാഗിന്റേയോ ചട്ടിയുടേയോ അടിയിൽ ഇത് കടത്താൻ പാകത്തിൽ ഒരു തുളയുണ്ടാക്കണം. നാടയുടെ ഏതാണ്ട് പകുതി നീളം ബാഗിനുള്ളിൽ അഥവാ ചട്ടിക്കുള്ളിലാക്കി മിശ്രിതം നിറക്കണം. തിരിയുടെ ബാക്കി ഭാഗം താഴെ രണ്ട് ഇഷ്ടികക്കിടയിൽ ചരിച്ചു വെച്ചിരിക്കുന്ന ഉപയോഗം കഴിഞ്ഞ രണ്ടു ലിറ്റർ പ്ലാസ്റ്റിക്ക് കുപ്പിയിൽ മധ്യഭാഗത്ത് ദ്വാരമിട്ട് അതിലേക്ക് ഇറക്കി വെക്കണം.
മറ്റൊരു ദ്വാരം കുപ്പിയുടെ ഒരറ്റത്തായി ഇട്ട് അതിലൂടെ വെളളമൊഴിക്കുക. കുപ്പി അതിന്റെ തന്നെ അടപ്പു കൊണ്ട് മുറുക്കി അടക്കണം. ഒരു ചെടിക്ക് ഒരു കുപ്പി എന്ന രീതിയിൽ വേണ്ടി വരും. ഇതിന് പകരം പൈപ്പ് ഉപയോഗിച്ചുളള രീതിയും ആവാം. മൂന്ന് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് നിരയായി യോജിപ്പിച്ച് അൻപത് സെ.മീറ്റർ അകലത്തിൽ ദ്വാരങ്ങളിട്ട് ഓരോന്നിന്റേയും മുകളിൽ ബാഗ് വെച്ച് പൈപ്പിന്റെ ദ്വാരത്തിലേക്ക് തിരി കടത്തിവെക്കണം. ചട്ടിയായാലും ബാഗായാലും രണ്ടു ഇഷ്ടികകൾക്ക് മുകളിലായി പൈപ്പിലേക്ക് മർദ്ദം വരാത്ത വിധത്തിൽ ഉയർത്തി വെക്കണം.പൈപ്പിന്റെ ഒരറ്റം തുറന്നിരിക്കും. ഇതിലൂടെ വെള്ളം ഒഴിച്ചു കൊടുക്കാം. മറ്റേ അറ്റം എൻഡ് ക്യാപ്പ് കൊണ്ട് ലീക്ക് വരാതെ അടക്കണം.കുപ്പിയായാലും പൈപ്പ് ആയാലും ആവശ്യത്തിന് വെളളം നിറച്ച് കൊണ്ടിരിക്കണം. ചെടി നട്ട് ആദ്യ ദിവസങ്ങളിൽ മുകളിൽ നനച്ചു കൊടുക്കുന്നതായിരിക്കും നല്ലത്.പിന്നീട് മണ്ണിലെ ജലാംശം തീരുന്ന മുറയ്ക്ക് താഴത്തെ സംഭരണിയിൽ നിന്നും ക്യാപ്പില്ലറി സക്ഷൻ ഫോഴ്സ് ഉപയോഗിച്ച് തിരി വെളളം വലിച്ചെടുത്ത് കൊള്ളും. ആവശ്യമായ സസ്യപോഷകങ്ങളും ഈ വെളളത്തിലൂടെയാണ് നൽകേണ്ടത്.

ഹൈഡ്രോപോണിക്സ് കൃഷിയെ കുറിച്ചറിയാം
തിരി നന രീതിയിൽ ഒരു വിധം എല്ലാ പച്ചക്കറികളും വിജയകരമായി കൃഷി ചെയ്യാനാകും. കേരളീയ സാഹചര്യത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ട് മാത്രമുള്ള ഒരു സാങ്കേതിക വിദ്യയാണ് മണ്ണില്ലാ കൃഷി. പരീക്ഷണത്തിന് താൽപ്പര്യമുളളവർ തുടക്കത്തിൽ ഇതിൽ കടന്നു വരുന്നതാവും ഉചിതം. ആദ്യ ഘട്ടങ്ങളിൽ പരീക്ഷണം മാത്രമായി കണ്ടു ചെറിയ തോതിൽ ചെയ്ത് അനുഭവങ്ങൾ വിലയിരുത്തണം. എന്നാൽടെറസ് കൃഷിക്ക് വേണ്ടത്ര മേൽമണ്ണ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അതിശയിപ്പിക്കുന്ന ഉൽപ്പാദന ക്ഷമതയിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമാകുന്ന ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാ കൃഷിക്ക് ഏറെ പ്രസക്തിയുണ്ട്.
1 comment
The pressure from intercourse can push bacteria up the urethra and into the bladder cialis generic online Do not breast feed while you take this drug