എംകെപി മാവിലായി
നമ്മുടെ നാട്ടിൽ സമീപകാലത്ത് വ്യാപകമായി കൃഷി ചെയ്തു വരുന്ന പഴവർഗ്ഗ വിളയാണ് സ്ട്രോബറി .
ഒരു പാശ്ചാത്യ ഫലമായ ഇത് പതിന്നെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഉടലെടുത്തതെന്ന് കരുതുന്നു.
മുതിർന്നവരും കുട്ടികളും ഇഷ്ടപ്പെടുന്ന ഈ ഫലം റോസേസിയേ (Rosaceae) എന്ന സസ്യ കുടുംബത്തിൽ പെടുന്നു. ശാസ്ത്രനാമം ഫ്രഗേറിയ അനാനാസ
(Fragaria ananassa) എന്നാണ്.
ലോക രാജ്യങ്ങളിൽ അമേരിക്കയാണ് ഏറ്റവുമധികമായി സ്ട്രോബെറി ഉൽപ്പാദിപ്പിക്കുന്ന രാജ്യം. രണ്ടാം സ്ഥാനം ടക്കിക്കും. പൊതുവെ
ശീത – മിതശീതോഷ്ണ മേഖലകളിലാണ് ഇവ കൂടുതലായും കൃഷി ചെയ്തു വരുന്നത്.
മണ്ണും കാലാവസ്ഥയും
സ്ട്രോബറി വളരാനും പൂക്കാനും അനുകൂല താപനിലയും , പകൽ ദൈർഘ്യവും വേണം. പരമാനുകൂല താപനില 16 – 26 ഡിഗ്രി സെൽഷ്യസ് ആണ്.
വളക്കൂറും നീർവാർച്ചയുമുളള മണലിന്റെ അംശം കൂടുതലുള്ള മണ്ണിലാണ് ഇവ നന്നായി വളരുക. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരം വരെയുളള സ്ഥലങ്ങളിലും ഇവ നന്നായി വളർന്ന് വിളവ് നൽകും.
സസ്യ വിവരണം
സ്ട്രോബറി മണ്ണിനോട് ചേർന്ന് പടർന്നു വളരുന്ന സസ്യമാണ്. നിറയെ ശാഖകളും ഉപശാഖകളുമുള്ള ഈ വളളിച്ചെടി പടർന്നു വളരുമ്പോൾ മുട്ടുകളിൽ നിന്നുമാണ് മണ്ണിലേക്ക് വേരുകൾ ഉണ്ടായി വരിക.
പൂക്കൾ ചെറുതും വെളുത്ത അഞ്ച് ഇതളുകളോട് കൂടിയതുമാണ്. പൂവിന്റെ നടുവിൽ മഞ്ഞ നിറത്തിൽ ധാരാളം കേസരങ്ങൾ കാണാം.
നവംബർ , ഡിസംബർ മാസങ്ങളിലെ സൂര്യപ്രകാശം കുറവുള്ള കാലാവസ്ഥയിലാണ് ചെടികൾ പൂക്കുന്നത്.
പഴത്തിന്റെ പുറം തൊലിയിലാണ് വിത്തുകൾ കാണപ്പെടുക. മണൽ തരിമാതിരിയുളള വിത്തുകൾ ഒരു കായയിൽ ഇരുന്നൂറിൽ കൂടുതലുണ്ടാകും.
കൃഷി രീതി
വള്ളി തലപ്പുകളാണ് ( റണ്ണറുകൾ) ഇവയുടെ നടീൽ വസ്തു. ചെടിയുടെ വളികൾ പടർന്നു വളരുമ്പോൾ മുട്ടുകളിൽ നിന്നുമുണ്ടായി വരുന്ന പുതിയ തലപ്പുകൾ വേരുൾപ്പടെ ഇളക്കിയെടുത്ത് നടുവാനായി ഉപയോഗിക്കാം. ഇപ്പോൾ ടിഷ്യൂ കൾച്ചർ രീതിയിലും തൈകൾ ഉല്പാദിപ്പിച്ചു വരുന്നുണ്ട്.
നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ഒരു മീറ്റർ വീതി, 30 സെ.മീ. ഉയരം എന്ന രീതിയിൽ കിട്ടാവുന്ന നീളത്തിൽ ബെഡ്ഡുകൾ എടുത്ത്
ഓരോ ബെഡ്ഡിലും 30 സെ.മീ x 40 സെ.മീ.അകലത്തിൽ റണ്ണർ നടാം.
ഓപ്പൺ പ്രിസിഷ്യൻ ഫാമിങ് രീതിയും അവലംബിക്കാം. കൃഷിയിടത്തിൽ മുഴുവനായി പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് ചെടി നടുന്നിടത്ത് മാത്രം ദ്വാരങ്ങൾ ഇട്ട് അതിൽ ചെടി നടുന്ന രീതിയാണിത്. ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് വളവും വെള്ളവും നൽകുന്നത്. അടിവളമായി ഒരു സെന്റ് സ്ഥലത്ത്ക്ക് 100 കി.ഗ്രാം എന്ന കണക്കിനന് മണ്ണൊരുക്കുന്ന സമയത്ത് തന്നെ കാലിവളമോ കംബോ സ്റ്റോ നൽകണം.
ഐശ്വര്യ, കാമറോസ, ഫെസ്റ്റിവൽ , വിന്റർ ഡോൺ ,പജാരോ, സ്വീറ്റ് ചാർലി, ടയോഗ, ട്രൈസ്റ്റാർ എന്നിവ ഇവയിലെ മികച്ച ഇനങ്ങളാണ്.
ഏപ്രിൽ ,മെയ് മാസങ്ങളിലാണ് സ്ട്രോബറിയിൽ ഫലങ്ങൾ ഉണ്ടാവുക. തണുപ്പുള്ള കാലാവസ്ഥയിലുണ്ടാകുന്ന പഴത്തിനാണ് നല്ല നിറവും രുചിയും ഉണ്ടാവുക.
പോഷക ഗുണം
പോഷക സമൃദ്ധമാണ് സ്ട്രോബറി . പഴമായി അതേപടി ഭക്ഷിക്കാം. ജാം, ജെല്ലി, ഐസ് ക്രീം, ചൂയിങ്‌ഗം വൈൻ, ശീതളപാനീയങ്ങൾ എന്നിവ തയ്യാറാക്കാം.
പഴുത്ത് ചുവപ്പ് നിറമാകുമ്പോൾ ചെടിയിൽ നിന്നും ശേഖരിക്കുന്നപഴങ്ങൾ കുറച്ചു ദിവസത്തിനുളളിൽ തന്നെ കേട് വന്നു നശിച്ചു പോകും.
ശീതീകരിച്ച അന്തരീക്ഷത്തിലാണ്പഴങ്ങൾ സൂക്ഷിക്കേണ്ടത്.
പഴത്തിൽ 50 ശതമാനം ജലാംശമാണ്. 45 കലോറി ഊർജ്ജമാണ്. 0.88 ഗ്രാം ഡയറ്റി നാരുകൾ, 20 മില്ലിഗ്രാം കാത്സ്യം, 0.55 മില്ലിഗ്രാം ഇരുമ്പ്, 14 മി.ഗ്രാം മഗ്നീഷ്യം, 27 മി.ഗ്രാം പൊട്ടാസ്യം, 1.44 ഗ്രാം സോഡിയം, 0.19 മി.ഗ്രാം സിങ്ക്, 0.07 മി.ഗ്രാം കോപ്പർ, 0.42 മി.ഗ്രാം മാൻഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്.
കൂടാതെ വിറ്റാമിൻ ബി വർഗ്ഗത്തിലെ തയാമിൻ, വിറ്റാമിൻ സി റൈബോഫ്ളേവിൻ, നിയാസിൻ, പാന്റോതെനിക്ക് ആസിഡ് (Pantothenic acid) എന്നിവയും അമിനോ അമ്ലങ്ങളായ ടിപ്റ്റോഫാൻ (Tryptophan ), ത്രിയോണൈൻ (Threonine) , ഐസോ ലൂസിൻ (Isoleucine) തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
പഴത്തിലടങ്ങിയിട്ടുള്ള ഫൈ സെറ്റിൻ (Fisetin) എന്ന ആന്റി ഓക്സിഡന്റ് ശരീരത്തെ അൾഷിമേഴ്സ് രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു.