കൃഷിവകുപ്പ് 2020 ലെ കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന് പത്മശ്രീ കെ. വിശ്വനാഥന് മെമ്മോറിയല്‍ നെല്ക്കതിര് അവാര്‍ഡ്, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്ഷകന്, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാന്, ക്ഷോണിസംരക്ഷണ, ക്ഷോണി രത്ന, കര്‍ഷകഭാരതി, ഹരിതകീര്‍ത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, പൈതൃക കൃഷി/വിത്ത് സംരക്ഷണം/വിളകളുടെ സംരക്ഷണം പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡന്‍സ് അസോസിയേഷന്, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്സ്യല്‍ നഴ്സറി, കര്‍ഷകതിലകം (സ്കൂള്‍ വിദ്യാര്‍ത്ഥിനി), കര്‍ഷക പ്രതിഭ (സ്കൂള്‍ വിദ്യാര്‍ത്ഥി), മികച്ച ഹയര്‍ സെക്കന്ററി സ്കൂള്‍ കര്‍ഷക പ്രതിഭ, മികച്ച കോളേജ് കര്‍ഷക പ്രതിഭ, മികച്ച ഫാം ഓഫീസര്‍, മികച്ച ജൈവകര്ഷകന്, മികച്ച തേനീച്ച കര്ഷകന്, മികച്ച കൂണ് കര്ഷകന് തുടങ്ങിയ അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. മികച്ച ചക്ക സംസ്കരണ കര്ഷകന്/ഗ്രൂപ്പുകള്‍, പച്ചക്കറികൃഷി പദ്ധതി, ജൈവകൃഷി പദ്ധതി പ്രകാരമുള്ള അവാര്‍ഡുകള്‍ക്കും, കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍ക്കുളള ഇന്നവേഷന്‍ അവാര്‍ഡ്, മികച്ച കയറ്റുമതി സംരംഭകര്‍/ഗ്രൂപ്പുകള്‍, മികച്ച വിളവെടുപ്പാനന്തര പരിചരണ മുറകള്‍ നടത്തുന്ന കര്‍ഷകര്‍/ഗ്രൂപ്പുകള്‍ എന്നീ അവാര്‍ഡുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ അതത് കൃഷിഭവനുകളില്‍ സ്വീകരിക്കും. കൃഷിഭവനില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ആറ്. കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. ക്ഷോണി സംരക്ഷണ, അവാര്‍ഡിനുളള അപേക്ഷകള്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കര്‍ഷക ഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്കുളള അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കുമാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.fibkerala.gov.in
, www.keralaagriculture.gov.in
ലഭ്യമാണ്
കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കുവാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായി കർഷകർക്ക് www.kasumavukrishi.org
എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടത്താം. അല്ലെങ്കിൽ അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് / ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് സ്വീകരിച്ച് പൂരിപ്പിച്ച് അയക്കാം. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും. അപേക്ഷ അയക്കേണ്ട മേൽ വിലാസം ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001. ഫോൺ: 0474-2760456, കോ-ഓർഡിനേറ്റർ (സൗത്ത്)-9496046000, കോ-ഓർഡിനേറ്റർ (നോർത്ത്)- 9496047000.
എംകെപി മാവിലായി
കേരളത്തിന്റെ സൗഭാഗ്യങ്ങളിൽ ഒന്നാണ് പ്ലാവും ചക്കയും. ഭക്ഷ്യയോഗ്യമായ പഴവർഗങ്ങളിൽ വൈവിധ്യം കൊണ്ടും പോഷക മൂല്യം കൊണ്ടും അതിസമ്പന്നമാണ് ചക്ക. ഒരു കാലത്ത് പുരയിടത്തിലെ ഐശ്വര്യ അംഗമായിരുന്നു പ്ലാവ്. നാടിന്റെ വളർച്ചക്കൊപ്പം തൊടികളിൽ പടർന്ന് പന്തലിച്ച് വളർന്നിരുന്ന ഭീമൻ പ്ലാവുകൾ പലതും ഇല്ലാതായെങ്കിലും അടുത്ത കാലത്തായി വൻ മരങ്ങളായി വ ളരാത്ത ഒട്ടുതൈകൾ വാങ്ങി നട്ടുപിടിപ്പിക്കുവാൻ പരിമിത ഭൂമി മാത്രമുള്ളവർ പോലും അതീവതാൽപ്പര്യം പ്രകടിപ്പിക്കുന്നു. ഇഷ്ടപ്പെട്ട ഇനങ്ങൾ തെരഞ്ഞെടുക്കാമെന്നതും കാലേ കായ്ക്കുമെന്നതും വിളവെടുപ്പിന് സൗകര്യമുണ്ടെന്നതും ഒട്ടു ചെടികളുടെ ആകർഷണീയതയാണ്.
സസ്യ വിവരണം
ആർട്ടോകാർപസ് ഹെറ്ററോഫില്ലസ് ( Artocarpus heterophyllus) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചക്ക മോറേസിയേ (Moraceae) കുടുംബാംഗമാണ്. പശ്ചിമഘട്ടമാണ് പ്ലാവിന്റെ ജന്മദേശം. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. ചക്കപ്പഴം ആറായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഉപയോഗിക്കുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇനങ്ങളുടെ കാര്യത്തിൽ വളരെയധികം വൈവിധ്യമുള്ള ഒരു വൃക്ഷമാണിത്. തമിഴ് നാട്ടിലെ കല്ലാർ – ബർലിയാർ ഗവേഷണ കേന്ദ്രത്തിലാണ് പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം. ഏതാണ്ട് 54 ഇനങ്ങൾ ഇവിടെയുണ്ട്. ഇവയെ പ്രധാനമായും പഴച്ചക്ക (കൂഴച്ചക്ക), വരിക്കച്ചക്ക എന്നിങ്ങനെ രണ്ടു വിഭാഗമാക്കാം. വരിക്കയുടെ ചുളയ്ക്ക് കട്ടി കൂടുതലായിരിക്കുമ്പോൾ കൂഴയുടേത് വളരെ മൃദുലമാണ്. നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള
മുട്ടം വരിക്ക എന്നയിനത്തിന്റെ ചുള കട്ടിയുള്ളതും മധുരവും മണവും ഉള്ളതാണ്. സിങ്കപ്പൂർ ഇനം നട്ടു മൂന്നാം വർഷം കായ്ക്കും. സിന്ദൂർ ഇനത്തിന്റെ ചക്ക ചുളക്ക് ഓറഞ്ച് നിറമാണ്. വർഷത്തിൽ രണ്ടു പ്രാവശ്യം കായ്ക്കുകയും ചെയ്യും. ചക്കക്ക് പത്ത് പന്ത്രണ്ട് കി.ഗ്രാം വരെ തൂക്കവുമുണ്ട്.
മുട്ടൻ വരിക്ക, തേൻ വരിക്ക, പാലോടൻ വരിക്ക, സിങ്കപ്പൂർ ജാക്ക്, ചെമ്പരത്തി വരിക്ക, താമര ചക്ക, വാകത്താനം വരിക്ക തുടങ്ങിയ ഇനങ്ങളും പ്രചാരത്തിലുണ്ട്.
കേരളത്തിൽ വിളയുന്ന വരിക്കച്ചക്കയിൽ പകുതിയോളം ഏതാണ്ട് പ്രതിവർഷം 20 ലക്ഷം വടക്കെ ഇന്ത്യയിലേക്ക് കടത്തി അയക്കുന്നെണ്ടന്നതാണ് ഏകദേശ കണക്ക്. ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു സീസണിൽ 86 ടൺ വരെ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതിക്ക് മതിയാവോളം നല്ല വരിക്കച്ചക്ക ലഭിക്കുന്നില്ലെന്നതാണ് വിപണി സൂചിപ്പിക്കുന്നത്.
കേരളത്തിന് പുറമെ ആസാം, ത്രിപുര, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പ്ലാവ് ധാരാളമായിട്ടുണ്ട്.
കൃഷിരീതി
മുൻകാലങ്ങളിൽ വിത്ത് മുളപ്പിച്ച തൈകൾ മാത്രമാണ് നടീൽ വസ്തുവായി ഉപയോഗിച്ചിരുന്നത്.
പരപരാഗണം വഴി വരിക്കപ്ലാവിൽ നിന്നും ചിലപ്പോൾ കൂഴച്ചക്കയും ഉണ്ടാവാം. വിത്ത് വഴി വളർത്തിയെടുത്ത തൈകൾ കായ്ക്കുവാൻ എട്ടു വർഷമെടുക്കുകയും ചെയ്യും. ഇന്ന് ഗ്രാഫ്റ്റ് തൈകൾക്കാണ് ഏറെ പ്രിയം. ഇവ മാതൃവൃക്ഷത്തിന്റെ അതേ ഗുണത്തോട് കൂടിയതും നട്ടു രണ്ടാം വർഷം തന്നെ കായ്ച്ച് തുടങ്ങുന്നതുമാണ്
മഴക്കാലാരംഭത്തോടെ വിത്ത് തൈകളാേ ഗ്രാഫ്റ്റു തൈകളോ
നടാം.
ചെടികൾകൾ തമ്മിൽ 12 മീറ്റർ അകലം ലഭിക്കും വിധം 60 സെ.മീറ്റർ നീളം, വീതി, താഴ്ചയുളള കുഴിയെടുത്ത് 10 കി. ഗ്രാം കമ്പോസ്റ്റ് / കാലിവളം മേൽ മണ്ണുമായി ചേർത്ത് തറനിരപ്പിൽ നിന്ന് ഉയർന്ന് നില്ക്കത്തക്കവിധം നിറക്കണം. നടുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിന് മുകളിലായിരിക്കണം.

പോഷക ഗുണം
പഴമക്കാരുടെ ആരോഗ്യ രഹസ്യത്തിൽ ചക്കയെ മാറ്റി നിർത്താനാവില്ല. ‘ചക്കയും മാങ്ങയും മൂമാസം’. കേരളീയരുടെ ഭക്ഷണക്രമ ചിത്രങ്ങളിൽ മൂന്ന് മാസം കടന്നുപോയിരുന്നത് ചക്ക ഭക്ഷിച്ചു കൊണ്ടു തന്നെയായിരുന്നു. നാട്ടിൻ പുറത്തുകാർക്ക് ഭക്ഷ്യ സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കിയിരുന്ന ചക്ക ഇന്ന് ജാക്ക് റോസ്റ്റ്, ജാക്ക് വെജ് മിക്സ്, ചില്ലി ജാക്ക്, ജാക്ക് സലാഡ്, ജാക്ക് ഐസ് ക്രീം തുടങ്ങി വിവിധ ഫോമുകളിലായി ഇന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പടെ സുലഭമാണ്.
പ്രകൃതിദത്തമായ നിരവധി പോഷകങ്ങളുടെ കലവറയാണ് ചക്കയെന്നും രോഗ പ്രതിരോധ ശേഷി നൽകാനും ചക്കക്ക് കഴിവുണ്ടെന്നും പഴമക്കാർ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു.
സെൻട്രൽ ഫുഡ് ടെക്കനോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ഗവേഷണ സ്ഥാപനങ്ങളുട ഗവേഷണ ഫലങ്ങൾ ഈയൊരറിവിന് അടിവര ഇട്ടപ്പോഴാണ് ചക്കക്കുരുവും ചക്കയും ഏറെ ശ്രദ്ധേയമായത്. പല രോഗങ്ങൾക്കും പ്രതിരോധമായി പ്രവർത്തിക്കാൻ ചക്കപ്പഴത്തിലെ ജാക്കലിൽ ഘടകങ്ങൾക്ക് കഴിയുമെന്ന കണ്ടെത്തലും ചക്കക്ക് ആരാധാകരെ വർധിപ്പിച്ചു.
ചക്കച്ചുളക്ക് മധുരം നൽകുന്നത് ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് , ഫ്രാക്ടോസ്, റാംമ്നോ സ് (Rhamnose), അരാബി നോസ് (Arabi nose), ഗാലക്ടോസ് (Galactose) തുടങ്ങിയ കാർബോഹൈഡ്രേറ്റുകളാണ്. ഇവയെല്ലാം കൂടി 100 ഗാം ചുളയിൽ 13.8 ഗ്രാം വരെ കാണാറുണ്ട്. കരോട്ടിൻ ആണ് ചുളക്ക് നിറങ്ങൾ നൽകുന്നത്. വിറ്റാമിനുകളിൽ ഏറ്റവും അധികം സിയും, കൂടാതെ മറ്റു വിറ്റാമിനുകളായ ബി6 , തയാമിൻ എന്നിവയുമുണ്ട്. കൂടാതെ സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നീ ധാതുലവണങ്ങളുമുണ്ട്. ചക്കക്കുരുവും പോഷക സമൃദ്ധമാണ്.
കാർബോ ഹൈഡ്രേറ്റ്, ഫൈബർ, കാത്സ്യം, ഫോസ്ഫറസ്, അയേൺ, സോഡിയം, പൊട്ടാസ്യം , വിറ്റാമിൻ എ, വിറ്റാമിൻ ബി1, വിറ്റാമിൻ സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

ചക്കക്കാലം ചക്ക വിഭവങ്ങളുടെ കാലമാക്കാം
സംസ്ക്കരണം
ചക്ക പഴമായാലും പച്ചയായാലും നിരവധി വിഭവങ്ങൾക്ക് വേണ്ട അസംസ്കൃത വസ്തുവാണ്. വർഷം മുഴുവൻ ഉപയോഗിക്കാൻ പാകത്തിന് ചക്കയിൽ നിന്നും തയ്യാറാക്കാവുന്ന നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണി കൈയടക്കുന്നുണ്ട് .
ഇളം ചക്ക മുതൽ പഴുത്ത ചക്കയുടെ ചകിണി വരെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ
നിർമ്മിക്കാനായി ഉപയോഗപ്പെടുത്താം. ജൂലൈ മാസം വരെ ചക്ക ലഭിക്കുമെങ്കിലും വേനൽക്കാലത്ത് വിളയുന്ന ചക്കയാണ് മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് അനുയോജ്യം.
ചക്ക കൊണ്ട് നിർമ്മിച്ചു വരുന്ന ചില മൂല്യവർധിത ഉൽപ്പന്നങ്ങൾ

ഇളം ചക്ക ( ഇടി ചക്ക) :
കട് ലറ്റ്, അച്ചാർ, വിവിധ തരം കറികൾ, ഉണക്കി സൂക്ഷിക്കുകയും ചെയ്യാം.
അധികം വിളയാത്ത ചക്ക :
അച്ചാർ
വിളഞ്ഞ ചക്ക :
ബജി , വറ്റൽ, പപ്പടം, ചിപ്സ്, ഇഡ്ഡലി, വിവിധ കറികൾ
ഉണക്കിയ ചക്ക :
പൊടിച്ചെടുക്കുന്ന മാവ് (പൊടി) കൊണ്ട് മുറുക്ക്, പക്കാവട, ഉപ്പ്മാവ്, പുട്ട് തുടങ്ങിയവ
പഴുത്ത ചക്ക :
പൾപ്പിൽ നിന്നും സ്ക്വാഷ്, ചക്കത്തെര , കുവിളപ്പം, ജാം, സ്ക്വാഷ്, ചക്ക വരട്ടി, ഹൽവ, പുഡ്ഡിങ്ങ്, പായസം, വൈൻ, വിനാഗിരി
പഴുത്ത ചക്കയുടെ മടൽ:
പെക്ടിൻ / ജെല്ലി
ചക്കക്കുരു :
ബർഫി, മിഠായി
എംകെപി മാവിലായി
രുചി കൊണ്ടും ഉപയോഗങ്ങൾ കൊണ്ടും ഏറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു ഫല സസ്യമാണ് കശുമാവ് .
ബ്രസീലാണ് ഇതിന്റെ ജന്മദേശം. പറങ്കികൾ ഇന്ത്യയിൽ ആദ്യമായി കൊണ്ടുവന്നതിനാലാകണം ഇതിന് പറങ്കിമാവ് എന്ന പേരിലും ഇതറിയപ്പെടുന്നത്. ചിലയിടങ്ങളിൽ ഇതിന് പൃത്തിക്ക മാവെന്നും വിളിപ്പേരുണ്ട്.
അനാക്കാർഡിയേസി (Anacardiaceae) കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അനാക്കാർഡിയം ഓക്സിഡെന്റേൽ (Anacardium occidentale) എന്നാണ്.
ഇന്ത്യക്ക് വിദേശ നാണ്യം സമ്പാദിച്ചു തരുന്ന വിളകളിൽ കശുമാവ് പ്രധാനമാണ്.
സസ്യ വിവരണം
പാർന്നു പന്തലിക്കുന്ന കശുമാവ് പത്ത് – പന്ത്രണ്ട് മീറ്ററിൽ കുടുതൽ ഉയരത്തിൽ സാധാരണ വളരാറില്ല. ഇതിന്റെ പൂങ്കുല മാവിന്റെ പൂങ്കുലയോട് സാദൃശ്യമുള്ളതാണ്. നിരവധി ചെറുപുഷ്പങ്ങളോടു കൂടിയ പൂങ്കുലയിൽ ആൺ പൂവുകളും ദ്വിലിംഗ പുഷ്പങ്ങളും ഉണ്ടായിരിക്കും. നവംബർ മുതലാണ് ചെടികൾ പൂത്ത് തുടങ്ങുക. ഏകദേശം മൂന്ന് മാസം കൊണ്ട് കശുമാങ്ങ പഴുത്ത് തുടങ്ങും. പഴുത്ത മാങ്ങ മഞ്ഞ നിറത്തിലോ, പച്ചകലർന്ന മഞ്ഞനിറത്തിലോ ചുവപ്പ് നിറത്തിലോ ഒക്കെ ആയിരിക്കും. നല്ലവണ്ണം പഴുത്ത മാങ്ങയുടെ അണ്ടിക്ക് കറുപ്പ് കലർന്ന ചാര നിറമാണ്.
കട്ടികൂടിയ പുറന്തൊണ്ടിനാൽ അവരണം ചെയ്യപ്പെട്ടിട്ടുള്ള പറങ്കിയണ്ടിയുടെ പരിപ്പാണ് പ്രധാനമായും ഭക്ഷ്യ വസ്തുവായുപയോഗിക്കുന്നത്. അണ്ടിയുടെ മുപ്പത് ശതമാനം മാത്രമാണ് അണ്ടിപ്പരിപ്പുള്ളത്. ബാക്കി ഭാഗം പുറന്തൊണ്ടാണ്. ഈ പുറന്തൊണ്ടിൽ എണ്ണ അടങ്ങിയിരിക്കുന്നു. ഈ എണ്ണക്കും വ്യാവസായിക പ്രാധാന്യമുണ്ട്.
കൃഷി രീതി
ഉഷ്ണമേഖലാപ്രദേശത്തേക്ക് യോജിച്ച വിളയാണിത്. ഫലപുഷ്ടി കുറഞ്ഞ തരിശ് ഭൂമിയിൽ പോലും വളർന്ന് വലുതായി വിളവ് തരാനുളള കഴിവ് കശുമാവിനുണ്ട്.
വിത്തുതൈകളും പതിവെച്ച തൈകളും നടാനുപയോഗിക്കാം. പരപരാഗണം നടക്കുന്ന വൃക്ഷമായതു കൊണ്ട് വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകൾക്ക് മാതൃവൃക്ഷത്തിന്റെ അതേ ഗുണം ലഭിക്കണമെന്നില്ല. എന്നാൽ പതിവെച്ചതും ഒട്ടിച്ചതുമായ തൈകൾക്ക് മാതൃക്ഷത്തിന്റെ അതേ ഗുണം തന്നെ ലഭിക്കും. മാത്രമല്ല ഇത്തരം തൈകൾ വേഗത്തിൽ കായ്ക്കുകയും ചെയ്യും.
ആനക്കയം, മാടക്കത്തറ, കനക ,ധന, ധനശ്രീ, പ്രിയങ്ക, അമൃത, അനഘ,അക്ഷയ, സുലഭ , ദാമോദർ, രാഘവ്, പൂർണ്ണിമ എന്നീ ഇനങ്ങൾ താരതമ്യേന അത്യുൽപ്പാദന ശേഷിയുളവയാണ്.
മഴക്കാലത്തോടെ 50 സെ.മീറ്റർ നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് ആ കുഴി കംബോസ്റ്റ് അല്ലെങ്കിൽ കാലിവളം മേൽ മണ്ണുമായി ചേർത്ത് നിറച്ചതിന് ശേഷം തൈകളോ, എയർ ലെയറുകളോ, സോഫ്റ്റ് വുഡ് ഗ്രാഫ്റ്റുകളാേ നടാം. ഇളം തൈകളെ സൂര്യതാപത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ചെടിക്ക് ചുറ്റും ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടണം. ആദ്യ ഒന്നുരണ്ട് വർഷങ്ങളിൽ വേനലിൽ തണൽ നൽകുന്നതും നല്ലതാണ്. ഗ്രാഫ്റ്റിന് താഴെയുളള ഭാഗത്ത് നിന്ന് വളരുന്ന മുളകൾ അപ്പപ്പോൾ നീക്കം ചെയ്യണം. ആദ്യത്തെ മൂന്ന് നാല് വർഷം കൊമ്പ് കോതുന്നത് മരത്തിന് നല്ല ആകൃതി കിട്ടുന്നതിന് ആവശ്യമാണ്.
നല്ല രീതിയിൽ വളപ്രയോഗം നടത്തുന്നത് വിളവിൽ ഗണ്യമായ വർദ്ധനവ് വരുത്തുന്നതിന് സഹായകമാകും.
വിളവെടുപ്പും സംസ്കരണവും
അനുകൂല സാഹചര്യങ്ങളിൽ ലെയർ , ഗ്രാഫ്റ്റ് തൈകൾ നട്ടാൽ രണ്ടാം വർഷം മുതലും വിത്ത് തൈകൾ നട്ടാൽ നാലാം വർഷം മുതലുംവിളവ് നൽകി തുടങ്ങും. എങ്കിലും വിളവ് ഉയർന്ന നിലയിലെത്തണമെങ്കിൽ എട്ടുപത്തു കൊല്ലം വേണ്ടി വരും. കായ്ച്ച് തുടങ്ങിയാൽ 40-50 വർഷം വരെ കുമാവിൽ നിന്നും തൃപ്തികരമായ ആദായം ലഭിക്കും. ഉണങ്ങി
പാകം വന്ന അണ്ടി വറുത്തെടുത്ത് അണ്ടിപ്പരിപ്പുകൾ വേർപെടുത്തി പാക്കറ്റുകളിലാക്കി വ്യാപാര യോഗ്യമാക്കുന്നതു വരെയുളള പ്രവൃത്തികൾ കശുവണ്ടി സംസ്ക്കരണ പ്രക്രിയയുടെ ഘടകങ്ങളാണ്.
കശുവണ്ടിക്ക് പുറമെ ഇതിന്റെ മാങ്ങയും സംസ്ക്കരിച്ച് വാണിജ്യപ്രാധാന്യമുളള ഉൽപ്പന്നങ്ങളാക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്.
നല്ലവണ്ണം പഴുത്ത കശുമാങ്ങ ശേഖരിച്ച് കഴുകി വൃത്തിയാക്കണം. കശുമാങ്ങയിലുള്ള ചവർപ്പ് ആണ് മാങ്ങ നേരിട്ട് കഴിക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നത്. ചവർപ്പിന് കാരണം ടാനിൻ എന്ന ഒരു ഫിനോളിക് സംയുക്തമാണ്. ഇത് വിവിധ രീതികളിൽ വേർതിരിക്കാവുന്നതാണ്.

കശുമാങ്ങയിൽ നിന്ന് ധാരാളം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനുളള സാങ്ക്രതിക വിദ്യ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചുരുക്കം ചില ഉൽപ്പന്നങ്ങളൊഴികെ മറ്റെല്ലാം തന്നെ പരീക്ഷണശാലകളിൽ ഒതുങ്ങി നിൽക്കുകയാണിന്നും. കശുമാങ്ങ ജ്യൂസ്, സ്ക്വാഷ്, സിറപ്പ്, പാനീയം (RTS DRINK ) , കുമാങ്ങ – മാമ്പഴം മിക്സഡ് ജാം, അച്ചാർ, ക്യാൻഡി , വിനാഗിരി, വൈൻ
തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.

പോഷക – ഔഷധ മൂല്യം
കശുവണ്ടിയിൽ നിന്നും ലഭിക്കുന്ന എണ്ണ കൃമിനാശകമാണ്. ഇതിൽ 90 ശതമാനം അനാകാർഡിക് അമ്ലവും കാർഡോളും അടങ്ങിയിട്ടുണ്ട്. കശുമാവിന്റെ ഏറ്റവും ഉപയോഗയോഗ്യമായ ഭാഗമാണ് കശുമാങ്ങ. ഇതിൽ വിറ്റാമിൻ സി നല്ല രീതിയിൽ അടങ്ങിയിരിക്കുന്നു. ഛർദ്ദി, അതിസാരം എന്നിവക്കും കുട്ടികളിലെ ഹ്രഹണിക്കും കശുമാങ്ങ നീര് ഉത്തമമാണ്.

സംസ്ക്കരണം ചെയ്ത അണ്ടിപ്പരിപ്പ് സ്വാദേറിയ ഭക്ഷ്യവസ്തുവാണ്. ഇതിൽ മികച്ച ഭക്ഷ്യമൂല്യങ്ങൾ അടങ്ങിയിട്ടുണ്ട്. അണ്ടിപ്പരിപ്പിൽ 21 ശതമാനം പ്രോട്ടീനും, 47 ശതമാനം കൊഴുപ്പും, 22 ശതമാനം കാർബോഹൈഡ്രേറ്റും 2 ശതമാനം ലവണങ്ങളും അടങ്ങിയിരിക്കുന്നു.
സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്.
കാർഷിക യന്ത്രോപകരണങ്ങൾ കൂടാതെ വിള സംസ്കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെ സബ്സിഡി ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്സിഡി ലഭിക്കും.
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് മെഷീൻ വാങ്ങി കഴിഞ്ഞാൽ അതതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന മുറയ്ക്കാണ് തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാൽ ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം. ഫോൺ: 8075251014, 9895440373, 9383471799. ഇ-മെയിൽ: smamkerala@gmail.com.രജിസ്ട്രേഷന് ആവശ്യമായ രേഖകൾ: ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഭുനികുതി അടച്ച രസീത്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മാത്രം).
ഫലത്തിന്റെ രൂപ സവിശേഷതയാണ് ചതുരപ്പുളിക്ക് ഇത്തരമൊരു പേര് ലഭിക്കാൻ കാരണം. മടക്കുകളായി കാണുന്ന ഈ ഫലം മുറിച്ചാൽ നക്ഷത്രാകൃതിയിലുള്ള കഷണങ്ങളാണ് ലഭിക്കുക.
ഉഷ്ണമേഖലാ മിതോഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രധാന ഫലവർഗ്ഗ വിളയാണിത്. ഓക്സാലിഡേസിയേ (Oxalidaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം അവരോവ കാരംബോള ( Averrhoa Carambola) എന്നാണ്.
ചെടിയുടെ ജന്മദേശം ഇന്തോനേഷ്യയാണ്. കേരളത്തിലെ സമതലപ്രദേശങ്ങളിലെ കാലാവസ്ഥയിൽ നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്നു.
ചതുരപ്പുളിയുടെ പ്രജനനം പ്രധാനമായും വിത്ത് വഴിയാണ്. എന്നാൽ കായിക പ്രവർധന രീതികളായ പതിവെക്കൽ, ഒട്ടിക്കൽ രീതിയിലും തൈകൾ ഉൽപ്പാദിപ്പിക്കാം. ശരിയായ സംരക്ഷണമേറ്റ് വളരുകയാണെങ്കിൽ വിത്ത് തൈകൾ നട്ട് അഞ്ച് – ആറ് വർഷത്തിന്നകം ഫലം ഉൽപ്പാദിപ്പിക്കും. ഒരു ഫലത്തിൽ ധാരാളം വിത്തുകൾ കാണപ്പെടുന്നതിനാലും വിത്തുകൾ എളുപ്പത്തിൽ ശേഖരിക്കുവാൻ കഴിയുന്നതിനാലും വിത്ത് തൈകൾ ഉൽപ്പാദിപ്പിക്കുകയാണ് എളുപ്പം. വിത്തുകൾ ശേഖരിച്ച് നന്നായി കഴുകി മാംസളമായ ഭാഗം നീക്കം ചെയ്തു അധികം ഉണങ്ങാൻ അനുവദിക്കാതെ നനവാർന്ന മണലിലോ മണ്ണിലോ ഇട്ടാൽ ഏകദേശം ഒരാഴ്ച കൊണ്ട് കിളിർത്ത് തുടങ്ങും. രണ്ടാഴ്ചക്ക് ശേഷം ഇവ പോളിത്തീൻ കവറിൽ വളർത്തിയെടുക്കാവുന്നതാണ്. തുടർന്ന് മൂന്ന് മാസം കൊണ്ട് സ്ഥിരമായ സ്ഥലത്തേക്ക് മാറ്റിനടാം.
ഒട്ടുതൈകളാണെങ്കിൽ നട്ട് മൂന്ന് വർഷത്തിനുളളിൽ കായ്ക്കും. ചെറിയ തണ്ടുകളും ഏറെ ശാഖകളും ഇവയ്ക്കുണ്ടാകും. ആറ് മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയുടെ തായ്ത്തടി വെള്ളനിറത്തിലോ ചാരനിറത്തിലോ ആയിരിക്കും.ചുവന്ന നിറത്തിൽ ഞെട്ടുകളോട് കൂടിയ പൂക്കൾ തണ്ടുകളുടെ അഗ്രഭാഗത്തും ഇലകളുടെ മുട്ടുകളിലുമാണ് ഉണ്ടാകുക. പൂക്കൾക്ക് പർപ്പിൾ നിറമാണ്.
ഇന്ത്യയിൽ പൊതുവെ സെപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് ചതുരപ്പുളി വിളവെടുക്കുന്നത്. പിന്നീട് ഡിസംബർ – ജനുവരി മാസങ്ങളാകുമ്പോഴേക്കും ഒരു തവണ കൂടി വിളവെടുക്കാൻ സാധിക്കും. നല്ല വളർച്ചയുള്ള വൃക്ഷത്തിൽ നിന്നും ശരാശരി 500 കി.ഗ്രാം പഴങ്ങൾ ലഭിക്കും. വിളവെടുത്ത പഴങ്ങൾ ശീതീകരണിയിൽ സൂക്ഷിച്ചാൽ മൂന്നാഴ്ചയോളം കേടാകാതെയിരിക്കും.
ചതുരപ്പുളിയുടെ കായ്കൾ വളരെയേറെ ഭക്ഷ്യയോഗ്യമാണ്. ചിലയിടങ്ങളിൽ കറികളിൽ പുളിക്ക് പകരമായി ഇവ ചേർക്കാറുണ്ട്. കൂടാതെ അച്ചാറിനും ചട്നിക്കും സലാഡിനും , ജാമിനു വേണ്ടിയും ഇവ ഉപയോഗിക്കുന്നു.

പോഷക ഗുണം
നന്നായി പഴുത്ത ഫലത്തിന് പുളിയും മധുരവും ഇടകലർന്ന രുചിയാണ്. ഇത് അതേപടി ഭക്ഷ്യയോഗ്യമാണ്. ഇത് കറികളിൽ നേരിട്ട് ചേർക്കാം.
50 ശതമാനത്തിലധികം നീരടങ്ങിയിട്ടുള്ള ഈ ഫലത്തിൽ 0.75 ശതമാനം അമ്ലങ്ങൾ ഉണ്ട്. 100 ഗ്രാം ഫലത്തിൽ 12-5 ഗ്രാം വിറ്റാമിൻ സിയും ഓക്സാലിക് അമ്ല (Oxalic acid) വും ഉണ്ട്.
ഫലത്തിൽ നാല് ശതമാനത്തോളം അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് . ഫ്രാക്ടോസ് തുടങ്ങിയ പഞ്ചസാരകളാണ് മധുരരസം നൽകുന്നത്.
ധാതുലവണങ്ങളായ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, കോപ്പർ എന്നിവയും കാണപ്പെടുന്നു.
ഔഷധ ഗുണം
ഔഷധ ഗുണത്തിന്റെ കാര്യത്തിലും ചതുരപ്പുളി മുന്നിൽ തന്നെ. കരളിനെ സംരക്ഷിക്കുവാനുളള ഇതിന്റെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഞ്ഞപിത്ത രോഗ ചികിത്സക്കായി ഇവ ഉപയോഗിക്കപ്പെടുന്നു. ചില പാരമ്പര്യ രോഗങ്ങൾക്കെതിരേയും ത്വക്കിലുണ്ടാകുന്ന ചില അസുഖങ്ങളുടെ നിവാരണത്തിനും ഇത് വളരെയേറെ ഫലപ്രദമാണ്.
ഇതിന്റെ ഫലം , ഇലകൾ ചേർത്തുണ്ടാക്കുന്ന കഷായം ഛർദ്ദി ശമിപ്പിക്കാൻ ഉത്തമമാണ്. മാത്രമല്ല ചിക്കൻ പോക്സ്, വിരകൾ എന്നിവ മൂലമുണ്ടാകുന്ന പ്രണങ്ങൾക്ക് ഇതിന്റെ ഇലകൾ ലേപനമായി ഉപയോഗിക്കാറുണ്ട്.
ഔഷധമെന്ന നിലയിൽ ഇവ ഉപയോഗിക്കുമ്പോൾ വൈദ്യോപദേശം തേടേണ്ടതാണ്.

സംസ്ക്കരണം
നന്നായി മൂത്ത ചതുരപ്പുളിയുടെ മാംസളമായ കാമ്പ് അരച്ചെടുത്ത് പൾപ്പാക്കി ഇതിൽ തുല്യ അളവിൽ പഞ്ചസാരയും ചേർത്ത് ജാം തയ്യാറാക്കാം. ജാം കൂടുതൽ നാൾ കേടാകാതിരിക്കുവാൻ സിട്രിക്ക് ആസിഡും ചേർക്കാവുന്നതാണ്.
പഴത്തിന്റെ പൾപ്പ് നേർത്ത തുണിയിൽ കെട്ടി പിഴിഞ്ഞെടുത്ത ചാറ് ഉപയോഗിച്ച് സ്ക്വാഷ് തയ്യാറാക്കാം.
വിലുമ്പി ക്കായ മുറിക്കാതെ ഉപ്പിലിട്ട് അതിന്റെ നീര് 20 മില്ലി എടുത്ത് നേർപ്പിച്ച് ദിവസവും കഴിക്കുന്നത് കൊഴുപ്പ് കുറക്കാൻ സഹായിക്കും.
എംകെപി മാവിലായി
മാനസിക സമ്മർദ്ദം കുറക്കാനുപകരിക്കുന്ന രാസവസ്തുക്കൾ ഈ പഴത്തിലുണ്ട് ലോകവിപണിയിൽ താരമായി പാഷൻഫ്രൂട്ട്
എം കെ പി മാവിലായി
പാഷൻ ഫ്രൂട്ട് നമ്മുടെ നാട്ടിൽ വളരെക്കാലം മുൻപ് തന്നെ മരത്തിലും മതിലിലും കയറ്റി വിട്ട് കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും ഈയടുത്തകാലത്താണ് ഇതിന് വളരെയധികം പ്രാധാന്യം വന്നു തുടങ്ങിയത്.
മാനസിക സമ്മർദ്ദം കുറക്കാനുപകരിക്കുന്ന രാസവസ്തുക്കൾ ഈ പഴത്തിലുണ്ടെന്ന കണ്ടുപിടിത്തം ലോക വിപണിയിൽ ഇതിനെ കൂടുതൽ പ്രിയങ്കരമാക്കി.

സസ്യ വിവരണം
പാസിഫ്ളോറേസിയേ (Passifloraceae) കുടും ബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം പാസിഫ്ളോറ എഡുലിസ്(Passiflora edulis) എന്നാണ്. തെക്കെ അമേരിക്കയാണ് സ്വദേശം. ഇത് പടർന്ന് വളരുന്ന വളളിയാണ്. താങ്ങ് മരമോ, പന്തലോ ഇതിന്റെ വളർച്ചക്ക് ആവശ്യമാണ്. അതീവ ആകർഷകമാണ് ഇതിന്റെ പൂക്കൾ .നമ്മുടെ കാലാവസ്ഥയിൽ ശക്തമായ മഴക്കാലമൊഴികെ ഇവ പൂക്കുകയും കായ്ക്കുകയും ചെയ്യും. കായ്കൾക്ക് ഗോളാകൃതിയാണ്. ഇവയിൽ വ്യത്യസ്ഥ ഇനങ്ങൾ പ്രചാരത്തിലുണ്ട്. ഇവയിൽ
ഇളം മഞ്ഞ നിറത്തിലുളളതും ഇളം പർപ്പിൾ നിറത്തിൽ കായ്കൾ ഉളള ഇനങ്ങളുമാണ് നമ്മുടെ നാട്ടിൽ യോജിച്ചതായി കാണുന്നത്. കട്ടിയുള്ള തൊണ്ടോടു കൂടിയ പാഷൻ ഫ്രൂട്ടിന്റെ അകത്ത് നിറയെ വിത്തുകളാണ്. വിത്തിന് ചുറ്റും ആവരണമായി കാണുന്ന പഴച്ചാറാണ് ഭക്ഷ്യയോഗ്യമായ ഭാഗം.
കൃഷി രീതി
വെളളം കെട്ടി നിൽക്കാത്ത ഏത് തരംമണ്ണിലും ഈ ചെടി നന്നായി വളരും. കടുത്ത ചൂടും അതിശൈത്യവും പാടില്ല. വിത്തുമുളപ്പിച്ചും തണ്ടുകൾ മുറിച്ച് നട്ടും കൃഷി ചെയ്യാം. ആറ് – ഏഴ് മാസം വളർച്ചയെത്തിയതും പൂവിടാത്തതുമായ കമ്പുകളാണ് മുറിച്ച് നടാൻ അനുയോജ്യം. അടിഭാഗത്തെ രണ്ട് മുട്ടിലുളള ഇലകൾ നീക്കം ചെയ്ത ശേഷം നടാനായി ഉപയോഗിക്കാം. തണ്ട് നട്ട് രണ്ട് മൂന്നാഴ്ചക്കുളളിൽ
തളിർപ്പുകൾ വന്നു തുടങ്ങും. ഒരു വർഷത്തിനുളളിൽ ഇവ നന്നായി പടർന്നു കയറും.
നടുമ്പോൾ രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് അത് മേൽമണ്ണും പഴകിയ ചാണകപ്പൊടിയും കലർത്തി നിറക്കണം. വളളിനടുന്നതിന് ഒരു മാസം മുമ്പ് ഇത് ചെയ്ത് വെക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് ചെടിക്ക് ചുറ്റും വെളളം കെട്ടി നിൽക്കുന്നില്ലെന്നുറപ്പ് വരുത്തണം.
വിത്ത് നട്ടും തൈകളാക്കാം. ശേഖരിച്ച വിത്തുകൾ ഒരു ദിവസം ചെറുനാരങ്ങാ നീരിൽ ഇട്ടു വെക്കണം. ഇത് വെള്ളത്തിൽ കഴുകിയ ശേഷം നടാനായി ഉപയോഗിക്കാം. ഇങ്ങിനെ ചെയ്യുന്നത് മൂലം വിത്ത് എളുപ്പം കിളിർത്തുവരും.

മഞ്ഞ, പർപ്പിൾ നിറത്തോടു കൂടിയ ഇനങ്ങൾക്ക് പുറമെ ഈ രണ്ടിനങ്ങളുടേയും സങ്കരണത്തിലൂടെ ഇന്ത്യൻ ഹോർട്ടിക്കൾച്ചറൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഇനമാണ് കാവേരി. പർപ്പിൾ നിറമുള്ള കായ്കളാണ് ഈ ഇനത്തിൽ ഉണ്ടാവുക. മജ്ജക്ക് മധുരം കൂടുതലാണ്. മറ്റുള്ളവ കായ്ക്കാൻ ആറ് മാസമെടുക്കുമ്പോൾ ഇത് നട്ട് നാലാം മാസം തന്നെ കായ്ക്കുകയും ചെയ്യും. ഉൽപ്പാദന ക്ഷമതയും കൂടുതലാണ്.
വേനൽക്കാലത്ത് പൊതുവെ ഇവ ഇലകൾ പൊഴിക്കാറുണ്ട്. കടുത്ത വേനലിൽ തണ്ടുകൾ ഉണങ്ങാനും സാധ്യതകളുണ്ട്. അടുത്ത മഴക്കാലത്ത് വീണ്ടും പുതിയ തളിർപ്പുകൾ ഉണ്ടാവും. ഈ പുതിയ തളിർപ്പുകളിലാണ് പൂക്കളും കായ്കളും കൂടുതലായി ഉണ്ടാവുക.
ഒരു ചെടിയിൽ നിന്നും വർഷം പ്രതി ശരാശരി 10 കി.ഗ്രാം കായ്കൾ ലഭിക്കും. മൂത്ത് പഴുക്കുമ്പോൾ വിളവെടുപ്പ് നടത്താം. സപ്തംബർ-ഒക്ടോബർ, മെയ്-ജൂൺ മാസങ്ങളിലാണ് ധാരാളം കായ്കൾ ഉണ്ടാവുക. നനക്കുകയും നല്ല പരിചരണം നൽകുകയും ചെയ്താൽ വർഷം മുഴുവൻ ഇവ കായ്ക്കുന്നതായി കണ്ടിട്ടുണ്ട്. വർഷം പ്രതി 5 കി.ഗ്രാം ചാണകവും, അര കി.ഗ്രാം വീതം കടലപിണ്ണാക്കും, എല്ലുപൊടിയും നൽകിയാൽ ആവശ്യമായ വളമായി. ചെടിയിലെ ശോഷിച്ചതും , ആരോഗ്യം കുറഞ്ഞതുമായ ശാഖകൾ മുറിച്ചു മാറ്റുകയും വേണം. മഞ്ഞുകാലമാണ് ഇതിന് അനുയോജ്യം.

പോഷക ഗുണം
പാഷൻ ഫ്രൂട്ടിന്റെ 100 ഗാം കഴമ്പിൽ 2 മില്ലിഗ്രാം ഇരുമ്പ്, 189 മില്ലിഗ്രാം പൊട്ടാസ്യം, 60 മില്ലിഗ്രാം ഫോസ്ഫറസ്, 54 അന്തർദ്ദേശീയ യൂണിറ്റ് കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിന്റെ ജ്യൂസിന് പുളിരസം പ്രധാനം ചെയ്യുന്നത് മുഖ്യമായും സിട്രിക്ക് അമ്ലവും (Citric acid), മാലിക് അല്ലവും (Malic acid) ആണ്. ഇത് കൂടാതെ അസ്കോർബിക് അമ്ലവും ( Ascorbic acid) ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ഹാർമേൻ (Harmane), ഹാർമൈൻ (Harmine) , ഹാംലൈൻ(Harm line) , ഹാർമോൾ (Harmole), പാസിഫ്ളോറിൻ (Passiflorine) തുടങ്ങിയ ആൽക്കലോയിഡുകൾ ഈ പഴത്തിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്. പാഷൻ ഫ്രൂട്ടിലുള്ള ഫ്ളേവനോയിഡുകളാണ് മന സംഘർഷത്തെ ലഘൂകരിക്കാൻ ഉപകരിക്കുന്നത്.
പഴത്തിലടങ്ങിയിട്ടുള്ള ഹാർമേൻ എന്ന ആൽക്കലോയിഡിന് അധിക രക്തസമ്മർദ്ദം കുറക്കുവാനും നിദ്ര പ്രധാനം ചെയ്യുവാനുമുള്ള കഴിവുണ്ട്. ഇതിലെ ഡയറ്റി നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ നീക്കം ചെയ്യുവാൻ സഹായിക്കുന്നു.

ബി – കോംപ്ലക്സ് വിറ്റാമിനുകളുടെ അഭാവം കൊണ്ടുണ്ടാകുന്ന വായ്പ്പുണ്ണ് മാറ്റാനും പാഷൻ ഫ്രൂട്ട് ശീലമാക്കുന്നത് കൊണ്ട് സാധിക്കും.
വിദേശ രാജ്യങ്ങളിൽ പ്രധാനമായും വിവിധ ഔഷധനിർമ്മാണത്തിനായാണ് ഈ പഴത്തെ പ്രയോജനപ്പെടുത്തുന്നത്.
എംകെപി മാവിലായി
കാഴ്ചയിൽ ഒരു ഉദ്യാന സസ്യം പോലെ നിറയെ ഇലകളും മുള്ളുകളുമുളള കരോണ്ട ചെറി കായ്ച്ച് നില്‍ക്കുന്നത് മനോഹര കാഴ്ചയാണ്.
അപ്പോസൈനേസ്യേ (A pocynaceae) കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രനാമം കരൈ സ കരൺഡാസ് (Carissa carandas) എന്നാണ്.
യൂറോപ്പ് ആണ് ചെടിയുടെ ജന്മദേശമായി അറിയപ്പെടുന്നത്. പൊതുവെ എല്ലാതരം മണ്ണിലും ഇത് വളരുമെങ്കിലും എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യം. ശാഖകളും ഉപശാഖകളുമായി വളരുന്ന കരോണ്ട ചെടികളുടെ പരമാവധി ഉയരം അഞ്ച് മീറ്ററോളമാണ്. ചെടിയുടെ ഫലമുൾപ്പടെ എല്ലാ ഭാഗങ്ങളിലും വെളുത്ത പാൽപോലുള്ള കറയുണ്ടാകും. നമ്മുടെ കാലാവസ്ഥയിൽ ജനുവരി മുതൽ പുഷ്പിക്കുന്ന ചെടിയിൽ കായ്കൾ ഉണ്ടാക്കുന്നത് ഏപ്രിൽ , മെയ് മുതലാണ്. ഇവയുടെ പൂക്കൾ വെളുത്തതും സുഗന്ധികളുമാണ്.
രണ്ടോ മൂന്നോ പൂക്കളുള്ള കുലകളായാണ് കാണുക. രണ്ടര സെ.മീറ്റർ വരെ നീളമുള്ള ഫലത്തിന്റെ രണ്ടറ്റവും ഉരുണ്ടതാണ്. നാലോ അഞ്ചോ വിത്തുകൾ ഒരു ഫലത്തിൽ കാണും.

കൃഷി രീതി
സാധാരണയായി വിത്തുപയോഗിച്ചാണ് വംശവർധനവ്. നന്നായി മൂത്ത കായ്കളിൽ നിന്നും വിത്ത് ശേഖരിക്കാം. ഇവ അധിക നാൾ കഴിയുംമുമ്പേ പാകണം. പഴകുന്തോറും വിത്തിന് കിളിർപ്പ് ശേഷി കുറയും. വിത്ത് നട്ട് ഒന്നര മാസം വരെ എടുക്കും കിളിർത്ത് വരാൻ. പോളിത്തീൻ ബാഗിൽ വിത്ത് മുളപ്പിച്ച് തൈകളാക്കുന്നതാണ് എളുപ്പം. തൈകൾ ഒരു വർഷത്തെ വളർച്ചയെത്തിയാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി
നടാം. ചെടിയുടെ ശാഖകളിൽ ലെയറിങ്ങ് അഥവാ പതിവെക്കൽ നടത്തിയും എളുപ്പം തൈകൾ തയ്യാറാക്കാം. ഇത്തരം ലെയറുകൾ നട്ടാൽ അടുത്ത വർഷം മുതൽ ഇവ കായ്ച്ച് തുടങ്ങും. വിത്ത് തൈകളാണെങ്കിൽ കായ്ക്കാൻ മൂന്ന് വർഷം എടുക്കും.
ഈർപ്പമുളളതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണെങ്കിൽ ചെടികളിൽ സമൃദ്ധമായി കായ്കൾ ഉണ്ടാകും.
കായ്കൾ പല പ്രാവശ്യമായിട്ടാണ് മൂപ്പെത്തുന്നത്. കായ്കൾ മൂപ്പെത്തി പൊഴിയും മുമ്പേ വിളവെടുക്കണം. സാധാരണ രീതിയിൽ വിളവെടുത്ത പഴങ്ങൾ 5 ദിവസം വരെ കേടുകൂടാതിരിക്കും. ഫ്രിഡ്ജിൽ രണ്ടാഴ്ച വരെ കേടാകാതെ സൂക്ഷിക്കാം.
പോഷക ഗുണം.
90 ശതമാനം ജലാംശം അടങ്ങിയിട്ടുളള ഫലത്തിൽ 1.5 ശതമാനം ഭക്ഷ്യയോഗ്യമായ നാരുകളും , 2.9 മി.ഗ്രാം അന്നജവും , 9.5 മി.ഗ്രാം മാംസ്യവും 2.9 മി.ഗ്രാം കൊഴുപ്പുമുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, ബി1, ബി2, ബി3, എന്നീ ജീവകങ്ങളും കാണപ്പെടുന്നു. ധാതുലവണങ്ങളായ കാൽസ്യം, ഫോസ്ഫറസ് എന്നിവയും ഉണ്ട് . കേക്കുകൾ, മധുര പലഹാരങ്ങൾ തുടങ്ങിയവയിൽ ചെറിപ്പഴം ചേർക്കാറുണ്ട്. ചെറിപ്പഴത്തിന്റെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ സലാഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ചെടിയുടെ തായ്ത്തടിയിൽ നിന്നും ഊറി വരുന്ന പശപോലുള്ള പദാർത്ഥം ച്യൂയിംഗമായി ഉപയോഗിക്കാറുണ്ട്.
ഔഷധ ഗുണം
ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ഫലത്തിൽ അടങ്ങിയിട്ടുണ്ട്.
പഴത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് സ്ട്രോക്ക്, ഹൃദ്രോഗം എന്നിവക്കുള്ള സാധ്യത കുറക്കും.
ആൽക്കലിൻ സ്വഭാവമുളള പഴമായതിനാൽ ദഹനക്കുറവും , അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും
പഴത്തിന്റെ ഉപയോഗം മൂലം സാധ്യമാകും.
സംസ്കരണം
കായ്കളിലെ കറ നീക്കം ചെയ്തു വേണം ഇവ ഭക്ഷ്യയോഗ്യമാക്കാൻ. ബേക്കറിയിൽ കിട്ടുന്നത് നമ്മുടെ നാട്ടിലുണ്ടാകുന്ന ചെറിയുടെ കായ്കൾ സംസ്ക്കരിച്ചുണ്ടാക്കുന്നതാണ്.
പഴങ്ങൾ നന്നായി കഴുകിയ ശേഷം ഒരു തുണിയിൽ കിഴികെട്ടി തിളക്കുന്ന വെള്ളത്തിൽ ഒന്ന് – രണ്ട് മിനുട്ട് നേരം മുക്കിയിടണം. ഇതിന് ശേഷം മൂർച്ചയുളള കത്തി ഉപയോഗിച്ച് കായ്കളുടെ ഒരു വശം മാത്രം നെടുകെ മുറിച്ച് വിത്തുകൾ നീക്കം ചെയ്യണം. തുടർന്ന് കായ്ക്കുള്ളിലെ കറ നീക്കുന്നതിനായി നാല് ശതമാനം വീര്യമുള്ള ചുണ്ണാമ്പ് ലായനിയിൽ പത്ത് – പന്ത്രണ്ട് മണിക്കൂർ ഇട്ട് വെക്കണം. 40 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെളളത്തിൽ കലർത്തിയാൽ മേൽ കാണിച്ച വീര്യത്തിലുളള ചുണ്ണാമ്പ് ലായനിയാക്കാം. കായ്കൾ ചുണ്ണാമ്പ് ലായനിയിൽ നിന്നും മാറ്റി നന്നായി ശുദ്ധവെള്ളത്തിൽ കഴുകിയെടുക്കണം.
അടുത്ത പടിയായി കായ്കൾക്ക് ആകർഷകമായ നിറവും രുചിയും കിട്ടുന്നതിനായി പഞ്ചസാര ലായനിയിലേക്ക് മാറ്റണം. ഇതിനായി ഒരു കി.ഗ്രാം പഞ്ചസാര അര ലിറ്റർ വെള്ളത്തിൽ അലിയിച്ച് അതിൽ കായ്കളിടാം. ഇത്രയും ലായനി ഒരു കി.ഗ്രാം പഴത്തിന് മതിയാകും. ഭക്ഷ്യ യോഗ്യമായ ചുവപ്പ് നിറം ഈ പഞ്ചസാര ലായനിയിൽ ചേർക്കുന്നത് കായ്കൾക്ക് ആകർഷകമായ നിറം കിട്ടാൻ ഉപകരിക്കും. കായ്കൾ ഒരു ദിവസം ഈ ലായനിയിൽ ഇട്ടു വെക്കുക. ഈ സമയത്ത് കായ്ക്കുളളിലെ ജലാംശം ലായനിയിലേക്ക് ഇറങ്ങി വരും. ഒരു ദിവസത്തിനുശേഷം ലായനിയിൽ നിന്നും കായ്കൾ പുറത്തേക്ക് എടുക്കണം. ലായനി തിളപ്പിച്ച് അധികമുളള ജലാംശം നീക്കം ചെയ്യാം. ഭാഗികമായി സംസ്ക്കരിച്ചെടുത്ത കായ്കൾ വീണ്ടും പഞ്ചസാരസിറപ്പിലേക്ക് ഇടുക. ഈ പ്രക്രിയ രണ്ടു മൂന്നു പ്രാവശ്യം ആവർത്തിക്കണം. ഇതിനു ശേഷം പഞ്ചസാര സിറപ്പിൽ കായ്കൾ ഇട്ട് കുറച്ചു സമയം തിളപ്പിച്ചതിനു ശേഷം കായ്കൾ ലായനിയിൽ നിന്നും പുറത്തേക്ക് എടുക്കണം.
കായ്കൾ കൂടുതൽ കാലം സൂക്ഷിക്കുവാനായി പുതിയതായി തയ്യാറാക്കിയ പഞ്ചസാര സിറപ്പിലേക്ക് മാറ്റാം. ഒരു കി.ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെളളത്തിൽ ലായനിയാക്കിയതിൽ കായ്കൾ ഇട്ടുവെക്കാം.
കായ്കൾ കേടാകാതിരിക്കുവാൻ ഒരു ഗ്രാം സോഡിയം ബെൻസോവേറ്റ്, 5 ഗ്രാം സിട്രി ആസിഡ് ഇവ രണ്ടും ലായനിയിൽ ചേർക്കാവുന്നതാണ്.
ബേക്കറികളിലേയും പലഹാരക്കടകളിലേയും ചില്ലു ഭരണികളിൽ നീന്തിത്തുടിക്കുന്ന ചുവന്ന ചെറിപ്പഴങ്ങൾ കാണുമ്പോൾ ഈ കുഞ്ഞു പഴത്തിന്റെ ഭൂതകാല ചരിത്രം പലർക്കും അറിയില്ലെന്നതാണ് സത്യം.
എ കെ പി മാവിലായി
ഇന്ത്യ , ശ്രീലങ്ക ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും സ്വാഭാവികമായി കണ്ടുവരുന്ന ഞാവൽ മരം ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരുപോലെ പവിത്രമായി കരുതുന്ന ഒരു ഫലവൃക്ഷമാണ് .സിസിജിയം കുമിനി( Syzygium cumini) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി
മിർട്ടേസിയേ (Myrtaceae) കുടുംബാംഗമാണ്.

ഇന്ത്യയാണ് ഞാവലിന്റെ സ്വദേശം .വളരെ വേഗത്തിൽ വളരുന്ന ഇവയ്ക്ക് 30 മീറ്ററോളം ഉയരത്തിൽ വളരാനാകും . മാത്രമല്ല നൂറ് വർഷത്തിലധികം ആയുസ്സുമുണ്ട്. മങ്ങിയ വെളുത്ത നിറമുളള പൂക്കൾ കുലകളായി നേരിയ നറുമണമായി വിരിഞ്ഞു വരും. മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് പുക്കൾ വിരിയുന്നത്.
കായ്കൾ പച്ചനിറത്തിലാണ് ആദ്യം. പിന്നീട് പിങ്ക്, പർപ്പിൾ നിറങ്ങളിലായി മാറുന്നു. വിളവെടുപ്പിനടുക്കുമ്പോൾ ഏതാണ്ട് വയലറ്റ് കലർന്ന കറുപ്പ് നിറത്തിലാണ് കാണപ്പെടുക. പൂക്കൾ ഒരു മാസം കൊണ്ട് മൂത്ത് പഴുത്ത ഫലമായി മാറും. കുട്ടികൾക്ക് പ്രിയങ്കരമാണ് ഞാവൽപ്പഴം. പഴത്തിനുളളിൽ ഉരുണ്ടതും അകം കട്ടിയുളളതുമായ ഒരു വിത്ത് കാണാം. പരമ്പരാഗതമായി വിത്തുപയോഗിച്ചാണ് ഞാവൽ വൃക്ഷം വളർത്തിയെടുക്കുക. തൈകൾ എട്ടു വർഷത്തെ വളർച്ചയെത്തിയാൽ കായ്ച്ച് തുടങ്ങും. ഇപ്പോൾ ഇതിന്റെ ഒട്ടുതൈകൾ നഴ്സറികൾ ലഭ്യമാണ്. ഇവ നട്ട് പരിചരിച്ചാൽ നാല് വർഷത്തിനകം വിളവെടുക്കാനാവും.
രാസഘടന
ഞാവൽ പഴത്തിന്റെ വിത്തിൽ ജാംബാെലിൻ (Jambolin) എന്ന ഗ്ലൈക്കോസൈഡും ജാംബോസൈൻ(Jamposene) എന്ന മറ്റൊരു രാസ പദാർത്ഥവുമടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ ആന്തോസയാനിൻ ( Anthocyanin ) എന്ന വർണകമാണ് ഫലത്തിന് കടുത്ത നിറം നൽകുന്നത്. ഫലത്തിന് ചവർപ്പ് രസം നൽകുന്നത് ഗാലിക് അമ്ലം (Gallic acid) ആണ്. ഐസോ ക്യൂർ സെറ്റിൻ (Isoquercetin), കാംപ് ഫറോൾ (kampferol), മാൾവിഡിൻ (Maluidin), പെറ്റ്യുണിഡിൻ (Petuni din) എന്നിവയാണ് ഈ ഫലവൃക്ഷത്തിൽ കാണപ്പെടുന്ന മറ്റു രാസഘടകങ്ങൾ.

പോഷകങ്ങൾ
100 ഗ്രാം ഞാവൽപ്പഴത്തിൽ 48 അന്തർദ്ദേശീയ യൂണിറ്റ് കരോട്ടിൻ, 18 മില്ലിഗ്രാം വിറ്റാമിൻ സി, 55 മില്ലി ഗ്രാം പൊട്ടാസ്യം, 15 മില്ലിഗ്രാം വീതം ഫോസ്ഫറസ്, കാൽസ്യം, 26 മില്ലിഗ്രാം
സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ തോത് 14 ശതമാനവും മാംസ്യത്തിന്റേത് 0.7 ശതമാനവുമാണ്.
ഔഷധ പ്രാധാന്യം
പ്രമേഹശമന ശേഷിയുള്ള പഴങ്ങളിൽ മുഖ്യമാണ് ഞാവൽ. പാൻക്രിയാസ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുവാൻ ഇതിനാവും. ഞാവൽക്കുരു ഉണക്കിപ്പൊടിച്ചത് 3 ഗ്രാം വീതം വെള്ളത്തിൽ കലർത്തി ദിവസവും നാല് നേരം കഴിക്കുന്നതിനാണ് വൈദ്യ നിർദ്ദേശം. പൈൽസ് ശമിക്കാൻ ഞാവൽ പഴം വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ഞാവൽ പഴ സിറപ്പ് കഴിക്കുന്നത് വിളർച്ച, രക്തസമ്മർദ്ദം, മൂത്രതടസ്സം, വയറിളക്കം എന്നിവക്ക് ആശ്വാസകരമാകും.
ഇതിന്റെ ഇലക്കും, തടിയിലെ തൊലിക്കും ഔഷധ പ്രാധാന്യമുണ്ട്.
വൈദ്യശാസ്ത്ര രംഗത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഞാവൽ എന്ന ഞാറക്ക .
ജംബു എന്നാണ് സംസ്കൃതത്തിൽ ഈ ഫലം അറിയപ്പെടുന്നത്.
എംകെപി മാവിലായി
പിണറ്റുപുളി, പെണംപുളി, തോട്ടു പുളി, കൊറുക്ക പുളി എന്നിങ്ങന്നെ കുടമ്പുളി വിവിധ
പേരുകളിലറിയപ്പെടുന്നു. ക്ലോസിയേസിയേ ( Clausiaceae ) സസ്യകുടുംബത്തിൽ പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഗാർസീനിയ ഗമ്മിഗട്ട (Garcinia gummigutta) എന്നാണ്.
പശ്ചിമഘട്ട മലനിരകളിലെ നിത്യ ഹരിത വനങ്ങളുടെ സന്തതിയായ കുടമ്പുളി മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളാണ് കൂടുതലായും കാണുന്നത്.
കുടമ്പുളിയിൽ ആൺ മരങ്ങളും , ആൺ-പെൺ മരങ്ങളും ഉണ്ട്. ആൺ മരത്തിൽ കായുണ്ടാകില്ല. വിത്ത് മുളച്ചുണ്ടാകുന്ന തൈകളിൽ പകുതിയിലേറെയും ആൺ വർഗ്ഗമായിരിക്കും. പെൺ മരങ്ങളാകട്ടെ കായ്ക്കുവാൻ പത്ത് – പന്ത്രണ്ട് വർഷങ്ങൾ എടുക്കും. ഒട്ടുതൈകൾ ഉപയോഗിച്ചാൽ ഇവ മൂന്ന് വർഷത്തിനുളളിൽ കായ്ച്ച് തുടങ്ങും.
വിത്ത് തൈകൾ തയ്യാറാക്കാനാണെങ്കിൽ നന്നായി കായ്ക്കുന്ന മരങ്ങളിൽ നിന്നും ശേഖരിച്ച വിത്തുകളുടെ മാംസളമായ ഭാഗങ്ങൾ കഴുകി കളഞ്ഞതിനു ശേഷം തണലിൽ മൂന്നാഴ്ചയോളം ഉണക്കണം. തുടർന്ന് വിത്തുകൾ മണ്ണ് നിറച്ച പോളിത്തീൻ ബാഗിലോ തയ്യാറാക്കിയ നഴ്സറിയിലോ നടാം. ഓഗസ്ത് – സപ്തംബർ മാസങ്ങളാണ് വിത്തിടാൻ അനുയോജ്യം. വിത്ത് മുളച്ച് പൊങ്ങാൻ അഞ്ച് – ആറ് മാസമെടുക്കും.
വിത്തിന്റെ പുറം തൊലി ഉള്ളിലെ പരിപ്പിന് യാതൊരു കേടും സംഭവിക്കാതെ വളരെ ശ്രദ്ധയോടെ
നീക്കം ചെയ്തതിനു ശേഷം നടുകയാണെങ്കിൽ വിത്ത് ഒരു മാസത്തിനകം മുളച്ച് പൊങ്ങും.
പരമാവധി വളർച്ചയെത്തിയ മരത്തിന് 20 മീറ്ററി ലധികം ഉയരവും 75 സെ.മീറ്റർ വരെ വ്യാസവും വയ്ക്കും.
ഒട്ടുതൈകൾ നട്ടാൽ ശാഖകൾ കോതി വലുപ്പം ക്രമീകരിച്ച് കുറച്ച് സ്ഥലം മാത്രം ഉപയോഗിച്ച് പരിപാലിക്കാൻ സാധിക്കും. കുടമ്പുളിയുടെ പൂവിടൽ കാലം ഡിസംബർ- മാർച്ച് മാസങ്ങളിലാണ്.
മഞ്ഞ കലർന്ന വെളളനിറമാണ് പൂക്കൾക്ക് . ആൺപൂക്കൾ പെൺപൂക്കളേക്കാൾ ചെറുതാണ്. വിളഞ്ഞു കഴിഞ്ഞാൽ കായ്കൾ മഞ്ഞ നിറത്തിലാകും. കായ്കൾക്ക് ആറ് സെ.മീറ്ററോളം വ്യാസമുണ്ട്. പുറത്ത് എട്ട് പത്ത് പൊഴി കാണും. ഉള്ളിൽ എട്ട് പത്തു വിത്തുകളുണ്ടാകും. മാംസളമായ തോട് ഉണക്കിയെടുക്കുന്നതാണ് വാണിജ്യപ്രാധാന്യമേറിയ കുടമ്പുളി .

ഇന്ന് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കുടമ്പുളിമരങ്ങളിലധികവും വിത്ത് മുളച്ച് വളർന്നു വന്നവയാണ്. ഇതേ കുടമ്പുളിയുടെ സഹോദരങ്ങളാണ് മാങ്കോസ്റ്റീനും പുണർപ്പുളിയും. ഈ വൃക്ഷത്തിന്റെ വ്യാവസായിക ഉപയോഗം പ്രചരിച്ചതോടെ എല്ലാവർക്കും പെട്ടെന്ന് വിളവെടുപ്പിന് തയ്യാറാകുന്ന ഇനം വേണമെന്നായി.
ഈ അവസരത്തിലാണ് കാർഷിക സർവ്വകലാശാലയുടെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഇതിൽ ഒട്ടു സാങ്കേതിക വിദ്യ വികസിപ്പിച്ചത്. 2015 ൽ ഇവിടെ നിന്നും പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുളള ഇനങ്ങളാണ് അമൃതയും ഹരിതയും. വർഷത്തിൽ
ശരാശരി 500 – 1000 കായ്കൾ ലഭിക്കുന്ന ഇവയിൽ നിന്നും 10 മുതൽ 16 കി.ഗ്രാം വരെ ഉണങ്ങിയ തോട് പ്രതീക്ഷിക്കാം. ഇതിൽ വ്യാവസായികാവശ്യത്തിനുളള ഹൈഡ്രോക്സി സിട്രിക് ആസിഡ് 16 – 19 ശതമാനം വരെ ഉണ്ട്.
രാസഘടന
കുടംപുളിക്ക് നേരിയ മധുരമുള്ള പുളിരസമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിവിധ തരം അമ്ലങ്ങളാണ് പുളിരസം നൽകുന്നത്. ഹൈഡ്രോക്സി സിട്രിക്ക് അമ്ലം (Hydroxy citric acid), മാലിക് അമ്ലം (Malic acid), ടാർടാറിക് അമ്ലം (Tartaric acid) എന്നിവയാണ് മുഖ്യമായവ. ഗാർസിനോൾ ( Garcinol) , ഐസോ ഗാർസിനോൾ (Isogarcinol) എന്നിവയാണ് മറ്റു രാസഘടകങ്ങൾ.

സംസ്ക്കരണം
പച്ചക്കായ്കൾ അഞ്ചു ദിവസത്തിൽ കൂടുതൽ വെച്ചിരുന്നാൽ കേടായിപ്പോകുമെന്നതിനാൽ അവ ഉണക്കി സൂക്ഷിക്കണം. കായ്കൾ രണ്ടായി മുറിച്ച് അരികൾ ഉൾക്കൊള്ളുന്ന മാംസളമായ ഭാഗം നീക്കുന്നു. 50-55 ശതമാനം വരുന്ന തോട് പഴങ്ങളിൽ നിന്ന് ഊറി വരുന്ന ചാറിൽ മുക്കി പല തവണ ഉണക്കുന്നു. ഉപ്പു ചേർത്തും ചേർക്കാതെയും കുടമ്പുളി ഉണക്കി എടുക്കുന്നു.

ഔഷധ – വാണിജ്യപ്രാധാന്യം
കുടംപുളി ഔഷധമായും ആഹാരമായും പ്രാചീന കാലം മുതൽക്കേ ഉപയോഗിച്ചു വരുന്നു.
കായ്കളിൽ നിന്നും ലഭിക്കുന്ന കോക്കം ബട്ടർ അമൂല്യ ഉൽപ്പന്നമാണ്. വളരെയേറെ പോഷക പ്രധാനമാണിത്. ഒരു ശമനൗഷധവും കൂടിയാണ്. വേദനക്ക് ആശ്വാസം പകരുന്നു. മുറിവുകൾ ഉണക്കാനും ഉത്തമമാണിത്. ചോക്ലേറ്റും മറ്റു ബേക്കറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
മലബന്ധം, ഹൃദ്രോഗം, അജീർണം, വാത രോഗം, വായുക്ഷോഭം എന്നിവ അകറ്റുന്ന ഒരു സിദ്ധൗഷധവും കൂടിയാണ് കുടമ്പുളി . അലർജി, പൊളളൽ തുടങ്ങിയവക്കും ഫലപ്രദമായ മരുന്നാണ്.
തളിരില , വിത്ത്, വേരിന്റെ തൊലി എന്നിവയും ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്.
2012 ൽ അമേരിക്കൻ ഡോക്ടരായ ഓസ് ആണ് ഈ പഴത്തിന്റെ സത്തിൽ ശരീര ഭാരം കുറക്കാനുള്ള ഘടകങ്ങൾ ഉണ്ടെന്ന് ആദ്യമായി കണ്ടുപിടിച്ചത്. ശരീരത്തിലെ എനർജി വർദ്ധിപ്പിക്കുവാനും , വിഷാംശത്തെ പുറന്തള്ളാനും ഹൃദയ സംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുവാനും ഇവക്ക് കഴിവുണ്ടെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് .
ശരീരഭാരം കുറക്കുന്നതിനുളള ഫൈറ്റോ കെമിക്കലായ ഹൈഡ്രോ സിട്രിക്കാസിഡ് (HCA ) ഉയർന്ന അളവിൽ ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്.
