ബീറ്റ്റൂട്ട് ഒരു സൂപ്പർഫുഡ് എന്ന പേരിൽ ഇടം പിടിച്ചിട്ടുള്ളതാണ്. മണ്ണിനടിയിൽ ഉണ്ടാകുന്ന ഈ പച്ചക്കറി പോഷകങ്ങളുടെ ഒരു കലവറയാണെന്ന് പറയപ്പെടുന്നു. വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഈ പച്ചക്കറി അസംസ്കൃതമായും പലതരം കറികളുടെ രൂപത്തിലും അച്ചാറിട്ടും ഒക്കെ നമ്മളെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നു.
ധാരാളം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ബീറ്റ്റൂട്ടിന്റെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ഇരുമ്പിന്റെ അംശം വളരെ കൂടുതൽ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. കൂടാതെ, ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന തളർച്ച, ക്ഷീണം എന്നിവ അകറ്റാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ്സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ രക്തോട്ടം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ അകറ്റാനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. നൈട്രേറ്റ്സിന് പുറമേ, ആന്റി ഓക്സിഡന്റുകളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.