ശാസ്ത്രനാമം: കേംപ് ഫെറിയ ഗലൻഗ (Kaemferia galanga)
സസ്യകുടുംബം : സിഞ്ചിബെറേസിയേ (Zingiberaceae)
നമ്മുടെ വീട്ടാവശ്യത്തിനും , സ്ഥലസൗകര്യമുണ്ടെങ്കിൽ വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യാവുന്ന ഔഷധമാണ് കച്ചോലം. തണലിലും വളരുമെന്നതിനാൽ തെങ്ങിൽ തോപ്പിലും മറ്റും ഇത് ഇടവിളയായും കൃഷിചെയ്യാം. വീട്ടുവളപ്പിൽ പല സ്ഥലത്തായി കച്ചോലം നട്ടുവളർത്തുന്നതു കൊണ്ട് പാമ്പുകളെ അകറ്റി നിർത്താമെന്നൊരു വിശ്വാസവുമുണ്ട്. പുസ്തകാലമാരകളിലും ഇരട്ടവാലൻ ശല്യം ഒഴിവാക്കാനും ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്.
സസ്യ വിവരണം
മഞ്ഞൾ, ഇഞ്ചി, തുടങ്ങിയവ ഉൾപ്പെടുന്ന സസ്യകുടുംബത്തിലെ ഒരു ബഹുവർഷ ഔഷധിയാണ് കച്ചോലം. ഇതിന്റെ ഇലകൾ മണ്ണിനോട് പറ്റി ചേർന്നാണ് വളരുന്നത്. മണ്ണിന് മുകളിൽ വ്യക്തമായ തണ്ട് ഉണ്ടാവില്ല.
ഇതിന്റെ കിഴങ്ങിന് പ്രത്യേക സൗരഭ്യം ഉണ്ടാകും. ചിലപ്പോൾ വേനലിൽ ഇലകൾ മുഴുവനായി കരിഞ്ഞു പോകും. മഴക്കാലത്തോടെ കിഴങ്ങുകൾ വീണ്ടും കിളിർത്ത് തളിരിടും. വെളുപ്പ് നിറത്തിലുളള പുക്കളിൽ പർപ്പിൾ നിറത്തിലുള്ള പുള്ളികൾ കാണാം.
പൂക്കൾക്ക് ഹൃദ്യമായ ഗന്ധമുണ്ട്.
മണ്ണും കാലാവസ്ഥയും
നല്ല നീർവാർച്ചയും ഫലഭൂയിഷ്ഠവുമായ മണ്ണാണ് കച്ചോല കൃഷിക്ക് യോജിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നതും മികച്ച വിളവ് നൽകുന്നതും. എന്നാൽ ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളിലും ഇവക്ക് നന്നായി വളരുവാനാകും.
കൃഷിരീതി
കാലവർഷാരംഭത്തോടെ മെയ് – ജൂൺ മാസങ്ങളിൽ കൃഷിയിറക്കാം. ഇഞ്ചികൃഷി ചെയ്യുന്ന രീതിയിൽ
സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് രണ്ട് ടൺ എന്ന തോതിൽ ജൈവ വളം ചേർത്ത് യോജിപ്പിച്ച് ഒരു മീറ്റർ വീതിയിലും . സൗകര്യമുള്ള നീളത്തിലും 25 സെ.മീറ്റർ ഉയരത്തിലുമുള്ള വാരങ്ങൾ എടുത്ത് കിഴങ്ങുകൾ നടാം. വാരങ്ങളിൽ 20 X 15 സെ.മീറ്റർ അകലത്തിൽ
നാല് – അഞ്ച് സെ.മീറ്റർ ആഴത്തിൽ ചെറിയ കുഴികളെടുത്ത്
ഒരു മുളയെങ്കിലും ഉള്ള കിഴങ്ങുകൾ മുഴുവനായോ കഷണങ്ങളായോ നടാനുപയോഗിക്കാം. ഒരു ഏക്കർ സ്ഥലത്തേക്ക് 300 കി.ഗ്രാം വിത്ത് വേണ്ടി വരും. വിവിധ സ്ഥലങ്ങളിലുള്ള നാടൻ ഇനങ്ങളാണ് പൊതുവെ കൃഷി ചെയ്യുന്നത്. രജനി, കസ്തൂരി എന്നീ ഉൽപ്പാദന ക്ഷമത കൂടിയ രണ്ട് ഇനങ്ങൾ കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയിട്ടുണ്ട്. ഈ ഇനങ്ങൾ നല്ല മണമുള്ളതും ഏക്കറിന് ശരാശരി ഉണങ്ങിയ കിഴങ്ങുകൾ 800 കി.ഗ്രാം വരെ നൽകുവാനുള്ള കഴിവുമുണ്ട്.
നട്ടതിന് ശേഷം ഏക്കറിന് ആറ് ടൺ എന്ന തോതിൽ പച്ചില യോ ഉണക്കിലയോ കൊണ്ട് തടങ്ങളിൽ പുതയിടുന്നത് നല്ലതാണ്.
ആവശ്യാനുസരണം കളനീക്കുക, മണ്ണ് കൂട്ടിക്കൊടുക്കുക , വളമിടുക തുടങ്ങിയവയാണ് മറ്റു കൃഷിപ്പണികൾ .
നല്ല മഴക്കാലത്ത് ഇല ചീയൽ രോഗം വരാൻ സാധ്യതയുണ്ട്. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം കൊണ്ട് മണ്ണ് കുതിർക്കുന്നത് രോഗപ്രതിരോധത്തിനുതകും.
വിളവെടുപ്പും ഉണക്കലും
ഇലകൾ ഉണങ്ങിത്തുടങ്ങുന്നത് വിളവെടുപ്പിനുള്ള സൂചനയാണ്. നട്ട് ഏഴ് – എട്ട് മാസം കൊണ്ട് സാധാരണ രീതിയിൽ വിളവെടുപ്പിനാകും. കിഴങ്ങുകൾക്ക് കേടു പറ്റാതെ പറിച്ചെടുത്ത് ഇലയും വേരുകളും നീക്കി കഴുകി ഉണക്കി കിഴങ്ങുകൾ മൂർച്ചയുള്ള കത്തി കൊണ്ട് അഗ്രഭാഗം ഒഴിച്ചു നിർത്തി വട്ടത്തിൽ അരിഞ്ഞെടുക്കണം. വൃത്തിയുള്ള പ്രതലത്തിൽ ഒരേ കനത്തിൽ നിരത്തി നാല് – അഞ്ച് ദിവസം വെയിലിൽ ഉണക്കണം. ഇത് വൃത്തിയാക്കിയ ശേഷം ചാക്കുകളിലാക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കണം.
കിഴങ്ങുകൾ നടീൽ വസ്തുക്കളായി സൂക്ഷിച്ചു വയ്ക്കുവാൻ പല സമ്പദായങ്ങളുമുണ്ട്. തണൽപദേശങ്ങളിൽ കുഴിയെടുത്ത് ചെളിയോ ചാണകമോ കൊണ്ട് മെഴുകി അതിനുള്ളിൽ വിത്ത് കിഴങ്ങുകൾ സൂക്ഷിച്ചു വയ്ക്കാം. കുഴികൾ പാണൽ ഇലകൊണ്ട് മൂടുന്നത് നല്ലതാണ്. വിത്ത് കിഴങ്ങുകൾ പാണൽ ഇലയിൽ നിരത്തി പുക കൊള്ളിക്കുന്നതും നല്ലതാണ് .
രാസഘടന
കച്ചോല കിഴങ്ങിൽ മുഖ്യമായും അന്നജവും ബാഷ്പീകരണ ശേഷിയുളള തൈലവുമാണ് അടങ്ങിയിട്ടുള്ളത്.
ഇതൈൽ – ട്രാൻസ്- പി – മെതോക് സിസിന്ന മേറ്റ് (Ethyl – trans- P – methoxy cinnamate), പെന്റാ ഡെക്കേൻ (Penta decane ) 1,8 – സിനിയോൾ ( 1 ,8 – cine ole), ബീറ്റാ കാരീൻ (B – carene ) , ബോനിയോൾ
( Borneol ) തുടങ്ങിയ രാസ പദാർത്ഥങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഔഷധ പ്രാധാന്യം
കച്ചോലത്തിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ നിവാരിണിയാണ്.
കച്ചോലം ചതച്ച് പിഴിഞ്ഞ് നീരെടുത്ത് അര ടീസ്പൂൺ വീതം രാവിലെ കൊടുക്കുന്നത് വിരശല്യത്തിന് പ്രതിവിധിയാണ്.
നീണ്ടു നിൽക്കുന്ന ഛർദ്ദിക്ക് പ്രതിവിധിയായി ഉണക്ക കച്ചോലം നല്ലതുപോലെ പൊടിച്ച് തേനിൽ കുഴച്ച് ദിവസം മൂന്ന് നേരം കൊടുക്കുന്നത് നല്ലതാണ്.
വെറ്റില മുറുക്കുമ്പോൾ വെറ്റിലക്കൊപ്പം കച്ചോലവും കൂടി മുറുക്കി നീരിറക്കുന്നത് എല്ലാ വിധ ശ്വാസരോഗങ്ങൾക്കും ആശ്വാസകരമാണ് .
മുടിക്ക് അഴകും സൗരഭ്യവും ലഭിക്കുന്നതിനായി ചെടിയുടെ ഇല സ്ത്രീകൾ താളിയായി ഉപയോഗിക്കാറുണ്ട്.
ഇന്ന് കച്ചോലം ചേരുവകളാക്കി നിരവധി ഔഷധങ്ങൾ തയ്യാറാക്കി വരുന്നുണ്ട്. കൂടാതെ ഇതിന്റെ ഇലയും കിഴങ്ങും സൗന്ദര്യ വർദ്ധക വസ്തുക്കളിലും, പൗഡറുകളിലും ഉപയോഗിക്കുന്നുണ്ട്.