Home കാർഷിക വിജയഗാഥകൾ ഹരിതഗൃഹ കൃഷിയിൽ പോഷകങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യാനാവണം

ഹരിതഗൃഹ കൃഷിയിൽ പോഷകങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യാനാവണം

എം കെ പി മാവിലായി

by krishippura
0 comment

രോഗകീട ബാധകളും അതുമൂലമുണ്ടാകുന്ന നഷ്ടവും കർഷകരെ നിരാശപ്പെടുത്താറുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്, കീടബാധ , നിമറ്റോഡ് തുടങ്ങിയവയേക്കാൾ ഹരിതഗൃഹ കൃഷിയിലെ വിളനാശത്തിന് കാരണമായി പലപ്പോഴും കണ്ടുവരുന്നത് പോഷക പോരായ്മകളായിട്ടാണ്
എന്റെ അനുഭവം.
ഓപ്പൺ കൃഷി രീതികളെ അപേക്ഷിച്ച് ഹരിതഗൃഹങ്ങളിലെ ചെടികൾക്ക് ഉൽപ്പാദന ക്ഷമത കൂടുതലാണ്. അതിനൊത്ത് പോഷക പ്രധാനങ്ങളായ ഭക്ഷണവും കിട്ടണം. ഹരിതഗൃഹ കൃഷിയിൽ നാം കൊടുക്കുന്നതല്ലാതെ പുറമെ നിന്ന് മറ്റു പോഷകങ്ങളൊന്നും കിട്ടാത്തതു കൊണ്ട് ഓരോ വിളകൾക്കും ലഭ്യമാക്കേണ്ട പോകാവശ്യം മനസ്സിലാക്കി, അവ ഏതളവിൽ ഏതെല്ലാം അളവിൽ എപ്രകാരം നൽകണമെന്ന വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
പലപ്പോഴും പോഷക പോരായ്മകൾ കൊണ്ട് ചെടികളിൽ കാണുന്ന ലക്ഷണങ്ങൾ തിരിച്ചറിയാനാവാതെ കീടനാശിനികളും കുമിൾ നാശിനികളും മാറി മാറി പ്രയോഗിച്ചിട്ടും യാതൊരു ശമനവും ലഭിക്കാത്ത സാഹചര്യങ്ങളിലാണ് കൃഷി വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
ഓരോ പോഷകമൂലകങ്ങളുളേയും ഏറ്റക്കുറച്ചിലുകൾ ചെടികളുടെ ഇലകളിലും മറ്റു ഭാഗങ്ങളിലും പ്രകടമായ ലക്ഷണങ്ങൾ പ്രാരംഭ ദശയിൽ തന്നെ കാണിച്ചു തുടങ്ങും. ഇത് കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കി പ്രതിവിധികൾ യഥാസമയം തന്നെ പരിഹരിച്ചാൽ ചെടികളെ പൂർണ്ണമായും രക്ഷപ്പെടുത്താനാകും.
ഹരിത കൃഷിയിൽ പൊതുവെ കാണുന്ന പോഷകന്യൂനതാ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പലപ്പോഴും ആവശ്യത്തിന് ജൈവ വളങ്ങളോ, പിണ്ണാക്ക് തുടങ്ങിയ സാന്ദ്രീകൃത ജൈവ വളങ്ങളോ ചേർക്കാതെ കൃഷി ചെയ്യുമ്പോഴാണ് ന്യൂനതാ ലക്ഷണങ്ങൾ .

നൈട്രജൻ
നൈട്രജന്റെ പോരായ്മ മൂലം വളരുന്ന ചെടിയുടെ പഴയ ഇലകൾ വിളറിയ പച്ചയോ മഞ്ഞയോ ആയി മാറുന്നു. പിന്നീട് അത് ചെടികളുടെ പുതിയ ഇലകളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ ഞരമ്പുകൾ തെളിഞ്ഞ് കാണുന്നു. ചെകളുടെ വളർച്ച മുരടിക്കുന്നു. നൈട്രജൻ അടങ്ങിയ യൂറിയ 0.2% വീര്യത്തിൽ പർണ പോഷണ രൂപത്തിൽ നൽകിയാൽ പെട്ടെന്ന് പരിഹാരമാകും. (വളം നിർദ്ദിഷ്ട അളവിൽ വെള്ളത്തിൽ കലർത്തിൽ ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്ന രീതിക്കാണ് പർണ പോഷണം എന്നു പറയുന്നത് ). ചാണകവും പിണ്ണാക്ക് വളവും ചേർത്ത് പുളിപ്പിച്ച് നൽകുന്നതും , ഗോമൂത്രം എട്ടിരട്ടി വെള്ളം ചേർത്ത് നൽകുന്നതും നൈട്രജൻ അപര്യാപ്തത കുറക്കാൻ സഹായകമാകും.

ഫോസ്ഫറസ്
ഫോസ്ഫറസിന്റെ അപര്യാപ്തത മൂലം ചെടികളുടെ വേരുകൾക്ക് ബലക്ഷയമുണ്ടാകുന്നതിനാൽ ചെടിയുടെ വളർച്ച മുരടിക്കും. ചെടികളുടെ ഏറ്റവുംതാഴെയുള്ള ഇലകൾ മഞ്ഞനിറത്തിലാകും. എന്നാൽ മുകളിലുള്ള ഇലകൾക്ക് കടുംപച്ചനിറവുമായിരിക്കും. ഇലകളുടെ ഞരമ്പുകൾ ക്കിടക്ക് പൊള്ളിയ പോലുള്ള ബ്രൗൺ കളറുകൾ പ്രത്യക്ഷമാകും. മൂപ്പെത്താതെ ഇലകൾ പൊഴിയും.
രാജ് ഫോസ്, മസൂറിഫോസ് എല്ലുപൊടി
ഇവയിലൊന്ന് നൽകുന്നത് കൊണ്ട് പോരായ്മ പരിഹരിക്കാനാവും.

പൊട്ടാസ്യം
പൊട്ടാസ്യം അഥവാ പൊട്ടാഷിന്റെ അപര്യാപ്തത ചെടികളുടെ പ്രായമായ ഇലകളിൽ മഞ്ഞ നിറത്തിൽ പൊങ്ങൽ പോലെ കാണാൻ കഴിയും. പൊട്ടാസ്യത്തിന്റെ കുറവ് ആദ്യം പ്രായമായ ഇലകളുടെ അരികിലും പിന്നീട് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
വെള്ളരി, കക്കിരി തുടങ്ങിയവയുടെ കായ്കളിൽ മുകൾ ഭാഗം നേർത്ത് അടിഭാഗത്ത് ഉരുണ്ട രൂപം പ്രാപിക്കുന്നു. കായ്കളിൽ ചിലപ്പോൾ ബ്രൗൺ നിറത്തിലുള്ള കുത്തുകളും കാണും. ചെടികളുടെ വളർച്ച മുരടിക്കുന്നു. രണ്ടു നോഡിനിടയിലുള്ള ദൂരം കുറയുകയും ഇലകൾ ചെറുതാക്കുകയും ചെയ്യും.

കാൽസ്യം.
കാൽസ്യത്തിന്റെ കുറവ് മൂലം തളിരിലകൾ കപ്പ് ആ കൃതിയിൽ താഴോട്ട് കൂമ്പുകയും അവയുടെ അറ്റത്ത് പൊള്ളിയ പോലെ സ്ക്രാച്ചിങ് ഉണ്ടാകുകയും ചെയ്യും. എന്നാൽ പഴയതും പൂർണ്ണവളർച്ച എത്തിയതുമായ ഇലകളിൽ പ്രശ്നങ്ങൾ കാണാറില്ല. കാൽസ്യത്തിന്റെ കുറവ് രൂക്ഷമാണെങ്കിൽ പൂക്കൾ പൊഴിഞ്ഞ് പോകുകയും ചെടികളുടെ വളർച്ച ഇല്ലാതാകുകയും ചെയ്യുന്നു. കായ്കൾ ചെറുതാകുകയും രുചി കുറയുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ അമിതമായ ഈർപ്പം, നീർവാർച്ച ഇല്ലായ്മ, മണ്ണിൽ ലവണാംശം കൂടുക, പൊട്ടാസ്യവും അമോണിയയും കൂടുതലായി ചെടികൾക്ക് നൽകുക, ചെടികളുടെ വേര് പടലത്തിന് കേട് പാട് സംഭവിക്കുക എന്നീ കാരണങ്ങൾ കൊണ്ട് കാൽസ്യത്തിന്റെ അഭാവം ഉണ്ടാകും.
പ്രതിവിധിയായി അമ്ലത്വമുള്ളയിടത്ത് സെന്റിന് രണ്ട് -മൂന്നു കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. കാൽസ്യം നൈട്രേറ്റ് പർണ പോഷണം വഴി ഇടക്കിടെ നൽകണം.

മഗ്നീഷ്യം
മഗ്നീഷ്യത്തിന്റെ അഭാവം മൂലം ചെടികളുടെ പ്രായമായ ഇലകളിലെ പ്രധാന ഞരമ്പുകൾക്കിടയിലുള്ള ഭാഗം മഞ്ഞ നിറത്തിലാകുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതരമാണെങ്കിൽ മഞ്ഞ നിറത്തിലുള്ള ഭാഗങ്ങളിൽ പൊള്ളൽ പോലെ ചില പുള്ളികൾ കാണാൻ കഴിയും. ഇല കരിഞ്ഞു പോകുകയും ചെയ്യും. എന്നാൽ തളിരിലകളെ കാര്യമായി ബാധിക്കില്ല. അമ്ലത ഉള്ള മണ്ണിൽ മഗ്നീഷ്യത്തിന്റെ അപര്യാപ്തത കൂടുതലായി കാണുന്നു. പൊട്ടാസ്യം വളങ്ങൾ കൂടതലായി ഉപയോഗിച്ചാലും മഗ്നീഷ്യം വേണ്ട രീതിയിൽ ലഭ്യമാകില്ല.
പ്രതിവിധിയായി ഡോളോ മൈറ്റ് (ഏക്കറിന് 320 കി.ഗ്രാം), മാഗ്നസൈറ്റ് (ഏക്കറിന് 120 കി.ഗ്രാം), മഗ്‌നീഷ്യം സൾഫേറ്റ് (0.5 -1%) എന്നിവയിലൊന്ന് നൽകി പോരായ്മ പരിഹരിക്കാം.

മാംഗനീസ്
മാംഗനീസിന്റെ അപര്യാപ്തത മൂലം ഇലകളിലെ മദ്ധ്യഭാഗം മുതൽ മുകളിലോട്ടുള്ള ഞരമ്പുകൾ പച്ച നിറത്തിലും എന്നാൽ ഇലകളുടെ ബാക്കി ഭാഗങ്ങൾ മഞ്ഞ നിറത്തിലോ വിളറിയ പച്ചനിറത്തിലോ കാണപ്പെടുന്നു. പ്രതിവിധിയായി മണ്ണിൽ ഏക്കറിന് 4 കിലോഗ്രാം മുതൽ എട്ട് കി.ഗ്രാം വരെ മാംഗനീസ് സൾഫേറ്റ് നൽകണം. ഇലകളിൽ മാംഗനീസ് സൾഫേറ്റ് ആറ് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പർണ പോഷണം വഴി നൽകണം. 6.25 ശതമാനം (2.5 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിന് ) ചുണ്ണാമ്പും കൂട്ടി ചേർത്ത് തളിച്ചാൽ കൂടുതൽ ഫലം ലഭിക്കും.

അയൺ
അയണിന്റെ കുറവ് മൂലം ഏറ്റവും പുതിയ ഇലകൾ വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. അതേസമയം മറ്റു ഇലകൾ നല്ല കടുത്ത പച്ചനിറത്തിൽ തന്നെ കാണാം. എല്ലാ ഞരമ്പുകളും പച്ചനിറത്തിൽ കാണപ്പെടുന്നതിനാൽ ഒരു നെറ്റിലേത് പോലെ തോന്നും. അയണിന്റെ അളവിൽ കാര്യമായ കുറവുണ്ടെങ്കിൽ ചെറിയ ഞരമ്പുകളും മഞ്ഞനിറമാകാൻ തുടങ്ങും. ഇല സാവധാനം പൊള്ളിയ പോലെയോ കരിഞ്ഞ പോലെയോ കാണും. പ്രതിവിധിയായി അയൺസൾഫേറ്റ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പർണ പോഷണം വഴി നൽകണം. ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കണം. മണ്ണിന് നീർവാർച്ച ഉറപ്പ് വരുത്തണം. ഫെറസ് സൾഫേറ്റിനോടൊപ്പം ചുണ്ണാമ്പ് (0.2%) ചേർത്ത് പർണ
പോഷണം വഴി നൽകിയാൽ കൂടുതൽ ഫലം കിട്ടും.

ബോറോൺ
ബോറോണിന്റെ അപര്യാപ്തത ഇലകളിലും കായ്കളിലും പ്രകടമായി കാണാം. പുതിയ ഇലകളുടെ ആകൃതിയിൽ വ്യത്യാസം കാണാനാകും. ചെടികളുടെ തലപ്പ് ഭാഗം കരിഞ്ഞു പോകുന്നതായി കാണാം. പ്രായമായ ഇലകളുടെ അരിക് ഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള ബോർഡർ പ്രത്യക്ഷപ്പെടുകയോ കൊഴിഞ്ഞു പോകുകയോ ചെയ്യും. ചെടികൾ പുഷ്പ്പിക്കാതാവും. പ്രതിവിധിയായി 0.2% ബോറാക്സ് (രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇലകളിൽ തളിച്ചു കൊടുക്കണം. പുതുതായി കൃഷി ചെയ്യുമ്പോൾ ഏക്കറിന് 4 കി.ഗ്രാം എന്ന തോതിൽ ബൊറാക്സ് ചെടികൾ നടുന്നതിന് മുമ്പ് തന്നെ മണ്ണിൽ ഇട്ടു കൊടുക്കണം.

സിങ്ക്
ചെടികൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചാലേ സിങ്കിന്റെ അഭാവ ലക്ഷണം തിരിച്ചറിയാനാവൂ.
ഇലകളിൽ ചെറിയ പുള്ളിക്കുത്തുകൾ പ്രാരംഭത്തിൽ കാണും. ഇലകൾ ചെറുതാകും. ചെടികളുടെ മുകൾ ഭാഗം വളർച്ച മുരടിച്ച കുറ്റിച്ചെടി പോലെ ആയി കാണും. ഇലകൾ മഞ്ഞളിച്ച് തുടങ്ങും. എന്നാൽ ഇലകളിലെ ഞരമ്പുകൾ പച്ച നിറത്തിൽ തന്നെ നിലനിൽക്കും. പ്രതിവിധിയായി 5 ഗ്രാം സിങ്ക് സൾഫേറ്റ് രണ്ട് ഗ്രാം ചുണ്ണാമ്പ് എന്നിവ ഒരു ലിറ്റർ വെളത്തിൽ എന്ന തോതിൽ കലർത്തി പർണ പോഷണം വഴി നൽകാം. സിങ്ക് സൾഫേറ്റ് ഒരു ഏക്കർ സ്ഥലത്തേക്ക് 4 മുതൽ 10 കി. ഗ്രാം വരെ മണ്ണിൽ ചേർക്കുകയും ചെയ്യാം.

സൾഫർ
സൾഫറിന് ചെടികളുടെ ശരീര പോഷണത്തിൽ പ്രധാന പങ്കുണ്ട്. പലപ്പോഴും ഇത് നൈട്രജന്റെ അപര്യാപ്തത മൂലമാണെന്ന് സംശയിക്കും. ഇളം ഇലകൾ മഞ്ഞനിറമാകും. ഞരമ്പുകൾ ചുരുളുകയും ചെയ്യും. പ്രായമായ ഇലകളിൽ ഓറഞ്ച് സ്പോട്ടുകൾ കാണും. ഇലകളുടെ അറ്റം ചുരുളും. മൂപ്പെത്തുന്നതിന് മുമ്പ് ഇലകൾ കൊഴിയും. പ്രതിവിധിയായി സൾഫേറ്റ് പർണ പോഷണം വഴി നൽകണം. ഒരു സെന്റ് സ്ഥലത്തിന് ഒരു കി.ഗ്രാം തോതിൽ ജിപ്സം മണ്ണിൽ ഇട്ട് കൊടുക്കുകയും ചെയ്യാം.

കോപ്പർ
കോപ്പർ അപര്യാപ്തത മൂലം ചെടികളുടെ വളർച്ച ആകപ്പാടെ മുരടിക്കും. ഇലകൾ ശോഷിച്ച് ബ്രൗൺ നിറമായി മാറും. പുതിയ മുകുളങ്ങളും പൂക്കളും തീരെ കുറയുന്നു. ഇലകൾ ക്രമേണ പൊഴിയും. പ്രതിവിധിയായി ഒരു ഗ്രാം കോപ്പർ സൾഫേറ്റും (തുരിശ്), ഒരു ഗ്രാം ചുണ്ണാമ്പും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത മിശ്രിതം ചെടികളിൽ പർണ പോഷണം വഴി നൽകണം.

മോളിബ്ഡിനം
മോളിബ്ഡിനത്തിന്റെ അഭാവം മൂലം ആദ്യം ഞരമ്പുകൾക്കിടയിലുള്ള ഭാഗം സാവധാനം മഞ്ഞ നിറമാകുകയും തുടർന്ന് ഇലകളുടെയാകെ പച്ച നിറം കുറഞ്ഞ് മഞ്ഞ നിറമാകുകയും തുടർന്ന് അവ പൊഴിഞ്ഞ് വീഴുകയും ചെയ്യുന്നു. ചെടിയുടെ താഴെയുള്ള ഇലകളിൽ നിന്നു തുടങ്ങി മുകളിലോട്ട് രോഗ ലക്ഷണങ്ങൾ വ്യാപിക്കുന്നു. ഇളംപ്രായത്തിലുള്ള ഇലകൾ പച്ചനിറത്തിൽ തന്നെ കാണപ്പെടുകയും ചെയ്യും. ചെടികളുടെ വളർച്ച മുരടിക്കുന്നില്ല. എന്നാൽ പൂക്കളുടെ വലുപ്പം കുറയും. ഇലകളുടെ അരികുകൾ കരിയും. പ്രതിവിധിയായി സോഡിയം മോളിബ്ഡേറ്റ് (Sodium Molybdate) 150 മില്ലിഗ്രാം ഒരു സ്ക്വയർ മീറ്ററിന് എന്ന തോതിൽ മണ്ണിൽ ചേർക്കുകയോ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം സോഡിയം മോളിബ്ഡേറ്റ് എന്ന തോതിൽ ലായനിയാക്കി ചെടികളിൽ തളിക്കുകയോ വേണം.

You may also like

Leave a Comment