Home കാർഷിക ഉന്നതി മേളകൾഅസോള ഒരു അത്ഭുത സസ്യം

അസോള ഒരു അത്ഭുത സസ്യം

എം കെ പി മാവിലായി

by krishippura

ജൈവകൃഷി വ്യാപകമാകുന്ന ഇക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ജൈവവളമായി മാറി കൊണ്ടിരിക്കുകയാണ് അസോള . കൃഷി, മൃഗസംരക്ഷണം, ഡയറി എന്നീ വകുപ്പുകൾ പഞ്ചായത്തുകളുമായി സഹകരിച്ച് ഒരു പ്രോജക്ട് ആയി അംഗീകരിച്ചു അസോള വ്യാപനത്തിനായി പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വളരെ എളുപ്പത്തിലും ഭാരിച്ച ചെലവ് ഇല്ലാതെയും അസോള കൃഷി തുടങ്ങാമെന്നത് ഇതിന്റെ മറ്റൊരു ആകർഷണീയതയാണ്.
വെള്ളത്തിന് മുകളിൽ പൊന്തിക്കിടക്കുന്ന ഒരിനം ചെടിയാണ് അസോള . ത്രികോണാകൃതിയോ ബഹുഭുജാകൃതിയോ ആണ് ഇവയുടെ പ്രകൃതം. ഇലകളും വേരുകളുമുള്ള ഒരു കൊച്ചു സസ്യമാണിത്. അനേകം ചെടികൾ കൂട്ടിക്കെട്ടിയത് പോലെയാണ് ഇവ ജലനിരപ്പിൽ കാണപ്പെടുന്നത്. നാട്ടിൻപുറങ്ങളിൽ ഇതിനെ അവിലു പായൽ എന്നു വിളിക്കും. ഇതിനുള്ളിൽ സഹജീവിയായി വളരുന്ന നീലഹരിത പായൽ അന്തരീക്ഷത്തിലെ നൈട്രജനെ ശേഖരിച്ച് നൈട്രജൻ സംയുക്തങ്ങളും മാംസ്യഘടകങ്ങളുമാക്കി മാറ്റുന്നു. ഈ സഹജീവിതമാണ് അസോളയെ ഒരു അത്ഭുത സസ്യമാക്കി മാറ്റുന്നത്.
നീലഹരിത ആൽഗകളുടെ ശരീരത്തിൽ പ്രത്യേക തരം കോശങ്ങളുണ്ട്. ഇവയെ ഹെറ്റിറോസിസ്റ്റ് (Hetero cysts) എന്നു പറയും. ഈ അറകളിലാണ് അവ നൈട്രജനെ വലിച്ചെടുത്ത് ചെടികൾക്ക് ഉപയോഗിക്കാവുന്ന രൂപമായ അമാണിയയായി സുക്ഷിക്കുന്നത്. അസോള അതിന്റെ വളർച്ചക്ക് ഈ നൈട്രജൻ ഉപയോഗിക്കുന്നു. പകരം ആൽഗകൾ അതിന്റെ വളർച്ചക്ക് ആവശ്യമായ ആഹാരം അസോളയിൽ നിന്നും ശേഖരിക്കും.
നെൽവയലുകളിലേക്ക് ഒരു ജൈവ ജീവാണുവളം , സമ്പുഷ്ടമായ കാലിത്തീറ്റ, കോഴി തീറ്റ , മറ്റു വളർത്തു പക്ഷികൾക്കുള്ള തീറ്റ,മത്സ്യ തീറ്റ എന്നിവയായും അസോള ഉപയോഗിക്കാം. മൊത്തം ഖര ഘടകത്തിന്റെ മുപ്പത് ശതമാനം വരെ മാംസ്യവും വളരെ കൂടിയ അളവിൽ ഇരുമ്പ്, കാൽസ്യം, മനീഷ്യം, പൊട്ടാഷ് തുടങ്ങിയ ധാതുലവണങ്ങളും എല്ലാ വിധ അമിനോ ആസിഡുകളും , ബീറ്റാ കരോട്ടിനും , വെെറ്റ മിൻ ബി- 12 ഉം അസോളയിൽ അടങ്ങിയിട്ടുണ്ട്.

വീട്ട് വളപ്പിൽ അസോള ചെയ്യുന്ന വിധം

നിരപ്പായ സ്ഥലത്ത് 2.8 മീറ്റർ നീളത്തിലും 1.5 മീറ്റർ രീതിയിലും ഇഷ്ടിക ചെരിച്ച് അടുക്കി വെക്കുക. ഇതിനുള്ളിൽ പഴയ പ്ലാസ്റ്റിക്ക് ചാക്ക് വിരിച്ച് അതിനു മുകളിൽ സിൽ പാളിൻ ഷീറ്റ് ഇടണം. ഷീറ്റ് എല്ലാ ഭാഗങ്ങളും കവർ ചെയ്തിരിക്കണം.ഈ ബെഡ്ഡിലായി നേരിയ കനത്തിൽ അരിച്ച വളക്കൂറുള്ള മണ്ണ് ഒരുപോലെ നിരത്തണം. ബെഡ്ഡിലെ ജലനിരപ്പ് 8 സെ.മീറ്റർ ആകത്തക്കവിധത്തിൽ ആവശ്യാനുസരണം വെള്ളമൊഴിക്കണം. ഇതിൽ ഒന്ന് -രണ്ടു കി.ഗ്രാം രോഗവിമുക്തമായ അസോള ഇടണം. ആഴ്ചയിലൊരിക്കൽ 10 കി.ഗ്രാം ചാണകം അല്ലെങ്കിൽ കംബോസ്റ്റ് ആവശ്യത്തിനുള്ള വെള്ളത്തിൽ കലക്കി ബെഡ്ഡിൽ ഒഴിക്കണം. അസോളയുടെ ശരിയായ വളർച്ചക്കും ഗുണമേന്മക്കും ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ ചതുരശ്ര മീറ്ററിന് 15 ഗ്രാം എന്ന കണക്കിൽ ചാണകവെള്ളത്തിൽ ചേർത്ത് നൽകാം. അസോളയുടെ ആദ്യത്തെ ഒരാഴ്ചയിലെ വളർച്ച സാവധാനത്തിലായിരിക്കും. രണ്ടാം ഘട്ടം ദ്രുത വളർച്ചാഘട്ടമാണ്. ഈ സമയത്ത് ഓരോ മൂന്നു ദിവസത്തിലും അസോളയുടെ ഭാരം ഇരട്ടിയാകും. മൂന്നാം ഘട്ടത്തിൽ വളർച്ചാ നിരക്ക് കുറഞ്ഞ് ക്രമേണ നിലയ്ക്കുന്നു. ലാഭകരമായ കൃഷിക്ക് ദ്രുത വളർച്ചാ ഘട്ടത്തിൽ എല്ലാ ദിവസവും വള പ്രയോഗം നടത്തിയും ദിവസേന വളർച്ചയ്ക്കനുസരിച്ച് ചതുരശ്ര മീറ്ററിന് 300 – 450 ഗ്രാം അസോള നീക്കം ചെയ്തും പരിപാലിക്കേണ്ടത് ആവശ്യമാണ്.
ബെഡ്ഡിൽ നിന്നും ശേഖരിച്ച അസോള നല്ല പോലെ കഴുകിയതിനു ശേഷം തനി തീറ്റയായോ തവിടിൽ കലർത്തിയോ പരമാവധി ഒരു ദിവസം അഞ്ച് കി.ഗ്രാം വരെ കന്നുകാലികൾക്ക് നൽകാം. കോഴി, കാട, താറാവ് എന്നിവയുടെ തീറ്റയിൽ അസോള ഉൾപ്പെടുത്തി സാന്ദ്രീകൃത തീറ്റയുടെ അളവ് ഇരുപത് ശതമാനം കുറക്കാൻ കഴിയും. മണ്ണിര കംബോസ്റ്റ് ഉണ്ടാക്കുമ്പോൾ അതിൽ അസോള ചേർത്താൽ മണ്ണിരകളുടെ എണ്ണം കൂടുന്നതായി കണ്ടിട്ടുണ്ട്. മണ്ണിര കംബോസ്റ്റിലെ നൈട്രജന്റെ അളവ് വർധിപ്പിക്കുവാനും ഇത് സഹായകമാണ്.

അസോള ഒരു അത്ഭുത സസ്യം

അസോള നെൽകൃഷിയിൽ

ഉണക്കിയെടുത്ത അസോളയിൽ ഏകദേശം 4 മുതൽ 6 % വരെ നൈട്രജൻ, 0.5 മുതൽ 0.8 % ഫോസ് ഫറസ്, 0.45% മഗ്നീഷ്യം, 0.35 മുതൽ 0.9% കാൽസ്യം, 2 മുതൽ 6 % വരെ പൊട്ടാസ്യം, 0.11 മുതൽ 0.16 % മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഹെക്ടർ നെൽപ്പാടത്ത് അസോള വളരുന്നതായാൽ ആറ് ടൺ പച്ചിലവളം കിട്ടും.
അസോളയെ രണ്ടു തരത്തിൽ നെൽപ്പാടത്ത് ചേർക്കാവുന്നതാണ്. ആദ്യത്തെ രീതി അസോളയെ ജലാശയങ്ങളിൽ വളർത്തിയെടുക്കുന്നതാണ്. പാടത്ത് ഒരു ഭാഗത്ത് അസോള ഞാറ്റടികൾ തയ്യാറാക്കുകയാണ് ആദ്യ പരിപാടി. ഞാറ്റടിക്ക് 2 x 4 മീറ്റർ വലിപ്പമുണ്ടാകണം. ഇതിൽ 4 സെ.മീറ്റർ വരെ വെള്ളം കെട്ടി നിർത്തണം. ഒരു ചതുരശ്ര മീറ്ററിൽ 600 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെ അസോള വിതറി കൊടുക്കണം. അധികം ഊഷ്മാവും സൂര്യപ്രകാശവും ഏൽക്കാതിരിക്കാൻ തണൽ നൽകുന്നത് നന്നായിരിക്കും. അസോളയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഒരു ചതുരശമീറ്ററിന് 5 ഗ്രാം മസൂറിഫോസ് അല്ലെങ്കിൽ രാജ് ഫോസ്, 3 ഗ്രാം പൊട്ടാഷ് വളം, 250 ഗ്രാം ചാണകം എന്നിവ ചേർത്ത് കൊടുക്കാം. ഇപ്രകാരം ചെയ്താൽ മൂന്നാഴ്ച കൊണ്ട് അസോള ഏതാണ്ട് ആറിരട്ടി വരെ വർദ്ധിക്കും. ഇങ്ങനെ തയ്യാറാക്കിയ അസോള രണ്ടു തരത്തിൽ ഉപയോഗപ്പെടുത്താം. നടുന്നതിന് വളരെ മുൻപ് തന്നെ അസോള വയലിൽ വിതറാം. അവ തനിയെ വളർന്ന് വയലിൽ നിറയുമ്പോൾ 10 ദിവസം വീതം ഇടവിട്ട് രണ്ടോ മൂന്നോ തവണ മണ്ണിൽ ചേർക്കാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വയലിൽ 5 തൊട്ട് 6 ടൺ വരെ ജൈവ വളം കിട്ടുന്നതാണ്.
ഞാറ് നട്ട് ഒരാഴ്ച കഴിഞ്ഞ ശേഷം അസാേള വയലിൽ വിതറി കൊടുക്കുന്നതാണ് രണ്ടാമത്തെ രീതി. ഞാറും അസോളയും ഒന്നിച്ചു വളരുന്നു. ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ ഒരു ചതുരശ്ര മീറ്ററിന് 100 മുതൽ 300 ഗ്രാം വിതറി കൊടുക്കണം. രണ്ടാഴ്ച കഴിയുമ്പോൾ ഇവ വയലിൽ മുഴുവൻ നിറയും. ആദ്യത്തെ കളയെടുക്കുന്ന സമയത്ത് വയലിൽ വെള്ളം വാർന്ന ശേഷം അസോളയെ ചവിട്ടിതാഴ്ത്തണം. ഇതിൽ നിന്നും രക്ഷപ്പെടുന്ന അസോള വീണ്ടും പെരുകും. ഇവ നട്ട് ഏതാണ്ട് ഒന്നര മാസമാകുമ്പോൾ ഒന്നു കൂടി ചവിട്ടിതാഴ്ത്തണം.
നെൽകൃഷിക്ക് ഇപ്രകാരം അസോള ചേർക്കുന്നത് കൊണ്ട് മറ്റ് ജൈവ വളങ്ങൾ ചേർക്കുന്നത് ഒഴിവാക്കാനാവും.

അസോള ഒരു അത്ഭുത സസ്യം

വളർച്ചക്കനുയോജ്യ ഘടകങ്ങൾ .
അസോളയുടെ വളർച്ചയെ നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ് വെള്ളം. ജലദൗർലഭ്യമുണ്ടായാൽ അസോള ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണങ്ങിപ്പോകും. അതിനാൽ ജലനിരപ്പ് 5 സെ.മീറ്റർ നിലനിർത്തേണ്ടതാണ്.
അന്തരീക്ഷത്തിലെ താപനിലയുടെ ഏറ്റക്കുറച്ചിലുകൾ അപ്പോളയുടെ വളർച്ചയെ ബാധിക്കുന്ന ഘടകമാണ്. ഉയർന്ന താപനിലയിൽ ഇവയ്ക്ക് പെരുകാൻ സാധിക്കില്ല. അസോളയുടെ വളർച്ചക്ക് അനുയോജ്യമായ താപനില 20 – 25 ഡിഗ്രി C ആണ്.
അസോളയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് സൂര്യപ്രകാശം . എന്നാൽ അതി തീവ്രതയോടെ ലഭിക്കുന്ന സൂര്യപ്രകാശം ഇവയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ഇവയുടെ തണ്ടിന് ചുവപ്പുനിറമാകുകയും സൂര്യപ്രകാശം ആഗിരണം ചെയ്യുന്നത് കുറയുകയും അതു വഴി പ്രകാശസംശ്ലേഷണം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നിന്നും അസോള തടങ്ങളെ സംരക്ഷിക്കേണ്ടതാണ്.
മണ്ണിലെ അമ്ല-ക്ഷാര നില അഥവാ പി.എച്ചും അസോളയുടെ വളർച്ചയെ ബാധിക്കുന്ന ഒരു ഘടകമാണ്. ഏറ്റവും അനുയോജ്യമായ പി.എച്ച്. 5 നും 7 നും ഇടയിലാണ്. അപേക്ഷിക ആർദ്രത 85-90% ആണ് അസോളയുടെ വളർച്ചക്ക് അനുയോജ്യം.

You may also like

Leave a Comment