Home കാർഷികവാർത്തകൾ കൃഷി നാശം; അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി പി. പ്രസാദ്

കൃഷി നാശം; അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി പി. പ്രസാദ്

by krishippura
0 comment

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ തുടര്‍ച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൃഷിനാശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. കൃഷിവകുപ്പിന്‍റെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി നാശം നേരിട്ട കർഷകര്‍ അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം.

കൃഷിവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനജീവിതവുമായി ഏറെ അടുത്തു നില്‍ക്കേണ്ടതാണ്. കര്‍ഷക ക്ഷേമത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള എല്ലാ പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നു എന്നും അവയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്നും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. പദ്ധതികള്‍ പരിശോധിച്ച് വിലയിരുത്തി അവശ്യമെങ്കില്‍ കാലാനുസൃതമായ മാറ്റത്തിന് ശുപാര്‍ശന നല്‍കുകയും വേണം.

ഉദ്യോഗസ്ഥർ നിർബന്ധമായും കൃഷിയിടങ്ങൾ സന്ദർശിക്കണം. ത്രിതല പഞ്ചായത്തുകളും പ്രാദേശിക സംവിധാനങ്ങളുമായി ചേർന്ന് സാഹചര്യം വിലയിരുത്തി അതത് മേഖലകൾക്ക് ചേർന്ന പദ്ധതികൾ രൂപം കൊടുത്ത് നടപ്പിലാക്കണം-മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.

You may also like

Leave a Comment