Home കാർഷികവാർത്തകൾകാർഷിക വിളകളെ സംരക്ഷിക്കാനുള്ള നാട്ടറിവുകൾ പ്രയോജനപ്പെടുത്താം

കാർഷിക വിളകളെ സംരക്ഷിക്കാനുള്ള നാട്ടറിവുകൾ പ്രയോജനപ്പെടുത്താം

by krishippura
3 comments

എം കെ പി മാവിലായി

ഹരിത വിപ്ലവം ആർത്തി വിപ്ലവമായതോടെ നമ്മുടെ മണ്ണും വിണ്ണും വിഷലിപ്തമായി. വളമായും ഉത്തേജക വസ്തുവായും രോഗകീട നാശിനിയായും ഉരുത്തിരിഞ്ഞ രാസ സംയുക്തങ്ങളുടെ പാർശ്വഫലത്തേക്കുറിച്ചോ വരുംതലമുറയുടെ ഭാവിയെ കുറിച്ചോ ചിന്തിക്കാൻ ആരും തയ്യാറായില്ല. ഹരിത വിപ്ലവം ഭാരത മണ്ണിലേക്കിറങ്ങി വന്നത് സർവ സംഹാരിയും കൊണ്ടാണ്. ഏതാനും ശത്രുകീടങ്ങളെ തുരത്താൻ എത്രയോ മിത്ര ജീവികളെയാണ് നാം കൊന്നൊടുക്കിയത്. ഹരിത വിപ്ലവത്തിന്റെ പേരിൽ 72000 ടൺ കീടനാശിനികളാണ് ഇന്ത്യൻ കർഷകർക്കിടയിൽ വിതരണം ചെയ്യപ്പെട്ടത്. വിദഗ്ദ്ധർ നിർദ്ദേശിക്കപ്പെട്ടതിന്റേയും പതിന്മടങ്ങ് കീടനാശിനികളാണ് നമ്മുടെ പാടത്തും പറമ്പത്തും പ്രയോഗിച്ച് വന്നത്.
പച്ചക്കറിയിലെ വിഷാംശത്തിന്റെ തോത് കണ്ടുപിടിക്കാനുളള പദ്ധതി കാർഷിക സർവ്വകലാശാല ഏതാനും വർഷം മുമ്പ് ആരംഭിച്ചിരുന്നു. ഞെട്ടിക്കുന്നതാണ് പരിശോധനാ ഫലങ്ങൾ. അനുവദനീയമായതിന്റെ എത്രയോ മടങ്ങിലാണ് കീടനാശിനി പ്രയോഗം. പച്ചക്കറിയിലും പഴവർഗ്ഗങ്ങളിലും കിഴങ്ങ് വർഗ്ഗങ്ങളിലുമെല്ലാം നിരോധിച്ച കീടനാശിനികളുടെ അശമുള്ളതായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തിലും തെളിഞ്ഞിട്ടുണ്ട്. കൃഷിയിടങ്ങളെ വിഷലിപ്തമാക്കുന്ന രാസ കീടനാശിനി പ്രയോഗം മരുന്നു തളി നടത്തുന്നവർക്കും അത്തരം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യത്തിനും കടുത്ത ഭീഷണിയാണ്. തത്വദീക്ഷയില്ലാത്ത രാസകീടനാശിനി പ്രയോഗം പരിസ്ഥിതി ക്കേൽപ്പിച്ച പ്രത്യാഘാതങ്ങളും ദുരിതപൂർണ്ണമാണ്.

പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ കാർഷിക വിളകളെ സംരക്ഷിക്കുവാനുള്ള വഴികൾ നമ്മുടെ നാട്ടറിവുകളിലുണ്ട്. ഇത്തരം അറിവുകളിലൂടെ ഒട്ടേറെ പ്രകൃതിദത്ത ജൈവ കീട- കുമിൾനാശിനികളും ഇന്ന് ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.മണ്ണിന്റെ വളക്കൂറ് സ്ഥായിയായി നിലനിർത്താനും മണ്ണിലെ അണുജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നതിനും , മണ്ണിലെ താപനില ക്രമീകരിക്കാനും , മണ്ണിലെവായു പ്രവേശം സുഗമമാക്കാനും സസ്യങ്ങൾക്കാവശ്യമായ സൂക്ഷ്മ മൂലങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സസ്യ മൂലകങ്ങളും ലഭ്യമാക്കാനും മണ്ണിന്റെ ഭൗതിക ഗുണങ്ങൾ നിലനിർത്താനും പ്രകൃതിയിൽ നിന്നും ലൂമാകുന്ന ജന്തുസസ്യാദികളുടെ അവശിഷ്ടങ്ങളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ചപ്പും ചവറും ചാണകവും ചാരവും ചണ്ടിയും എല്ലാം ഇതിൽ ഉൾപ്പെടും.കീടരോഗബാധകളെ അകറ്റാൻ അഷ്ട വിദ്യകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
താപം, ദീപം, ധൂപം, ലേപം, മൂത്രം, മിത്രം, കുസുമം, ഭസ്മം എന്നിവയായിരുന്നു അഷ്ട വിദ്യകൾ.കീടരോഗബാധയുളള ചെടികളെ നിയന്ത്രിത ചൂടേൽപ്പിച്ച് രോഗകീട നിയന്ത്രണം വരുത്തുകയാണ് ‘താപം ‘ എന്ന രീതിയിൽ . ഉദാഹരണത്തിന് കറിവേപ്പിലക്ക് കീട ബാധയുളളപ്പോൾ രാത്രി കാലത്ത് ചൂട്ട് കത്തിച്ച് ചെറുതായി പുഴു ബാധയുളള ഇടങ്ങളിൽ ചൂടാക്കുന്ന തോടെ മൃദുല ശരീരികളായ കീടങ്ങൾ ചൂടേറ്റ് നശിക്കുന്നു.

‘ദീപം’ എന്ന രീതി കൊണ്ടുദ്ദേശിക്കുന്നത് കൃഷിയിടങ്ങളിൽ ചിലയിടത്ത് കരിയിലകളും ചപ്പുചവറുകളും കൂട്ടിയിട്ട് സന്ധ്യാവേളകളിൽ തീയിടുന്ന രീതിയാണ്. വെളിച്ച ക്കെണി വെക്കുന്നതും മറ്റൊരു മാർഗ്ഗമാണ്. പ്രാണികളെ ക്ഷണിച്ചു വരുത്തി നശിപ്പിക്കുന്നതിനും കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതിനും ഈ രീതി കൊണ്ട് സാധിച്ചിരുന്നു.
‘ധൂപ’മാണ് . മറ്റൊരു മാർഗ്ഗം. അതായത് പുകയിടൽ. രൂക്ഷ ഗന്ധമുള്ള കമ്യൂണിസ്റ്റ് പച്ച, കൈനാറിപ്പച്ച എന്നീ കളകൾ പറിച്ചെടുത്ത് ഒരു ദിവസം വെയിലത്തിട്ട് വാട്ടിയെടുത്ത് പുകയ്ക്കുന്നതിലൂടെ കളകളുടെ വിനാശവും വിളകളുടെ പരിരക്ഷയും ഉറപ്പാക്കിയിരുന്നു. കുന്തിരിക്കം , അഷ്ടഗന്ധം, ഗന്ധകം , ചകിരിത്തൊണ്ട് തുടങ്ങിയവ കൊണ്ടുള്ള ധൂപവും നിലവിലുണ്ടായിരുന്നു.’ ലേപം ‘ എന്ന രീതി കൊണ്ടുദ്ദേശിക്കുന്നത് സസ്യങ്ങൾക്ക് ഏതെങ്കിലും ഭാഗത്ത് കേട് വന്നാൽ ആഭാഗം ചെത്തി മാറ്റി പ്രസ്തുത ഭാഗത്ത് പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന ഇലച്ചാറുകളോ , ആവണക്കെണ്ണ, വേപ്പെണ്ണ, താർ, കരിഓയിൽ എന്നിവയിൽ ഒന്ന് പുരട്ടുന്നതും അല്ലെങ്കിൽ ഇവയിലൊന്ന് ചേർത്ത് കുഴച്ച കളിമണ്ണ് പുരട്ടുന്നതും ഈ രീതിയുടെ ഭാഗമായിരുന്നു.

‘മൂത്രം’ എന്നത് പ്രധാനമായും ഗോമൂത്രമാണ്. ശത്രു പ്രാണികളെ അകറ്റാനും , ചെടികളുടെ രോഗപ്രതിരോധ ശേഷിക്കും മൂത്രത്തിന്റെ ശക്തി പരീക്ഷിച്ചറിഞ്ഞതാണ്. ഗോമൂത്രം നേർപ്പിച്ചും വിവിധ ഔഷധച്ചെടികളുമായി ചേർത്തും തയ്യാറാക്കുന്ന ജൈവ കീടനാശിനിയുടെ ശക്തി ഇന്ന് പലരും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഗോമൂത്രം മുഖ്യ ചേരുവയായിട്ടുള്ള പഞ്ചഗവ്യവും ദശഗവ്യവുമെല്ലാം കൃഷിശാസ്‌ത്രം ഇന്ന് വാഴ്ത്തപ്പെടുന്നു.ശതു കീടങ്ങൾക്കെതിരെ അവയുടെ ശത്രുകീടങ്ങളെ അഥവാ നമ്മുടെ മിത്രകീടങ്ങളെ ഉപയോഗപ്പെടുത്തി കീട നിവാരണം നടത്തുന്നതിനേയാണ് ” മിത്രം’ എന്ന വിദ്യ കൊണ്ട് അർത്ഥമാക്കുന്നത്. മണ്ണിര, തവള, കട്ടുകാലി, .ചോനലെറുമ്പ്, ചേരപാമ്പ്, കുരുവി എന്നിങ്ങനെ നീളുന്നതാണ് പ്രകൃതിയിലെ മിത്ര വംശങ്ങൾ.

ചില കീടങ്ങൾക്ക് ചില പൂക്കളുടെ ഗന്ധം തീരെ വർജ്ജ്യമാണ്. അത്തരം ചെടികളെ അറിഞ്ഞു വിളകശക്കടുത്ത് നട്ടുപിടിപ്പിച്ച് കീടങ്ങളെ അകറ്റി നിർത്തുന്ന രീതിക്കാണ് ‘കുസുമം’
എന്നു പറയുന്നത്. കൊങ്ങിണി അഥവാ അരിപ്പൂവ്, ചെണ്ടുമല്ലി അഥവാ മല്ലിക, കാട്ടുമല്ലി, ചെമ്പകം തുടങ്ങിയവ ഇത്തരത്തിൽപ്പെട്ട പൂച്ചെടികളാണ്.വൈറസ് രോഗങ്ങൾ പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തവയാണ്. അത്തരം ചെടികൾ തോട്ടത്തിൽ നിർത്തുന്നത് രോഗപകർച്ചക്ക് കാരണമാകും. ഇത്തരം വൈറസ് ബാധിത ചെടികളും
മറ്റു കീട ബാധകളോ, അസുഖങ്ങളോ ചെടികളുടെ ഭാഗങ്ങൾ ശേഖരിച്ചു കത്തിച്ചു ചാമ്പലാക്കുന്ന രീതിയാണ് ‘ ഭസ്മം ‘ എന്ന വിദ്യ കൊണ്ടുദ്ദേശിക്കുന്നത്.
ഇതോടൊപ്പം സസ്യജന്യവും ജീവ ജന്യവുമായ വസ്തുക്കളിൽ നിന്നും മറ്റും ഉൽപ്പാദിപ്പിക്കുന്ന നിരവധി ജൈവ കീടനാശിനികളെ കുറിച്ച് പുരാണ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. വേപ്പ്, തുളസി, ഉങ്ങ്, വയമ്പ്, കരിനൊച്ചി, പപ്പായ, കാന്താരി മുളക്, കായം, വെളുത്തുള്ളി, മഞ്ഞൾ, പുകയില, നാറ്റപ്പൂച്ചെടി, കറുകപ്പുല്ല്, കിരിയാത്ത്, കൂവളം, പനിക്കൂർക്ക, ഉമ്മം, ആത്ത, വയമ്പ്, കാഞ്ഞിരം, ഇലക്കള്ളി , തഴുതാമ തുടങ്ങി നീണ്ട നിരകൾ ഇതിലുണ്ട്.വേപ്പിൽ അടങ്ങിയിരിക്കുന്ന അസാഡിറാക്ടിൻ എന്ന രാസപദാർത്ഥം അടിസ്ഥാനമാക്കി പല വ്യാപാര നാമങ്ങളിൽ ഇന്ന് ജൈവ കീടനാശിനികൾ മാർക്കറ്റിൽ ലഭ്യമാണ്.എന്നാൽ പല ജൈവ കീടനാശികളും നമുക്ക് സ്വന്തമായി തയ്യാറാക്കാവുന്നതാണ്.പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന
മുട്ട ഉപയോഗിച്ചുള്ള മുട്ടാമൃതവും മത്സ്യം ഉപയോഗിച്ചുള്ള മ ത്സ്വാമൃതവും ചെടികളുടെ ആരോഗ്യകരമായ വളർച്ചർക്കും രോഗ പ്രതിരോധത്തിനും ഉതകുന്ന ഒന്നാന്തരം പ്രകൃതി സൗഹൃദ വളർച്ച ത്വരങ്ങങ്ങളാണ്. പഞ്ചഗവ്യം, ദശഗവ്യം എന്നിവയും ഇന്ന് ഏറെ പ്രചാരത്തിൽ വന്നു കഴിഞ്ഞു.ഗ്രഹണം ചെയ്യപ്പെട്ട അരികു സത്യങ്ങളാണ് നാട്ടറിവുകൾ . ഈ നീരുറവുകളെ സമൂഹത്തിലേക്ക് തിരിച്ച് വിട്ട് നന്മയുടെ പ്രകൃതി കാരുണ്യ സങ്കൽപ്പങ്ങൾ വീണ്ടെടുക്കുവാനുളള ശ്രമങ്ങളാണ് നമുക്കാവശ്യം. ഭക്ഷ്യ ജന്യമായ രോഗങ്ങളെ ഒരു നിലക്കും പിടിച്ചു കെട്ടാനാവാത്തവിധം നമ്മുടെ നാട് വലിയൊരു വിപത്തിനെയാണിപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇവിടെ ഏറ്റവും അടിസ്ഥാനപരമായി തിരുത്തേണ്ടത് മണ്ണിനോടും കൃഷിയോടും ഭക്ഷണത്തോടുമുള്ള കാഴ്ചപ്പാടാണ്. അതിന് വിഷമുക്തമായ ജൈവ കൃഷിയെ തിരിച്ചു പിടിക്കാൻ നമുക്ക് കൈകോർക്കാം

You may also like

Comments are closed.