എംകെപി മാവിലായി
സസ്യലോകത്തിൽ ഹരിതക രഹിത സസ്യങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ് കൂണുകൾ.
ഭൂമുഖത്ത് രണ്ടായിരത്തോളം ഇനം കൂണുകൾ ഉണ്ടെങ്കിലും അവയിൽ ഭക്ഷ്യയോഗ്യമായവ തുലോം വിരളമാണ്. ഭക്ഷ്യയോഗ്യമായ പലതരം കൂണുകൾ നമ്മുടെ നാട്ടിൽ വന്യമായി വളരുന്നുണ്ടെങ്കിലും അവ തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധിമുട്ടു കാരണം വിപുലമായ തോതിൽ ഉപയോഗയോഗ്യമാക്കുന്നതിന് സാധിക്കുന്നില്ല. മത്രമല്ല, വർഷകാലങ്ങളിൽ മാത്രമേ അവ സ്വയം മുളച്ച് പൊന്തുകയുള്ളൂ. എന്നാൽ ശാസ്ത്രം പുരോഗമിച്ചതോടുകൂടി കൂണുകൾ ധാരാളമായി കൃഷി ചെയ്തു ഉൽപ്പാദിപ്പിക്കുവാൻ തുടങ്ങി. ഇന്ന് കൂൺ കൃഷി വികസിത രാജ്യങ്ങളിലെ ഒരു പ്രധാന വ്യവസായമായി മാറിയിരിക്കുകയാണ്. ഏഷ്യയിൽ തൈവാനാണ് ഏറ്റവും കൂടുതൽ കൂൺ ഉൽപ്പാദിപ്പിക്കുന്ന രാജ്യം എന്ന ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ഹിമാചൽ പ്രദേശത്ത് സോളൻ എന്ന സ്ഥലത്താണ് കൂണുകൾ വൻ തോതിൽ ഉൽപ്പാദിപ്പിക്കുന്നത്.
മറ്റു കാർഷിക വിളകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായി ഏത് കാലത്തും ഏത് കാലാവസ്ഥയിലും എവിടേയും അനായസേന കൃഷി ചെയ്തെടുക്കുവാൻ കഴിയുന്നു എന്നത് കൂണിന്റെ മാത്രമായ സവിശേഷതയാണ്.
കേരളത്തിന്റെ തനതായ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും എല്ലായ്പോഴും കൃഷി ചെയ്ത് വിളവെടുക്കാൻ പറ്റുന്നതുമായ രണ്ട് ജീനസ്സുകളിൽപ്പെട്ട ഇനങ്ങളാണ് പ്ലൂറോട്ടസ് സാജോർകാജു എന്ന ചിപ്പിക്കൂണും വൊൾ വേറിയല്ലാവൊൾ വേഷ്യ എന്ന വയ്ക്കോൽ കൂണും.ഇവയുടെ കൃഷിക്ക് ഏറ്റവും പറ്റിയ മാധ്യമം നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വയ്ക്കോൽ തന്നെയാണ്. കൃഷി ചെയ്യാൻ എളുപ്പം ഉള്ളതു കൊണ്ടും ഉദ്ദേശിക്കുന്ന വിളവ് ലഭിക്കുന്നതു കൊണ്ടും പ്ലൂറോട്ടസ് ജീനസ്സിൽപ്പെട്ട (ചിപ്പിക്കൂൺ) ഇനങ്ങളാണ് ഇന്ന് കേരളത്തിൽ പ്രചാരം നേടിയിട്ടുള്ളത്.
ചിപ്പിക്കൂണുകൾ (ഓയിസ്റ്റർ)
ഗാർഹികാവശ്യത്തിനു മാത്രം കൂൺ കൃഷി നടത്തുകയാണെങ്കിൽ ബെഡ്ഡുകൾ തയ്യാറാക്കി വീടിന്റെ നേരിട്ട് സൂര്യ പ്രകാശം പതിക്കാത്ത വരാന്തയിലോ, ബാത്ത്റൂമിലോ,മരത്തണലുകളിലോ സൂക്ഷിക്കാവുന്നതാണ്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ കൂൺ കൃഷി ചെയ്യുമ്പോൾ അതിന് പ്രത്യേക സ്ഥല സൗകര്യം ആവശ്യമാണ്. ഓല മേഞ്ഞ ഷെസ്സുകളോ ഒരു മുറി തന്നെയോ ഇതിനായി നിർമ്മിക്കേണ്ടതാണ്.നമ്മുടെ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വരാന്തയിലോ മറ്റു സൗകര്യമുളളയിടങ്ങളിലോ കൂൺ കൃഷി എങ്ങിനെ വിജയകരമാക്കാമെന്ന് നോക്കാം.സ്പോൺ (കൂൺ വിത്ത് ) , വൈക്കോൽ , പോളിത്തീൻ കവർ എന്നിവയാണ്
ഇതിന് ആവശ്യമുളള പ്രധാന സാധനങ്ങൾ .
കൃഷി ചെയ്യുന്ന വിധം
ബഡ്ഡ് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന വയ്ക്കോൽ അധികം പഴക്കമില്ലാത്തതും ബലമുള്ളതും നന്നായി ഉണങ്ങിയതുമായിരിക്കണം. ഉദ്ദേശം രണ്ടു കി.ഗ്രാം വൈക്കോൽ ഏതാണ്ട് അഞ്ച് സെ.മീറ്റർ നീളത്തിൽ ചെറുതായി മുറിക്കുക. അല്ലെങ്കിൽ 15 സെ.മീറ്റർ വ്യാസമുളള ചെറിയ ചുമ്മാടുകളാക്കി വയ്ക്കുക. ചുമ്മാടുകൾ പോളിത്തീൻ കവറിന്റെ വായ് വട്ടത്തിനനുസരിച്ച് വലിപ്പമുള്ളവയായിരിക്കണം. അതിനു ശേഷം ഇവ ആറ് മണിക്കൂർ മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ശുദ്ധ വെള്ളത്തിൽ താഴ്ത്തി വെച്ച് കുതിരാനായി അനുവദിക്കുക. കുതിർത്ത വയ്ക്കോലിൽ ഏകദേശം 75 ശതമാനം ഈർപ്പം ഉണ്ടായിരിക്കണം. ഇവ വീണ്ടും അണുനശീകരണത്തിനായി അര മണിക്കൂർ നേരം നല്ലതുപോലെ തിളച്ച വെള്ളത്തിൽ താഴ്ത്തി വെക്കുക. തുടർന്ന് ഇത് പുറത്തെടുത്ത് അധികജലം വാർന്നു പോകുന്നതിനും തണുക്കുന്നതിനുമായി അര മണിക്കൂർ വൃത്തിയുള്ള സ്ഥലത്ത് നിരത്തി വെക്കുകയോ, കുട്ടകളിൽ നിറച്ചുവയ്ക്കുകയോ ചെയ്യുക. വയ്ക്കോലിലെ ഈർപ്പം അധികം കൂടാനും കുറയാനും പാടില്ല. തണുത്ത വൈക്കോൽ കൈയിൽ എടുത്ത് പിഴിഞ്ഞാൽ അൽപ്പ വും ജലാംശം ഊറി വരാത്ത സ്ഥിതിയാണ് ഏറ്റവും ഉത്തമം.

തയ്യാറാക്കിയ വയ്ക്കോൽ നിറയ്ക്കുവാൻ 60 സെ.മീറ്റർ നീളവും 35 സെ.മീറ്റർ വീതിയും 200 ഗേജ് കട്ടിയുമുളള പോളിത്തീൻ കവറുകളോ രണ്ടു വശവും തുറന്ന ട്യൂബുകളോ ഉപയോഗിക്കാം. ട്യൂബുകളാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു ഭാഗവും മൂടി കെട്ടേണ്ടതിനാൽ 75 സെ.മീറ്റർ നീളമുള്ള ട്യൂബുകളായിരിക്കും നല്ലത്. ഈ കവറുകളിൽ അങ്ങിങ്ങായി 5 മില്ലിമീറ്റർ വ്യാസമുള്ള ആറോ ഏഴോ ദ്വാരങ്ങൾ ഇടണം. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ വാർന്നു പോകാനായി കവറിന്റെ അടിഭാഗത്തായി രണ്ടു ദ്വാരങ്ങൾ തീർച്ചയായും ഇട്ടിരിക്കണം.
കുപ്പിയിലോ പാക്കറ്റുകളിലോ കിട്ടുന്ന വിത്ത് പുറത്തെടുത്ത് വയ്ക്കാനായി വൃത്തിയുള്ള കടലാസോ പ്ലാസ്റ്റിക്ക് ട്രേയോ ആവശ്യമാണ്. പാക്കറ്റിലെ വിത്ത് എടുക്കുന്നതിന് മുമ്പ് കൈകളും അത് എടുക്കുന്നതിനുളള കനം കുറഞ്ഞ കമ്പിയും ഡെറ്റോൾ കലർത്തിയ വെള്ളത്തിൽ കഴുകിയെടുക്കുകയോ തുടയ്ക്കുകയോ ചെയ്യണം. പായ്ക്കറ്റിന്റെ പഞ്ഞി അടപ്പ് മാറ്റി കമ്പി കൊണ്ട് കുത്തിയിളക്കി ആവശ്യമുള്ള വിത്ത് ട്രേയിലിടുക. ഒരു കി.ഗ്രാം വൈക്കോൽ നായ്ക്കുന്ന കവറുകളിലേക്ക് 250-300 ഗ്രാം വിത്ത് മതിയാകും. ആദ്യമായി വയ്ക്കോൽ ചുമ്മാട് സാവധാനത്തിൽ കവറിൽ ഇറക്കി വെച്ച ശേഷം കൈ കൊണ്ട് അമർത്തി ശരിയാക്കണം. പാക്കറ്റിൽ നിന്നും പുറത്തെടുത്തു വച്ച സ്പോൺ കുറച്ചെടുത്ത് വയ്ക്കാലിന്റെ മുകളിൽ നടുഭാഗം വിട്ട് അരികിലായി വിതറുക. വീണ്ടും അടുത്ത വൈക്കോൽ അട്ടി ഇറക്കി വെച്ച ശേഷം വിത്ത് വിതറുക. കവർ നിറയുന്നതുവരെ ഈ രീതി അനുവർത്തിക്കുക. അവസാനത്തെ അട്ടിക്ക് മുകളിലും വിത്ത് വിതയ്ക്കാവുന്നതാണ്.

മുറിച്ച വൈക്കോൽ കഷണങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ അഞ്ച് സെ.മീറ്റർ പൊക്കത്തിൽ വൈക്കോൽ ഇട്ടശേഷം വിത്തിടുക. വീണ്ടും വൈക്കോൽ നിറക്കുകയും വിത്തിടുകയും ചെയ്യുക. വൈക്കോൽ നിറക്കുമ്പോൾ ഇടയ്ക്ക് വിടവില്ലാതെ കൈ കൊണ്ട് നല്ലതുപോലെ അമർത്തിയതിനു ശേഷമേ അടുത്ത അട്ടി നിറക്കാവൂ. അവസാനത്തെ അട്ടി നിറച്ച ശേഷം പോളിത്തീൻ കവറിന്റെ തുറന്ന ഭാഗം നൂൽകൊണ്ട് നന്നായി മൂടിക്കെട്ടി ഉദ്ദേശിക്കുന്ന സ്ഥലത്ത് അനക്കാതെ വയ്ക്കുക.
കൂണിന്റെ വെളുത്ത തന്തുക്കൾ സാവധാനത്തിൽ വളർന്ന് വൈക്കോലിൽ നിറയുന്നു. പതിനഞ്ചു ദിവസം കഴിയുമ്പോൾ കവർ മുറിച്ചു മാറ്റിയ ശേഷം ഒന്നോടെ പുറത്തെടുത്ത് വയ്ക്കണം. രണ്ടു വശവും കെട്ടിയ ട്യൂബുകൾ ആണെങ്കിൽ അതു തുറന്ന് ഒരു ഭാഗത്ത് നിന്നും കൈ കൊണ്ട് അമർത്തി സാവധാനത്തിൽ പുറത്തേക്കെടുക്കുക. ഇപ്രകാരം രണ്ടു വശവും കെട്ടിയ പോളിത്തീൻ ട്യൂബുകൾ വീണ്ടും വൈക്കോൽ നിറയ്ക്കാനായി ഉപയോഗിക്കാം. പുറത്തെടുത്ത ബെഡ്ഡുകൾ ഷെൽഫുകളിൽ അടുക്കുകയോ കെട്ടിതൂക്കിയിടുകയോ ചെയ്യാം.
തുടർന്ന് ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ വളരെ നേരിയ തോതിൽ ബെഡ്ഡുകൾ നനയ്ക്കേണ്ടതാണ്. ഈ സമയം മുറിക്കുള്ളിൽ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. രണ്ടു മൂന്നു ദിവസത്തിനുളളിൽ നാല് വശങ്ങളിൽ നിന്നും കുണിന്റെ മുകുളങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ ഘട്ടത്തിൽ നനച്ചു കൊടുക്കുന്നത് നന്നല്ല.കാരണം അധികം ഈർപ്പം ഉണ്ടായാൽ ബാക്ടീരിയ വളരാൻ ഇടയാകുകയും മൊട്ടുകൾക്ക് മഞ്ഞനിറം വന്ന് അവ കരിഞ്ഞു പോകുകയും ചെയ്യും. വീണ്ടും രണ്ടു ദിവസത്തിനുളളിൽ മൊട്ടുകൾ വളർന്നു വലുതാകുന്നു. അപ്പോൾ വിളവെടുക്കാം.
വിളവെടുക്കുമ്പോൾ തണ്ടിന്റെ അടിഭാഗം ശരിയായി മുറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ചിപ്പിക്കൂണുകൾ വിടർന്ന ശേഷമാണ് വിളവെടുപ്പ് നടത്തേണ്ടത്.
ഒരു കിലോ ഗ്രാം വൈക്കോലിൽ നിന്നും ഏകദേശം 400 ഗ്രാം മുതൽ 500 ഗ്രാം വരെ കൂൺ ലഭിക്കും. വീണ്ടും വെള്ളം സ്പ്രേ ചെയ്ത് ബെഡ്ഡുകൾ സൂക്ഷിക്കുകയാണെങ്കിൽ ചെറിയ ഒന്നോ രണ്ടോ വിളവെടുപ്പ് കൂടി നടത്താവുന്നതാണ്. അതിനു ശേഷം വൈക്കോൽ ഉണക്കി കന്നുകാലികൾക്ക് തീറ്റയായി കൊടുക്കാം.

കൂണിന്റെ പോഷക മൂല്യങ്ങൾ
മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ വളർച്ചക്ക് അനിവാര്യമായ പ്രോട്ടീന്റെ ഒരു അപൂർവ്വ കലവറയായി കൂൺകരുതപ്പെടുന്നു. ദഹനത്തെ സഹായിക്കുന്നതിനാൽ അവ മറ്റുള്ള മാംസ്യാഹാരങ്ങളേക്കാൾ മികച്ചതാണ്. ഇതിൽ തയാമിൻ, റൈബോഫ്ളേവിൻ, നിയാസിൻ, അസ്ക്കോർബിക്കാസിഡ് എന്നിവ നല്ല രീതിയിൽ അടങ്ങിയിരിക്കുന്നു.
കൂണുകളിൽ കൊഴുപ്പ്, അന്നജം തുടങ്ങിയവയുടെ തോത് താരതമ്യേന കുറവായതിനാൽ ഹൃദ്രോഹികൾക്കും പ്രമേഹ രോഗികൾക്കും എല്ലാം ഇതൊരു ഇഷ്ടാഹാരമാക്കാം.
പാചകം
കൂണുകൾ വിളവെടുപ്പിനു ശേഷം വളരെ വേഗം കേടുവരുന്നതിനാൽ എത്രയും വേഗം പുതുമയോടെ ഉപയോഗിക്കണം. കൂണുകളിൽ തൊണ്ണൂറ് ശതമാനവും ജലാംശം ആയതിനാൽ വേവിക്കുവാനായി പ്രത്യേകം വെളളം ഒഴിക്കരുത്. കൂണുകൾ അധികനേരം വേവിക്കുന്നത് നല്ലതല്ല. രണ്ടോ മൂന്നോ മിനുട്ടുകൾക്കുള്ളിൽ തന്നെ പാചകം ചെയ്യണം. കൂണുകൾക്ക് തനതായ രുചി ഉള്ളതിനാൽ മുളക്, മാസാല, പുളി തുടങ്ങിയ ചേരുവകൾ അധികം ചേർക്കാതിരിക്കുന്നതായിരിക്കും കൂടുതൽ രുചികരം.
പുലാവ്, ഓംലറ്റ്, കട്ലറ്റ് , സൂപ്പ് , മസാല കൂൺ, കുറുമ, സ്റ്റൂ എന്നിവയാണ് കൂൺ ഉപയോഗിച്ച് സാധാരണയായി പാചകം ചെയ്യുന്ന വിഭവങ്ങൾ
Comments are closed.