Home അടുക്കളത്തോട്ടം ചതുരപ്പയര്‍ പോഷക സമൃദ്ധമായ പച്ചക്കറി; ഒക്ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും പൂവിടും

ചതുരപ്പയര്‍ പോഷക സമൃദ്ധമായ പച്ചക്കറി; ഒക്ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും പൂവിടും

by krishippura
0 comment

മഴക്കാലത്ത് നടാന്‍ ഏറ്റവും അനുയോജ്യമായ പച്ചക്കറിയാണ് ചതുരപ്പയര്‍. പയര്‍ വര്‍ഗത്തില്‍പ്പെട്ട ചതുരപ്പയര്‍ പോഷക സമൃദ്ധമായ പച്ചക്കറിയാണ്. വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ടുമടങ്ങും ചീരയിലും കാരറ്റിലും ഉള്ളതിന്റെ മുപ്പത് ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. ചതുരപ്പയറിന്റെ ഇളംകായ്കള്‍ മാത്രമല്ല, പൂവും ഇലയും വേരുകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. പേര് പോലെ തന്നെ ചതുരാകൃതിയിലാണ് ഇതിന്റെ പയര്‍. ഇറച്ചിപ്പയര്‍ എന്നും ഇതറിയപ്പെടുന്നു.

കേരളത്തില്‍ ചതുരപ്പയര്‍ കൃഷി അത്ര വിപുലമല്ല. അതിന് കാരണം ചതുരപ്പയറിന് പൂക്കാന്‍ ദൈര്‍ഘ്യം കുറഞ്ഞ പകല്‍ സമയമുള്ള കാലാവസ്ഥ അത്യാവശ്യമാണെന്നതാണ്. ജൂലൈ-ഓഗസ്ത് മാസത്തില്‍ നട്ട ചതുരപ്പയര്‍ ഒക്ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും പൂവിടും. അതേസമയം ജനവരിയില്‍ നട്ട ചതുരപ്പയര്‍ എത്ര വളര്‍ന്നാലും ഒക്ടോബര്‍ എത്തിയാലേ പൂക്കുകയുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും കൃത്യമായ പ്ലാനിങ്ങോടെ കേരളത്തിലും ചതുരപ്പയര്‍ കൃഷി വിജയിപ്പിച്ചെടുക്കാം.

നടേണ്ട വിധം

ആറ് മണിക്കൂര്‍ വിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് വിത്ത് നടാം. കാലിവളമോ കമ്പോസ്റ്റോ നന്നായി ചേര്‍ത്തു കൊടുക്കണം. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലത്തില്‍ നടാം. പന്തലിട്ടോ വേലിയിലോ ചതുരപ്പയര്‍ കയറ്റിവിടാം. വിത്ത് പാകി ആറുമാസത്തിനകം പൂക്കള്‍ വിരിഞ്ഞു തുടങ്ങും. നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കളാണ് ചതുരപ്പയറിന്റേത്. കീടരോഗ ശല്യമൊന്നുമില്ലാത്ത ഇനം പച്ചക്കറിയാണ് ഇത്.
ചതുരത്തില്‍ ചിറകുപോലെ അരികുകളുള്ള കായ മൂപ്പെത്തുന്നതിനുമുമ്പ് പറിച്ചെടുത്ത് ഉപയോഗിക്കണം. ധാരാളം പ്രോട്ടീന്‍ അടങ്ങിയതിനാല്‍ ഇറച്ചിപ്പയര്‍ എന്ന അപരനാമവും ഇതിനുണ്ട്. കാത്സ്യം, ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ്, പൊട്ടാസ്യം, ജീവകങ്ങള്‍എല്ലാം ചതുരപ്പയറില്‍ ധാരാളമുണ്ട്.

കീടരോഗശല്യമൊന്നുമില്ലാത്തതിനാല്‍ ഒരിക്കല്‍ വളര്‍ത്തിയവര്‍ ചതുരപ്പയറിനെ ആരും ഉപേക്ഷിക്കാറില്ല. മണ്ണിൽ നേരിട്ട് നട്ടാൽ രണ്ട് ദിവസത്തിൽ ഒരിക്കൽ നനച്ചാൽ മതി. കൂടുതൽ വളപ്രയോഗവും ആവശ്യമില്ല, അതുകൊണ്ട് ജൈവകൃഷിക്ക് ഏറ്റവും അനിയോജ്യമായ വിളയാണ് ചതുരപ്പയർ.

മറ്റു പയർ വർഗ്ഗങ്ങളെ പോലെ മനുഷ്യന് മാത്രമല്ല മണ്ണിനും ചതുരപ്പയര്‍ പ്രിയങ്കരിയാണ്. ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നു.

You may also like

Leave a Comment