എംകെപി മാവിലായി
ശിരസ്സിൽ ഹരിത കിരീടമണിഞ്ഞ് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന ഫലമാണ് കൈതച്ചക്ക. ബ്രസീലാണ് ജന്മദേശം. 1548 ൽ ആണ് ഇത് ഇന്ത്യയിലേക്ക് വ്യാപിച്ചത്. ഇന്ത്യക്ക് പുറമെ ഇന്ന് മലയ, ഹവായ് , സൗത്ത് ആഫിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്തു വരുന്നുണ്ട്.ഉഷ്ണമേഖലാപ്രദേശങ്ങൾക്ക് യോജിച്ച വിളയാണിത്. വരൾച്ചയെ അതിജീവിച്ചു വളരാനുളള ശേഷി വളരെ കൂടുതലാണ്. വർഷത്തിൽ 100 മുതൽ 150 സെ.മീറ്റർ മഴലഭിച്ചാൽ ചെടി തൃപ്തികരമായി വളരും.ബ്രസീൽ ആണ് കൈതച്ചക്കയുടെ ജന്മദേശം. ഇന്ത്യയിലേക്ക് കൈതച്ചക്ക കൊണ്ടുവന്നത് പോർച്ച് ഗീസുകാരാണ്. കൈതച്ചക്ക ഏറ്റവും അധികം കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.ബ്രൊമീലിയേസിയേ (Bromeliaceae) കുടുംബത്തിൽപ്പെട്ട കൈതച്ചക്കയുടെ ശാസ്ത്രനാമം അനാനാസ് കോമോസസ് ( Ananas comosus) എന്നാണ്.
സസ്യ വിവരണം ‘
കൈതച്ചക്കയുടെ മാധുര്യവും സ്വതസിദ്ധമായ രചിയും മറ്റൊരു ഫലത്തിനും അവകാശപ്പെടാനാവില്ല.ഏകദേശം ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന സസ്യമാണിത്. മണ്ണിനോട് ചേർന്ന് നീളം കുറഞ്ഞ ഒരു കാണ്ഡമാണ് കൈതക്കുള്ളത്. കാണ്ഡത്തിന് ചുറ്റുമായി മെലിഞ്ഞ് നീളമുള്ള ഇലകൾ വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് അര മീറ്ററോളം നീളമുണ്ടാകും. ഇവ നല്ല കട്ടിയുള്ളതും മെഴുകു പോലെ ആവരണമുള്ളതു മാണ്. ഇലകളുടെ അരികുകളിൽ മിക്കയിനങ്ങളിലും ചെറിയ മുള്ളുകൾ ഉണ്ടാകും. ഇലകളുടെ മദ്ധ്യത്തിലായി കാണ്ഡത്തോട് ചേർന്ന് തണ്ടിലാണ് പൂക്കൾ ഉണ്ടാവുക . ഇവ കൂട്ടമായി ചെറിയ കൈതചക്കയുടെ ആകൃതിയിലായിരിക്കും.സിലിണ്ടറാകൃതിയിലോ അണ്ഡാകൃതിയിലോ ആയിരിക്കും ഫലങ്ങൾ കാണപ്പെടുക. ആദ്യ ഫലം മൂപ്പെത്തിയാൽ ചുവട്ടിൽ നിന്നും ചെറു തൈകൾ (suekers ) ഉണ്ടായി തുടർ വളർച്ച സാധ്യമാക്കുന്നു.
മണ്ണും കാലാവസ്ഥയും
കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യവും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്നതുമായ കൈതച്ചക്ക നീർവാർച്ചാ സൗകര്യമുളള ഏത് തരം മണ്ണിലും നന്നായി വളരും. എന്നാൽ വെളളക്കെട്ടുള്ള പ്രദേശം കൈതവളർത്താൻ അനുയോജ്യമല്ല.
കൃഷി രീതി
കൈതച്ചക്ക തനി വിളയായും ഇടവിളയായും കൃഷി ചെയ്യാം.കന്നുകൾ , സ്ളിപ്പുകൾ, ചക്കയുടെ തലപ്പ് അഥവാ മകുടം എന്നിവയെല്ലാം നടാനുപയോഗിക്കാമെങ്കിലും കന്നുകൾ നട്ട് രണ്ടാം കൊല്ലം തന്നെ കായ്ക്കുമെന്നതിനാൽ ഇതാണ് കൂടുതൽ നല്ലത്. ചെടിയുടെ ചുവട്ടിലെ ഇലകൾ തണ്ടുമായി ചേരുന്ന ഭാഗത്തു നിന്നുമാണ് കന്നുകൾ ഉണ്ടാവുക.
കന്ന് നടുന്നതിന് മുൻപായി ഒരാഴ്ച തണലിൽ പരത്തിയിട്ട് ഉണങ്ങാൻ അനുവദിക്കണം. അതിനു ശേഷം കന്നുകളുടെ അടിഭാഗത്ത് അഞ്ച് സെ.മീറ്ററോളം നീളം വരെ കാണപ്പെടുന്ന മൂന്നോ നാലോ ഉണങ്ങിയ ഇലകൾ നീക്കണം. വീണ്ടും തണലത്ത് പരത്തിയിട്ട് ഒരാഴ്ച ഉണക്കിയാൽ ഇവനടുവാൻ അനുയോജ്യമാകും. ചക്കയുടെ തൊട്ടു താഴെ മകുടവുമായുള്ള സന്ധിയിൽ നിന്നും വളർന്നു വരുന്ന ചെറിയ സ്ലിപ്പുകളും , ചക്കയുടെ മുകളിൽ ഉളള മകുടവും ഉപയോഗിച്ച് കൃഷി ചെയ്യാമെങ്കിലും ഇവ കായ്ക്കാൻ കൂടുതൽ കാലമെടുക്കുമെന്ന പോരായ്മയുണ്ട്.
കൈതച്ചക്കയിൽ ക്യൂ ,മൗറീഷ്യസ് , ക്വീൻ, അമൃത എന്നീ ഇനങ്ങളാണ് മെച്ചപ്പെട്ടവയായി കണ്ടിട്ടുള്ളത്.കൈതയുടെ ആരോഗ്യകരമായ വളർച്ചക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്.
ഉഴുതോ കിളച്ചോ മണ്ണിളക്കിയതിനു ശേഷം 90 സെ.മീ. വീതിയിലും 15 മുതൽ 30 സെ.മീ. ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകൾ എടുക്കണം. കന്നുകൾ 7.5 മുതൽ 10 സെ.മീ. താഴത്തി നല്ലവണ്ണം ഉറപ്പിച്ചു നടണം. ചെടികൾ തമ്മിൽ 25 സെ.മീ മുതൽ 45 സെ.മീ വരെ അകലവും വരികൾ തമ്മിൽ 60 സെ.മീ അകലവും കിട്ടത്തക്കവിധം നടാം.
നിലമൊരുക്കുന്നതിനോടൊപ്പം ഒരു സെന്റ് സ്ഥലത്തേക്ക് 100 കി.ഗ്രാം എന്ന കണക്കിൽ കാലിവളമോ കംബോസ്റ്റോ ചേർക്കണം. മഴക്കാലമാണ് കൈതച്ചക്ക കൃഷിക്ക് പറ്റിയ സമയം. നട്ട തൈകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കില്ലെന്ന് ഉറപ്പുവരുത്തണം. ജലസേചന സൗകര്യമുളള സ്ഥലങ്ങളിൽ വേനൽക്കാലത്ത് രണ്ടാഴ്ച ഇടവിട്ട് നനച്ചു കൊടുക്കുന്നത് കായയുടെ വലിപ്പവും വിളവും കൂട്ടുന്നതിനുപകരിക്കും. ചെടിക്ക് ചുറ്റും ഉണക്കിലയിട്ട് പുതയിടുന്നതും നല്ല ഫലം ചെയ്യും.ഫെബ്രവരി മുതൽ ഏപ്രിൽ മാസങ്ങളിലാണ് സാധാരണ ഗതിയിൽ ഇവ പുഷ്പിക്കുന്നത്. പ്രധാന വിളവെടുപ്പ് കാലം ജൂലൈ മുതൽ സെപ്തംബർ മാസങ്ങളിലാണ്. കൈതച്ചക്കയിൽ ഒരുമിച്ച് വിപണി കണ്ടെത്തുന്നതിന് അവ ഒരേ സമയം പുഷ്പിക്കേണ്ടത് ആവശ്യമായി വരുമ്പോൾ ഹോർമോൺ പ്രയോഗം നടത്താറുണ്ട്.
പോഷക ഗുണം
പഴുത്ത ഫലങ്ങൾ പുറന്തൊലി നീക്കം ചെയ്ത് അതേപടി കഴിക്കാവുന്നതാണ്. കൈതച്ചക്ക ഉപയോഗിച്ച് ജ്യൂസുകൾ, സിറപ്പുകൾ, ജാമുകൾ എന്നിവ നിർമ്മിക്കുന്നു. മിഠായികൾ, ബേക്കറി പലഹാരങ്ങൾ എന്നിവയാൽ കൈതച്ചക്ക സംസ്ക്കരിച്ച് ചേരുവയായി ചേർക്കുന്നുണ്ട്. ബിയർ, മദ്യം തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ നിർമ്മിക്കാനും കൈതച്ചക്ക ഉപയോഗിക്കുന്നു. ജ്യൂസുണ്ടാക്കിയതിനു ശേഷം ബാക്കിവരുന്ന ഫലത്തിന്റെ അവശിഷ്ടത്തിൽ നിന്നും വിനാഗിരി ഉൽപ്പാദിപ്പിക്കുന്നുണ്ട്.കൈതച്ചക്കക്ക് മധുരം നൽകുന്നത് ഇതിൽ കാണപ്പെടുന്ന വിവിധ തരം പഞ്ചസാരകളാണ്.100 ഗ്രാം പൈനാപ്പിളിൽ സുക്രോസ് , ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയെല്ലാം കൂടി 9.85 ഗ്രാം അടങ്ങിയിട്ടുണ്ട്. കൂടാതെ 1.2 ഗ്രാം ഡയറ്ററിനാരുകൾ, 13. 12 ഗ്രാം അന്നജം, 47.8 മില്ലിഗ്രാം വിറ്റാമിൻ സി, 17 മില്ലിഗ്രാം കാൽസ്യം, 12 മില്ലിഗ്രാം ഇരുമ്പ്, 1 മില്ലിഗ്രാം സോഡിയം, 125 മില്ലിഗ്രാം പൊട്ടാസ്യം, 35 മില്ലിഗ്രാം ബീറ്റ- കരോട്ടിൻ ഇവയും കാണപ്പെടുന്നു. വിറ്റാ മിൻ എ, വിറ്റാമിൻ ബി വർഗത്തിലെ തയാമിൻ, റൈബോഫ്ളവിൻ, നിയാസിൻ ഇവയും ഉണ്ട്. വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്), സിട്രോണിക് ആസിഡ്, മാലിക് ആസിഡ് ഇവയാണ് മുഖ്യമായും കൈതച്ചക്കക്ക് നേരിയ പുളിരസം പ്രധാനം ചെയ്യുന്നത്. പഴത്തിന്റെ കാമ്പിൽ ധാതുലവണങ്ങളായ ബോറോൺ, മാംഗനീസ്, മഗ്നീഷ്യം എന്നിവയും കുറഞ്ഞ അളവിൽ അടങ്ങിയിട്ടുണ്ട്.
ഔഷധ ഗുണം
കൈതച്ചക്കയുടെ ഔഷധവീര്യം പ്രസിദ്ധമാണ്. കുട്ടികൾക്കുണ്ടാവുന്നവില്ലൻ ചുമ, നിലങ്കാരി ചുമ, തൊണ്ണൂറാം ചുമ എന്നിവക്ക് പ്രതിവിധിയായി ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന കൈതച്ചക്ക ലേഹ്യം ഉത്തമമാണ്.ചെടിയുടെ ഇല പിഴിഞ്ഞെടുക്കുന്ന നീര് ഒന്നാന്തരം ആന്റി സെപ്റ്റിക്ക് ആണ്. ഈ നീരിന് കൃമികളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട്. കൈതച്ചക്ക നീരിൽ അടങ്ങിയിട്ടുള്ള ബ്രൊ മിലിൻ എന്ന എൻസൈമിന് ഭക്ഷണപദാർത്ഥങ്ങളെ എളുപ്പത്തിൽ ദഹിപ്പിക്കുവാൻ കഴിയും.
വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കൈതച്ചക്ക വളരെ നല്ലതാണ്. പ്രകൃതിദത്തമായ പൊട്ടാസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും കൈതച്ചക്ക ഉത്തമാഹാരമാണ്. എന്നാൽപഴുത്ത കൈതച്ചക്ക ഗർഭിണികൾ കഴിക്കുന്നത് നല്ലതല്ലെന്ന് നിഘണ്ടു രത്നാകരം എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
2 comments
The ad campaign, which featured in national newspapers and magazines as well as the company s own Twitter and Facebook accounts, a photograph of Pietersen along with a statement Bat tampering in the Ashes priligy 30 mg
priligy canada Furthermore, non adherence resulted in greater deleterious effects in the medication management group than in the combined treatment group 67