കർഷക ക്ഷേമത്തിനായും അവർക്കു പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുന്നതിനുമായാണ് കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുള്ളത്.
സ്വന്തമായോ വാക്കാൽ പാട്ടത്തിനോ സർക്കാർ പാട്ടഭൂമിയിലോ കൃഷി ചെയ്യുന്നവർ , അഞ്ച് സെന്റ് മുതൽ 15 ഏക്കർ വരെയുള്ള ഭൂമിയിൽ കൃഷി ചെയ്യുന്നവർ (എന്നാൽ റബ്ബർ, കാപ്പി, തേയില, ഏലം എന്നീ തോട്ടവിളകളുടെ കാര്യത്തിൽ പരിധി ഏഴര ഏക്കറാണ് ). കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ളവർ. പ്രതിവർഷം അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത വരുമാനമുള്ളവർ. മൂന്നു വർഷത്തിൽ കുറയാതെ കൃഷി ചെയ്യുന്നവർ. ഇവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം.
നെൽകൃഷി, ഉദ്യാനകൃഷി, കന്നുകാലി വളർത്തൽ (ക്ഷീര കർഷകർ), ഫലവൃക്ഷങ്ങൾ, പച്ചക്കറി, വാഴ, ഇഞ്ചി, കപ്പ അട ക്കമുള്ള കിഴങ്ങുവർഗങ്ങൾ, പുല്ലും തീറ്റപ്പുല്ലും, വൃക്ഷങ്ങൾ നട്ടുവളർത്തൽ, (ഭൂമിയിൽ ഉള്ള ഏതു തരം കൃഷിയും), മത്സ്യം, അലങ്കാരമത്സ്യം, ചിപ്പി, കക്ക, തേനീച്ച, പട്ടുനൂൽ പുഴു, കോഴി, താറാവ്, ആട് കൃഷി ഉൾപ്പെടെ എല്ലാം.
18 മുതൽ 55 വരെ വയസുള്ള ഏതൊരു കർഷകനും അംഗമായി രജിസ്റ്റർ ചെയ്യാം. ഓരോ കർഷകനും പ്രതിമാസം കുറഞ്ഞത് നൂറു രൂപ അടയ്ക്കണം. ഇതിലേക്ക് പ്രതിമാസം 250 രൂപ സർക്കാർ വിഹിതമായി വരും. അർധ വാഷികമായോ വർഷത്തിൽ ഒരിക്കലോ സൗകര്യം പോലെ അടയ്ക്കാം. കൂടുതൽ തുകയും അടയ്ക്കാവുന്നതാണ്.
ഈ വർഷം ആദ്യംതന്നെ അഗങ്ങളെ ചേർക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടത്. ജൂൺ 15 ന് രജിസ്ട്രേഷൻ ആരംഭിക്കും. ഓൺലൈൻ വഴിയായിരിക്കും രജിസ്ട്രേഷൻ. ഏതെങ്കിലും തിരിച്ചറിയൽ രേഖ ഇതിനായി ഉപയോഗിക്കാം. ബോർഡിന്റെ വെബ് പോർട്ടൽ, വെബ്സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിന് അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കാം.
അപേക്ഷകളിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കും. വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർ ആവശ്യമായ പരിശോധനകൾ നടത്തി വിവരങ്ങൾ ശരിയാണെന്നു കണ്ടെത്തിക്കഴിഞ്ഞാൽ അംഗത്വം ലഭിക്കുന്നവർക്ക് അംഗത്വ കാർഡ് നൽകും.
അംഗമാകുന്ന കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ, മക്കളുടെ വിദ്യാഭ്യാസ സഹായം, പെൺമക്കൾക്ക് വിവാഹസഹായം എന്നിവ ലഭിക്കും. 60 വയസ് പൂർത്തിയാകുന്നവർക്ക് മാസം തോറും 5000 രൂപ പെൻഷൻ നൽകാനാണ് നിലവിലെ തീരുമാനം. ഭാവിയിൽ അതു വർധിക്കും.
ഇപ്പോൾ ലഭിക്കുന്ന കർഷകപെൻഷനും ഇനിമുതൽ നൽകുന്നത് ബോർഡായിരിക്കും. ‘
മുപ്പതു ലക്ഷം അംഗങ്ങളെ ചേർക്കുകയാണു ലക്ഷ്യം. ഇരുപതു ലക്ഷമാണ് ഇപ്പോഴത്തെ ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെ എത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. വളരെ പ്രയോജനപ്രദമായ ഈ പദ്ധതി കർഷകർ പ്രയോജനപ്പെടുത്തണം.