സംസ്ഥാനത്തെ കോഴി കർഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് അതുല്യം ഗ്രോവർ കോഴിത്തീറ്റ വിപണിയിയിലിറക്കി. എട്ടു മുതൽ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴിക്കുള്ള തീറ്റ ആണിത്. കോഴിത്തീറ്റയുടെ വിപണനോദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ കേരളഫീഡ്സ് ബ്രാൻഡ് അംബാസഡർ നടൻ ജയറാം പങ്കെടുത്തു.
കേരളത്തിൽ അത്യുല്പാദനശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുത്ത് മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഗുണമേ•യുള്ള കോഴിത്തീറ്റ കർഷകർക്ക് ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് പുതിയ കോഴിത്തീറ്റ വിപണിയിലെത്തിക്കുന്നത്.
കോഴിത്തീറ്റ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവാണ് സോയാബീൻ. കേരളത്തിൽ സോയാബീൻ കൃഷി ചെയ്യുന്നില്ല. ഇന്ത്യ ഉൽപാദിപ്പിക്കുന്ന സോയാബീൻ പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് തീറ്റയുടെ വിലവർധനവിന് കാരണമാകുന്നു. കൃഷി വകുപ്പുമായി സഹകരിച്ച് സോയാബീൻ കേരളത്തിൽ കൃഷി ചെയ്യും. കോഴിത്തീറ്റയുടെ വിലവർധനവിൽ വലയുന്ന കോഴി കർഷകരെ സഹായിക്കാനാണ് കിലോയ്ക്ക് 40 രൂപ ചെലവ് വരുന്ന അതുല്യം കോഴിത്തീറ്റവില കുറച്ചു നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പശുക്കളുടെ പ്രത്യുൽപാദനശേഷി സംബന്ധമായ പ്രശ്നമായിരുന്നു ക്ഷീരകർഷകൻ ആയ താൻ നേരിട്ട വെല്ലുവിളിയെന്നും കഴിഞ്ഞ രണ്ടര വർഷമായി കേരള ഫീഡ്സ് കാലിത്തീറ്റ ഉപയോഗിച്ചതോടെ ഇതിന് പരിഹാരമായെന്നും ജയറാം പറഞ്ഞു. കേരള ഫീഡ്സ് എം ഡി ഡോ: ബി ശ്രീകുമാർ, കേരള ഫീഡ്സ് അസിസ്റ്റന്റ് ജനറൽ മാനേജർ ഉഷാ പത്മനാഭൻ എന്നിവർ പങ്കെടുത്തു.
എം.കെ.പി. മാവിലായി
__________
നമ്മുടെ കാടുകളെല്ലാം ഔഷധ സസ്യങ്ങളുടെ വൻ ശേഖരങ്ങളായിരുന്നു. നിരന്തരമായ ഔഷധ സസ്യങ്ങളുടെ ശേഖരണം കാലക്രമേണ ഈ അമൂല്യ സമ്പത്തിനെ നിർമ്മാർജ്ജനം ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നു. വൻതോതിൽ മരുന്നുൽപ്പാദിപ്പിക്കുന്ന അനേകം ഫാക്ടറികൾ ഇന്ന് ആയുർവേദ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയിൽ നിന്നും സ്വമേധയാ ലഭിക്കുന്ന മരുന്നു ചെടികളെ മാത്രം ആശ്രയിച്ച് വർധിച്ചു വരുന്ന ആവശ്യങ്ങൾ നിർവ്വഹിക്കുവാൻ ഇന്ന് സാധ്യമല്ല തന്നെ. ഇത്തരുണത്തിൽ ഔഷധസസ്യകൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പല വിധേനയും ആരംഭിച്ചിട്ടുണ്ട്. ഇപ്രകാരം കൃഷിക്കൊരുങ്ങുമ്പോൾ മികച്ച നടീൽ വസ്തുക്കൾ തന്നെ തിരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഔഷധച്ചെടികളിൽ അത്യുൽപ്പാദന ശേഷിയുള്ള ഏതാനും ഇനങ്ങൾ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയിൽ ഏതാനു ഇനങ്ങൾ പരിചയെപ്പെടാം.
കച്ചോലം
കച്ചോലത്തിെന്റെ പ്രകന്ദങ്ങളാണ് നടീൽ വസ്തു. ഇന്ന് പ്രചാരത്തിലുള്ള ഇനങ്ങളിൽ ഏറ്റവും വിളപ്പൊലിമ കാണിക്കുന്നത് രജനി, കസ്തൂരി എന്നീ ഇനങ്ങളാണ്. ഇവ നട്ട് ഏഴ് – എട്ട് മാസങ്ങൾ കൊണ്ട് വിളവെടുപ്പിനാകും. ഒരു ഹെക്ടടറിൽ നിന്നും കസ്തൂരി ഇനത്തിൽ നിന്നും 2.27 ടണും , രജനി ഇനത്തിൽ നിന്നും 2.19 ടണും ഉണങ്ങിയ കച്ചോലം ലഭിക്കും. കസ്തൂരിയുടെ കിഴങ്ങ് ഇളം തവിട്ട് നിറത്തിലും, രജനിയുടത് ക്രീം നിറത്തിലുമാണ്. ഭാഗികമായ തണലിലും ഇവ കൃഷി ചെയ്യാം.

അടപതിയൻ
വിത്ത് മുളപ്പിച്ച് തൈകളാക്കിയും , വള്ളികൾ മുറിച്ചു നട്ടും, വേരുകൾ ഉപയോഗിച്ചും അടപതിയൻ കൃഷി ചെയ്യാം. വിത്ത് വെള്ളത്തിൽ കുതിർത്ത ശേഷം മണലിൽ പാകി തൈകളാക്കാം. വളളികൾ ഒന്നോ രണ്ടോ മുട്ടുകളുള്ള കഷണങ്ങളാക്കി വേര് പിടിപ്പിക്കാം. വേരുകൾ രണ്ടിഞ്ച് വലിപ്പമുള്ള കഷണങ്ങളാക്കി നടാം. അടപതിയനിൽ ഏറ്റവും കൂടുതൽ ഉൽപ്പാദന ക്ഷമത കാണിക്കുന്നത് ജീവ എന്ന
നമാണ്. ഇത് നട്ട് ഒന്നര വർഷം കൊണ്ട് വിളവെടുപ്പിന്നാവും. ഒരു ഹെക്ടർ കൃഷിയിൽ നിന്നും 4.51 ടൺ പച്ച വേര് ലഭിക്കും. ഇത് ഉണക്കിയെടുത്താൽ ഒന്നര ടൺ ലഭിക്കും. വേരുകൾക്ക് വണ്ണവും ഗുണവും കൂടുതലാണ്. ഭാഗിക തണലിലും നന്നായി വളരും

ചിറ്റാടലാടകം
ഇളം തലപ്പുകളാണ് ഇതിന്റെ നടീൽ വസ്തു . ഏകദേശം 20 സെ.മീറ്റർ നീളത്തിൽ കഷണങ്ങളാക്കി നടാം. അജഗന്ധി, വാസിക എന്നിവയാണ് ഇതിലെ ഉൽപ്പാദന ക്ഷമത കൂടിയ ഇനങ്ങൾ. ഇവ നട്ട് രണ്ട് വർഷത്തിന്നകം വിളവെടുപ്പ് നടത്താം. അജഗന്ധിയുടെ ഇലകൾക്ക് വലിപ്പം താരതമ്യേന കൂടുതലാണ്. ഒരു ഹെക്ടറിൽ നിന്നും ചെടി സമൂലം പച്ചയായി 39.78 ടണും , ഉണക്കിയാൽ ഇത് 12.37 ടണും ലഭിക്കും. വേരുകൾക്ക് അനുയോജ്യമായത് വസികയാണ്. ഒരു ഹെക്ടറിന് ചെടി സമൂലം പച്ചയായി 34.72 ടണും, ഉണക്കിയത് 11.25 ടണും ലഭിക്കും. ഈ രണ്ടിനങ്ങളും ഇടവിളയായും, തനി വിളയായും കൃഷി ചെയ്യാം
തിപ്പല്ലി
വള്ളികൾ മൂന്നു മുതൽ അഞ്ചു വരെ മുട്ടുകളുള്ള കഷണങ്ങളാക്കി നടാം. നാടൻ ഇനങ്ങളേക്കാൾ വിശ്വം എന്നയിനത്തിന് മികച്ച വിളവുൽപ്പാദന ശേഷിയുണ്ട്. കട്ടികൂടിയ ബലമുള്ള തിരികൾ ഇതിന്റെ പ്രത്യേകതയാണ്. ദീർഘകാലം വിള നൽകുന്നുമുണ്ട്. ഒരു ഹെക്ടറിൽ നിന്നും 433.3 കി.ഗാം ഉണക്ക തിപ്പല്ലി ലഭിക്കും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും കൃഷി ചെയ്യാം.
ചെത്തിക്കൊടുവേലി
ഇടത്തരം മൂപ്പുളളതണ്ടുകളാണ് വംശവർധനവിനായി ഉപയോഗിക്കുന്നത്. രണ്ടോ മൂന്നോ മുട്ടുകളുള കഷണങ്ങളാക്കി നടാം. മൃദുല , അഗ്നി എന്നിവയാണ് ഇതിെലെ അത്യുൽപ്പാദന ശേഷിയുളള ഇനങ്ങൾ. ഇവ രണ്ടും നട്ട് ഒന്നര വർഷം കൊണ്ട് വിളവെടുപ്പിനാകും. വണ്ണം കുറഞ്ഞ് നീളം കൂടിയ വേരുകളാണ് മൃദുലക്ക്. ഒരു ഹെക്ടറിന് പച്ച വേര് 9.93 ടൺ ലഭിക്കും. ഇത് ഉണക്കിയാൽ 2.94 ടൺ ലഭിക്കും. അഗ്നി ഇനത്തിന് അൽപ്പം കട്ടികൂടി നീളം കുറഞ്ഞ വേരുകളാണ്. ഒരു ഹെക്ടറിൽ നിന്നും 8.6 ടൺ പച്ച വേര് ലഭിക്കും. ഇതുണക്കിയാൽ 2.65 ടൺ ലഭിക്കും. ഭാഗിക സൂര്യപ്രകാശത്തിലും ഈ രണ്ടിനങ്ങളും നന്നായി വളരും
കാർഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ആഗസ്റ്റ് 31ന് മുമ്പ് അപേക്ഷിക്കുക
കാർഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ആഗസ്റ്റ് 31ന് മുമ്പ് അപേക്ഷിക്കുക
അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യാം
👉കേന്ദ്രഗവൺമെന്റിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ കർഷകർക്ക് നേരിട്ട് കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization എന്ന പദ്ധതിയിലൂടെ നേരിട്ട് വാങ്ങാവുന്നതാണ്.
👉ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്.
👉കാർഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് സെപ്റ്റംബർ 30 ന് മുമ്പ് അപേക്ഷിക്കുക.
👉വിവിധയിനം ട്രാക്റ്ററുകൾ,
കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം കോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തിൽ കർഷകർക്ക് വാങ്ങാവുന്നതാണ്.
ഓൺലൈൻ റജിസ്ട്രേഷനിലൂടെ കാർഷികയന്ത്രങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കി കൃഷിവകുപ്പ്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80% സബ്സിഡി നിരക്കിൽ കർഷകർക്കു ലഭ്യമാക്കും. കർഷകസംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കുംസഹായം ലഭിക്കും.
വിത്ത് മുളക്കാനും , വിളകളുടെ വളർച്ച ത്വരിതപ്പെടുത്താനും , പുഷ്പ്പിക്കാനും , ഗുണമേന്മയുള്ള കായ്ഫലം കിട്ടാനും സഹായിക്കുന്ന ഒരു കൂട്ടം സൂക്ഷ്മജീവികളുടെ ഒരു മിശ്രിതത്തിന് ഇപ്പോൾ ജൈവകർഷകർക്കിടയിൽ പ്രീയമേറി വരുന്നുണ്ട്.
കാര്യക്ഷമതയുള്ള സൂക്ഷ്മാണുക്കൾ ( ഇ.എം) എന്നറിയപ്പെടുന്ന ഇവ ജൈവസ്തുക്കളുടെയും കാർഷിക അവശിഷ്ടങ്ങളുടെയും വിഘടനം ത്വരിതപ്പെടുത്തുകയും , മണ്ണിലെ തദ്ദേശീയരായ ഉപകാരികളായ സൂക്ഷ്മജീവികളുടെ പ്രവർത്തനം ഊർജ്ജിതമാക്കുകയും ചെയ്യുന്നു. പ്രകാശസംശ്ലേഷണ ബാക്ടീരിയ , ലാക്ടിക് ആസിഡ് ബാക്ടീരിയ , യീസ്റ്റ് , ആക്ടിനോമൈസൈറ്റുകൾ , കിണ്വന കുമിളുകൾ എന്നിവയുടെ ഒരു മിശിതമാണ് ഇത്.
നമ്മുടെ സ്വാഭാവിക ചുറ്റുപാടുകളിൽ കാണുന്ന പ്രയോജനപ്രദമായ ഇത്തരം സൂക്ഷ്മജീവികളെ അനുകൂല സഹചര്യമുണ്ടാക്കി എണ്ണം പെരുപ്പിച്ച് കൃഷിയിടങ്ങളിലെത്തിക്കുകയാണ് ഇവിടെ ചെയ്യുന്നതു്. ഇത് മണ്ണിലൂടെയും വെള്ളത്തിലൂടെയും ജൈവവളങ്ങളിലൂടെയും വിളകൾക്ക് ലഭ്യമാക്കിയാൽ നല്ല അനുകൂല ഫലങ്ങൾ ലഭിക്കും .

ആക്ടിവേറ്റഡ് ഇ .എം ( എ.ഇ.എം) :
ഇ.എം.സ്റ്റോക്ക് ലായനിയായും പ്രവർത്തനസജ്ജമായ ഇ.എമമായും വിപണിയിൽ ലഭിക്കും. ഇതിൽ സ്റ്റോക്ക് ലായനി വാങ്ങുന്നതാണ് ഗുണമേന്മ കൊണ്ടും സാമ്പത്തികമായും മെച്ചം . എന്നാൽ സ്റ്റോക്ക് ലായനി നേരിട്ട് പ്രയോഗിച്ചാൽ ഗുണം കിട്ടില്ല. ഇവ വെള്ളത്തിൽ ശർക്കരയും ചേർത്ത് ഇളക്കി സൂക്ഷിച്ചാൽ പ്രവർത്തനസജ്ജമായ ഇ.എം .ലഭിക്കും.
ഇതിനായി ഒരു ലിറ്റർ ഇ.എം.സ്റ്റോക്ക് ലായനി ഒരു കിലോ ശർക്കര എന്നിവ ഇരുപത് ലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി പ്രകാശവും ചൂടും തട്ടാതെ പത്ത് ദിവസം വെക്കണം. ( ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം) . ഇതാണ് എ.ഇ.എം . ഇത് രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചെടികളിൽ തളിക്കാനും ചുവട്ടിൽ ഒഴിച്ചു കൊടുക്കാനും ഉപയോഗിക്കാം.
കൂട്ടിയിട്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങളിൽ ഇവ തളിച്ചാൽ അവ എളുപ്പം വിഘടീകരിച്ച് ഗുണമേന്മയുള്ള ജൈവവളമായി മാറുകയും ചെയ്യും.

ഇ. എം. കമ്പോസ്റ്റ്:
ഇ.എം . ഉപയോഗിച്ച് വ്യത്യസ്തങ്ങളായ പുളിപ്പിച്ച ദ്രാവക വളങ്ങളും ബൊക്കാഷി ( പുളിപ്പിച്ച ) കമ്പോസ്റ്റുകളും തയ്യാറാക്കാം. ഇ. എം. കമ്പോസ്റ്റ് ഉണ്ടാക്കാൻ ആദ്യമായി അതിനുള്ള ലായനി തയ്യാറാകണം. സ്റ്റോക്ക് സൊലൂഷൻ ഉപയോഗിച്ച് തയ്യാറാക്കിയ അരലിറ്റർ എ.ഇ.എം , മുനൂറ് മില്ലി ശർക്കര ലായനി എന്നിവ 30 ലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി
ഇളക്കുക .
കമ്പോസ്റ്റ് മണ്ണിലുണ്ടാക്കുന്നതാണ് നല്ലത്. കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി വൃത്തിയാക്കണം. ഈ പ്രതലത്തിൽ ഏകദേശം അഞ്ച് ലിറ്റർ ഇ.എം .ലായനി ഒഴിച്ച് നന്നായി കുതിർക്കുക. പിന്നീട് പ്രതലത്തിൽ അഞ്ച് സെൻററി മീററർക്കനത്തിൽ ചാണകം വിതറുക. ചാണകത്തിലും കുറച്ച് ഇ.എം .ലായനി തളിക്കുക. അതിന് മുകളിൽ ചപ്പുചവറുകളും , കളകളും മറ്റു ജൈവാവശിഷ്ടങ്ങളും കൂട്ടിയിടുക. വീണ്ടും ലായനി തളിക്കുക. ചാണകവും വിതറുക. ഈ പ്രക്രിയ ഉദ്ദേശം ഒന്നര മീറ്റർ വരെ ആവർത്തിക്കണം. ഈ കൂമ്പാരം ഷീറ്റുപയോഗിച്ച് മൂടേണ്ടതാണ്. 20-25 ദിവസങ്ങൾക്ക് ശേഷം ഈ കൂമ്പാരത്തിലെ ഈർപ്പം പരിശോധിച്ച് , കറവാണെങ്കിൽ വെള്ളം തളിച്ചു കൊടുക്കണം. അഞ്ച് കിലോ വീതം എണ്ണക്കുരു പിണ്ണാക്ക് , മീൻ വളം , എല്ലുപൊടി എന്നിവയും ജൈവാവശിഷ്ടങ്ങളോടൊപ്പം ചേർക്കാവുന്നതാണ് . 40 – 45 ദിവസം കൊണ്ട് ഇത് നല്ല കമ്പോസ്റ്റായി മാറുന്നതാണ്.

ജൈവകൃഷിയുടെ ആദ്യ രണ്ടു വർഷങ്ങളിലെ ഇ. എം .ഉപയോഗിച്ചുള്ള പ്രയോഗങ്ങൾ തുടർവർഷങ്ങളിലും നല്ല പ്രയോജനം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കെ. പി. ജയരാജൻ, മാഹി
9446347813
എം കെ പി മാവിലായി
_________
നട്ട് കഴിഞ്ഞ് മൂന്നോ നാലോ വർഷത്തേക്ക് ഗ്രാമ്പൂവിന് പ്രത്യേക പരിചരണം ആവശ്യമാണ്.
മണ്ണിൽ എന്നും ഈർപ്പം നിലനിൽക്കത്തക്കവിധത്തിൽ ജലസേചനം നൽകണം. ആദ്യ കാലങ്ങളിൽ ചെടിയുടെ വളർച്ചക്ക് 25 ശതമാനം സൂര്യരശ്മി മതിയാകും. മൂന്നോ നാലോ വർഷത്തിനുളിൽ അത് 50 ശതമാനമാക്കി വർദ്ധിപ്പിക്കാം. കള നിയന്ത്രണം ആവശ്യാനുസരണം നടത്തണം.
ഗ്രാമ്പൂ ചെടികളുടെ കരുത്തേറിയ വളർച്ചക്ക്
ജൈവ വളങ്ങളും രാസവളങ്ങളും ചേർന്ന വളപ്രയോഗ രീതിയാണ് കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്നത്.
ചെടി ഒന്നിന് 15 കി.ഗ്രാം വീതം കാലിവളമോ, കംബോസ്റ്റോ കാലവർഷക്കാലത്ത് ചേർത്തു കൊടുക്കണം. ഇതിന് പുറമെ ഒരു വർഷം പ്രായമായ ചെടി ഒന്നിന് 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ്ഫറസ്, 50 ഗ്രാം പൊട്ടാഷ് എന്നിവ ലഭിക്കത്തക്കവണ്ണം രാസവളങ്ങളും നൽകേണ്ടതാണ്. രണ്ടാം കൊല്ലം രാസവളത്തിന്റെ ഈ തോത് ഇരട്ടിയാക്കാം. ഇത് ക്രമേണ വർദ്ധിപ്പിച്ച് 15 കൊല്ലം പ്രായമാകുമ്പോ ഴേക്കും ചെടി ഒന്നിന് വർഷത്തിൽ 300 ഗ്രാം നൈട്രജൻ, 250 ഗ്രാം ഫോസ്ഫറസ്, 750 ഗ്രാം പൊട്ടാഷ് എന്നിവ ലഭിക്കത്തക്കവിധമുള്ള രാസവളങ്ങൾ ചേർത്തു കൊടുക്കണം.
രാസവളങ്ങൾ രണ്ടു തുല്യ തവണകളായി കാലവർഷാരംഭത്തിലും കാലവർഷത്തിന് ശേഷവും നൽകാം.
അതിശക്തമായ മഴക്കാലത്തും, വരണ്ട സാഹചര്യങ്ങളിലും രാസവളപ്രയോഗം ഒഴിവാക്കണം.
ചെടിയുടെ ചുവട്ടിൽ നിന്നും ഒന്നു മുതൽ ഒന്നേ കാൽ മീറ്റർ വരെ അകലത്തിൽ ആഴം കുറഞ്ഞ തടം എടുത്ത് വേണം രാസവളം ചേർക്കാൻ .

ആവശ്യമുള്ള നൈട്രജനെ 2.17 കൊണ്ടു ഗുണിച്ചാൽ ചേർക്കേണ്ട യൂറിയയുടെ അളവ് കിട്ടും.
ഫോസ്ഫറസിന്റെ അളവിനെ 5 കൊണ്ട് ഗുണിച്ചാൽ ആവശ്യമായ രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസിന്റെ അളവ് കിട്ടും.
പൊട്ടാഷിന്റെ അളവിനെ 2 കൊണ്ട് ഗുണിച്ചാൽ ആവശ്യമായ പൊട്ടാഷ് വളത്തിന്റെ (മ്യൂറേറ്റ് ഓഫ് പൊട്ടാഷ് ) അളവ് കിട്ടും.
ഉദാഹരണത്തിന്
300 ഗ്രാം നൈട്രജൻ കിട്ടാൻ ആവശ്യമായ യൂറിയ
300 ഗ്രാം x 2.17 = 651 ഗ്രാം.
250 ഗ്രാം ഫോസ്ഫറസ് കിട്ടാൻ ആവശ്യമായ രാജ് ഫോസ് അല്ലെങ്കിൽ മസൂറിഫോസ്
250 ഗ്രാം x 5 = 1250 ഗ്രാം
750 ഗ്രാം പൊട്ടാഷ് കിട്ടാൻ ആവശ്യമായ പൊട്ടാഷ് വളം
750 ഗ്രാം x 5 = 1500 ഗ്രാം

രാസവളങ്ങൾ ചേർക്കാത്ത പക്ഷം പകരം പിണ്ണാക്ക് വളങ്ങൾ, എല്ലു പൊടി , ചാരം, ജീവാണുവളങ്ങൾ എന്നിവ ചേർക്കണം.
നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ ഗ്രാമ്പൂ നട്ട് നാലാം വർഷം തന്നെ പൂവണിയും. എന്നാൽ മികച്ച രീതിയിൽ വിളവ് ലഭിക്കാൻ പത്തു വർഷമെങ്കിലും പിടിക്കും. നല്ല പരിതസ്ഥിതിയിലും പരിചരണത്തിലും വളരുന്ന ചെടികൾ പിന്നീട് 80 വർഷം വരെ നല്ല വിളവ് നൽകി കൊണ്ടിരിക്കും.
ജൈവകർഷകർ മാത്രമല്ല രാസവളങ്ങൾ ഉപയോഗിക്കുന്ന കർഷകരും ഇന്ന് പ്രകൃതിദത്തമായി തയ്യാറാക്കി ഉപയോഗിക്കാവുന്ന അമിനോ അമ്ലങ്ങളുടെ ആരാധകരാണ്.
നമ്മുടെ നാട്ടിൽ കൂടുതലായും പച്ചക്കറി കൃഷിയിൽ ഉപയോഗപ്പെടുത്തുന്ന ഇവ, സൂഷ്മ ജീവികളുടെ വംശവർദ്ധനവിനും ചെടികളുടെ സമൃദ്ധമായ വളർച്ചക്കും കായ് പിടിത്തത്തിനും മാത്രമല്ല ഗുണമേന്മ വർദ്ധിക്കുന്നതിനും സഹായകരമാണെന്നാണ് ഇന്ത്യയിലെങ്ങുമുള്ള കൃഷിക്കാരുടെ അനുഭവം .
വീടുകളിലും കൃഷിയിടങ്ങളിലും എളുപ്പം തയ്യാറാക്കാവുന്ന അമിനോ അമ്ലങ്ങളാണ് മീൻ അമിനോ അമ്ലവും മുട്ട അമിനോ അമ്ലവും .
മത്തിക്കഷായം
നമ്മുടെ നാട്ടിൽ സുലഭവും വിലകുറഞ്ഞതുമായ മത്തിയാണ് മീൻ അമിനോ ആസിഡ് ഉണ്ടാക്കാനായി കൂടുതലും ഉപയോഗിക്കുന്നതു്. എങ്കിലും നീലയും കറുപ്പും നിറത്തിലുള്ള മത്സ്യങ്ങളിലാണ് അമിനോ അമ്ലങ്ങൾ കൂടുതലുള്ളതു് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
മത്തി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നതെങ്കിൽ മത്തിയും ശർക്കരയും സമമായി എടുക്കണം . ഉദാഹരണത്തിന് അരകിലോ മത്തിയും അരക്കിലോ ശർക്കരയും . മത്തി ചെറുതായി അരിഞ്ഞിടുക. ശർക്കര പൂർണ്ണമായും പൊടിക്കണം . ഇവ രണ്ടും നന്നായി യോജിപ്പിച്ച് ഭദ്രമായി മൂടി വെയിൽ കൊള്ളാത്ത ഒരു സ്ഥലത്ത് വെക്കുക . ഇടക്കിടെ നന്നായി കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ് . 20 – 25 ദിവസങ്ങൾക്ക് ശേഷം പാത്രത്തിലുള്ളത് ഒരു നേരിയ തുണി ഉപയോഗിച്ച് അരിച്ച് പിഴിഞ്ഞെടുക്കാവുന്നതാണ്.
ഇത് 2 മുതൽ 5 മില്ലി ലിറ്റർ വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ ഒരാഴ്ച ഇടവേളകളിൽ തളിക്കാവുന്നതാണ്.

മുട്ടക്കഷായം
തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള വീര്യചിന്നമ്മാൾ എന്ന നാട്ടുവൈദ്യ ആസ്തമ രോഗത്തിന് നൽകി വന്ന ഒററമൂലി ചില മാറ്റങ്ങളോടെ ഇന്ന് ജൈവകർഷകരുടെ കൺകണ്ട വളർച്ചാ ത്വരകമാണ് . വിളകൾ പുഷ്ടിയോടെ വളരാനും നിറയെ പൂക്കളും കായ്കളുമുണ്ടാകാനും ഇത് സഹായകരമാണെന്നാണ് കൃഷിക്കാരുടെ വിലയിരുത്തൽ .
മുട്ടയും ചെറുനാരങ്ങനീരും ഉപയോഗിച്ചാണീ മുട്ടക്കഷായം ( മുട്ട അമിനോ ആസിഡ്) തയ്യാറാക്കുന്നത്. കോഴിയുടേയോ താറാവിന്റെയോ മുട്ടകൾ ഇതിനായി ഉപയോഗിക്കാമെങ്കിലും കോഴിമുട്ടകളാണ് അമിനോ അമ്ലങ്ങളിൽ മുൻപന്തിയിൽ . അഞ്ച് മുട്ടകൾ പൂർണ്ണമായും മുങ്ങി നിൽക്കത്തക്കവണ്ണം പത്തോ പതിനഞ്ചോ ചെറുനാരങ്ങയുടെ നീരും തയ്യാറാക്കി വെക്കണം. വായ് വിസ്തൃതിയുള്ള ഒരു പാത്രത്തിൽ മുട്ടകൾ പൊട്ടാതെ ഇറക്കി വെക്കുക. മുട്ടകൾ പൂർണ്ണമായും മൂടത്തക്കവിധം ചെറുനാരങ്ങനീര് ഇതിലേക്ക് ഒഴിക്കണം . പാത്രത്തിന്റെ വായ ഭദ്രമായി അടച്ചു വെച്ച ശേഷം വെയിലടിക്കാത്ത ഒരു സ്ഥലത്ത് ഇളക്കാതെ വെക്കുക . പത്ത് ദിവസങ്ങൾക്ക് ശേഷം മൂടി തുറന്ന് 250 ഗ്രാം ശർക്കര ഉരുക്കി ഇതിലേക്ക് ഒഴിക്കുക . ഇവ നന്നായി യോജിപ്പിച്ച് ചേർക്കുക.
പാത്രം വീണ്ടും ഭദ്രമായി മൂടി വെക്കുക. പത്ത് ദിവസം കൂടിക്കഴിഞ്ഞ ശേഷമെടുത്ത് നന്നായി ഇളക്കുക. പിന്നീട് നേരിയ തുണി ഉപയോഗിച്ച് അരിച്ച് പിഴിഞ്ഞെടുത്താൽ മുട്ടക്കഷായമായി .
ഇത് ഒന്നോ രണ്ടോ മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ ഒരാഴ്ച ഇടവിട്ട് തളിക്കാനുപയോഗിക്കാം.
കെ. പി. ജയരാജൻ, മാഹി
9446347813
കർഷക ക്ഷേമനിധി ബോർഡും പെൻഷനും മറ്റാനുകൂല്യങ്ങളും സാധ്യതകളും
കർഷക ക്ഷേമത്തിനായും അവർക്കു പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുന്നതിനുമായാണ് കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുള്ളത്.
സ്വന്തമായോ വാക്കാൽ പാട്ടത്തിനോ സർക്കാർ പാട്ടഭൂമിയിലോ കൃഷി ചെയ്യുന്നവർ , അഞ്ച് സെന്റ് മുതൽ 15 ഏക്കർ വരെയുള്ള ഭൂമിയിൽ കൃഷി ചെയ്യുന്നവർ (എന്നാൽ റബ്ബർ, കാപ്പി, തേയില, ഏലം എന്നീ തോട്ടവിളകളുടെ കാര്യത്തിൽ പരിധി ഏഴര ഏക്കറാണ് ). കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ളവർ. പ്രതിവർഷം അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത വരുമാനമുള്ളവർ. മൂന്നു വർഷത്തിൽ കുറയാതെ കൃഷി ചെയ്യുന്നവർ. ഇവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം.
നെൽകൃഷി, ഉദ്യാനകൃഷി, കന്നുകാലി വളർത്തൽ (ക്ഷീര കർഷകർ), ഫലവൃക്ഷങ്ങൾ, പച്ചക്കറി, വാഴ, ഇഞ്ചി, കപ്പ അട ക്കമുള്ള കിഴങ്ങുവർഗങ്ങൾ, പുല്ലും തീറ്റപ്പുല്ലും, വൃക്ഷങ്ങൾ നട്ടുവളർത്തൽ, (ഭൂമിയിൽ ഉള്ള ഏതു തരം കൃഷിയും), മത്സ്യം, അലങ്കാരമത്സ്യം, ചിപ്പി, കക്ക, തേനീച്ച, പട്ടുനൂൽ പുഴു, കോഴി, താറാവ്, ആട് കൃഷി ഉൾപ്പെടെ എല്ലാം.
18 മുതൽ 55 വരെ വയസുള്ള ഏതൊരു കർഷകനും അംഗമായി രജിസ്റ്റർ ചെയ്യാം. ഓരോ കർഷകനും പ്രതിമാസം കുറഞ്ഞത് നൂറു രൂപ അടയ്ക്കണം. ഇതിലേക്ക് പ്രതിമാസം 250 രൂപ സർക്കാർ വിഹിതമായി വരും. അർധ വാഷികമായോ വർഷത്തിൽ ഒരിക്കലോ സൗകര്യം പോലെ അടയ്ക്കാം. കൂടുതൽ തുകയും അടയ്ക്കാവുന്നതാണ്.
ഈ വർഷം ആദ്യംതന്നെ അഗങ്ങളെ ചേർക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടത്. ജൂൺ 15 ന് രജിസ്ട്രേഷൻ ആരംഭിക്കും. ഓൺലൈൻ വഴിയായിരിക്കും രജിസ്ട്രേഷൻ. ഏതെങ്കിലും തിരിച്ചറിയൽ രേഖ ഇതിനായി ഉപയോഗിക്കാം. ബോർഡിന്റെ വെബ് പോർട്ടൽ, വെബ്സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിന് അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കാം.
അപേക്ഷകളിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കും. വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർ ആവശ്യമായ പരിശോധനകൾ നടത്തി വിവരങ്ങൾ ശരിയാണെന്നു കണ്ടെത്തിക്കഴിഞ്ഞാൽ അംഗത്വം ലഭിക്കുന്നവർക്ക് അംഗത്വ കാർഡ് നൽകും.
അംഗമാകുന്ന കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ, മക്കളുടെ വിദ്യാഭ്യാസ സഹായം, പെൺമക്കൾക്ക് വിവാഹസഹായം എന്നിവ ലഭിക്കും. 60 വയസ് പൂർത്തിയാകുന്നവർക്ക് മാസം തോറും 5000 രൂപ പെൻഷൻ നൽകാനാണ് നിലവിലെ തീരുമാനം. ഭാവിയിൽ അതു വർധിക്കും.
ഇപ്പോൾ ലഭിക്കുന്ന കർഷകപെൻഷനും ഇനിമുതൽ നൽകുന്നത് ബോർഡായിരിക്കും. ‘
മുപ്പതു ലക്ഷം അംഗങ്ങളെ ചേർക്കുകയാണു ലക്ഷ്യം. ഇരുപതു ലക്ഷമാണ് ഇപ്പോഴത്തെ ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെ എത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. വളരെ പ്രയോജനപ്രദമായ ഈ പദ്ധതി കർഷകർ പ്രയോജനപ്പെടുത്തണം.
നാളികേര സംസ്ഥാനമായ കേരളത്തിന്റെ ഉൽപ്പാദനക്ഷമതയുടെ ഇരട്ടിയിലധികമാണ് നമ്മുടെ അയൽ സംസ്ഥാനങ്ങളുടേത് . വിത്ത് തേങ്ങാ തെരഞ്ഞെടുക്കുമ്പോൾ മുതൽ തെങ്ങ് കൃഷിയുടെ എല്ലാ മേഖലയിലും നാം വെച്ചു പുലർത്തുന്ന അശാസ്ത്രീയതയാണ് ഇതിന് കാരണം .
ഈ അശാസ്ത്രീയത ഏറ്റവും പ്രകടമാകുന്നത് തെങ്ങിന്റെ വളപ്രയോഗത്തിലാണ് .തെങ്ങിന്റെ തടം തുറക്കുന്നത് മുതൽ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം . തെങ്ങ് മുതൽ തടത്തിന്റെ വരമ്പ് വരെ 2 മീറ്റർ വ്യാസാർദ്ധത്തിൽ വേണം തടം തുറക്കാൻ . തടത്തിൽ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കിൽ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം .
കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം.. വളക്കൂറുള്ളതും എളുപ്പം കേട്ടടിയുന്നതുമായ പച്ചിലകളാണ് ഉത്തമം . ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞിൽ , പയറു വർഗ്ഗ വിളകൾ എന്നിവ എല്ലാം നല്ലതാണ് . സ്ഥൂല ജൈവവളങ്ങൾക്ക് മുൻഗണന നൽകേണ്ട തെങ്ങിന് 15 മുതൽ 25 കിലോ ജൈവവളങ്ങൾ ആവശ്യമാണ് . പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടൻ വളങ്ങൾ പ്രയോഗിക്കാം.

ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പുണ്ണാക്ക് , എല്ലുപൊടി , കോഴിവളം , മത്സ്യ വളം , മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം .കൃഷിക്കാർക്ക് കടല പുണ്ണാക്കിനോട് പ്രത്യേക മമത ഉണ്ടെങ്കിലും വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോൾ വേപ്പിൻ പുണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂർ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാൻ ഒരു പരിധിവരെ വേപ്പിൻ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കിൽ വേപ്പിൻ പുണ്ണാക്ക് ഉപയോഗിക്കാം.
ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങൾ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട് .
നന്നായി ജൈവവളം ചെയതിട്ടുണ്ടെങ്കിൽ ഒരാഴ്ച എങ്കിലും കഴിഞ്ഞ് രാസവളം കൂടെ ചേർത്ത് തടം മൂടുന്നതാണ് നല്ലത്.
നേർ വളങ്ങളാണ് വിലക്കുറവിൽ മെച്ചം . ശരാശരി പരിചരണം നൽകുന്ന ഒരു തെങ്ങിന് മുക്കാൽ കിലോ യൂറിയ 850 ഗ്രാം മഷൂറി ഫോസ് ഒന്നേകാൽ കിലോ പൊട്ടാഷ് എന്നിവ നൽകാം . ജലസേചനമടക്കമുള്ള മികച്ച പരിചരണം നൽകുന്നുണ്ടെങ്കിൽ ഒരു കിലോ നൂറ് ഗ്രാം യൂറിയ , ഒരു കിലോ അറുനൂറ് ഗ്രാം മഷൂറി, 2 കിലോ പൊട്ടാഷ് എന്നിങ്ങനെ നൽകാം . 10:5:20 കോക്കനട്ട് മിശ്രിതമാണെങ്കിൽ യഥാക്രമം മൂന്ന് കിലോ നാനൂറ് ഗ്രാമും അഞ്ച് കിലോയും നൽകാം .

തെങ്ങിന് അത്യന്താപേക്ഷിതമായ സസ്യപോഷകാംശമാണ് പൊട്ടാഷ് . അത് കൊണ്ട് ഫാക്ടംഫോസ് മാത്രമായി തെങ്ങിന് നൽകരുത് . ആവശ്യമായ അളവിൽ യൂറിയയും പൊട്ടാഷും ചേർത്ത് മാത്രമെ തെങ്ങിന് ഫാക്ടംഫോസ് നൽകാവൂ . ശരാശരി പരിചരണമുള്ള തെങ്ങൊന്നിന് 350 ഗ്രാം യൂറിയ , 850 ഗ്രാം ഫാക്ടംഫോസ് , ഒരു കിലോ ഇരുനൂറ്റി അമ്പത് ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമാണ് . മെച്ചപ്പെട്ട പരിചരണം നൽകുന്ന തെങ്ങൊന്നിന് 400 ഗ്രാം യൂറിയ , ഒരു കിലോ അറുനൂറ് ഗ്രാം ഫാക്ടംഫോസ് , 2 കിലോ പൊട്ടാഷ് എന്നിവ വേണം .രാസവളങ്ങൾ മൂന്നിലൊരു ഭാഗം ഇടവപ്പാതിയിലും ബാക്കി തുലാവർഷത്തിലും നൽകുന്നതാണ് ഉചിതം . തെങ്ങൊന്നിന് അരക്കിലോ മെഗ്നീഷ്യം സൾഫേറ്റും നൽകാം . തെങ്ങിൻ തോപ്പിലെ ഇടവിളകൾക്ക് പ്രത്യേകം പരിചരണം നൽകാനും മറക്കരുത്.
– കെ. പി. ജയരാജൻ, മാഹി
9446347813
ഗ്രാമ്പൂതൈകൾ ഉൽപ്പാദിപ്പിക്കാം ജൂലൈ – ആഗസ്ത് മാസമാണ് പറ്റിയ സമയം
എം കെ പി മാവിലായി
ഗ്രാമ്പൂവിൽ സങ്കര ഇനങ്ങൾ ഒന്നും ഉരുത്തിരിച്ചെടുത്തിട്ടില്ല.
വാണിജ്യപരമായി ഗ്രാമ്പു അത് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തിന്റെ പേരിനോട് ചേർത്ത് അറിയപ്പെടുന്നു. ഇതിൽ ഏറ്റവും ഗുണമേന്മയുളളത് പെനാങ്ങ് ഗ്രാമ്പുവാണ്. ഇത് കഴിഞ്ഞാൽ സാൻസിബാർ ഗ്രാമ്പുവിനും പിന്നെ മെഡഗാസ്ക്കർ ഗ്രാമ്പുവിനുമാണ് മാർക്കറ്റിൽ പ്രിയം.
സാധാരണയായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത് വിത്ത് പാകി മുളപ്പിച്ച തൈകൾ ഉണ്ടാക്കിയാണ് . നല്ലത് പോലെ വിളഞ്ഞ് പാകമായ പഴങ്ങളിൽ നിന്നുളള വിത്തുകളാണ് തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.പത്തു വർഷമെങ്കിലും പ്രായമുളള നല്ല വിളവ് നൽകുന്ന ആരോഗ്യമുള്ള മരങ്ങളിൽ നിന്നുമാണ് വിത്തിന് വേണ്ടി പഴങ്ങൾ ശേഖരിക്കേണ്ടത്.

ജൂലൈ – ആഗസ്ത് മാസമാണ് ഇതിന് പറ്റിയ സമയം .ശേഖരിച്ച പഴങ്ങൾഒന്നോ രണ്ടോ ദിവസം വെള്ളത്തിൽ കുതിർത്ത ശേഷം കനം കുറഞ്ഞ മരച്ചീളുകൾ കൊണ്ടോ വിരലുകൾ കൊണ്ടോ പുറന്തൊലി മാറ്റണം. തൊലി പൊളിച്ചു കഴിഞ്ഞാൽ കഴിവതും വേഗത്തിൽ നടണം.വെള്ളം കെട്ടി നിൽക്കാത്ത നീർവാർച്ചയുളള പ്രദേശങ്ങളാണ് തവാരണ ഉണ്ടാക്കുന്നതിന് യോജിച്ചത്. തണുപ്പും തണലുമുളള പ്രദേശങ്ങളാണ് നല്ലത്. വിത്തുകൾ 12 മുതൽ 15 സെ. മീ അകലത്തിൽ പൊഴിയുളള ഭാഗം അടിയിലാകത്തക്കവണ്ണം 3 മുതൽ 5 സെ.മീറ്റർ ആഴത്തിൽ പാകണം. വിത്തിന്റെ മൂന്നിലൊരു ഭാഗം മണ്ണിന് മുകളിൽ വരത്തക്കവണ്ണമാണ് പാകേണ്ടത്. തണൽ ഇല്ലെങ്കിൽ പന്തലിടേണ്ടിവരും. അതിന് പുറമെ ഉണങ്ങിയ ഇലകൾ കൊണ്ടോ മറ്റോ പുതയിടുന്നത് നല്ലതാണ്. ദിവസവും നനക്കണം. നനവ് കൂടാനും ഉണക്കം ബാധിക്കാനും പാടില്ല.
പത്ത് – പതിനഞ്ച് ദിവസത്തിനകം ബീജ പത്രങ്ങൾ മണ്ണിന് മുകളിൽ കാണും. പുതയിട്ടിട്ടുണ്ടെങ്കിൽ ഈ സമയത്ത് മാറ്റണം.
ബീജപത്രങ്ങളുടെ മദ്ധ്യഭാഗത്തുള്ള ആവരണത്തിൽ നിന്നും രണ്ടു ചെറിയ മുകുളങ്ങൾ വളരാൻ തുടങ്ങിയാൽ തൈകൾ കേടുകൂടാതെ പോട്ടിങ് മിക്സച്ചർനിറച്ച പോളിത്തീൻ സഞ്ചികളിൽ മാറ്റി നടാം.സഞ്ചികളിൽ നിറയ്ക്കാനുള്ള പോട്ടിങ്ങ് മിക് സച്ചർ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പേ തയ്യാറാക്കേണ്ടതാണ് . തുല്യ അളവിൽ മണ്ണും മണലും ഉണങ്ങിയ ചാണകപ്പൊടിയും കുട്ടി കലർത്തി തയ്യാറാക്കുന്നതാണ് പോട്ടിങ്ങ് മിക്സച്ചർ.

നല്ല രീതിയാൽ വളർത്തുന്ന തൈകൾക്ക് ഒന്നര-രണ്ട് വർഷം പ്രായമാകുമ്പോൾ 45 സെ.മീറ്ററിൽ കുറയാത്ത ഉയരവും രണ്ടോ മൂന്നോ ശാഖകളും ഉണ്ടായിരിക്കും. ഈ പ്രായമാണ് പറിച്ചു നടാൻ ഉത്തമം. പറിച്ചു നട്ട തൈകൾക്ക് 25 മുതൽ 50 ശതമാനം തണൽ നൽകണം.തൈകളുടെ പരിചരണത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സസ്യസംരക്ഷണമാണ്.

തവാരണയാലോ ബാഗുകളിലോ വെളളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗ – കീടബാധകൾ വരാതിരിക്കാനുളള മുൻകരുതലുകളും ഉണ്ടാവണം. വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്ന19:19:19 എന്ന വളംവളർച്ചക്കനുസരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം മുതൽ 5 ഗ്രാം വരെ കലർത്തി രണ്ടാഴ്ചയിലൊരിക്കൽ ചെടികൾക്ക് നൽകുന്നത് ചെടികളുടെ കരുത്തുറ്റ വളർച്ചക്ക് ഉപകരിക്കും.തെങ്ങിൻ തോട്ടങ്ങളിലും, കവുങ്ങിൻ തോപ്പിലും, കാപ്പിതോട്ടങ്ങളിലും ഇടവിളയായി വളർത്താൻ യോജിച്ച ഒരു വിളയാണ് ഗ്രാമ്പു
പട്ടാള ഈച്ചകളെ ഉപയോഗിച്ചു മാലിന്യ സംസ്കാരണത്തിനും കോഴി, മത്സ്യവള നിർമ്മാണത്തിനും ജൈവവളനിർമാണത്തിനും വൻ പദ്ധതിയുമായി മാഹി പുത്തലം ഗണശക്തിയുടെ മനോഹരനും സംഘവും.
ജൈവമലിന്യ സംസ്കാരണത്തിനു ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയവരാണ് നമ്മൾ. ഓരോന്നിനും അതിന്റെതായ പ്രശ്നങ്ങളും പ്രയാസങ്ങളും കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ കാര്യമായ പ്രശ്നകളില്ലാതെ, ദുർഗന്ധമില്ലാതെ ഗാർഹിക മാലിന്യം സംസ്ക്കരിച്ചു കിട്ടുകയും അതോടൊപ്പം പ്രോട്ടീൻ സമ്പന്നമായ കോഴിത്തീറ്റയും മത്സ്യത്തീറ്റയും ഗുണമേന്മയുള്ള വളവും ലഭിക്കുകയും ചെയ്യുന്ന മലിന്യ സംസ്കരണ രീതിക്ക് ഇപ്പോൾ വലിയ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്.
പട്ടാളഈച്ചകളുടെ ലാർവകളാണ് ( Black Soldier Flies ) ഒരേസമയം മാലിന്യം വളമാക്കുകയും നൽപ്പത് ശതമാനത്തോളം പ്രോട്ടീൻ പ്രദാനം ചെയ്യുന്ന ഒന്നാന്തരം തീറ്റ സമ്മാനിക്കുകയും ചെയ്യുന്നത്. നമ്മുടെ പരിസരങ്ങളിൽ തന്നെയുള്ള ബി. എസ്. എഫ് ഈച്ചകൾ വളരെയധികം ഉപകരികളാണെന്ന് മാത്രമല്ല യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കുന്നവയുമല്ല. ഇവയുടെ ലാർവകളെ കോഴി മത്സ്യത്തീറ്റക്കായി ലോകവ്യാപകമായി ഇപ്പോൾ തന്നെ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. എന്നാൽ ചെറിയ ഡ്രംമുകളോ ബക്കറ്റുകളോ അൽപ്പം രൂപമാറ്റം വരുത്തി അവയിൽ ജൈവമാലിന്യങ്ങൾ നിക്ഷേപ്പിച്ചാൽ പട്ടാള ഈച്ചകളെ അതിലേക്കു സ്വഭാവികമായി ആകർഷിക്കുവാൻ കഴിയും. ഓരോ ഈച്ചയുടെയും മുട്ടയിൽ ആയിരത്തോളം ലാർവകൾ ഉണ്ടാകുകയും അവ ദിവസങ്ങൾക്കകം ജൈവമാലിന്യം ഭക്ഷിച്ചു വളക്കൂറുള്ള ദ്രാവകം പുറത്തേക്ക് വരുകയും ചെയ്യും. ഈ ദ്രാവകം പത്തിരട്ടി വെള്ളം ചേർത്ത് പ്രയോഗിച്ചാൽ വിളകൾക്കും

അലങ്കാരചെടികൾക്കും ഒന്നാന്തരം വളമാകും . ലാർവകളെ ശേഖരിച്ചു കോഴികൾക്കും മത്സ്യത്തിനും തീറ്റയായി നൽകുവാനും കഴിയും . നൽപ്പത് ശതമാനത്തോളം പ്രോട്ടീനും മുപ്പത് ശതമാനം കൊഴുപ്പും അടങ്ങിയിട്ടുള്ള ഇത്തരം ലാർവകൾ കോഴി, മത്സ്യകൃഷിയിലെ ചെലവ് ഗണ്യമായിക്കുറക്കാൻ സഹായിക്കും. വരാൽ പോലുള്ള മത്സ്യങ്ങളുടെ ഇഷ്ട വിഭവവുമാണ് ജീവനുള്ള ലാർവകൾ.
ഗാർഹിക മാലിന്യം എളുപ്പം സാംസ്ക്കരിക്കാൻ സഹായിക്കുന്ന ‘ ബയോപോഡ് ‘ എന്നറിയപ്പെടുന്ന ഈ ജൈവവള യൂണിറ്റിന്റെ നിർമാണം വളരെ ലളിതമാണ്. ലഭ്യമായ ജൈവവശിഷ്ടത്തിന്റെ അളവിനനുസരിച്ച് ഉപയോഗിക്കുന്ന പാത്രത്തിന്റെ അളവ് തീരുമാനിക്കാം. മൂടി അടച്ചുവെക്കുന്ന പത്രത്തിന് ഈച്ചകൾ കടന്ന് വരാനും അതേസമയം വെള്ളം നേരിട്ട് പതിക്കാതിരിക്കാനും ടി ആകൃതിയിൽ ഉള്ള ഒരു പൈപ്പ് മുകളിൽ സ്ഥാപിക്കുന്നു. പൈപ്പിന്റെ പാത്രത്തിനുള്ളിൽ വരുന്ന ഭാഗത്ത് ഈച്ചകൾക്ക് മുട്ടയിടനായി സൺപാക്ക് ഷീറ്റ്കളോ അതുപോലുള്ള കാർഡ് ബോർഡ് ഷീറ്റ്കളോ ചുറ്റിവെക്കണം. സാംസ്ക്കരിക്കപ്പെടുന്ന ദ്രവ രൂപത്തിലുള്ള ജൈവാംശം പുറത്തേക്ക് ഒഴുകി വരാനുള്ള പൈപ്പ് ഏറ്റവും താഴെയും വേണം. പാത്രത്തിന്റെ മുകളിൽ ഒരു വശത്ത് ലാർവകൾക്ക് പുറത്തേക്ക് വരാനുള്ള ഒരു പൈപ്പും അവയെ ശേഖരിക്കാനുള്ള സംവിധാനവും ഘടിപ്പിക്കണം.
ആദ്യ ഘട്ടത്തിൽ ലാർവ രൂപപ്പെടുവാനുള്ള സമയം നൽകി കുറച്ച് ജൈവാവശിഷ്ടങ്ങൾ മാത്രമേ നിക്ഷേപിക്കാവൂ. പിന്നീട് ലഭ്യമായ ജൈവവശിഷ്ടങ്ങൾ നിക്ഷേപിക്കാം. മുട്ടയിട്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ നശിച്ചു പോകുന്ന പട്ടാള ഈച്ചകൾ തികച്ചും പരിസ്ഥിതി സൗഹൃദമായാണ് പ്രവർത്തിക്കുന്നത്. പാത്രത്തിൽ കൂടുതൽ വെള്ളം കെട്ടിക്കിടക്കാനും ഉറുമ്പുകൾ വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വിദേശരാജ്യങ്ങളിൽ ഇത്തരം ഈച്ചകളെ വളർത്തിയാണ് ലാർവകളെ ഉണ്ടാക്കുന്നത്. എന്നാൽ കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ അവ നമുക്ക് ചുറ്റും ഉണ്ടെന്നതും ഒരു അനുഗ്രഹമാണ്.
‘ ബയോപോഡുകൾ ‘ നിർമിച്ചു നൽകുകയും ആവശ്യമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യാനുള്ള സംവിധാനം പുത്തലം ഗണശക്തി ഏർപ്പെടുത്തിയിട്ടുണ്ട്.
കെ. പി. ജയരാജൻ. മാഹി
ഫോൺ : 9446347813
