Home ഔഷധസസ്യങ്ങൾമൂല്യമേറും ഞൊട്ടാഞ്ഞൊടിയൻ ; ഇന്ന് വിദേശ വിപണിയിലെ താരമാണ്

മൂല്യമേറും ഞൊട്ടാഞ്ഞൊടിയൻ ; ഇന്ന് വിദേശ വിപണിയിലെ താരമാണ്

by krishippura
1 comment

കേരളത്തിലെ തെരുവോരങ്ങളിലും പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഞ്ഞൊട്ടാഞ്ഞൊടിയന്‍ പഴം, ഇന്ന് വിദേശ വിപണിയിലെ താരമാണ്. നാം അവഗണിച്ച ഒരു കാട്ടുചെടി പഴത്തിന്റെ പോഷക മൂല്യവും ഔഷധ മൂല്യവും തിരിച്ചറിഞ്ഞ വിദേശികള്‍ വന്‍വില നല്‍കിയാണ് ഇവ കൈവശമാക്കുന്നത്. കേരളത്തില്‍ ഞൊട്ടാഞൊടിയന്‍ എന്ന് വിളിക്കുന്ന കാട്ട് ചെടി പഴത്തിന് തന്നെ വിവിധ പേരുകളാണ്. മൊട്ടാബ്ലി, മുട്ടാംബ്ലിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴത്തിന്റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷില്‍ ഗോള്‍ഡന്‍ബെറി എന്നാണറിയപ്പെടുന്നത്.

നാട്ടിന്‍പുറങ്ങളിലെ തൊടികളിലെ സാന്നിദ്ധ്യമായിരുന്ന ഈ ചെടിയിലെ കായ് അടര്‍ത്തിയെടുത്ത് നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് ഒരു തലമുറയുടെ ഗൃഹാതുരമായ ഓര്‍മ്മയാണ്. പാഴ്‌ചെടികളുടെ പട്ടികയില്‍ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിര്‍ഹമാണ് വില. എന്നാല്‍, ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണെന്ന വിശ്വാസത്തില്‍ ആവശ്യക്കാര്‍ ഏറി വരികയാണ് യു.എ.ഇയില്‍ അതിനാല്‍ തന്നെ കായികതാരങ്ങള്‍ ആരോഗ്യ ഊര്‍ജ്ജ സ്വലതക്കായി ഇത് ഉപയോഗിക്കുന്നു.

മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. പച്ച കായ്ക്ക് ചവര്‍പ്പ് രുചിയാണെങ്കില്‍, പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും. വേനലില്‍ ചെടി കരിഞ്ഞ് പോകും. ഇതിന്റെ സാമ്പത്തിക ഔഷധ പ്രധാന്യം ഇപ്പോഴും നമുക്ക് അജ്ഞാതമാണ്. എന്നാല്‍ വിദേശങ്ങളില്‍ ആവശ്യക്കാര്‍ കൂടിയത് പുതിയ സാധ്യതകളാണ് കര്‍ഷകര്‍ക്കും മറ്റും മുന്നില്‍ തുറന്നിടുന്നത്.

പുരാതന കാലം മുതല്‍ ഔഷധ നിര്‍മിതികള്‍ക്ക് ഈ ചെടി ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ക്കടക മാസത്തിലെ ഔഷധ കഞ്ഞിയിലും ഇത് ഉപയോഗിച്ചിരുന്നു. കുട്ടികളിലെ ത്വക്ക് രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിതെന്നാണ് ആയുര്‍വേദ ചികിത്സാ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലിവറും കിഡ്‌നിയും സംരംക്ഷിക്കുന്നതോടൊപ്പം ആസ്തമ ,കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാനും ഈ ഫലം ഫലപ്രദമാണ്.

MKP മാവിലായി

You may also like

Comments are closed.