ഓർക്കിഡ് പോലെതന്നെ എല്ലാവർക്കും പ്രിയപ്പെട്ട ചെടിയാണ് റോസ്. പച്ച ചാണകമോ, മണ്ണിരക്കമ്പോസ്‌റ്റോ കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തു കിട്ടുന്ന തെളിയോ ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് ഇവയുടെ വളർച്ച വേഗത്തിലാക്കാൻ മികച്ചതാണ്. ചുവട്ടിൽ ഉണങ്ങിയ ചാണകക്കട്ടകൾ ഇടുന്നത് ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ ഏറ്റവും മികച്ച ഉപായമാണ്. ചൂടിനെ ഒരുപരിധിവരെ നിയന്ത്രിക്കുക മാത്രമല്ല ചെറുകീടങ്ങളെ അകറ്റുവാനും ഈ പ്രക്രിയ ഗുണം ചെയ്യും. ഇവയിൽ കാണപ്പെടുന്ന കീടങ്ങളെ അകറ്റാൻ നേർപ്പിച്ച വെളുത്തുള്ളി, വെളുത്തുള്ളി വേപ്പെണ്ണ സോപ്പ് മിശ്രിതം എന്നിവയിലേതെങ്കിലും സ്പ്രേ ചെയ്താൽ മാത്രം മതി. ഇവയുടെ വളർച്ച ഘട്ടത്തിൽ കൊമ്പുകോതൽ ലഘുവായി ചെയ്തുകൊടുക്കുന്നത് മികച്ചതാണ്.
ഹൈബ്രിഡ് ടി വിഭാഗത്തിന് കേടു കൂടുതലും മിനിയേച്ചറുകൾക്ക് കേടു കുറവും ആയാണ് കണക്കാക്കുന്നത്. കീടനാശിനി നേർപ്പിച്ച് ബ്രഷ് കൊണ്ട് തണ്ടിൽ പുരട്ടിയാൽ ശൽക്കകീടങ്ങൾ ഇല്ലാതാക്കാം. ഉയർന്ന മർദ്ദത്തിൽ വെള്ളം സ്പ്രേ ചെയ്ത് നൽകിയാൽ ഇലകളുടെ മാർദ്ദവം നഷ്ടപ്പെടുന്നത് തടയുകയും, പൂമൊട്ടുകൾ തുറക്കാതെ കരിയുന്ന അവസ്ഥ മാറിക്കിട്ടുകയും ചെയ്യും. ഇത് കുരുടിപ്പ് ഇല്ലാതാക്കാൻ മികച്ചതാണ്.