വയനാട്ടിലെ ക്ഷീരോത്പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടായി പുല്‍പ്പള്ളിയില്‍ ക്ഷീരവികസന വകുപ്പ് അനുവദിച്ച ഏക കിടാരി പാര്‍ക്ക് പ്രതീക്ഷയാകുന്നു. ജില്ലയിലെ ഏക കിടാരി പാര്‍ക്കില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുളളില്‍ 43 കിടാരികളെയാണ് ക്ഷീര കര്‍ഷകര്‍ക്കായി നല്‍കിയത്. പുല്‍പ്പള്ളി ക്ഷീരോല്പാദന സഹകരണ സംഘമാണ് കിടാരി പാര്‍ക്ക് നോക്കി നടത്തുന്നത്.
ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് അത്യുല്പാദന ശേഷിയുള്ള പശുക്കളെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് തുടങ്ങിയത്. സംസ്ഥാനത്തെ നാലാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ കിടാരി പാര്‍ക്കാണിത്. അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരി പാര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ക്ഷീര കര്‍ഷകരും കിടാരികളെ വാങ്ങാനായി പാര്‍ക്കില്‍ എത്തുന്നുണ്ട്. നിലവില്‍ എച്ച്.എഫ് ഇനത്തില്‍പ്പെട്ട കിടാരികളാണ് പാര്‍ക്കില്‍ കൂടുതലായുള്ളത്. പാര്‍ക്കിന്റെ നടത്തിപ്പിനായി ക്ഷീര വികസന വകുപ്പ് 15 ലക്ഷം രൂപ സബ്സിഡി ക്ഷീര സംഘത്തിന് അനുവദിച്ചിട്ടുണ്ട്.
വായ്പ സൗകര്യത്തോടെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരികളെ വാങ്ങുന്നതിന് പുല്‍പ്പള്ളി ക്ഷീര സഹകരണ സംഘം എസ്.ബി.ഐ യുമായി സഹകരിച്ച് ലോണ്‍ മേളയും നടത്തുന്നുണ്ട്. ജൂലൈ 16 ന് ക്ഷീര സംഘം ഓഫീസ് പരിസരത്ത് ലോണ്‍ മേള നടക്കും. പ്രായമനുസരിച്ച് 15,000 രൂപ മുതലാണ് കിടാരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. തമിഴ്നാട് കൃഷ്ണഗിരിയില്‍ നിന്നാണ് കിടാരികളെ പാര്‍ക്കിലേക്ക് എത്തിക്കുന്നത്. 3 ബാച്ചുകളിലായി ഇതുവരെ 77 കിടാരികളെ പാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കിടാരികളുടെ ആരോഗ്യ നില നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സൗകര്യം പാര്‍ക്കിലുണ്ട്. കിടാരി പാര്‍ക്കിനെ കൂടുതല്‍ ക്ഷീര കര്‍ഷക സൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കാർഷികവാർത്തകൾ
നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തും : സ്പീക്കർ എം ബി രാജേഷ്
നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി വഴി ധാരാളം വനിതകളും ചെറുപ്പക്കാരും കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. സാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ പേരെ കൃഷിയിലേക്ക് എത്തിക്കാനാകുമെന്നും സ്പീക്കർ പറഞ്ഞു. ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല പൊതുസമ്മേളനവും ജില്ലാതല കർഷക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുകയും കൃഷി വ്യാപകമാക്കുകയും ആധുനിക വൽക്കരിക്കുകയും ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുകയുമാണ് ഈ ക്യാംമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
അധികം വൈകാതെ ലോകം ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് ഐ എം എഫും ലോകബാങ്കും മുന്നറിയിപ്പ് നൽകുന്നത്. ഭക്ഷ്യവിലക്കയറ്റം ആഗോളതലത്തിൽ തന്നെ വർദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇതു മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് കൃഷി വകുപ്പ് നടത്തുന്നതെന്നും സ്പീക്കർ പറഞ്ഞു.
കേരളത്തിലെ 1076 കൃഷി ഭവനുകളെയും ബന്ധപ്പെടുത്തി ഒരു കൃഷിഭവനിൽ ഒരു ഉൽപന്നമെന്ന ലക്ഷ്യം നിറവേറ്റാനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
നൂറുകണക്കിന് ഉൽപ്പന്നങ്ങൾ കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ പുറത്തിറക്കുന്നുണ്ട്. ഇത് ആയിരത്തിലധികമായി ഉയർത്താൻ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൃഷിയിടങ്ങളെ ബന്ധപ്പെടുത്തിയുള്ള ആസൂത്രണത്തിലേക്ക് കേരളം മാറുകയാണെന്നും എല്ലാവരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഓരോ നാടിന്റെയും പ്രഖ്യാപനമായി മാറുമ്പോൾ കാർഷിക കേരളത്തിൽ വലിയ മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാരകരോഗങ്ങളുടെ തടവറയിൽനിന്നും വരും തലമുറയെങ്കിലും രക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടീൽവസ്തുക്കളുടെ കൈമാറ്റം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കർഷക സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലും നിർവഹിച്ചു .ഞാറ്റുവേല കലണ്ടർ പ്രകാശനവും ഞാറ്റുവേല ചന്ത പ്രദർശനമേള ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു.
വാദ്യഘോഷങ്ങളും വിവിധ കലാപരിപാടികളുമായി വർണ്ണാഭമായ ഘോഷയാത്രയോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്. ചടങ്ങിൽ ജില്ലയിലെ മികച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും കർഷക അവാർഡുകൾ വിതരണം ചെയ്തു.
ജൂൺ മുപ്പത് വരെ “ഞാറ്റുവേല” ചന്തയോടനുബന്ധിച്ച് സെമിനാറുകളും കർഷകരുടെ കാർഷികാനുഭവങ്ങൾ പങ്കുവെക്കലും തലമുറ സംവാദവും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കർഷകരുടെയും കലാപരിപാടികളും നടക്കും. വിവിധ സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കാർഷിക യന്ത്രങ്ങളും നാടൻ പഴങ്ങളും പച്ചക്കറികളും നടീൽ വസ്തുക്കളും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാക്കും. വിവിധ കർമ്മ സേനകളുടെയും കാർഷിക സേവന കേന്ദ്രങ്ങളുടെയും കാർഷിക സേവനങ്ങൾ നഗരത്തിനു ലഭ്യമാകും വിധം രജിസ്ട്രേഷൻ സൗകര്യവുമുണ്ടാവും. കർഷകരുടെ തനത് ഉത്പന്നങ്ങളുടെ വിപണനവും ഇതോടൊപ്പമുണ്ടാകും.
പൂജപ്പുര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ വി വി രാജേഷ്, കൃഷി വകുപ്പ് സെക്രട്ടറി പി എം അലി അസ്ഗർ പാഷ, കൃഷി അഡീഷണൽ ഡയറക്ടർ രാജേശ്വരി എസ് ആർ, സോണിയ, കർഷക പ്രതിനിധി ജോർജ് ജെ തുടങ്ങിയവരും പങ്കെടുത്തു.
സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വർഷം മുഴുവൻ സബ്സിഡി നൽകും: മന്ത്രി ജെ ചിഞ്ചുറാണി
സംസ്ഥാനത്തെ ക്ഷീരകർഷകർക്കു വർഷം മുഴുവൻ സബ്സിഡി നൽകാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതൽ സബ്സിഡി നൽകി തുടങ്ങുമെന്നും
ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ആര്യനാട് കച്ചേരിനടയിലെ മിൽമ പാർലറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. കൂടാതെ ക്ഷീരദിനത്തിൽ പതിനായിരം കർഷകർക്ക് വായ്പ അനുവദിച്ചെന്നും ക്രെഡിറ്റ് കാർഡ് ഉള്ള എല്ലാ കർഷകർക്കും നാലുശതമാനം പലിശയിൽ വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്യനാട് ചൂഴ ക്ഷീരോൽപാദക സഹകരണ സംഘം ആര്യനാട് കാഞ്ഞിരംമൂട് കച്ചേരിനടയിൽ ചൂഴ ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് മിൽമ ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെയും മിൽമയുടെയും സഹകരണ സംഘത്തിന്റെയും സംയുക്ത സംരംഭമാണ് പാർലർ. വിവിധ രുചിഭേദങ്ങളിലുള്ള ഐസ്ക്രീമുകൾ, മിൽമ നെയ്യ്, സംഭാരം, കൊഴുപ്പില്ലാത്ത തൈര്, പ്രീമിയം തൈര്, കട്ടതൈര്, ജാക്ക് ഫ്രൂട്ട് പേഡ, മിൽമ ലെസ്സി, ഗുലാബ് ജാമൂൻ, ഐസ് കാൻഡി, ചോക്ലേറ്റ്, മിൽമ പുഡ്ഡിംഗ് കേക്ക് എന്നിവ ഇവിടെ ലഭിക്കും. കൂടാതെ ഗുണമേന്മയേറിയ 91 ഇനം മിൽമ ഉൽപ്പന്നങ്ങളും ലഭ്യമാണ്.
ആര്യനാട് കച്ചേരിനടയിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു. ചൂഴ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.
ജില്ലയിലെ ഹരിതരശ്മി പദ്ധതിയില്‍ കൃഷി ചെയ്ത ജൈവപച്ചക്കറികളുടെ വിളവെടുപ്പും വില്പനോദ്ഘടനവും ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ കെ.സി ചെറിയാന്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍മാരായ ജി. പ്രമോദ്, സി. ഇസ്മായില്‍, ഹരിതരശ്മി പദ്ധതിയിലെ ഉദ്യോഗസ്ഥര്‍, ഹരിതരശ്മി സ്വശ്രയ സംഘം ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം ഗുണഭോക്താക്കളാണ് ഹരിതരശ്മി പദ്ധതിയിലുള്ളത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കര്‍ഷകരുടെ തരിശുഭൂമി കൃഷി യോഗ്യമാകുന്നതോടൊപ്പം ജൈവകൃഷിയുടെ പ്രോത്സാഹനം, ശാസ്ത്രീയമായ കാര്‍ഷിക പരിശീലനം എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശം.
കാലാവസ്ഥയും കമ്പോളവും വീണ്ടും വീണ്ടും കയ്യൊഴിയുന്ന വയനാടിന്റെ കർഷകർ കൈകോർത്തു സൃഷ്ടിച്ച കർഷക ഉത്പാദക കമ്പനികൾ തങ്ങളുടെ ജൈവ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനായി കൽപ്പറ്റയിൽ ഈ വ്യാഴാഴിച്ച മുതൽ വൈവിധ്യമാർന്ന ആഴ്ച്ച ചന്ത ആരംഭിക്കുന്നു. കൽപ്പറ്റ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യ കോംപ്ലക്സിലാണ് (പഴയ വിജയ പമ്പിന് എതിർ വശം) വയനാട്ടിലെ പ്രമുഖ കർഷക ഉത്പാദക സംഘടനകളായ വയനാട് അഗ്രി മാർക്കറ്റിംഗ് പ്രൊഡ്യൂസർ കമ്പനി, ലോക ഫാർമേഴ് പ്രൊഡ്യൂസർ കമ്പനി, വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി എന്നിവർ ചേർന്ന് ഈ ആഴ്ച്ച ചന്ത ഒരുങ്ങുന്നത്. കൽപ്പറ്റ നഗരവാസികൾക്കു കർഷകയുടെ കൈയിൽ നിന്ന് നേരിട്ട് ശുദ്ധവും പോഷക സമൃദ്ധവുമായ ജൈവ പഴം പച്ചക്കറികൾ, നാടൻ അരികൾ, ഗ്രീൻ ടീ, മറ്റ് മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ എല്ലാ വ്യാഴാഴിച്ചയും ഒരുക്കുന്ന ഈ നാട്ടുച്ചന്തയിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
കൊപ്ര വിലയിൽ ഇടിവ് ഉണ്ടായ സാഹചര്യത്തിൽ നാഫെഡുമായി ചേർന്ന് കൃഷിവകുപ്പ് താങ്ങുവിലക്ക് കൊപ്ര സംഭരണം ഇന്നു മുതൽ തുടങ്ങും. കേരഫെഡ്, മാർക്കറ്റ് ഫെഡ് വഴിയാണ് കൊപ്ര സംഭരണം നടത്തുന്നത്. കിലോയ്ക്ക് 105 രൂപ 90 പൈസയാണ് കൊപ്രയുടെ താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾ വഴി ആദ്യഘട്ടത്തിൽ സംഭരണം നടത്തും. കൂടുതൽ കേന്ദ്രങ്ങളിലൂടെ സംഭരണം ഉടൻ വ്യാപിപ്പിക്കുമെന്നും എല്ലാ കർഷകരും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കി സംഭരിക്കുവാൻ കഴിയുന്ന സഹകരണ സ്ഥാപനങ്ങൾക്ക് പച്ചതേങ്ങയായും സംഭരണം നടത്താവുന്നതാണ്. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 3.40 രൂപ സംസ്ഥാന സർക്കാർ ഇൻസെൻ്റീവായി കർഷകർക്കു നൽകുന്നതാണ്. കർഷകർ തെങ്ങിന്റെ എണ്ണം തെളിയിക്കുന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, നികുതി രസീത് എന്നിവ സഹിതം കൊപ്ര സംഭരിക്കുന്ന സഹകരണ സ്ഥാപനം മുഖേന ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായോ സംഭരണ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.
മാനന്തവാടി നഗരസഭയിൽ ജൈവ വൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്ഘാടനം ചെയ്യ്തു
മാനന്തവാടി: ജൈവവൈവിധ്യം സംരക്ഷിക്കുക, വംശനാഷ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണം, പ്രാദേശികമായി ജീവജാലങ്ങളുടെ സംരക്ഷണം, കുട്ടികളിലും, പൊതുജനങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണാവബോധം ഉണ്ടാക്കുക, വിദ്യാർത്ഥികളിൽ ജൈവവൈവിധ്യാധിഷ്ഠിത വിജ്ഞാപനം പ്രദാനം ചെയ്യുക തുടങ്ങിയവയാണ് ജൈവ പാർക്കിൻ്റെ ലക്ഷ്യം, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 5 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. പഴശ്ശി ഇക്കോ ടൂറിസം റൂറൽ ഡെവലപ്മെൻ്റ് സൊസൈറ്റിയാണ് ഈ പദ്ധതിയുടെ നിർവ്വഹണ ഏജൻസി. മാനന്തവാടി നഗരസഭ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിനോട് ചേർന്നാണ് ഉദ്യാനം തുടങ്ങുന്നത്. ശ്മശാനം പുഷ്പാലകൃതമാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാനന്തവാടി നഗരസഭയും,ജില്ലാ ജൈവ വൈവിധ്യ ബോർഡും സംയുക്തമായി ചൂട്ടക്കടവിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ മുഖ്യ പ്രഭാഷണം നടത്തി. പി.വി.ജോർജ്ജ്, മാർഗരറ്റ് തോമസ്, വിപിൻ വേണുഗോപാൽ, ജില്ലാ ബയോഡൈവേഴ്സിറ്റി കമ്മിറ്റി അംഗം ടി.സി. ജോസ്, മാനന്തവാടി നഗരസഭ ബി.എം.സി. കൺവീനർ കെ.ജെ.ജോസ് മാസ്റ്റർ, ജൈവവ വൈവിധ്യ ബോർഡ് വയനാട് ജില്ലാ കോ.ഓർഡിനേറ്റർ ശ്രീരാജ് പി.ആർ ശാരദ സജീവൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ റബ്ബർ, സുഗന്ധവിള നിയമ ബില്ലുകൾ കർഷകരക്ഷക്കാവണമെന്ന് : കൃഷിമന്ത്രി പി പ്രസാദ്
രാജ്യത്തെ റബ്ബർ കർഷകരെയും സുഗന്ധവിള കർഷകരെയും തകർക്കുന്ന തരത്തിൽ റബ്ബർ, സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷക വിരുദ്ധ നടപടിയാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
കർഷകരെ അവഗണിച്ചുകൊണ്ട് ധൃതഗതിയിൽ നിയമം രൂപീകർക്കാനുള്ള തീരുമാനം ഗുണകരമാവില്ല. കർഷകരുടെ ആശങ്കകൾ അകറ്റി അവരുമായി ചർച്ച ചെയ്തു മാത്രമേ നിയമ നിർമാണം നടത്താവൂ. ഈ രണ്ട് കാർഷിക നിയമങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെ ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ കൂടി നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും വിശദമായ ചർച്ചകൾ ആവശ്യമാണെന്നും അതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രത്തിനെഴുതിയ കത്തിൽ സൂചിപ്പിച്ചു.
കര്‍ഷക പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം – മന്ത്രി പി. പ്രസാദ്
ജില്ലയിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും
കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുളള മുഴുവന്‍ ഫാമുകളിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കും.
കാര്‍ഷിക മേഖലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഇടമായി കൃഷി ഓഫീസുകള്‍ മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുന്ന തരത്തിലേക്ക് ഓഫീസ് സംവിധാനങ്ങള്‍ മാറണം. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഓഫീസുകളും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ കാലത്ത് പേപ്പര്‍ ലെസ് ഓഫീസുകള്‍ക്കാണ് പ്രസക്തി. ഇതോടു കൂടി കൃഷിയുമായും കര്‍ഷകരുമായും ബന്ധപ്പെട്ട ഫയലുകളുടെ നീക്കം വേഗത്തിലാകും. കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുളള ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയുടെ പ്രാധാന്യവും ഗൗരവവും മനസിലാക്കിയുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷകര്‍ക്ക് കൃഷി കൊണ്ട് അന്തസ്സാര്‍ന്ന ഒരു ജീവിതം നയിക്കാന്‍ സാധിക്കണം. അതിന് വരുമാനത്തില്‍ അമ്പത് ശതമാനമെങ്കിലും വര്‍ദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അടക്കമുളള കാര്യങ്ങള്‍ നല്‍കുന്നതും പരിഗണിച്ച് വരികയാണ്.
ജൈവകൃഷി രംഗത്തും സംസ്ഥാനത്തിന് ഏറെ മുന്നേറേണ്ടതുണ്ട്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയ്ക്ക് ഏറെ പ്രസക്തിയുണ്ട്. വയനാട് ജില്ല തുടങ്ങി വെച്ച നല്ല പാഠം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളും ഇന്ന് ഏറ്റെടുക്കുകയാണ്. ഈ വര്‍ഷം തന്നെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുളള മുഴുവന്‍ ഫാമുകളിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും
കാര്‍ഷിക രംഗത്ത് വയനാടിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് തീവ്രത കുറഞ്ഞ ഉടനെ ജില്ലയിലെത്തി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കും. ഏതെല്ലാ കാര്യങ്ങളിലാണ് ഇടപെടല്‍ വേണ്ടതെന്നും പോരായ്മകള്‍ നികത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും കര്‍ഷകരുമായും ജനപ്രധിനിധികളു മായും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തി ക്കുന്നവരുമായും ആശയവിനിമയം നടത്തുമെന്നും. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ഓഫീസ് സ്വിച്ച് ഓണ്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. എം.വി ശ്രേയാംസ് കുമാര്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, കര്‍ഷക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. മുരളീധര മേനോന്, ആത്മ പ്രോജക്ട് ഡയറകടര്‍ വി.കെ സജിമോള്‍ എന്നിവര്‍ സംസാരിച്ചു.

രാമേട്ടന് ഒരു അദ്ഭുത മനുഷ്യന് – മന്ത്രി
മണ്ണിനോടും നെല്‍വയലിനോടും വിത്തുകളോടും അത്രമേല്‍ പ്രണയം കൊണ്ട് നടക്കുന്ന ചെറുവയല്‍ രാമന് ഒരു അദ്ഭുത മനുഷ്യനാണെന്ന് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചെറുവയല്‍ രാമനെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടത്തെ ദേവലായമായി കണക്കാക്കുന്ന അദ്ദേഹത്തിന് കൃഷി ജീവിതവുമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ അംബാസിഡര്‍മാരില്‍ ഒരാളായ അദ്ദേഹം ചെറുവയലിന്റെ മാത്രമല്ല കേരളത്തിന്റെ കൂടി രാമേട്ടനാണ്. ജൈവകൃഷി രീതിയില്‍ വയനാടന്‍ നെല്‍ വിത്തുകളുടെ കാവലാളായ ചെറുവയല്‍ രാമന്റെ പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെറുവയല്‍ രാമനെ പൊന്നാട അണിയിച്ചു.
കോവിഡ് കാലത്തെ കൃഷിപാഠത്തിന് അംഗീകാരം: കുട്ടുവും കുഞ്ചുവും ജില്ലാതല വിദ്യാർത്ഥി കർഷക അവാർഡ് ഏറ്റുവാങ്ങി
വെള്ളമുണ്ട:കൃഷിചെയ്തും പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനൊപ്പം കൃഷിപാഠവും പരിശീലിച്ച സഹോദരങ്ങൾക്ക് സർക്കാർ അംഗീകാരം. വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശികളുംമക്കിയാട് ഹോളി ഫെയ്സ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയുമായ എയ്ഡൻ വർക്കി ഷിബു (കുട്ടു) സഹോദരൻ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി എയ്ഡ്രിയാൻ ജോൺ ഷിബു (കുഞ്ചു) എന്നിവർക്കാണ് വയനാട് ജില്ലാതല വിദ്യാർത്ഥി കർഷക അവാർഡ് രണ്ടാം സ്ഥാനം
ലഭിച്ചത്. .
പറമ്പിൽ ചക്കക്കുരുവും മാങ്ങയണ്ടിയും കുഴിച്ചിട്ടും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നഴ്സറി ഒരുക്കിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി വരുന്ന കുട്ടികൾ പ്ലാസ്റ്റിക് ചാക്കുകളിൽ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിയും ഗ്രോബാഗ് കൃഷിയും നടത്തി വരുന്നു. ഇടക്ക് മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു. കൂടാതെ പരമ്പരാഗത രീതിയിൽ ഇഞ്ചി, മഞ്ഞൾ, മാങ്ങാ ഇഞ്ചി, എന്നിവയും കുഴികപ്പയും ചെയ്യുന്നുണ്ട്. കേന്ദ്ര പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയിലെ പന്തച്ചാൽ പി.കെ.വി.വൈ. കോഫി ക്ലസ്റ്ററിൽ ഉൾപ്പെടുന്നതാണ് ഇവരുടെ കൃഷിയിടം പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി. ക്ലസ്റ്ററിൻ്റെ ലീഡ് റിസോഴ്സ് പേഴ്സണും ഫാർമർ പ്രൊഡ്യുസർ കമ്പനീസ് കൺസോർഷ്യം സംസ്ഥാന സെക്രട്ടറിയുമായ ചങ്ങാലിക്കാവിൽ സി.വി.ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മക്കളാണ് എയ്ഡനും എയ്ഡ്രിയാനും.
കൃഷി ചെയ്യുന്ന വീഡിയോകൾ കുട്ടുകുഞ്ചു എന്ന യൂടൂബ് ചാനൽ വഴി കൂട്ടുകാരിലേക്കും എത്തിച്ച് പരിസ്ഥിതി – കാർഷിക സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്.വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിധിച്ചാണ് കർഷക ദിന അവാർഡുകൾ സമ്മാനിച്ചത്. കോവിഡ് കാരണമാണ് വൈകി അവാർഡുകൾ പ്രഖ്യാപിച്ചത്.
വെള്ളമുണ്ട കൃഷി ഓഫീസർ കെ.ആർ.കോകില സമ്മാനിച്ചു.കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പി.മാരായ രാഹുൽ ഗാന്ധി, എം.വി.ശ്രേയാംസ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ എ. ഗീത ,ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മുരളീധര മേനോൻ, ചെറുവയൽ രാമൻ തുടങ്ങിയവർ സംബന്ധിച്ചു.
