അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളേജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് (ചൊവ്വ) രാവിലെ 9.30 ന് അമ്പലവയല്‍ ആര്.എ.ആര്.എസ് അങ്കണത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കാര്‍ഷികമേഖലയില്‍ തനതു സംഭാവനകള്‍ നല്കിയ കര്‍ഷകരെ ആദരിക്കും. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് മുഖ്യപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി പ്രത്യേക പ്രഭാഷണം നടത്തും.
കാര്‍ഷിക കോളേജ് അക്കാദമിക് ബ്ലോക്ക്, മാതൃകാ പരിശീലന യൂണിറ്റ് എന്നിവയുടെ തറക്കല്ലിടലും, ലേഡീസ് ഹോസ്റ്റല്‍, മാതൃകാ തേന്‍ സംസ്കരണ യൂണിറ്റ്, കൂണ് വിത്ത് ഉത്പാദന കേന്ദ്രം, ശീതീകരണ യൂണിറ്റ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ആദിവാസി കര്‍ഷകര്‍ക്കുള്ള തെങ്ങിന് തൈ വിതരണം, പുഷ്പ വിള നടീല്‍ വസ്തുക്കളുടെ വിതരണം, ആദിവാസികള്‍ക്കുള്ള ആട്ടിക്കുട്ടികളുടെ വിതരണവും നടക്കും. 2019 ബാച്ച് വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
എം.എല്‍.എമാരായ ഒ.ആര്. കേളു, ടി. സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്. ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
സംശയങ്ങളും മറുപടിയും
സെമിനാർ സംഘടിപ്പിക്കുന്നു. 2022-23 കേരള സർക്കാർ സംരംഭകവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ 3687 യൂണീറ്റുകളും 14000 തൊഴിലവസരങ്ങളും വ്യാവസായിക-കർഷിക-മൃഗസംരംക്ഷണ- ടൂറിസം മേഖലയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഏകദിനശിൽപശാല സംഘടിപ്പിക്കുന്നു.
വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി എം.എൽ.എ.ശ്രീ ഐ.സി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ 2022 സെപ്തംബർ 20 ചൊവ്വാഴ്ച സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ വെച്ച് നടത്തുന്ന ശില്പശാലയിൽ
നിയജക മണ്ഡലത്തിലെ മുനിസിപ്പൽ ചെയർമാൻ, ബ്ലോക്ക് പ്രസിഡൻ്റുമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ എൽ.ഡി.എം, കെ .എഫ് .സി ജില്ലാ മാനേജർ, കെ.എസ്.ബി.സി.ഡി.സി. ജില്ലാ മാനേജർ, വനിത വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ, എന്നിവർ ക്ലാസുകൾ നയിക്കുന്നു കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, വ്യവസായ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.
കാർഷിക മേഖലയ്ക്കേറ്റ തിരിച്ചടിയിൽ നട്ടംതിരിയുന്ന വയനാടിൻ്റെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്താൻ സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിൽ സർക്കാർ പ്രത്യേക ഊന്നൽ നൽകി സംഘടിപ്പിക്കുന്ന പ്രസ്തുത സെമിനാറിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരുടെ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്. ഉൽപ്പാദന, സേവന, കച്ചവട രംഗത്ത് സംരംഭങ്ങൾ തുടങ്ങാൻ ഒരുങ്ങുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം..
കർഷക ക്ഷേമ നിധി ബോർഡിൽ അംഗത്വമെടുക്കാൻ അടുത്ത മാസം മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാം
18 നും 55 നും മധ്യേയുള്ള 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ച, മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക് ഈ ക്ഷേമനിധി ബോർഡിൽ അംഗമാകാം.കർഷകർക്ക് മാസം തോറും പെൻഷൻ നൽകുന്ന കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാൻ അടുത്ത മാസം രണ്ടാം വാരം മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.
5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തത്തോ ആയ ഭൂമി ഉണ്ടായിരിക്കണം. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയാകണം.
വില്ലേജ് ഓഫീസർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസറാണ് ബോർഡ് ആസ്ഥാനത്തിലേക്ക് ശുപാർശ നൽകേണ്ടത്. അംഗങ്ങൾക്ക് 60 വയസ്സിനു ശേഷം പെൻഷൻ ആയി പ്രതിമാസം 5,000 രൂപ വരെ നൽകാനാണ് ആലോചന.ബോർഡിൽ 20 ലക്ഷം കർഷകർ അംഗമാകുമെന്നാണ് കരുതുന്നത്.
അംഗങ്ങൾക്കെല്ലാം ഇൻഷുറസ് പരിരക്ഷ നൽകും. ക്ഷേമ നിധി ബോർഡിൽ അംഗത്വ പ്രക്രിയ പൂർണ്ണമായാൽ കർഷകർക്ക് സർക്കാർ ഇപ്പോൾ നൽകുന്ന പ്രതിമാസ കർഷക പെൻഷൻ ബോർഡ് വഴിയാകും വിതരണം ചെയ്യുക
അക്വേറിയം ടാങ്കിൽനിന്ന് എത്രമാത്രം ജലം എപ്പോഴൊക്കെ മാറ്റണം? കാലങ്ങളായി അക്വേറിയം പരിപാലിക്കുന്നവർപോലും ഉന്നയിക്കുന്ന ചോദ്യമാണിത്.
ഫിൽറ്ററുകളും എയ്റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽകുകയും ചെയ്യുന്നുവെങ്കിൽ വെള്ളം മാറ്റേണ്ട കാര്യമില്ല. ബാഷ്പീകരണം വഴിയും മറ്റും കുറയുന്ന വെള്ളം ടാങ്കിൽ ഒഴിച്ചാൽ മതിയാവും.ഫിൽറ്ററുകൾ ഉപയോഗിക്കാത്ത ടാങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യണം. എന്നാൽ ടാങ്കിലെ ജലം മൊത്തത്തിൽ മാറ്റാൻ തുനിയരുത്. മാലിന്യങ്ങൾ മാറ്റുന്നതോടൊപ്പം മൊത്തം ജലത്തിന്റെ നാലിൽ ഒന്നുഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാൽ മതി. പൊതുവിതരണ സംവിധാനത്തിലെ ജലത്തിൽ ക്ലോറിൻ അടങ്ങിയിരിക്കുന്നതിനാൽ അത്തരം ജലം ഒരു ബക്കറ്റിൽ പിടിച്ച് വെച്ചശേഷം ഏറെ നേരം വാതനം നടത്തി ക്ലോറിൻ നിർമാർജനം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അക്വേറിയം ടാങ്കിൽ നിറക്കാൻ പാടുള്ളു. ക്ലോറിൻ മത്സ്യങ്ങൾക്ക് മാരകമാണ്.
ഏകദേശം 5 മി. മീ. വ്യാസമുള്ള ഒരു റബർ ട്യൂബ് സൈഫൺ ആയി ഉപയോഗിച്ച് മലിന വസ്തുക്കൾ മാറ്റാം. ട്യൂബിൽ വെള്ളം നിറച്ച് വിരലുകൾ കൊണ്ട് അടച്ചുപിടിക്കുക. ഒരറ്റം മാലിന്യങ്ങൾക്ക് തൊട്ട് മുകളിലായ പിടിക്കുക. മറ്റേ അറ്റം ടാങ്കിന്റെ നിരപ്പിനു താഴെ വെച്ചിരിക്കുന്ന ഒരു ബക്കറ്റിലേക്ക് വെക്കുക. വിരലുകൾ മാറ്റുമ്പോൾ ജലവും മലിനവസ്തുക്കളും ബക്കറ്റിലേക്ക് ഒഴുകുന്നു. മാലിന്യങ്ങൾക്ക് അൽപ്പം മുകളിലൂടെ ട്യൂബ് ചലിപ്പിച്ച് ടാങ്കിന്റെ എല്ലാ ഭാഗത്തുനിന്നും മാലിന്യങ്ങൾ നീക്കംചെയ്യാൻ സാധിക്കും. ഇപ്രകാരം ചെയ്യുമ്പോൾ വെള്ളം കലങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ചില സന്ദർഭങ്ങളില വെള്ളം തവിട്ടു നിറമാവുകയും അടിത്തട്ടിലെ മണൽ കറുക്കുകയും ചെയ്യാറുണ്ട്. ആഹാരം കൂടതലാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസരത്തിൽ അധികം വരുന്ന ആഹാരം സൈഫൺ ചെയ്ത് കളയുകയും മത്സ്യങ്ങൾക്ക് ജൈവാഹാരം നൽകുകയും വേണം. ഇത്തരം ടാങ്കുകളിൽ നല്ലപോലെ വാതനം നടത്തുന്നതും ഉചിതമായിരിക്കും.അക്വേറിയം ടാങ്കിലെ ജലം പാൽപോലെ ആയിത്തീരുന്ന അവസരങ്ങളുണ്ട്. വെള്ളത്തിലെ ഓക്സിജന്റെ അളവ് നന്നേ കുറയുന്നതാണ് ഇതിന് കാരണം. സസ്യങ്ങൾ ആവശ്യത്തിനില്ലാത്തതും മത്സ്യങ്ങൾ കൂടുന്നതുമായ അവസരങ്ങളിലും ആവശ്യമായ അളവിൽ വാതനം ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്ക്കുക. അതുപോലെ ടാങ്കിൽ ചെടികൾ നടുകയും മത്സ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ജലം നന്നായി വാതനം നടത്തുകയും ചെയ്യുക.ഹരിത ആൽഗകൾ ജലത്തിൽ നിറഞ്ഞാൽ ജലം പച്ചയായി മാറും. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതും തീറ്റ ആവശ്യത്തിൽ കൂടുതൽ നൽകുന്നതും ആൽഗകളുടെ പെരുപ്പത്തിന് കാരണമാവുന്നു.
വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്ക്കുക, നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാതിടങ്ങളിലേക്ക് ടാങ്കിന്റെ സ്ഥാനം മാറ്റുക, ലൈറ്റുകൾ പ്രകാശിപ്പിക്കുന്ന സമയം കുറക്കുക, ആവശ്യത്തിന് മാത്രം തീറ്റ നൽകുക എന്നിവയിലൂടെ ആൽഗകളുടെ ക്രമാതീതമായ വളർച്ച നിയന്ത്രിക്കാം. ടാങ്കിന്റെ പിൻഭാഗത്ത് സീനറി പേപ്പർ ഒട്ടിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിച്ചും ആൽഗകളുടെ വളർച്ച നിയന്ത്രിക്കാം. സിൽവർ കാർപ്പ്, പൂമീൻ എന്നിവയെ ടാങ്കിൽ നിക്ഷേപിക്കുന്നതും ആൽഗകളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
അക്വേറിയം ടാങ്കിെൻറ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ആൽഗകളെ മാറ്റാൻ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് താഴെ നിന്നും മുകളിലേക്ക് അമർത്തി തുടച്ചാൽ മതി. എന്നാൽ പറ്റിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള ആൽഗകളെ മാറ്റാൻ ബുദ്ധിമുട്ടാണ്. ഗാഢതയുള്ള കറിയുപ്പ് ലായനി ഉപയോഗിച്ച് തുടച്ചാൽ ഇവ ഒരുപരിധിവരെ മാറികിട്ടും. ആൽഗകളെ മാറ്റുന്ന മാഗ്നറ്റിക് ആൽഗൽ സ്ക്രാപ്പറുകൾ വിപണിയിൽ ലഭ്യമാണ്. സക്കർ മത്സ്യങ്ങളെ ടാങ്കിൽ നിക്ഷേപിച്ച് ഇത്തരം ആൽഗകളെ നിയന്ത്രിക്കാം. ജലോപരിതലത്തിൽ എണ്ണയുടെ അംശം കാണുന്നുണ്ടെങ്കിൽ ഒരു ഫിൽട്ടർ പേപ്പർ ജലോപരിതലത്തിലൂടെ വലിച്ച് നീക്കം ചെയ്യാം.
ഏറ്റവും നല്ല ജൈവ വളം ഏതാണ് എന്ന് ഇന്ത്യക്കാരനോട് ചോദിച്ചാൽ ചാണകം എന്നാകും ഉത്തരം.
എന്നാൽ ചോദ്യം ചൈനക്കാരനോട് എങ്കിൽ മനുഷ്യ വിസർജ്യം എന്നാകും ഉത്തരം.
പൗരാണിക കാലം മുതൽ അല്ലെങ്കിൽ മനുഷ്യൻ കൃഷി ആരംഭിച്ചത് മുതൽ ജീവികളുടെ വിസർജ്യങ്ങൾ വളമായി ഉപയോഗിച്ചിരുന്നു.
ഇന്നും ഗ്രാമീണ ചൈനയും അമേരിക്കയിലെ അമിഷ് ജനതയും മെക്സിക്കോ യിലെ ആസ്ടെക് ജനതയും മനുഷ്യ വിസർജ്യവും മൂത്രവും പാഴാക്കാതെ വളമായി പ്രയോജന പെടുത്തുന്നു.
പശു, ആട്, കോഴി, കുതിര എന്നിവയുടെ എല്ലാം വിസർജ്യങ്ങൾ നല്ല ഒന്നാന്തരം ജൈവ വളങ്ങൾ ആണ്. പക്ഷെ അത് ശരിയായി പ്രോസസ്സ് ചെയ്തു സൂക്ഷിക്കാത്തതു മൂലം ഗുണമേന്മ കുറയുന്നു എന്നത് ഒരു യാഥാർഥ്യമാണ്.
പച്ച ചാണകം നല്ല ഒരു മേൽ വളം ആണ്. നീട്ടി കലക്കി ഒഴിച്ച് കൊടുക്കണം എന്ന് മാത്രം.
കുറുകിയിരുന്നാൽ അത് ഒരു പാൻകേക്ക് പോലെ മണ്ണിനു മുകളിൽ ഇരുന്നു മണ്ണിലേക്കുള്ള വായു സഞ്ചാരവും ജല നിർഗമനവും തടയും.
അത് പോലെ കിണ്വന വളങ്ങൾ (fermented manures )ആയ ജീവാമൃതം, വള ചായ, പഞ്ച ഗവ്യം, കുണപ ജലം എന്നിവ ഉണ്ടാക്കാനും പച്ച ചാണകം തന്നെ ഉത്തമം. നാടൻ പശുവായാൽ കേമായി.
എന്നാൽ പലരും ഇത് പറമ്പിലും തെങ്ങിൻ തടത്തിലും കൂട്ടിയിടും. ഫലമോ തെങ്ങിൽ കൊമ്പൻ ചെല്ലി പെരുകും. കാരണം ഈ ചാണകം തിന്നാണ് ചെല്ലിയുടെ സന്തതി ആയ കുണ്ടളപ്പുഴു വളരുന്നത്.
ഇനി ചിലർ ആകട്ടെ പച്ച ചാണകം വെയിലത്ത് ഉണക്കും. അട പാപീ… അതിലുള്ള നൈട്രജൻ അമോണിയ രൂപത്തിൽ മേലോട്ട് സ്വാഹാ… മാ നിഷാദാ… അരുത് രാജേന്ദ്രാ…. …
അപ്പോൾ ശരി രീതി ഏത്?
മേൽപ്പുരയുള്ള വളക്കുഴികളിൽ നേരിട്ട് മഴയും വെയിലും കൊള്ളാതെ, തീറ്റയുടെ അവശിഷ്ടങ്ങളും മൂത്രത്തിന്റെ സത്തുമൊക്കെ വീണ് സമ്പുഷ്ടീകരിക്കപ്പെട്ട അഴുകി പൊടിഞ്ഞ കാലിവളം.
ഇവനെ വെല്ലാൻ പോന്നവർ വിരളം. ഇടയ്ക്കു ഇളക്കി കുണ്ടള പുഴുവിനെ കാക്കക്കും കോഴിക്കും കൊടുക്കണം എന്ന് മാത്രം.
പെരുവല ചെടി കഷണിച്ചു വളക്കുഴിയിൽ ചേർക്കുന്നത് ഉത്തമം.
ജിപ്സം (കാൽസ്യം സൾഫേറ്റ് ), സൂപ്പർ ഫോസ്ഫേറ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കുന്നത് മൂലകനഷ്ടം തടയാനും പോഷക സമ്പുഷ്ടമാകാനും സഹായിക്കും.
ചാണകപ്പൊടിയിൽ 0.5, 0.2, 0.5%എന്ന അളവിൽ NPK ഉണ്ട്.
ഗോമൂത്രത്തിൽ 1.0, 1.35% അളവിൽ NK എന്നിവ ഉണ്ട്.
ആട്ടിൻ കാഷ്ഠത്തിൽ 3, 1, 2% NPK ഉള്ളപ്പോൾ കോഴി കാഷ്ഠത്തിൽ 3, 2.6, 1.4% NPK ഉണ്ട്.
പക്ഷെ തുറന്നു കിടന്നാൽ ഒരു മാസത്തിനുള്ളിൽ പകുതി നൈട്രജനും ആവിയായി (volatalization ) പോകും.
എത്ര അഴുകി പൊടിഞ്ഞ ചാണകപ്പൊടി ആയാൽ പോലും അതിന്റെ 30% നൈട്രജനും 60%ഫോസ്ഫെറസ് ഉം 70% പൊട്ടാസ്സ്യവും മാത്രമേ ഒന്നാം വർഷം ചെടികൾക്ക് ലഭിക്കൂ. അത് കണക്കിലെടുത്തു വേണം അടിവളത്തിന്റെ അളവ് നിശ്ചയിക്കാൻ.
പിന്നെ ഉള്ള നല്ല ജൈവ വളം പിണ്ണാക്കുകൾ ആണ്.
വില അധികമാണ്. മൂലകങ്ങളും.
4, 2, 1 %എന്നാ അനുപാതത്തിൽ NPK ഉണ്ട്. നന്നായി പൊടിച്ചു മണ്ണുമായി കൂട്ടി കലർത്തണം.
മണ്ണിന്റെ ഘടന, മൂലക ലഭ്യത, ജലാഗിരണ ശേഷി, അനുകൂല ബാക്ടീരിയ കാൽ പെരുകാനുള്ള സാഹചര്യം ഒരുക്കൽ, എല്ലാം ജൈവ വളങ്ങൾ നോക്കി കൊള്ളും.
വിത്തോ തൈകളോ നടുന്നതിനു പത്തു ദിവസം എങ്കിലും മുന്നേ കിളച്ച മണ്ണുമായി നന്നായി കൂട്ടി കലർത്തി കൊടുക്കണം.
മണ്ണിര കമ്പോസ്റ്റ്, ചകിരി ചോറ് കമ്പോസ്റ്റ്, എല്ലു പൊടി, ഉമി, പഴകിയ അറക്ക പൊടി, കരിയിലകൾ, പഴയ പേപ്പർ ഒക്കെ മണ്ണിനെ സമ്പുഷ്ടീകരിക്കാനും മണ്ണു തറഞ്ഞു പോകാതിരിക്കാനും സഹായിക്കും.
ഓരോ വിളകൾക്കും വ്യത്യസ്ത അളവിൽ ചേർത്ത് കൊടുക്കണം.
പാകമാകാത്ത ജൈവ വളങ്ങൾ ഉപയോഗിച്ചാൽ കീടശല്യം കൂടും.
മനുഷ്യ മൂത്രം നല്ല ജൈവ വളം ആണ്. ഒരു ആൾ ശരാശരി 25ഗ്രാം യൂറിയ ഒരു ദിവസം മൂത്രത്തിലൂടെ പുറന്തള്ളുന്നു എന്ന് ഗവേഷകർ പറയുന്നു. എന്താല്ലേ?
അപ്പോൾ ചാണകം അടക്കമുള്ള ജൈവ വളങ്ങൾ ശരിയായി സൂക്ഷിക്കാനും ഉപയോഗിക്കാനും നമുക്ക് കഴിയണം.
എന്നാൽ അങ്ങട്….
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്..?? എവിടുന്നാണ് അത് ലഭിക്കുന്നത്..??
മിക്കപ്പോഴും കർഷകർ കൃഷിഭവനിൽ വന്ന് ചോദിക്കുന്ന ഒരു കാര്യമാണ്, “എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്, അത് കൃഷിഭവനിൽ നിന്നും ലഭിക്കുമോ..??” എന്ന്. കിസാൻ ക്രെഡിറ്റ് കാർഡ് ആത്യന്തികമായി ഒരു കാർഷിക വായ്പയാണ് എന്ന് പറയുമ്പോൾ കർഷകൻ പറയുന്നത് “എനിക്ക് ബാങ്കിൽ കാർഷിക വായ്പയുണ്ടല്ലോ, പക്ഷെ കാർഡൊന്നും ഇത് വരെ കിട്ടിയിട്ടില്ലല്ലോ” എന്നാണ്. ശരിയാണ് മിക്ക കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി സ്വർണ്ണം പണയപ്പെടുത്തിയോ, കരമടച്ച രസീത് വെച്ചോ, സ്ഥലത്തിന്റെ ആധാരം ഈടായി നൽകിക്കൊണ്ടോ ഒക്കെ ബാങ്കുകളിൽ വായ്പയുണ്ടാകും. പക്ഷെ പലർക്കും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെന്താണെന്നോ, ‘ക്രെഡിറ്റ് കാർഡ്’ എന്താണെന്നോ അറിവുണ്ടായിരിക്കണം എന്നില്ല.
നബാർഡിന്റെ (National Bank for Agriculture and Rural Development) നേതൃത്വത്തിൽ തയ്യാറാക്കി, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകൾ വഴി 1998 -ൽ അവതരിപ്പിക്കപ്പെട്ട ഒരു കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പ്രാഥമികമായി പറയാം. കർഷകന്റെ സമഗ്രമായ കാർഷിക ആവശ്യങ്ങൾക്ക് തുണയാവുക എന്നതാണ് ഈ വായ്പയുടെ പരമ പ്രധാനമായ ലക്ഷ്യം. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ കൃഷിഭവനിൽ നിന്നും ലഭ്യമല്ല, മറിച്ച് ബാങ്കുകൾ മുഖാന്തരം മാത്രം നടത്തപ്പെടുന്ന ഒരു പദ്ധതിയാണ് ഇത്.
എന്തുകൊണ്ടാണ് ഇതിന് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പറയുന്നത്..?? കാരണം ഇത് കർഷകർക്കുള്ള ഒരു ‘ക്രെഡിറ്റ് കാർഡ്’ വായ്പാ സംവിധാനം തന്നെയാണ്. അതായത് ഈ വായ്പ്പയോടൊപ്പം കർഷകന് ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും ലഭിക്കുന്നു. (എ. ടി. എം. കാർഡ് പോലെ തന്നെയുള്ള ഒന്ന് – താഴെ നൽകിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക). ഈ കാർഡ് ഉപയോഗിച്ച് കർഷകന് തന്റെ കാർഷിക ആവശ്യങ്ങൾക്കായി പണം എ.ടി.എം വഴി പിൻവലിക്കാൻ സാധിക്കും.
മറ്റ് വായ്പ്പകളെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത, വായ്പാ കാലയളവിൽ എപ്പോൾ വേണമെങ്കിലും പണം (അനുവദിച്ചിട്ടുള്ള പരമാവധി പരിധിക്കുള്ളിൽ നിന്ന് കൊണ്ട്) വായ്പാ അക്കൗണ്ടിൽ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ്. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. ഉദാഹരണത്തിന് ഒരു പച്ചക്കറി കർഷകന് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു എന്ന് കരുതുക. അദ്ദേഹത്തിന് വിത്തും വളവും മറ്റും വാങ്ങുന്നതിനും മറ്റ് ചിലവുകൾക്കും കൂടി ആദ്യ മാസം 10000 രൂപ മാത്രമേ ആവശ്യമുള്ളൂ എങ്കിൽ അദ്ദേഹത്തിന് എ.ടി.എം വഴി 10000 രൂപ മാത്രം പിൻവലിക്കാം. ഈ പതിനായിരം രൂപയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. എന്നാൽ ആദ്യമേ തന്നെ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് സേവിങ്സ് അക്കൗണ്ടിൽ ഇട്ടാൽ, നിങ്ങൾ അതിൽ നിന്ന് 10000 രൂപയെ എടുക്കുന്നുള്ളു എങ്കിൽ കൂടിയും ഒരു ലക്ഷം രൂപയ്ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കും. അത് കൊണ്ട് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ, അതിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ എടുക്കുവാനും അതിൽ തന്നെ തിരിച്ചടയ്ക്കുവാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കുക. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരമുള്ള ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് ബാങ്കുകളിൽ നിന്നും ചോദിച്ച് വാങ്ങുക.
സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരു കർഷകനും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പാട്ട കൃഷിയുള്ള കർഷകർക്കും, കർഷക സംഘങ്ങൾക്കും രജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. ഓരോ വിളയ്ക്കും നിജപ്പെടുത്തിയ ഉൽപ്പാദനവായ്പ്പാതോത് (Scale of finance) അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭിക്കുക.
കൃഷി സ്ഥലത്തിന്റെ വിസ്തൃതി കൃഷി ചെയ്യുന്ന വിള, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിപാലനം, ഉപഭോഗ ആവശ്യങ്ങൾ, കാർഷികേതര മേഖല പ്രവർത്തനങ്ങൾ എന്നീ പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. കൂടാതെ ഇപ്പോൾ ആട്, പശു, കോഴി, പന്നി വളർത്തൽ, ഉൾനാടൻ മത്സ്യ ബന്ധനം തുടങ്ങിയ കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് കൂടി കിസാൻ ക്രെഡിറ്റ് കാർഡ് പരിധി/ഉപ പരിധിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നത് വരെയുള്ള സമയത്തെ കർഷകന്റെ ഉപഭോഗ ആവശ്യങ്ങൾക്ക് കൂടിയുള്ള തുക വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നത് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ മാത്രം പ്രത്യേകതയാണ്.
ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെയുള്ള കാർഷിക വായ്പ്പകൾക്ക് പ്രത്യേകിച്ച് ഈടോന്നും തന്നെ കർഷകർ നൽകേണ്ടതില്ല. ഇതിനു കൃഷി സ്ഥലത്തുള്ള വിള മാത്രം ഈടായി നൽകിയാൽ മതിയാകും. ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് മുകളിലുള്ള വായ്പ്പകൾക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നൽകേണ്ടതാണ്.
മൂന്ന് ലക്ഷം രൂപ വരെ പരമാവധി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. വായ്പ സമയപരിധിക്കുള്ളിൽ കൃത്യമായി തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവുകളും ലഭിക്കുന്നതാണ്. തന്നാണ്ടിൽ എടുത്തിട്ടുള്ള തുക പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ ഒന്നായോ ഗഡുക്കളായോ കർഷകർ അടച്ചിരിക്കണം. ഹ്രസ്വകാല വിളകൾക്ക് 12 മാസത്തിനുള്ളിലും, ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്.
പരിധി/ഉപ പരിധിയുടെ ഉള്ളിൽ ക്രെഡിറ്റ് കാർഡ് വഴി എത്ര തവണ വേണമെങ്കിലും പണമെടുക്കാനും തിരിച്ചടയ്ക്കാനും സാധിക്കും.ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്നത് മുഖേന കർഷകർക്ക് പലിശ ലാഭിക്കുകയും ചെയ്യാം.
വർഷത്തിലൊരിക്കൽ വായ്പ ഇടപാടുകളെ അവലോകനം ചെയ്ത് വായ്പാ വിനിയോഗത്തിന്റെയും വരവ്ചിലവിന്റെയും അടിസ്ഥാനത്തിൽ വായ്പാത്തോത് ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കിൽ നിക്ഷിപ്തമാണ്. വാർഷിക അവലോകനത്തിന് വിധേയമായി കാർഡിന്റെ കാലാവധി അഞ്ച് വർഷം ആയിരിക്കും. അഞ്ച് വർഷത്തിന് ശേഷം പഴയ വായ്പ അവസാനിപ്പിക്കുകയും പുതിയ വായ്പയായി കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കുകയും ചെയ്യുന്നതാണ്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയുടെ പലിശ നിരക്ക് മറ്റേതൊരു വായ്പയും പോലെ തന്നെ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കാലാകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്.
വിജ്ഞാപിത പ്രദേശങ്ങളിലുള്ള വിജ്ഞാപിത വിളകൾക്ക് ‘വിള ഇൻഷുറൻസ്’ പദ്ധതിയും ബാങ്കുകൾ വഴി ലഭ്യമാണ്. കൃഷിഭവൻ മുഖേനയുള്ള വിള ഇൻഷുറൻസ് പദ്ധതിക്ക് പുറമെയാണ് ഇത്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്.
കിസ്സാൻ ക്രെഡിറ്റ് കാർഡിനുള്ള ഏകീകൃത അപേക്ഷാ ഫോമുകൾ അപേക്ഷകന്റെ സേവന മേഖലയിലുള്ള ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. http://atmathrissur.gov.in/images/kerala/Documents/kcc_-_malayalam_appln_form.pdf എന്ന ലിങ്കിലും അപേക്ഷാ ഫോം ലഭ്യമാണ്. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയോ, എ.ടി.എം/ക്രെഡിറ്റ് കാർഡോ കൃഷി ഭവൻ വഴി ലഭ്യമല്ല. ആയത് ലഭിക്കുവാൻ അപേക്ഷകൻ തന്റെ സേവന മേഖലയിലുള്ള ബാങ്കിനെ തന്നെ സമീപിക്കണം.
ഓർക്കുക ഏതാവശ്യത്തിനായി വായ്പ എടുത്താലും അത് കൃത്യ സമയത്ത് തന്നെ മുടക്കം വരുത്താതെ തിരിച്ചടയ്ക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. വായ്പാ തിരിച്ചടവിൽ മുടക്കം വരുത്തുമ്പോൾ വീണ്ടുമൊരു വായ്പ (ഏത് തരം വായ്പ, ഏതു ബാങ്കിൽ നിന്നായാലും) എടുക്കുന്നതിനെയും കിസാൻ ക്രെഡിറ്റ് കാർഡ് തന്നെ പുതുക്കി കിട്ടുന്നതിനെയുമൊക്കെ പ്രതികൂലമായി ബാധിക്കുമെന്നും ഏവരും മനസ്സിലാക്കേണ്ടതാണ്.
വിവരങ്ങൾക്ക് കടപ്പാട്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തൊടുപുഴ
തൃശ്ശൂർ: വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയും ആണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021 എന്ന പേരിൽ നടക്കുക .കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിലാണ് വൈഗക്ക് വേദിയൊരുങ്ങുക. റീജണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൌൺഹാൾ, യാത്രി നിവാസ് എന്നിവിടങ്ങളിലായാണ് മേള സംഘടിപ്പിക്കുക.
നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ കൂടി സംഘടിപ്പിക്കപ്പെടുന്നു വെന്നതാണ് ഇത്തവണത്തെ വൈഗയുടെ പ്രത്യേകത. ഭരണ നിർവ്വഹണത്തിനും നിയമനത്തിനും പ്രശ്നപരിഹാരത്തിനുമായി വിവിധതലങ്ങളിൽ ഹാക്കത്തോൺ സങ്കേതം ഉപയോഗപ്പെടുത്താറുണ്ട്. വിദ്യാർഥികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ള വിവിധ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഇടവേളകളില്ലാത്ത ചർച്ചയിലൂടെയും സംവാദത്തിലൂടെയും പ്രശ്ന പരിഹാരം കണ്ടെത്തുക എന്ന സംവിധാനമാണ് ഹാക്കത്തോൺ. കൃത്രിമ ബുദ്ധിയുടെയും, റോബോട്ടിക്സ്, ഐ ഓ ടി പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം വർദ്ധിച്ചുവരുന്ന ഈ യുഗത്തിൽ നൂതന ആശയങ്ങൾ കാർഷികമേഖലയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ നേർ കാഴ്ചയായിരിക്കും അഗ്രി ഹാക്കത്തോൺ. യുവസംരംഭകർക്കും കൃഷിയിലേക്ക് കടന്നുവരുന്ന യുവാക്കൾക്കും വേറിട്ട ഒരു അനുഭവം ആയിരിക്കും അഗ്രി ഹാക്കത്തോൺ.
കോവിഡ് പശ്ചാത്തലത്തിൽ വിവിധ വേദികളിലായി എക്സിബിഷൻ, സെമിനാറുകൾ വെബിനാറുകൾ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും. ഇതോടൊപ്പം വ്യത്യസ്തതയാർന്ന എക്സിബിഷനുകളും നടക്കും. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിലെ സ്ഥിരം വേദിയിലും,കൂടാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ വെർച്വൽ പ്രദർശനം എന്നിവയും സംഘടിപ്പിക്കും. ഇത്തവണത്തെ പ്രധാന ആകർഷണമായ ‘വൈഗ ഓൺ വീൽസ് ‘ എക്സിബിഷൻ എന്ന സഞ്ചരിക്കുന്ന പ്രദർശനശാല എന്നിവ ഉൾപ്പെടുത്തി വ്യത്യസ്തവും വർണ്ണാഭവുമായ രീതിയിലായിരിക്കും വൈഗ അഗ്രി ഹാക്കത്തോൺ 2021 സംഘടിപ്പിക്കുക. വൈഗ ഓൺ വീൽസ് പ്രദർശനം കെ എസ് ആർ ടി സി യുമായി സഹകരിച്ചാണ് നടത്തുക. വൈഗയുടെ പ്രചാരണം ഗ്രാമങ്ങളിൽ എത്തിക്കാനും ഇതിലൂടെ കഴിയും.
