രാജ്യത്തെ റബ്ബർ കർഷകരെയും സുഗന്ധവിള കർഷകരെയും തകർക്കുന്ന തരത്തിൽ റബ്ബർ, സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷക വിരുദ്ധ നടപടിയാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
കർഷകരെ അവഗണിച്ചുകൊണ്ട് ധൃതഗതിയിൽ നിയമം രൂപീകർക്കാനുള്ള തീരുമാനം ഗുണകരമാവില്ല. കർഷകരുടെ ആശങ്കകൾ അകറ്റി അവരുമായി ചർച്ച ചെയ്തു മാത്രമേ നിയമ നിർമാണം നടത്താവൂ. ഈ രണ്ട് കാർഷിക നിയമങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെ ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ കൂടി നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും വിശദമായ ചർച്ചകൾ ആവശ്യമാണെന്നും അതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രത്തിനെഴുതിയ കത്തിൽ സൂചിപ്പിച്ചു.
കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം – മന്ത്രി പി. പ്രസാദ്
ജില്ലയിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും
കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുളള മുഴുവന്‍ ഫാമുകളിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കും.
കാര്‍ഷിക മേഖലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഇടമായി കൃഷി ഓഫീസുകള്‍ മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുന്ന തരത്തിലേക്ക് ഓഫീസ് സംവിധാനങ്ങള്‍ മാറണം. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഓഫീസുകളും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ കാലത്ത് പേപ്പര്‍ ലെസ് ഓഫീസുകള്‍ക്കാണ് പ്രസക്തി. ഇതോടു കൂടി കൃഷിയുമായും കര്‍ഷകരുമായും ബന്ധപ്പെട്ട ഫയലുകളുടെ നീക്കം വേഗത്തിലാകും. കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുളള ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയുടെ പ്രാധാന്യവും ഗൗരവവും മനസിലാക്കിയുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷകര്‍ക്ക് കൃഷി കൊണ്ട് അന്തസ്സാര്‍ന്ന ഒരു ജീവിതം നയിക്കാന്‍ സാധിക്കണം. അതിന് വരുമാനത്തില്‍ അമ്പത് ശതമാനമെങ്കിലും വര്‍ദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അടക്കമുളള കാര്യങ്ങള്‍ നല്‍കുന്നതും പരിഗണിച്ച് വരികയാണ്.
ജൈവകൃഷി രംഗത്തും സംസ്ഥാനത്തിന് ഏറെ മുന്നേറേണ്ടതുണ്ട്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയ്ക്ക് ഏറെ പ്രസക്തിയുണ്ട്. വയനാട് ജില്ല തുടങ്ങി വെച്ച നല്ല പാഠം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളും ഇന്ന് ഏറ്റെടുക്കുകയാണ്. ഈ വര്‍ഷം തന്നെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുളള മുഴുവന്‍ ഫാമുകളിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും
കാര്‍ഷിക രംഗത്ത് വയനാടിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് തീവ്രത കുറഞ്ഞ ഉടനെ ജില്ലയിലെത്തി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കും. ഏതെല്ലാ കാര്യങ്ങളിലാണ് ഇടപെടല്‍ വേണ്ടതെന്നും പോരായ്മകള്‍ നികത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും കര്‍ഷകരുമായും ജനപ്രധിനിധികളു മായും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തി ക്കുന്നവരുമായും ആശയവിനിമയം നടത്തുമെന്നും. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ഓഫീസ് സ്വിച്ച് ഓണ്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. എം.വി ശ്രേയാംസ് കുമാര്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, കര്‍ഷക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. മുരളീധര മേനോന്‍, ആത്മ പ്രോജക്ട് ഡയറകടര്‍ വി.കെ സജിമോള്‍ എന്നിവര്‍ സംസാരിച്ചു.

രാമേട്ടന്‍ ഒരു അദ്ഭുത മനുഷ്യന്‍ – മന്ത്രി
മണ്ണിനോടും നെല്‍വയലിനോടും വിത്തുകളോടും അത്രമേല്‍ പ്രണയം കൊണ്ട് നടക്കുന്ന ചെറുവയല്‍ രാമന്‍ ഒരു അദ്ഭുത മനുഷ്യനാണെന്ന് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചെറുവയല്‍ രാമനെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടത്തെ ദേവലായമായി കണക്കാക്കുന്ന അദ്ദേഹത്തിന് കൃഷി ജീവിതവുമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ അംബാസിഡര്‍മാരില്‍ ഒരാളായ അദ്ദേഹം ചെറുവയലിന്റെ മാത്രമല്ല കേരളത്തിന്റെ കൂടി രാമേട്ടനാണ്. ജൈവകൃഷി രീതിയില്‍ വയനാടന്‍ നെല്‍ വിത്തുകളുടെ കാവലാളായ ചെറുവയല്‍ രാമന്റെ പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെറുവയല്‍ രാമനെ പൊന്നാട അണിയിച്ചു.
കോവിഡ് കാലത്തെ കൃഷിപാഠത്തിന് അംഗീകാരം: കുട്ടുവും കുഞ്ചുവും ജില്ലാതല വിദ്യാർത്ഥി കർഷക അവാർഡ് ഏറ്റുവാങ്ങി
വെള്ളമുണ്ട:കൃഷിചെയ്തും പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനൊപ്പം കൃഷിപാഠവും പരിശീലിച്ച സഹോദരങ്ങൾക്ക് സർക്കാർ അംഗീകാരം. വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശികളുംമക്കിയാട് ഹോളി ഫെയ്സ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയുമായ എയ്ഡൻ വർക്കി ഷിബു (കുട്ടു) സഹോദരൻ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി എയ്ഡ്രിയാൻ ജോൺ ഷിബു (കുഞ്ചു) എന്നിവർക്കാണ് വയനാട് ജില്ലാതല വിദ്യാർത്ഥി കർഷക അവാർഡ് രണ്ടാം സ്ഥാനം
ലഭിച്ചത്. .
പറമ്പിൽ ചക്കക്കുരുവും മാങ്ങയണ്ടിയും കുഴിച്ചിട്ടും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നഴ്സറി ഒരുക്കിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി വരുന്ന കുട്ടികൾ പ്ലാസ്റ്റിക് ചാക്കുകളിൽ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിയും ഗ്രോബാഗ് കൃഷിയും നടത്തി വരുന്നു. ഇടക്ക് മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു. കൂടാതെ പരമ്പരാഗത രീതിയിൽ ഇഞ്ചി, മഞ്ഞൾ, മാങ്ങാ ഇഞ്ചി, എന്നിവയും കുഴികപ്പയും ചെയ്യുന്നുണ്ട്. കേന്ദ്ര പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയിലെ പന്തച്ചാൽ പി.കെ.വി.വൈ. കോഫി ക്ലസ്റ്ററിൽ ഉൾപ്പെടുന്നതാണ് ഇവരുടെ കൃഷിയിടം പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി. ക്ലസ്റ്ററിൻ്റെ ലീഡ് റിസോഴ്സ് പേഴ്സണും ഫാർമർ പ്രൊഡ്യുസർ കമ്പനീസ് കൺസോർഷ്യം സംസ്ഥാന സെക്രട്ടറിയുമായ ചങ്ങാലിക്കാവിൽ സി.വി.ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മക്കളാണ് എയ്ഡനും എയ്ഡ്രിയാനും.
കൃഷി ചെയ്യുന്ന വീഡിയോകൾ കുട്ടുകുഞ്ചു എന്ന യൂടൂബ് ചാനൽ വഴി കൂട്ടുകാരിലേക്കും എത്തിച്ച് പരിസ്ഥിതി – കാർഷിക സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്.വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിധിച്ചാണ് കർഷക ദിന അവാർഡുകൾ സമ്മാനിച്ചത്. കോവിഡ് കാരണമാണ് വൈകി അവാർഡുകൾ പ്രഖ്യാപിച്ചത്.
വെള്ളമുണ്ട കൃഷി ഓഫീസർ കെ.ആർ.കോകില സമ്മാനിച്ചു.കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പി.മാരായ രാഹുൽ ഗാന്ധി, എം.വി.ശ്രേയാംസ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ എ. ഗീത ,ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മുരളീധര മേനോൻ, ചെറുവയൽ രാമൻ തുടങ്ങിയവർ സംബന്ധിച്ചു.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ സംഭരിക്കുകയും അതിനുള്ള വില താമസം കൂടാതെ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലെസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ സീസണിലെ സംഭരണ വിലയായി 2100 കോടി രൂപ വിതരണം ചെയ്തു. ഈ സീസണിലെ സംഭരണവില ഇനത്തില്‍ 906 കോടി നല്‍കി. നെല്ല് സംഭരിച്ച് 24 മണികൂറിനകം കര്‍ഷകന് വില ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ സംവിധാനമൊരുക്കും. പലിശരഹിതമായോ നാമ മാത്ര പലിശക്കോ വായ്പ ലഭ്യമാക്കുവാനും ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കെ.എന്‍ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍, വിജയന്‍ ചെറുകര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പോള്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ , രാധപുലിക്കോട്, കൃഷി ഓഫീസര്‍ ജയരാജ്, ബാങ്ക് ഡയറക്ടര്‍മാരായ അഷ്‌റഫ് തയ്യില്‍, ചാണ്ടി തലച്ചിറ, എം.ടി.ജോണി, ജോജിന്‍.ടി. ജോയി, വിജയന്‍ തോട്ടുങ്കല്‍, മേരി ജോസ് പാറയില്‍, ഷൈനി കൂവയ്ക്കല്‍, സിബി എഡ്വേര്‍ഡ്, ബാങ്ക് സെക്രട്ടറി പി.വി.തോമസ്, ചന്ദ്രശേഖരന്‍ , പി.ജെ തങ്കച്ചന്‍, ജയദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എൻഎംഡിസി സഹകരണ നാട്ടു ചന്തയിൽ ജനവരി 25 ന് കർഷക – സംരംഭക – സഹകരണ കൂട്ടായ്മ
കൽപ്പറ്റ – ജനവരി 25 ന് ചൊവ്വാഴ്ച്ച 12 മണിക്ക് കൽപ്പറ്റ എൻ എം ഡി സി സഹകരണ നാട്ടു ചന്തയിൽ കർഷക – സംരംഭക – സഹകരണ കൂട്ടായ്മ സംഘടിപ്പിക്കാൻ എൻ എം ഡി സി ഭരണ സമിതി യോഗം തീരുമാനിച്ചു. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി കൃഷിത്തോട്ടങ്ങൾ ഒരുക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ നാടിന്റെ വിഭവശേഷി ഉപയോഗിച്ച് ഭക്ഷ്യ – കാർഷിക മേഖലയിൽ സ്വയം പര്യാപ്തരാവുക എന്നതാണ് ലക്ഷ്യം. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് സഹായകരമാകുന്ന ഒരു കൈ താങ്ങ് പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുളത് . നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കൽപ്പറ്റയിൽ ആരംഭിച്ചിട്ടുള്ള സഹകരണ നാട്ടു ചന്തയിൽകർഷകർ, സംരംഭകർ , സ്വാശ്രയ സംഘങ്ങൾ, കാർഷികോൽപ്പാദക കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, എന്നിവരുടെ ഉൽപ്പന്നങ്ങൾ കൊണ്ട് വന്ന് വിപണനം ചെയ്യുന്നതിന് ഒരു പൊതു കേന്ദ്രം എന്ന നിലയിൽ ഈ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പിനും, എൻ എം ഡിസി സഹകരണ നാട്ടു ചന്തയുടെ വിപുലീകരണത്തിനുമായി ചേരുന്നമേൽ വിഭാഗത്തിൽപ്പെട്ട വരുടെ ഒരു സംഗമം എന്ന നിലയിൽ കൂട്ടായ്മയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ ചെയർമാൻ പി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാളുകൾ നടത്താൻ താൽപ്പര്യമുള്ളവർക്കും ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ 9446566 272, 7306118230 ഇമെയിൽ .nmdckpta@gmail.com
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആലാററിൽ കമ്പനികുന്ന് നവജീവൻ അയൽകൂട്ടം ആണ് മഹോത്സവം നടത്തിയത് , ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീലത കൃഷ്ണൻ കൊയ്ത്ത് മഹോത്സവം ഉദ്ഘാടനം ചെയ്തു, ന്യൂജനറേഷൻ യുദ്ധത്തിൽ ഇതിൽ നെൽകൃഷി ഏറ്റെടുത്തു നടത്തിയ അയൽക്കൂട്ടം അംഗങ്ങളെ ഉദ്ഘാടന വേളയിൽ അഭിനന്ദിക്കുകയും കൂടുതൽ യുവാക്കൾ അന്യം നിന്നു പോയ്കൊണ്ടിരിക്കുന്ന നെൽകൃഷിയിലേയ്ക് കടന്നു വരേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു, പതിമൂനന് അംഗങ്ങളടങ്ങുന്ന സംഘം തുടങ്ങിയ നെൽകൃഷി സമൂഹത്തിന് മാതൃകയായി ആയി തുടർന്നു പോകുമെന്നും അയൽക്കൂട്ടം പ്രസിഡണ്ട് ബിജു മാത്യു സെക്രട്ടറി രാജു വി കെ എന്നിവർ അറിയിച്ചു.
കര്‍ഷകരിലേക്ക് വേഗത്തില്‍ സഹായമെത്തിക്കാനാകണം ഓഫീസുകള്‍ ശ്രദ്ധിക്കേണ്ടത്; മന്ത്രി പി.പ്രസാദ്
കൃഷി ഓഫീസുകള്‍ കടലാസ് രഹിത ഓഫീസുകളായി മാറുന്നത് കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കര്‍ഷകരിലേക്കെത്തിക്കാന്‍ വേണ്ടിയായിരിക്കണം ഓഫീസുകളുടെ പ്രവര്‍ത്തനമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖലയുടെ വികസനവും കൃഷിക്കാരന്റെ ക്ഷേമവും ഉറപ്പാക്കുന്നതിനായാണ് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടുള്ള പുതിയ സൗകര്യങ്ങളൊരുക്കുന്നത്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പിലെ ഓരോരുത്തരില്‍ നിന്നുമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷി വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റുന്ന പദ്ധതി നടന്നു വരികയാണ്. അതിന്റെ ആദ്യ ഘട്ടമായാണ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാനും കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാനും ഇ-ഓഫീസ് സംവിധാനം സഹായകമാകും.
കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സുഷമ .എസ്, ജോര്‍ജ് അലക്‌സാണ്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എം രാജു, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു.എസ്.സൈമണ്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ രാജേശ്വരി.എസ്.ആര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ശാസ്ത്രനാമം: കേംപ് ഫെറിയ ഗലൻഗ (Kaemferia galanga)
സസ്യകുടുംബം : സിഞ്ചിബെറേസിയേ (Zingiberaceae)
നമ്മുടെ വീട്ടാവശ്യത്തിനും , സ്ഥലസൗകര്യമുണ്ടെങ്കിൽ വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യാവുന്ന ഔഷധമാണ് കച്ചോലം. തണലിലും വളരുമെന്നതിനാൽ തെങ്ങിൽ തോപ്പിലും മറ്റും ഇത് ഇടവിളയായും കൃഷിചെയ്യാം. വീട്ടുവളപ്പിൽ പല സ്ഥലത്തായി കച്ചോലം നട്ടുവളർത്തുന്നതു കൊണ്ട് പാമ്പുകളെ അകറ്റി നിർത്താമെന്നൊരു വിശ്വാസവുമുണ്ട്. പുസ്തകാലമാരകളിലും ഇരട്ടവാലൻ ശല്യം ഒഴിവാക്കാനും ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്.
സസ്യ വിവരണം
മഞ്ഞൾ, ഇഞ്ചി, തുടങ്ങിയവ ഉൾപ്പെടുന്ന സസ്യകുടുംബത്തിലെ ഒരു ബഹുവർഷ ഔഷധിയാണ് കച്ചോലം. ഇതിന്റെ ഇലകൾ മണ്ണിനോട് പറ്റി ചേർന്നാണ് വളരുന്നത്. മണ്ണിന് മുകളിൽ വ്യക്തമായ തണ്ട് ഉണ്ടാവില്ല.
ഇതിന്റെ കിഴങ്ങിന് പ്രത്യേക സൗരഭ്യം ഉണ്ടാകും. ചിലപ്പോൾ വേനലിൽ ഇലകൾ മുഴുവനായി കരിഞ്ഞു പോകും. മഴക്കാലത്തോടെ കിഴങ്ങുകൾ വീണ്ടും കിളിർത്ത് തളിരിടും. വെളുപ്പ് നിറത്തിലുളള പുക്കളിൽ പർപ്പിൾ നിറത്തിലുള്ള പുള്ളികൾ കാണാം.
പൂക്കൾക്ക് ഹൃദ്യമായ ഗന്ധമുണ്ട്.
മണ്ണും കാലാവസ്ഥയും
നല്ല നീർവാർച്ചയും ഫലഭൂയിഷ്ഠവുമായ മണ്ണാണ് കച്ചോല കൃഷിക്ക് യോജിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നതും മികച്ച വിളവ് നൽകുന്നതും. എന്നാൽ ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളിലും ഇവക്ക് നന്നായി വളരുവാനാകും.

കൃഷിരീതി
കാലവർഷാരംഭത്തോടെ മെയ് – ജൂൺ മാസങ്ങളിൽ കൃഷിയിറക്കാം. ഇഞ്ചികൃഷി ചെയ്യുന്ന രീതിയിൽ
സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് രണ്ട് ടൺ എന്ന തോതിൽ ജൈവ വളം ചേർത്ത് യോജിപ്പിച്ച് ഒരു മീറ്റർ വീതിയിലും . സൗകര്യമുള്ള നീളത്തിലും 25 സെ.മീറ്റർ ഉയരത്തിലുമുള്ള വാരങ്ങൾ എടുത്ത് കിഴങ്ങുകൾ നടാം. വാരങ്ങളിൽ 20 X 15 സെ.മീറ്റർ അകലത്തിൽ
നാല് – അഞ്ച് സെ.മീറ്റർ ആഴത്തിൽ ചെറിയ കുഴികളെടുത്ത്
ഒരു മുളയെങ്കിലും ഉള്ള കിഴങ്ങുകൾ മുഴുവനായോ കഷണങ്ങളായോ നടാനുപയോഗിക്കാം. ഒരു ഏക്കർ സ്ഥലത്തേക്ക് 300 കി.ഗ്രാം വിത്ത് വേണ്ടി വരും. വിവിധ സ്ഥലങ്ങളിലുള്ള നാടൻ ഇനങ്ങളാണ് പൊതുവെ കൃഷി ചെയ്യുന്നത്. രജനി, കസ്തൂരി എന്നീ ഉൽപ്പാദന ക്ഷമത കൂടിയ രണ്ട് ഇനങ്ങൾ കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയിട്ടുണ്ട്. ഈ ഇനങ്ങൾ നല്ല മണമുള്ളതും ഏക്കറിന് ശരാശരി ഉണങ്ങിയ കിഴങ്ങുകൾ 800 കി.ഗ്രാം വരെ നൽകുവാനുള്ള കഴിവുമുണ്ട്.
നട്ടതിന് ശേഷം ഏക്കറിന് ആറ് ടൺ എന്ന തോതിൽ പച്ചില യോ ഉണക്കിലയോ കൊണ്ട് തടങ്ങളിൽ പുതയിടുന്നത് നല്ലതാണ്.
ആവശ്യാനുസരണം കളനീക്കുക, മണ്ണ് കൂട്ടിക്കൊടുക്കുക , വളമിടുക തുടങ്ങിയവയാണ് മറ്റു കൃഷിപ്പണികൾ .
നല്ല മഴക്കാലത്ത് ഇല ചീയൽ രോഗം വരാൻ സാധ്യതയുണ്ട്. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം കൊണ്ട് മണ്ണ് കുതിർക്കുന്നത് രോഗപ്രതിരോധത്തിനുതകും.

വിളവെടുപ്പും ഉണക്കലും
ഇലകൾ ഉണങ്ങിത്തുടങ്ങുന്നത് വിളവെടുപ്പിനുള്ള സൂചനയാണ്. നട്ട് ഏഴ് – എട്ട് മാസം കൊണ്ട് സാധാരണ രീതിയിൽ വിളവെടുപ്പിനാകും. കിഴങ്ങുകൾക്ക് കേടു പറ്റാതെ പറിച്ചെടുത്ത് ഇലയും വേരുകളും നീക്കി കഴുകി ഉണക്കി കിഴങ്ങുകൾ മൂർച്ചയുള്ള കത്തി കൊണ്ട് അഗ്രഭാഗം ഒഴിച്ചു നിർത്തി വട്ടത്തിൽ അരിഞ്ഞെടുക്കണം. വൃത്തിയുള്ള പ്രതലത്തിൽ ഒരേ കനത്തിൽ നിരത്തി നാല് – അഞ്ച് ദിവസം വെയിലിൽ ഉണക്കണം. ഇത് വൃത്തിയാക്കിയ ശേഷം ചാക്കുകളിലാക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കണം.
കിഴങ്ങുകൾ നടീൽ വസ്തുക്കളായി സൂക്ഷിച്ചു വയ്ക്കുവാൻ പല സമ്പദായങ്ങളുമുണ്ട്. തണൽപദേശങ്ങളിൽ കുഴിയെടുത്ത് ചെളിയോ ചാണകമോ കൊണ്ട് മെഴുകി അതിനുള്ളിൽ വിത്ത് കിഴങ്ങുകൾ സൂക്ഷിച്ചു വയ്ക്കാം. കുഴികൾ പാണൽ ഇലകൊണ്ട് മൂടുന്നത് നല്ലതാണ്. വിത്ത് കിഴങ്ങുകൾ പാണൽ ഇലയിൽ നിരത്തി പുക കൊള്ളിക്കുന്നതും നല്ലതാണ് .
രാസഘടന
കച്ചോല കിഴങ്ങിൽ മുഖ്യമായും അന്നജവും ബാഷ്പീകരണ ശേഷിയുളള തൈലവുമാണ് അടങ്ങിയിട്ടുള്ളത്.
ഇതൈൽ – ട്രാൻസ്- പി – മെതോക് സിസിന്ന മേറ്റ് (Ethyl – trans- P – methoxy cinnamate), പെന്റാ ഡെക്കേൻ (Penta decane ) 1,8 – സിനിയോൾ ( 1 ,8 – cine ole), ബീറ്റാ കാരീൻ (B – carene ) , ബോനിയോൾ
( Borneol ) തുടങ്ങിയ രാസ പദാർത്ഥങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഔഷധ പ്രാധാന്യം
കച്ചോലത്തിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ നിവാരിണിയാണ്.
കച്ചോലം ചതച്ച് പിഴിഞ്ഞ് നീരെടുത്ത് അര ടീസ്പൂൺ വീതം രാവിലെ കൊടുക്കുന്നത് വിരശല്യത്തിന് പ്രതിവിധിയാണ്.
നീണ്ടു നിൽക്കുന്ന ഛർദ്ദിക്ക് പ്രതിവിധിയായി ഉണക്ക കച്ചോലം നല്ലതുപോലെ പൊടിച്ച് തേനിൽ കുഴച്ച് ദിവസം മൂന്ന് നേരം കൊടുക്കുന്നത് നല്ലതാണ്.
വെറ്റില മുറുക്കുമ്പോൾ വെറ്റിലക്കൊപ്പം കച്ചോലവും കൂടി മുറുക്കി നീരിറക്കുന്നത് എല്ലാ വിധ ശ്വാസരോഗങ്ങൾക്കും ആശ്വാസകരമാണ് .
മുടിക്ക് അഴകും സൗരഭ്യവും ലഭിക്കുന്നതിനായി ചെടിയുടെ ഇല സ്ത്രീകൾ താളിയായി ഉപയോഗിക്കാറുണ്ട്.
ഇന്ന് കച്ചോലം ചേരുവകളാക്കി നിരവധി ഔഷധങ്ങൾ തയ്യാറാക്കി വരുന്നുണ്ട്. കൂടാതെ ഇതിന്റെ ഇലയും കിഴങ്ങും സൗന്ദര്യ വർദ്ധക വസ്തുക്കളിലും, പൗഡറുകളിലും ഉപയോഗിക്കുന്നുണ്ട്.
പരിമിതമായ വെള്ളത്തെ പരമാവധി പ്രയോജനപ്പെടുത്താൻ കാർഷിക മേഖലയിൽ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കണിക ജലസേചനം അഥവാ ഡ്രിപ് ഇറിഗ്രേഷൻ സിസ്റ്റം.
സസ്യങ്ങളുടെ വേരുപടലങ്ങൾ വിന്യസിച്ചിരിക്കുന്ന ഭാഗത്ത് അവയുടെ ജല ആവശ്യത്തെ മനസ്സിലാക്കി, ജലത്തെ വ്യത്യസ്ഥ വ്യാസങ്ങളിലുള്ള പൈപ്പുകളിലൂടെ കൊണ്ട് വന്ന് , കുറഞ്ഞ മർദ്ദത്തിൽ ഡ്രിപ്പറുകൾ അഥവാ എമിറ്ററുകളുടെ സഹായത്താൽ തുള്ളി തുള്ളിയായോ, നേർത്ത ധാരയായോ ചെടികളുടെ ചുവട്ടിൽ ജലം എത്തിക്കുന്ന രീതിയാണിത്.
സസ്യങ്ങളുടെ വേരു പടലങ്ങൾക്ക് വെള്ളം വലിച്ചെടുക്കാവുന്ന പരിധിക്കുള്ളിൽ മാത്രം കൃത്യമായി വെള്ളം നൽകുന്നതിനാൽ ജലനഷ്ടം കുറയുന്നു. കണിക ജലസേചനം വഴി വിളകളുടെ വേഗത്തിലുള്ള വളർച്ചയും പാകമെത്തലും സാധ്യമാകുന്നു. വിളവിൽ ഗണ്യമായ വർദ്ധനയുമുണ്ടാകുന്നു.
തടങ്ങളിൽ സ്ഥിരമായ ഈർപ്പ സാന്നിദ്ധ്യമുണ്ടാകുന്നതു കൊണ്ട് ജലലഭ്യത കുറവായ സ്ഥലങ്ങളിൽ പോലും വരൾച്ചയെ പ്രതിരോധിക്കാൻ ഈ രീതി സഹായിക്കുന്നു. അമിത ജലസേചനത്തിന്റെ പ്രശ്നങ്ങളായ വെള്ളക്കെട്ട്, ലവണാംശങ്ങളുടെ കേന്ദ്രീകരണം തുടങ്ങിയവയിൽ നിന്നും ചെടികളെ സംരക്ഷിക്കാനും കണിക ജലസേചനത്തിന് കഴിയുന്നു.
സസ്യവളർച്ചയുടെ പ്രധാനപ്പെട്ട ഘട്ടങ്ങളിലെല്ലാം വളപ്രയോഗം സാധ്യമാക്കുകയും വളങ്ങൾ മണ്ണിൽ നഷ്ടപ്പെടുന്നത് തടയാനും കഴിയുന്നു. സുരക്ഷിതവും ലളിതവുമായ ഈ രീതിയിൽ വളപ്രയോഗത്തിനുള്ള സമയവും ചിലവും കുറക്കാനാവും.
സൂക്ഷ്മ കൃഷി രീതികളിൽ കണിക ജലസേചനത്തിന് വളരെ പ്രാധാന്യമുണ്ട്. തെങ്ങിൻ തോട്ടങ്ങളിൽ കണിക ജലസേചന രീതി നടപ്പിലാക്കുന്നത് വഴി തെങ്ങിന്റെ ഉൽപ്പാദന ക്ഷമത വിസ്മയിക്കും വിധം വർദ്ധിച്ചതായി നിരവധി അനുഭവങ്ങളുണ്ട്. വേനൽക്കാലത്ത് ഈർപ്പക്കമ്മിക്ക് വിധേയമാകാത്തതെങ്ങ് വേഗം വളരുകയും പുഷ്പിക്കുകയും ചെയ്യുന്നു. കണിക ജലസേചന രീതിയിൽ വളർത്തുന്ന തെങ്ങ് നട്ട് നാലുവർഷം കൊണ്ട് പുഷ്പിക്കുമ്പോൾ വരൾച്ചക്ക് വിധേയമായി വളരുന്ന തെങ്ങ് പത്തു വർഷം കൊണ്ടാണ് പുഷ്പിക്കുക. വളർച്ചയിൽ വരുന്ന കാലതാമസം കൊണ്ടാണ് തെങ്ങ് പുഷ്പ്പിക്കുവാൻ വൈകുന്നത്.

ആവശ്യാനുസരണം നന നൽകി വളർത്തുന്നതെങ്ങിലെ ഓരോ പൂങ്കുലയിലും താരതമ്യേന കൂടുതൽ പെൺപൂക്കൾ (മച്ചിങ്ങ) ഉണ്ടാകുന്നു. വരൾച്ചക്ക് വിധേയമാകാത്ത
തെങ്ങിൽ മച്ചിങ്ങ പൊഴിച്ചിൽ വളരെ കുറവാണെന്നും കാണാവുന്നതാണ്. കണിക ജലസേചനം ഏതു തരം ചെടികളിലായാലും അതിനു ചുറ്റുമായി പരിമിതപ്പെടുത്തുന്നതു കൊണ്ട് കളകൾക്ക് വളരാനുള്ള സാഹചര്യം കുറയുന്നു. വെള്ളവും വളവും നാം വളർത്തുന്ന ചെടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതു കൊണ്ട് കളകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാവുന്നു.
അതിനാൽ വെള്ളവും വളവും വളർത്തു ചെടികൾക്ക് പൂർണ്ണ പ്രയോജനത്തിലായിത്തീരുന്നു. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടവും ഈ രീതിയിൽ നന്നായി കുറയുന്നു. ചരിവുകളിലും നിരപ്പില്ലാത്ത സ്ഥലങ്ങളിലുമെല്ലാം കണിക ജലസേചന രീതി പ്രായോഗികമാണ്. വിളകൾക്കാവശ്യമായ വളവും ജലത്തിനൊപ്പം നൽകാൻ കഴിയുമെന്നതും ഈ രീതിയുടെ എടുത്തു പറയത്തക്ക നേട്ടമാണ്.
കണിക ജലസേചന പദ്ധതി ഡിസൈൻ ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും സാങ്കേതികജ്ഞാനം ആവശ്യമാണ്. പമ്പ് സെറ്റ് , സൂക്ഷ്മമമായ മാലിന്യങ്ങളെപ്പോലും അരിച്ചെടുക്കുന്നതിനുള്ള ഫിൽറ്റർ, ജലം തുള്ളി തുള്ളിയായി ചെടികളുടെ വേരുപടലങ്ങളിൽ എത്തിക്കുന്നതിനുള്ള ഡ്രിപ്പറുകൾ അഥവാ എമിറ്ററുകൾ, എമിറ്ററുകളെ വഹിക്കുന്ന ലാറ്ററൽ സ് , പ്രധാന പൈപ്പുകളും ഉപ പൈപ്പുകളും , വെൻ ച്യുറി എന്നിവയാണ് ഒന്ന കണിക ജലസേചന സിസ്റ്റത്തിന്റെ പ്രധാന ഭാഗങ്ങൾ.
കണിക ജലസേചന രീതിയുടെ പ്രാധാന്യം കണക്കിലെടുത്ത് അത് പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി വകുപ്പിലൂടെ ധനസഹായവും ബാങ്ക് വായ്പാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർ ഈ കണിക ജലസേചന രീതി നടപ്പിലാക്കുന്നതിന് മുന്നോട്ട് വരുന്നുണ്ടെങ്കിലും പലരും ഈ രീതി ഉദ്ദേശിക്കുന്ന വിധത്തിൽ തുടർന്നങ്ങോട്ട് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതായി കാണുന്നില്ല. മിക്ക തെങ്ങിൻ തോപ്പുകളിലും കണിക ജലസേചന യൂണിറ്റുകളിൽ നിർദ്ദേശിച്ചിട്ടുള്ളതിനേക്കാൾ കുറഞ്ഞ ഡ്രിപ്പിങ്ങ് പോയിന്റുകൾ മാത്രമാണ് സ്ഥാപിച്ചതായി കാണുന്നത്. അതുപോലെ തെങ്ങിൻ തടിയിൽ നിന്ന് ഒരു മീറ്റർ അകലത്തിലാണ് ഡ്രിപ്പിങ്ങ് പോയിന്റുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ ബഹുഭൂരിഭാഗം തെങ്ങിൻ തോപ്പുകളിലും നിർദ്ദേശിച്ചിട്ടുള്ളതിനേക്കാൾ കുറഞ്ഞ അകലത്തിലാണ് ഇവ ക്രമീകരിച്ച് കാണുന്നത്.
ഡിപ്പറുകൾ അടഞ്ഞു പോകുന്നത് മിക്ക തോട്ടങ്ങളിലും പ്രശ്നമായി കണ്ടിട്ടുണ്ട്. നല്ല രീതിയിലുള്ള ഫിൽറ്ററുകൾ ഉപയോഗിക്കാത്തതാണ് ഇതിന് മുഖ്യ കാരണം. കൃഷിയിടങ്ങളിൽ ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം ഒഴിവാക്കുന്നതിന് കണിക ജലസേചന രീതിയിൽ വെള്ളം മണ്ണിന്നടിയിൽ നൽകുന്നതിനുള്ള സംവിധാനം അപൂർവ്വം ചില തോട്ടങ്ങളിൽ മാത്രമാണ് കാണുന്നത്.ചിലയിടങ്ങളിൽ മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന എമിറ്ററുകൾ ഉപയോഗപ്പെടുത്താത്തതും കാര്യ ക്ഷമത കുറയ്ക്കാൻ കാരണമാകുന്നു.
കാർഷിക രംഗത്തെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുവാനും അതോടൊപ്പം സ്ഥല പരിമിതിയെ മറി കടന്ന് എല്ലാ കാലാവസ്ഥയിലും ഉൽപ്പാദനം കൈവരിക്കുവാനും സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് പ്രിസിഷൻ ഫാമിങ് അഥവാ സംരക്ഷിത കൃഷി. വിളകളുടെ ഉൽപ്പാദന ശേഷി ഉയർത്തുന്നതിനായി വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ ജലത്തിലൂടെ നൽകുന്ന രീതി ഈ കൃഷിരീതിയുടെ പ്രത്യേകതയാണ്. ഫെർട്ടിഗേഷൻ എന്നാണ് ഈ രീതിക്ക് നൽകിയ പേര്. ഫെർട്ടിഗേഷൻ വിളകളുടെ വേരിൽ നേരിട്ട് നൽകുന്നതിനേക്കാൾ പ്ലാസ്റ്റിക്ക് പുത ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായി കാണുന്നുണ്ട്.പോഷകങ്ങൾ നഷ്ടപ്പെടുന്നത് കുറക്കാനും വിളകളുടെ ഉൽപ്പാദനം ഉയർത്തുവാനും കൃത്യമായ ഫെർട്ടിഗേഷൻ അത്യാവശ്യമാണ്. ഇത് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റത്തിലൂടെ അനായസേന നിർവ്വഹിക്കാവുന്നതാണ്. ഫെർട്ടിഗേഷനു വേണ്ടി ഉപയോഗിക്കുന്ന വളങ്ങളിൽ ജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്താവുന്നതാണ്. ഫെർട്ടിഗേഷന് വേണ്ടി ഉപയോഗിക്കുന്ന വളങ്ങളിൽ നൈട്രജൻ സ്രോതസ്സുകൾ അമോണിയം നൈട്രേറ്റ് കാൽസ്യം നൈട്രേറ്റ്, യൂറിയ , പൊട്ടാസ്യം നൈട്രേറ്റ് എന്നിവയും , പൊട്ടാഷിന്റെ പ്രധാന സ്രോതസ്സുകൾ പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സൾഫേറ്റ് എന്നിവയുമാണ്. ഫെർട്ടിഗേഷന് വേണ്ട ഫോസ്ഫറസ് നേർപ്പിച്ച ഫോസ്ഫോറിക് ആസിഡ് ആയോ, മോണോ അമോണിയം സൾഫേറ്റ് ആയോ നൽകാം. പൊതുവെ പറഞ്ഞാൽ വെള്ളത്തിൽ ലയിക്കാവുന്ന വളങ്ങൾ 50 മുതൽ 100 പി.പി.എം എന്ന അളവിൽ ലയിപ്പിച്ച് ഡ്രിപ്പ് സിസ്റ്റം വഴി ചെടികൾക്ക് നൽകാവുന്നതാണ് .

കണിക ജലസേചന സമ്പ്രദായങ്ങളിലെ കാര്യക്ഷമമായ ഉപയോഗത്തിനായി കർഷകർ ഇത് സ്ഥാപിക്കുമ്പോൾ അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് മുഴുവൻ വിവരങ്ങളും മനസ്സിലാക്കി വെക്കണം. ജലസേചന സംവിധാനത്തിൽ മെയിൻ പൈപ്പിൽ ഒരു ഫെർട്ടിലൈസർ ടാങ്കോ , ഫെർട്ടിലൈസർ ഇൻജക്ടറോ, വെഞ്ചുറി യോ ഘടിപ്പിച്ചിട്ടുണ്ടാകും. വളം പല തവണകളായി ആവശ്യാധിഷ്ഠിതമായി നൽകുന്നതിനാൽ വേര് മണ്ഡലത്തിന് താഴേക്ക് ഊർന്നൊലിച്ച് പോകാൻ കഴിയുമെന്ന് മാത്രമല്ല വളം ചെടികൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ വേരു മണ്ഡലത്തിൽ ശരിയായ ഈർപ്പത്തോടൊപ്പം നൽകുന്നതിനാൽ ചെടികളുടെ വളർച്ചയും ഉൽപ്പാദന ക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കുവാനും സാധിക്കും.
സങ്കീർണ്ണമായ സാങ്കേതിക വിദ്യയും , പ്രാരംഭത്തിൽ വലിയ മുതൽ മുടക്കും കണിക ജലസേചന രീതി നടപ്പിലാക്കുവാൻ ആവശ്യമാണ്. എന്നാൽ ഇത് നടപ്പിലാക്കുന്നതുവഴി ഉണ്ടാകുന്ന നേട്ടങ്ങൾ പരിഗണിച്ച് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും എല്ലാ കാലത്തും ലഭ്യമാകേണ്ടതുണ്ട്.
ഹരിതഗൃഹ കൃഷിയിൽ പോഷകങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യാനാവണം
രോഗകീട ബാധകളും
അതുമൂലമുണ്ടാകുന്ന നഷ്ടവും കർഷകരെ നിരാശപ്പെടുത്താറുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്, കീടബാധ , നിമറ്റോഡ് തുടങ്ങിയവയേക്കാൾ ഹരിതഗൃഹ കൃഷിയിലെ വിളനാശത്തിന് കാരണമായി പലപ്പോഴും കണ്ടുവരുന്നത് പോഷക പോരായ്മകളായിട്ടാണ്
എന്റെ അനുഭവം.
ഓപ്പൺ കൃഷി രീതികളെ അപേക്ഷിച്ച് ഹരിതഗൃഹങ്ങളിലെ ചെടികൾക്ക് ഉൽപ്പാദന ക്ഷമത കൂടുതലാണ്. അതിനൊത്ത് പോഷക പ്രധാനങ്ങളായ ഭക്ഷണവും കിട്ടണം. ഹരിതഗൃഹ കൃഷിയിൽ നാം കൊടുക്കുന്നതല്ലാതെ പുറമെ നിന്ന് മറ്റു പോഷകങ്ങളൊന്നും കിട്ടാത്തതു കൊണ്ട് ഓരോ വിളകൾക്കും ലഭ്യമാക്കേണ്ട പോകാവശ്യം മനസ്സിലാക്കി, അവ ഏതളവിൽ ഏതെല്ലാം അളവിൽ എപ്രകാരം നൽകണമെന്ന വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
പലപ്പോഴും പോഷക പോരായ്മകൾ കൊണ്ട് ചെടികളിൽ കാണുന്ന ലക്ഷണങ്ങൾ തിരിച്ചറിയാനാവാതെ കീടനാശിനികളും കുമിൾ നാശിനികളും മാറി മാറി പ്രയോഗിച്ചിട്ടും യാതൊരു ശമനവും ലഭിക്കാത്ത സാഹചര്യങ്ങളിലാണ് കൃഷി വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
ഓരോ പോഷകമൂലകങ്ങളുളേയും ഏറ്റക്കുറച്ചിലുകൾ ചെടികളുടെ ഇലകളിലും മറ്റു ഭാഗങ്ങളിലും പ്രകടമായ ലക്ഷണങ്ങൾ പ്രാരംഭ ദശയിൽ തന്നെ കാണിച്ചു തുടങ്ങും. ഇത് കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കി പ്രതിവിധികൾ യഥാസമയം തന്നെ പരിഹരിച്ചാൽ ചെടികളെ പൂർണ്ണമായും രക്ഷപ്പെടുത്താനാകും.

ഹരിത കൃഷിയിൽ പൊതുവെ കാണുന്ന പോഷകന്യൂനതാ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പലപ്പോഴും ആവശ്യത്തിന് ജൈവ വളങ്ങളോ, പിണ്ണാക്ക് തുടങ്ങിയ സാന്ദ്രീകൃത ജൈവ വളങ്ങളോ ചേർക്കാതെ കൃഷി ചെയ്യുമ്പോഴാണ് ന്യൂനതാ ലക്ഷണങ്ങൾ .
നൈട്രജൻ
നൈട്രജന്റെ പോരായ്മ മൂലം വളരുന്ന ചെടിയുടെ പഴയ ഇലകൾ വിളറിയ പച്ചയോ മഞ്ഞയോ ആയി മാറുന്നു. പിന്നീട് അത് ചെടികളുടെ പുതിയ ഇലകളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ ഞരമ്പുകൾ തെളിഞ്ഞ് കാണുന്നു. ചെകളുടെ വളർച്ച മുരടിക്കുന്നു. നൈട്രജൻ അടങ്ങിയ യൂറിയ 0.2% വീര്യത്തിൽ പർണ പോഷണ രൂപത്തിൽ നൽകിയാൽ പെട്ടെന്ന് പരിഹാരമാകും. (വളം നിർദ്ദിഷ്ട അളവിൽ വെള്ളത്തിൽ കലർത്തിൽ ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്ന രീതിക്കാണ് പർണ പോഷണം എന്നു പറയുന്നത് ). ചാണകവും പിണ്ണാക്ക് വളവും ചേർത്ത് പുളിപ്പിച്ച് നൽകുന്നതും , ഗോമൂത്രം എട്ടിരട്ടി വെള്ളം ചേർത്ത് നൽകുന്നതും നൈട്രജൻ അപര്യാപ്തത കുറക്കാൻ സഹായകമാകും.
ഫോസ്ഫറസ്
ഫോസ്ഫറസിന്റെ അപര്യാപ്തത മൂലം ചെടികളുടെ വേരുകൾക്ക് ബലക്ഷയമുണ്ടാകുന്നതിനാൽ ചെടിയുടെ വളർച്ച മുരടിക്കും. ചെടികളുടെ ഏറ്റവുംതാഴെയുള്ള ഇലകൾ മഞ്ഞനിറത്തിലാകും. എന്നാൽ മുകളിലുള്ള ഇലകൾക്ക് കടുംപച്ചനിറവുമായിരിക്കും. ഇലകളുടെ ഞരമ്പുകൾ ക്കിടക്ക് പൊള്ളിയ പോലുള്ള ബ്രൗൺ കളറുകൾ പ്രത്യക്ഷമാകും. മൂപ്പെത്താതെ ഇലകൾ പൊഴിയും.
രാജ് ഫോസ്, മസൂറിഫോസ് എല്ലുപൊടി
ഇവയിലൊന്ന് നൽകുന്നത് കൊണ്ട് പോരായ്മ പരിഹരിക്കാനാവും.

പൊട്ടാസ്യം
പൊട്ടാസ്യം അഥവാ പൊട്ടാഷിന്റെ അപര്യാപ്തത ചെടികളുടെ പ്രായമായ ഇലകളിൽ മഞ്ഞ നിറത്തിൽ പൊങ്ങൽ പോലെ കാണാൻ കഴിയും. പൊട്ടാസ്യത്തിന്റെ കുറവ് ആദ്യം പ്രായമായ ഇലകളുടെ അരികിലും പിന്നീട് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
വെള്ളരി, കക്കിരി തുടങ്ങിയവയുടെ കായ്കളിൽ മുകൾ ഭാഗം നേർത്ത് അടിഭാഗത്ത് ഉരുണ്ട രൂപം പ്രാപിക്കുന്നു. കായ്കളിൽ ചിലപ്പോൾ ബ്രൗൺ നിറത്തിലുള്ള കുത്തുകളും കാണും. ചെടികളുടെ വളർച്ച മുരടിക്കുന്നു. രണ്ടു നോഡിനിടയിലുള്ള ദൂരം കുറയുകയും ഇലകൾ ചെറുതാക്കുകയും ചെയ്യും.
കാൽസ്യം.
കാൽസ്യത്തിന്റെ കുറവ് മൂലം തളിരിലകൾ കപ്പ് ആ കൃതിയിൽ താഴോട്ട് കൂമ്പുകയും അവയുടെ അറ്റത്ത് പൊള്ളിയ പോലെ സ്ക്രാച്ചിങ് ഉണ്ടാകുകയും ചെയ്യും. എന്നാൽ പഴയതും പൂർണ്ണവളർച്ച എത്തിയതുമായ ഇലകളിൽ പ്രശ്നങ്ങൾ കാണാറില്ല. കാൽസ്യത്തിന്റെ കുറവ് രൂക്ഷമാണെങ്കിൽ പൂക്കൾ പൊഴിഞ്ഞ് പോകുകയും ചെടികളുടെ വളർച്ച ഇല്ലാതാകുകയും ചെയ്യുന്നു. കായ്കൾ ചെറുതാകുകയും രുചി കുറയുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ അമിതമായ ഈർപ്പം, നീർവാർച്ച ഇല്ലായ്മ, മണ്ണിൽ ലവണാംശം കൂടുക, പൊട്ടാസ്യവും അമോണിയയും കൂടുതലായി ചെടികൾക്ക് നൽകുക, ചെടികളുടെ വേര് പടലത്തിന് കേട് പാട് സംഭവിക്കുക എന്നീ കാരണങ്ങൾ കൊണ്ട് കാൽസ്യത്തിന്റെ അഭാവം ഉണ്ടാകും.
പ്രതിവിധിയായി അമ്ലത്വമുള്ളയിടത്ത് സെന്റിന് രണ്ട് -മൂന്നു കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. കാൽസ്യം നൈട്രേറ്റ് പർണ പോഷണം വഴി ഇടക്കിടെ നൽകണം.
മഗ്നീഷ്യം
മഗ്നീഷ്യത്തിന്റെ അഭാവം മൂലം ചെടികളുടെ പ്രായമായ ഇലകളിലെ പ്രധാന ഞരമ്പുകൾക്കിടയിലുള്ള ഭാഗം മഞ്ഞ നിറത്തിലാകുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതരമാണെങ്കിൽ മഞ്ഞ നിറത്തിലുള്ള ഭാഗങ്ങളിൽ പൊള്ളൽ പോലെ ചില പുള്ളികൾ കാണാൻ കഴിയും. ഇല കരിഞ്ഞു പോകുകയും ചെയ്യും. എന്നാൽ തളിരിലകളെ കാര്യമായി ബാധിക്കില്ല. അമ്ലത ഉള്ള മണ്ണിൽ മഗ്നീഷ്യത്തിന്റെ അപര്യാപ്തത കൂടുതലായി കാണുന്നു. പൊട്ടാസ്യം വളങ്ങൾ കൂടതലായി ഉപയോഗിച്ചാലും മഗ്നീഷ്യം വേണ്ട രീതിയിൽ ലഭ്യമാകില്ല.
പ്രതിവിധിയായി ഡോളോ മൈറ്റ് (ഏക്കറിന് 320 കി.ഗ്രാം), മാഗ്നസൈറ്റ് (ഏക്കറിന് 120 കി.ഗ്രാം), മഗ്‌നീഷ്യം സൾഫേറ്റ് (0.5 -1%) എന്നിവയിലൊന്ന് നൽകി പോരായ്മ പരിഹരിക്കാം.
മാംഗനീസ്
മാംഗനീസിന്റെ അപര്യാപ്തത മൂലം ഇലകളിലെ മദ്ധ്യഭാഗം മുതൽ മുകളിലോട്ടുള്ള ഞരമ്പുകൾ പച്ച നിറത്തിലും എന്നാൽ ഇലകളുടെ ബാക്കി ഭാഗങ്ങൾ മഞ്ഞ നിറത്തിലോ വിളറിയ പച്ചനിറത്തിലോ കാണപ്പെടുന്നു. പ്രതിവിധിയായി മണ്ണിൽ ഏക്കറിന് 4 കിലോഗ്രാം മുതൽ എട്ട് കി.ഗ്രാം വരെ മാംഗനീസ് സൾഫേറ്റ് നൽകണം. ഇലകളിൽ മാംഗനീസ് സൾഫേറ്റ് ആറ് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പർണ പോഷണം വഴി നൽകണം. 6.25 ശതമാനം (2.5 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിന് ) ചുണ്ണാമ്പും കൂട്ടി ചേർത്ത് തളിച്ചാൽ കൂടുതൽ ഫലം ലഭിക്കും.
അയൺ
അയണിന്റെ കുറവ് മൂലം ഏറ്റവും പുതിയ ഇലകൾ വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. അതേസമയം മറ്റു ഇലകൾ നല്ല കടുത്ത പച്ചനിറത്തിൽ തന്നെ കാണാം. എല്ലാ ഞരമ്പുകളും പച്ചനിറത്തിൽ കാണപ്പെടുന്നതിനാൽ ഒരു നെറ്റിലേത് പോലെ തോന്നും. അയണിന്റെ അളവിൽ കാര്യമായ കുറവുണ്ടെങ്കിൽ ചെറിയ ഞരമ്പുകളും മഞ്ഞനിറമാകാൻ തുടങ്ങും. ഇല സാവധാനം പൊള്ളിയ പോലെയോ കരിഞ്ഞ പോലെയോ കാണും. പ്രതിവിധിയായി അയൺസൾഫേറ്റ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പർണ പോഷണം വഴി നൽകണം. ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കണം. മണ്ണിന് നീർവാർച്ച ഉറപ്പ് വരുത്തണം. ഫെറസ് സൾഫേറ്റിനോടൊപ്പം ചുണ്ണാമ്പ് (0.2%) ചേർത്ത് പർണ
പോഷണം വഴി നൽകിയാൽ കൂടുതൽ ഫലം കിട്ടും.
ബോറോൺ
ബോറോണിന്റെ അപര്യാപ്തത ഇലകളിലും കായ്കളിലും പ്രകടമായി കാണാം. പുതിയ ഇലകളുടെ ആകൃതിയിൽ വ്യത്യാസം കാണാനാകും. ചെടികളുടെ തലപ്പ് ഭാഗം കരിഞ്ഞു പോകുന്നതായി കാണാം. പ്രായമായ ഇലകളുടെ അരിക് ഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള ബോർഡർ പ്രത്യക്ഷപ്പെടുകയോ കൊഴിഞ്ഞു പോകുകയോ ചെയ്യും. ചെടികൾ പുഷ്പ്പിക്കാതാവും. പ്രതിവിധിയായി 0.2% ബോറാക്സ് (രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇലകളിൽ തളിച്ചു കൊടുക്കണം. പുതുതായി കൃഷി ചെയ്യുമ്പോൾ ഏക്കറിന് 4 കി.ഗ്രാം എന്ന തോതിൽ ബൊറാക്സ് ചെടികൾ നടുന്നതിന് മുമ്പ് തന്നെ മണ്ണിൽ ഇട്ടു കൊടുക്കണം.
സിങ്ക്
ചെടികൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചാലേ സിങ്കിന്റെ അഭാവ ലക്ഷണം തിരിച്ചറിയാനാവൂ.
ഇലകളിൽ ചെറിയ പുള്ളിക്കുത്തുകൾ പ്രാരംഭത്തിൽ കാണും. ഇലകൾ ചെറുതാകും. ചെടികളുടെ മുകൾ ഭാഗം വളർച്ച മുരടിച്ച കുറ്റിച്ചെടി പോലെ ആയി കാണും. ഇലകൾ മഞ്ഞളിച്ച് തുടങ്ങും. എന്നാൽ ഇലകളിലെ ഞരമ്പുകൾ പച്ച നിറത്തിൽ തന്നെ നിലനിൽക്കും. പ്രതിവിധിയായി 5 ഗ്രാം സിങ്ക് സൾഫേറ്റ് രണ്ട് ഗ്രാം ചുണ്ണാമ്പ് എന്നിവ ഒരു ലിറ്റർ വെളത്തിൽ എന്ന തോതിൽ കലർത്തി പർണ പോഷണം വഴി നൽകാം. സിങ്ക് സൾഫേറ്റ് ഒരു ഏക്കർ സ്ഥലത്തേക്ക് 4 മുതൽ 10 കി. ഗ്രാം വരെ മണ്ണിൽ ചേർക്കുകയും ചെയ്യാം.
സൾഫർ
സൾഫറിന് ചെടികളുടെ ശരീര പോഷണത്തിൽ പ്രധാന പങ്കുണ്ട്. പലപ്പോഴും ഇത് നൈട്രജന്റെ അപര്യാപ്തത മൂലമാണെന്ന് സംശയിക്കും. ഇളം ഇലകൾ മഞ്ഞനിറമാകും. ഞരമ്പുകൾ ചുരുളുകയും ചെയ്യും. പ്രായമായ ഇലകളിൽ ഓറഞ്ച് സ്പോട്ടുകൾ കാണും. ഇലകളുടെ അറ്റം ചുരുളും. മൂപ്പെത്തുന്നതിന് മുമ്പ് ഇലകൾ കൊഴിയും. പ്രതിവിധിയായി സൾഫേറ്റ് പർണ പോഷണം വഴി നൽകണം. ഒരു സെന്റ് സ്ഥലത്തിന് ഒരു കി.ഗ്രാം തോതിൽ ജിപ്സം മണ്ണിൽ ഇട്ട് കൊടുക്കുകയും ചെയ്യാം.
കോപ്പർ
കോപ്പർ അപര്യാപ്തത മൂലം ചെടികളുടെ വളർച്ച ആകപ്പാടെ മുരടിക്കും. ഇലകൾ ശോഷിച്ച് ബ്രൗൺ നിറമായി മാറും. പുതിയ മുകുളങ്ങളും പൂക്കളും തീരെ കുറയുന്നു. ഇലകൾ ക്രമേണ പൊഴിയും. പ്രതിവിധിയായി ഒരു ഗ്രാം കോപ്പർ സൾഫേറ്റും (തുരിശ്), ഒരു ഗ്രാം ചുണ്ണാമ്പും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത മിശ്രിതം ചെടികളിൽ പർണ പോഷണം വഴി നൽകണം.
മോളിബ്ഡിനം
മോളിബ്ഡിനത്തിന്റെ അഭാവം മൂലം ആദ്യം ഞരമ്പുകൾക്കിടയിലുള്ള ഭാഗം സാവധാനം മഞ്ഞ നിറമാകുകയും തുടർന്ന് ഇലകളുടെയാകെ പച്ച നിറം കുറഞ്ഞ് മഞ്ഞ നിറമാകുകയും തുടർന്ന് അവ പൊഴിഞ്ഞ് വീഴുകയും ചെയ്യുന്നു. ചെടിയുടെ താഴെയുള്ള ഇലകളിൽ നിന്നു തുടങ്ങി മുകളിലോട്ട് രോഗ ലക്ഷണങ്ങൾ വ്യാപിക്കുന്നു. ഇളംപ്രായത്തിലുള്ള ഇലകൾ പച്ചനിറത്തിൽ തന്നെ കാണപ്പെടുകയും ചെയ്യും. ചെടികളുടെ വളർച്ച മുരടിക്കുന്നില്ല. എന്നാൽ പൂക്കളുടെ വലുപ്പം കുറയും. ഇലകളുടെ അരികുകൾ കരിയും. പ്രതിവിധിയായി സോഡിയം മോളിബ്ഡേറ്റ് (Sodium Molybdate) 150 മില്ലിഗ്രാം ഒരു സ്ക്വയർ മീറ്ററിന് എന്ന തോതിൽ മണ്ണിൽ ചേർക്കുകയോ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം സോഡിയം മോളിബ്ഡേറ്റ് എന്ന തോതിൽ ലായനിയാക്കി ചെടികളിൽ തളിക്കുകയോ വേണം.
